അടങ്ങാത്ത കിരീടമോഹവുമായി മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഐ ലീഗില്‍ ചാമ്പ്യന്‍സ് ട്രോഫി ഉയര്‍ത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് സ്ഥാനക്കയറ്റം വാങ്ങി ചേക്കേറണം. അങ്ങനെ നിരവധി സ്വപ്‌നങ്ങളും പ്രതീക്ഷകളുമായാണ് ഗോകുലം കേരള ഫുട്‌ബോള്‍ ക്ലബ് ഹൈദരാബാദിലെ സ്‌റ്റേഡിയത്തില്‍ ശ്രീനിധി ഡെക്കാനുമായി ഏറ്റുമുട്ടുന്നത്. വൈകുന്നേരം ഏഴരക്കാണ് ശ്രീനിധിയുമായുള്ള മത്സരം.
കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗോകുലം കേരള ഫുട്‌ബോള്‍ ക്ലബ്ബ് ഇത്തവണ കരുത്തുകാട്ടാനാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്. സ്പാനിഷ് കോച്ച് അന്റോണിയോ റൂയിഡയുടെ തന്ത്രങ്ങളുമായാണ് ഇറങ്ങുന്നത്. 2024-ലെ ക്ലൈമറ്റ് കപ്പില്‍ ചാമ്പ്യന്മാരായാണ് ഗോകുലം എഫ്‌സി ഐ-ലീഗിനെത്തുന്നത്. മലയാളിയായ ഇന്റര്‍നാഷണല്‍ താരം വി.പി. സുഹൈര്‍, മൈക്കിള്‍ സൂസൈരാജ്, മഷൂര്‍ ഷെരീഫ്, സലാം രജ്ഞന്‍ സിങ്, ഷിബിന്‍ രാജ് കുനിയില്‍ എന്നിവര്‍ക്ക് പുറമെ ബാഴ്‌സലോണയുടെ ബി ടീം അംഗമായിരുന്ന നാച്ചോ അബെലെഡോ,
ഉറുഗ്വായിന്‍ താരം മാര്‍ട്ടിന്‍ ഷാവേസ്, മാലി താരം അദാമ നിയാന്‍ എന്നിവരും ഉണ്ട്. 24 അംഗ ടീമില്‍ 11 മലയാളി താരങ്ങളാണ് ഉള്ളത്. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ശ്രീനിധിയും ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി ഐഎസിലേക്കുള്ള സ്ഥാനക്കയറ്റം തന്നെയാണ് ലക്ഷ്യമിടുന്നത് മൂന്നുമാസം മുമ്പ് നിയമിതനായ പോര്‍ച്ചുഗല്‍ കോച്ച് റൂയി അമോറിമിന്റെ ശിക്ഷണത്തിലാണ് ശ്രീനിധി ഇറങ്ങുന്നത്. മലയാളിയായ സി.കെ ഉബൈദാണ് ശ്രീനിധിയുടെ വല കാക്കുന്നത്. ഐവറി കോസ്റ്റ് താരം ഇബ്രാഹിം സിസോക്കോ, ബ്രസീലിയന്‍ താരങ്ങളായ വില്യം ആല്‍വേസ് ഡി ഓലിവേയറ, എലി സാബിയ, കൊളംബിയന്‍ താരം ഡേവിഡ് കാസ്റ്റിനേഡ, അഫ്ഗാന്‍ താരം ഫൈസല്‍ ഷായെസ്‌തെ തുടങ്ങിയവരാണ് ശ്രീനിധിക്കായി കളത്തിലിറങ്ങുന്നത്.
ശ്രീനിധിയും ഗോകുലവും തമ്മില്‍ നടക്കുന്ന ഏഴാമത്തെ മത്സരമാണ് ഇന്നത്തേത്. ഇതുവരെ കളിച്ച ആറ് മത്സരങ്ങളില്‍ ഓരോ ടീമുകള്‍ക്കും മൂന്ന് ജയം വീതം. ഡിസംബര്‍ മൂന്നിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഐസോള്‍ എഫ്‌സിക്കെതിരെയാണ് ഗോകുലത്തിന്റെ ആദ്യ ഹോം മാച്ച്. വിജയത്തില്‍ കുറഞ്ഞതൊന്നും ഇരുടീമുകളും ആഗ്രഹിക്കാത്തതിനാല്‍ തന്നെ മത്സരം ആവേശകരമായിരിക്കും.