യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം എല്ലാവർഷവും സെപ്റ്റംബർ 27-ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നു. ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ – സാംസകാരിക – രാഷ്ട്രീയ – സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്.
വിനോദസഞ്ചാരമേഖലയിൽ രാജ്യാന്തരസഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു. ഇതിന്റെ തുടർച്ചയായി ഇന്റർനാഷണൽ കോൺഗ്രസ് ഓഫ് ഒഫിഷ്യൽ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷൻസ് എന്ന പേരിൽ 1925-ൽ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. ഇതേതുടർന്ന് 1947-ൽ ഇന്റർനാഷണൽ യൂണിയൻ ഓഫ് ഒഫിഷ്യൽ ട്രാവൽ ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950-ൽ ഇതിൽ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടനയായി മാറിയത്.
സ്പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം. 1980 മുതൽ ലോക ടൂറിസം ദിനം ആചരിച്ചുവരുന്നു. 2012-ലെ ദിനാചരണത്തിനു ആതിഥേയത്വം വഹിച്ചതു സ്പെയിനാണ്.
യാത്രകള്‍ കൊണ്ടു വ്യക്തികള്‍ക്കും സമൂഹത്തിനും രാജ്യത്തിനുമുണ്ടാവുന്ന നേട്ടങ്ങള്‍ വിശദീകരിക്കാനുള്ള അവസരം കൂടിയാണ് ഇത്തരം ആഘോഷങ്ങള്‍. രാജ്യാന്തര തലത്തില്‍ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിന് ഒരു ദിവസം മാറ്റിവയ്ക്കുന്നതോടെ രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ കൂടിയാണ് മറികടക്കുന്നത്. ദേശങ്ങള്‍ക്കപ്പുറത്തെ പരസ്പര ബഹുമാനത്തിന്റെയും വൈവിധ്യത്തിന്റെയും മൂല്യങ്ങളുടേയും അടിസ്ഥാനത്തിലുള്ള ബന്ധിതമായ ലോകത്തെക്കുറിച്ചാണ് ഓരോ വിനോദസഞ്ചാര ദിനവും വിളിച്ചു പറയുന്നത്.
പല രാജ്യങ്ങളുടേയും സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമാണ് വിനോദസഞ്ചാരം. അതുകൊണ്ടുതന്നെ ഒരു വ്യവസായമെന്ന നിലയില്‍ വിനോദസഞ്ചാര മേഖലയ്ക്കുള്ള പ്രാധാന്യത്തെ ഓര്‍മിപ്പിച്ചുള്ള പരിപാടികളും ദേശീയ വിനോദസഞ്ചാര ദിനത്തിന്റെ ഭാഗമായി നടക്കും. ഹോട്ടലുകളും റിസോര്‍ട്ടുകളും മുതല്‍ പ്രാദേശിക കരകൗശല വിദഗ്ധരും കലാകാരന്മാരും ഗൈഡുകളും വരെ ഇന്ന് വിനോദസഞ്ചാര മേഖലയുടെ ഭാഗമാണ്. ഓരോ യാത്രകളും വ്യക്തിപരമായ ഓര്‍മകളും അനുഭവങ്ങളുമാണ് ഓരോ യാത്രികര്‍ക്കും സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ വ്യക്തികള്‍ക്ക് യാത്രയിലുള്ള പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പരിപാടികളും വിനോദ സഞ്ചാര ദിനത്തില്‍ നടക്കും.