ഹരിയാന: അമേരിക്കയിലേക്ക് കുടിയേറണമെന്ന് ആഗ്രഹിക്കുന്നവർ ഏറെയാണ്. ലക്ഷ്യത്തിനായി ഏത് വഴിയും തെരഞ്ഞെടുക്കുന്നവർ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ട്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഹരിയാനയിലെ ജിന്ദ് സ്വദേശിയായ രവി.
ജീവിതം കരുപിടിപ്പിക്കാനുള്ള ആഗ്രഹവുമായി ഏജന്റിന് രവി നൽകിയത് 35 ലക്ഷം രൂപ. ഇത്രയും വലിയ തുക നൽകിയിട്ടും രവി തെരഞ്ഞെടുത്തത് ഡങ്കി റൂട്ടാണ്. ട്രംപ് അധികാരത്തിൽ എത്തുമ്പോൾ അനധികൃത കുടിയേറ്റം തടയുമെന്ന് ആവർത്തിച്ച് പറയുന്നുണ്ട്. ഇതിനു പിന്നാലെയാണ് രവിയെ പോലെയുള്ളവർ ഡങ്കി റൂട്ട് തെരഞ്ഞെടുക്കുന്നത്.
നല്ലൊരു ഭാവി സ്വപ്നം കണ്ട് അമേരിക്കയിലേക്ക് പോയ രവിയെ കാത്തിരുന്നത് ദുരിതങ്ങളായിരുന്നു. 220 ദിവസം കാടുകളിലൂടെ സഞ്ചരിച്ച രവി പത്ത് രാജ്യങ്ങളിലൂടെയാണ് അമേരിക്കയിൽ എത്തിയത്. പനാമയിലെ കാടുകളിൽ പട്ടിണി കിടന്ന രവി പിന്നീട് ബന്ദിയാക്കപ്പെടുകയായിരുന്നു.
ഈ 26-കാരനെ രക്ഷിക്കാൻ രവിയുടെ കുടുംബം 6 ലക്ഷം രൂപ കൂടി നൽകുകയും ചെയ്തു. പത്ത് രാജ്യങ്ങളിലൂടെ സഞ്ചരിച്ച രവി, മാസങ്ങളോളം കാടുകളിൽ കഴിയുകയും ചെയ്തു. 20 ദിവസം മുമ്പ് യുഎസിൽ എത്തിയെങ്കിലും കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി രവിയെ യുഎസ് പോലീസ് അറസ്റ്റ് ചെയ്ത് തിരിച്ചയക്കുകയായിരുന്നു.
’29 ലക്ഷം രൂപയ്ക്ക് നിയമപരമായി രവിയെ യുഎസിലേക്ക് അയയ്ക്കാമെന്ന് ഏജന്‍റ് വാഗ്ദാനം ചെയ്തിരുന്നു. ആദ്യം ദുബായിലേക്കാണ് രവിയെ അയച്ചത്. അവിടെ മാസങ്ങളോളം താമസിപ്പിച്ചു. പനാമയിലെ കാടുകളിൽ രവിക്ക് ദിവസങ്ങളോളം ഭക്ഷണം നൽകിയില്ല. അഞ്ചാറ് മാസത്തോളം ഇതേ ദുരന്തം തുടരുകയായിരുന്നു. ഏജന്‍റ് 6 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോൾ, അച്ഛൻ കൃഷിയിടം വിറ്റും വായ്പ എടുത്തും പണം കണ്ടെത്തി ഏജന്‍റിന് നൽകുകയായിരുന്നു’ രവിയുടെ സഹോദരൻ അമിത് പറഞ്ഞു.
ദീപക് മാലിക്, രജത് മോർ, മനീഷ് പണ്ഡിറ്റ് തുടങ്ങിയ മൂന്ന് ഏജന്റുമാരാണ് തങ്ങളെ പറ്റിച്ചതെന്ന് പറയുന്നു. എന്നാൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ‘പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇതുപോലെ തന്നെ അമേരിക്കയിലേക്ക് അയച്ച ജിന്ദിൽ നിന്നുള്ള നിഷാന്തും ശുഭവും ഉടൻ യുഎസിൽ നിന്ന് തിരിച്ചയയ്ക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നാട്ടുകാർ പറയുന്നു.