പൊഴിഞ്ഞു കിടക്കുന്നഇലഞ്ഞിപ്പൂക്കളും പാലപ്പൂക്കളും മെത്തവിരിച്ചതുപോലെ താഴെ നിറഞ്ഞു കിടക്കുന്നു.. മുഖം നിറയെ മുടി ചിതറിക്കിടക്കുന്ന ഒരു പെൺകുട്ടി കിടക്കുന്നു.. ഏകദേശം പത്തുവയസ്സ് പ്രായം.ചുരുട്ടിപ്പിടിച്ചിരിക്കുന്ന അവളുടെ കൈയിൽ ഒരു സ്വർണ്ണ മാല ഉണ്ടായിരുന്നു. പൊട്ടിച്ചെടുത്ത മാലയിൽ ഒരു ലോക്കറ്റും. പുലിനഖം കെട്ടിയ ലോക്കറ്റ്.
കല്യാണി മോളെ…. ജയയുടെ നിലവിളി അവിടെ മുഴങ്ങി.. ദേവേട്ടാ മോളെ കാണുന്നില്ല.. അവൾ എവിടെ പോയി. ഞാൻ ഉറങ്ങുമ്പോളും എന്റെ അരുകിൽ ഉറങ്ങിക്കിടന്ന കുട്ടിയാണ്.. എവിടെ പോയോ എന്തോ..ഒന്ന് നോക്കു. ഇവിടെ ഇല്ല..
നീ കരയാതെ. അച്ചുവിന്റെ മുറിയിൽ ഉണ്ടോ.?
ഇല്ല അവിടെ എല്ലാം നോക്കി.. പുറത്തേക്കുള്ള വാതിൽ തുറന്നില്ലല്ലോ.. ഇനി. പുറകിൽ നോക്കട്ടെ.
ജയദേവനെയും ജയലക്ഷ്മിയുടെയും മകളാണ് കല്യാണി എന്ന കാവ്യ.. മകൻ അക്ഷയ്.. എന്ന അച്ചു. കാവ്യ ഉറക്കത്തിൽ എഴുന്നേറ്റു നടക്കും. എന്തെങ്കിലും പരസ്പരബന്ധമില്ലാതെ പറയും.. ചികിത്സയിലാണവൾ.
പുറത്തേക്കുള്ള വാതിൽ തുറന്നു കിടക്കുവാ. നോക്കട്ടെ..
മോളെ.. കല്യണികുട്ടി…
ദേ അച്ഛാ.. മോളിവിടെ കിടക്കുന്നു.. എഴുന്നേൽപ്പിക്… മോളെ.. അച്ചു അവളെ കുലുക്കി വിളിച്ചു.
ഞാനെടുക്കാം. അകത്തുകൊണ്ടുപോയി എഴുനേൽപ്പിക്കാം.. മുഖത്തു പരന്നുകിടക്കുന്ന മുടി ഒതുക്കികൊണ്ട് ദേവൻ കല്യാണിയെ എടുത്തു.. വാടിയ താമര തണ്ടുപോൽ കിടക്കുന്ന അവളുടെ കൈയിൽ നിന്നും ആ മാല താഴേക്കു വീണു. അച്ചുവിന്റെ കാൽചുവട്ടിൽ..
അച്ഛാ. ദേ കല്യാണിടെ കയ്യിൽ ഒരു മാല. ഇത് കണ്ടു പരിചയം തോന്നുന്നുണ്ട്.. ഇത്.. എവിടെയോ ഞാൻ കണ്ടിട്ടുണ്ട്..
നീ വാ. മോൾ ഉണരട്ടെ.. എന്താ സംഭവിച്ചതെന്ന് ഓർമ്മയുണ്ടാകുമോ. നോക്കാം.. ചുളിഞ്ഞനെറ്റിയോടെ ദേവൻ പറഞ്ഞു.. എന്തായാലും ആപത്തൊന്നും സംഭവിച്ചില്ല. രാവിലെ തന്നെ ഡോക്ടറെ വിളിച്ചു വിവരം പറയണം. സാധാരണ അനുമോൾടെ മുറിയിൽ വരെ ഉണ്ടാവുന്ന സ്വപ്നാടനം ഇന്നിപ്പോൾ,..
അനു.. ജയദേവന്റ ഒരേയൊരു പെങ്ങൾ.. പൂത്തുമ്പിയെ പാറിനടന്ന അവൾ ഒരു ദിവസം ആത്മഹത്യ ചെയ്തു, അച്ചു മാത്രമാണ് അവൾ കരയുന്നത് കണ്ടത്. ചെറിയകുട്ടിയായ അവൻ പറയുന്നത് ആർക്കും മനസിലായില്ല. അനു എന്തിന് വേണ്ടി അങ്ങനെ ചെയ്തു എന്ന് ആർക്കും അറിയില്ല..
പിന്നെയും ഒരു വർഷം കഴിഞ്ഞപ്പോൾ ആണ് കല്യാണി ജനിച്ചത്. കണ്ടാൽ അനുവിനെപോൽ. അനുവിന്റെ പുനർജ്ജന്മം എന്ന് ജയദേവൻ പറയും.. കല്യാണി വളർച്ചയിൽ അനുവിനെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.. പക്ഷെ ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്നത് പതിവായി. അടച്ചിരിക്കുന്ന അനുവിന്റെ മുറിയിൽ പോയി കിടക്കും. അവളുടെ ആഭരണപെട്ടി എടുത്തു എല്ലാം ഇടും അങ്ങനെ ചെറിയ അനുകരണങ്ങൾ.. ഒരു ഡോക്ടറെ കാണിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. ചിലകുട്ടികളിൽ കണ്ടുവരുന്ന പ്രവണത ആണ്. അവരുടെ മുന്നിൽ വച്ചു മുതിർന്നവർ പറയുന്ന മിത്തുകൾ ഉപബോധമനസ്സിലുണ്ടാകുന്ന ചലനങ്ങൾ ആണിത്.നമ്മൾ പറയുന്ന പല കാര്യങ്ങളും മനസ്സ് ചിന്തിച്ചു കൂട്ടി ഉറക്കത്തിൽ പ്രവർത്തിക്കും.. പതുക്കെ അത് മാറിക്കൊള്ളും കൂടാതെ നല്ല കെയറും. മരുന്നും മാത്രം മതി..
അമ്മേ.. എനിക്ക് വെള്ളം വേണം.. കല്യാണി എഴുന്നേറ്റുകൊണ്ട് പറഞ്ഞു..
ആഹാ അച്ഛന്റെ ചുന്ദരി എഴുന്നേറ്റോ.. ക്ഷീണം ഉണ്ടോ..
എന്താ ഇന്നൊരു കൊഞ്ചൽ. സാധാരണ എഴുന്നേറ്റാൽ തൊടിയിലേക്ക് ഓട്ടമാണല്ലോ. ഇന്ന് പോകുന്നില്ലേ..?
അച്ഛാ. നിക്ക് വയ്യ.. നല്ല ക്ഷീണം. മേൽവേദന എടുക്കുന്നു. പനിയുണ്ടോ എനിക്ക്. നോക്കിയേ..?
അതേല്ലോ പനിയുണ്ട്. ജയേ വേഗം റെഡിയാവു ഹോസ്പിറ്റലിൽ കൊണ്ടുപോവാം..
അച്ഛാ ഹോസ്പിറ്റലിൽ പോവണ്ട. നിക്ക് ചുക്ക്കാപ്പി മതി. അത് കുടിക്കുമ്പോൾ പനി പോവും.. ന്നാലും ഹോസ്പിറ്റലിൽ പോവണം മോളെ. ഇഞ്ചക്ഷൻ വേണ്ടെന്നു പറയാട്ടോ അച്ഛൻ.. മോൾ വിഷമിക്കണ്ട.
ഇതേ സമയം അൽപ്പം മാറി കൂട്ടുകാരുമൊത്തു മദ്യപാനം നടത്തുകയായിരുന്നു പ്രകാശും കൂട്ടുകാരും.
ജയദേവന്റെ വീടിന്റെ അടുത്തുതന്നെ ആണ് പ്രകാശ്.
അച്ഛൻ മാധവൻ. അമ്മ ലീല അനിയൻ രതീഷ് എന്നിവർ താമസിക്കുന്നത്.
പ്രകാശ് സൗദിയിൽ സൂപ്പർവൈസർ ആയി ജോലി ചെയുന്നു.വർഷങ്ങൾ കഴിഞ്ഞാണ് ലീവിന് വന്നത് തന്നെ.. ഇപ്പോൾ കല്യാണം നോക്കിക്കൊണ്ടിരിക്കുന്നു..
എന്നാലും ആ കൊച്ച് എന്റെ അടുക്കൽ എങ്ങനെ എത്തിയെന്നു മനസിലാകുന്നില്ല.എന്തൊക്കയോ മനസിലായത് പോലെ ആണ് അവൾ പെരുമാറിയത് എനിക്കും അനുവിനും മാത്രം അറിയാവുന്ന പല കാര്യങ്ങളും അവൾ പറഞ്ഞു. ഇനി എല്ലാവരും പറയുന്നതുപോലെ ആണോ.അവൾ . അനുവിന്റെ പുനർജ്ജന്മം ആണോ..?
നീ വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട.അങ്ങനെ ആണെങ്കിൽ ഇത്ര നാൾ എന്താ ഒന്നും മിണ്ടാതെ ഇരുന്നത്.ഇപ്പോൾ അല്ലെ അവൾ വന്നത്.
അതിന് ഒരു കാര്യമുണ്ട്.കൂട്ടുകാരൻ രാജ് പറഞ്ഞു.
ഇവൻ അന്നത്തെ സംഭവം കഴിഞ്ഞു നാട്ടിൽ നിന്നും പോയില്ലേ.പിന്നെ എങ്ങനെ അറിയാൻ.
പിന്നെ ഇപ്പോൾ നാട്ടിൽ വന്നപ്പോൾ അല്ലെ ഈ സംഭവം നടക്കുന്നത്.നമ്മൾ അതുവഴി പോകണ്ടായിരുന്നു.എന്നാലും ആ കൊച്ചിന് എന്താ ശക്തി.ഇവന്റെ കഴുത്തിൽ പിടിച്ചു ഞെക്കുമ്പോൾ അവളുടെ മുഖം കാണാമായിരുന്നു.ശരിക്കും അനുവിന്റെ രൂപം.
എന്റെ മാല കാണുന്നില്ലെടാ.അത് എവിടെയോ പൊട്ടി വീണിട്ടുണ്ടാവും.നമുക്കൊന്ന് നോക്കിയാലോ.ആർക്കെങ്കിലും കിട്ടിയാൽ വല്ല സംശയം തോന്നിയാലോ.
പിന്നെ സ്വർണ്ണം കിട്ടിയാൽ വേണ്ടെന്നു വെയ്ക്കുന്ന നാട്ടുകാർ ഉണ്ടോ.എടുത്തു പോക്കറ്റിൽ തിരുക്കും.എന്നാലും നോക്കാം.നിങ്ങൾ വാ.രാജ് എഴുനേറ്റുകൊണ്ട് പറഞ്ഞു.
അച്ഛാ ഹോസ്പിറ്റലിൽ പോകുമ്പോൾ മാല മോൾടെ കയ്യിൽ ഉണ്ടായിരുന്നത് ഡോക്ടറോട് പറയണം.എനിക്ക് എന്തോ ഒരു സംശയം.. അദ്ദേഹം പറയട്ടെ എന്ത് വേണമെന്ന്.ഇന്നലെ രാത്രിയിൽ നടന്ന സംഭവം എന്തോ തെളിവ് പോലുണ്ട്.മറഞ്ഞുകിടക്കുന്ന എന്തോ ഒന്ന് തെളിഞ്ഞുവരുന്നു.. ചിലപ്പോൾ ചിറ്റയുടെ മരണത്തിന് എന്തെങ്കിലും..
പറഞ്ഞു പൂർത്തിയാകാതെ അച്ചു നിർത്തി.
നീയെന്താ അച്ചു അങ്ങനെ പറഞ്ഞത്.. എന്താ മുഴുപ്പിക്കാതെ.
എനിക്കറിയില്ല. പക്ഷെ എന്തോ അങ്ങനെ തോന്നി.മുറിയിൽ മാത്രം നടക്കാറുള്ള മോൾ ഇന്നലെ വാതിൽ തുറന്നു പോയി.അതിലെ വഴിനടക്കുന്നവർ ആരാ.. നമ്മുടെ പറമ്പിൽ.അവിടെ പോയി മോൾ.പിന്നെ ആരോടോ പിടിവലി നടന്നിട്ടുണ്ട്.അതാണല്ലോ ആ മാല.അതിന്റെ രഹസ്യം അറിയണമെങ്കിൽ പോലീസിൽ അറിയിക്കണ്ടേ.എന്തായാലും ഡോക്ടർ പറയട്ടെ.എന്റെ മനസ്സ് പറയുന്നു ഇതിൽ എന്തോ ഉണ്ടെന്ന്..
അത്ര കടന്നു ചിന്തിച്ചില്ല ഞാൻ.എന്തായാലും ഡോക്ടറെ കണ്ടു സംസാരിക്കട്ടെ എന്നിട്ട് ആലോചിക്കാം.
ജയദേവൻ പറഞ്ഞതെല്ലാം ഡോക്ടർ ശ്രദ്ധയോടെ കേട്ടു.ഒന്നും സംഭവിക്കാത്ത പോലെ കല്യാണി മോൾ പുറത്ത് അമ്മയോടൊപ്പം ഇരിക്കുന്നുണ്ട്
.ഇത് പേടിക്കണ്ട കാര്യമില്ല.പക്ഷെ കല്യാണിമോളിൽ എന്തെല്ലാമോ മാറ്റങ്ങൾ നടക്കുന്നുണ്ട്.. ഉറക്കത്തിൽ.എന്തോ പറയാൻ ശ്രെമിക്കുന്നുണ്ട് അവളുടെ ഉപബോധ മനസ്സ്. നമ്മുടെ പഴയ ആളുകൾ ബാധകൂടിയതാണെന്നെല്ലാം പറയും.പക്ഷെ ഇതൊരു ചെറിയ മാനസിക പ്രശ്നം ആണ്.
പോലീസിൽ അറിയിക്കുന്നത് നല്ലതാണ്.ആ മാലയിൽ കൂടെ അവൾ എന്തോ പറയാൻ ശ്രെമിക്കുന്നുണ്ട്.എന്റെ നിഗമനം ശരിയാണെങ്കിൽ ആ മാലയുടെ ഉറവിടം കണ്ടെത്തുമ്പോൾ കല്യാണികുട്ടിയുടെ ഉറക്കത്തിൽ നടക്കുന്ന പ്രവണത ഇല്ലാതെയാകും..ശാസ്ത്രം പലപ്പോഴും പരിശ്രമിക്കുന്നിടത്തും അതിനപ്പുറവും അനാവരണം ചെയ്യാതെ കിടക്കുന്ന ചിലതുണ്ട്.നിർവചിക്കാൻ ആവാത്ത ശക്തികളുടെ ചില ഇടപെടൽ. അതാണിപ്പോൾ മോൾടെ കാര്യത്തിൽ സംഭവിക്കുന്നത്.നമ്മുടെ വീട്ടിൽ പ്രായമായ ആളുകൾ അതിനെ ബാധ കുടിയതിന്നൊക്കെ പറയും.നമുക്കിതു പൂർണ്ണമായും മാറ്റാം.
മോൾക്ക് പ്രശ്നം വല്ലതും ആകുമോ ഡോക്ടർ.പോലിസ് വന്നാൽ..?
അതൊന്നും ഇല്ല.നിങ്ങളുടെ പറമ്പിൽ ആരാ വന്നതെന്ന് അറിയണ്ടേ.കുട്ടി പുറത്തിറങ്ങിയതുകൊണ്ട് അയാൾ വന്നത് അറിഞ്ഞു.അതിന്റെ കാരണം കണ്ടുപിടിക്കണ്ടേ.നിങ്ങൾ പോലീസിൽ പരാതി നൽകുക.ബാക്കി അവര് നോക്കും.
ശരി ഡോക്ടർ അങ്ങനെ ചെയ്യാം..
പുറത്തൊരു വണ്ടിയുടെ ശബ്ദം കേട്ടുകൊണ്ട് ജയദേവൻ പുറത്തേക്കിറങ്ങി.രാവിലെ തന്നെ പരാതി കൊടുത്തിരുന്നു അവർ.വന്നത് പോലിസ്ജീപ്പ് ആയിരുന്നു.
ഞങ്ങൾ ഒരു സംശയം തീർക്കാനുണ്ട്. നിങ്ങളുടെ പെങ്ങൾ മരിച്ചിട്ട് എത്ര വർഷം ആയി..
സർ അവൾ പോയിട്ട് 11വർഷം ആയി. ഇപ്പോൾ എന്താ സർ അവളെ കുറിച്ച് ചോദിക്കാൻ.
ജീപ്പിൽ ഒരാളുണ്ട്. നിങ്ങൾ അയാളെ അറിയുമോ എന്ന് നോക്കു..
സർ ഇത് അടുത്ത വീട്ടിലെ പയ്യൻ ആണ്. ഇയാള് പുറത്തെവിടെയോ ജോലി ആണ്. എന്താണ് സർ ഇയാളാണോ ഇവിടെ വന്നത്?
അതെ. ഇയാള് പുറത്ത് ജോലിക്ക് പോയിട്ട് 10വർഷം കഴിഞ്ഞു. ഇടയ്ക്ക് ഒന്ന് വന്നിരുന്നു നാട്ടിൽ. രണ്ടുദിവസം കഴിഞ്ഞു തിരിച്ചു പോകുകയും ചെയ്തു. പക്ഷെ കഴിഞ്ഞ ദിവസം രാത്രി ഇയാള് ഇവിടെ വന്നു. നിങ്ങളുടെ മകളുടെ കയ്യിൽ കണ്ട മാല ഇയാളുടെ ആണ്. നിങ്ങളുടെ പെങ്ങൾ മരിക്കാൻ കാരണം ആയതും ഇയാൾ തന്നെ.
എന്റെ അനു.. അവളെ ഇയാൾ. എനിക്കൊന്നും മനസിലാകുന്നില്ല സർ.
അതെ അനുവിനെ ഇയാൾ സ്നേഹം നടിച്ചു ചതിച്ചു.. പാവം അവൾ അറിഞ്ഞില്ല പലരിൽ ഒരാൾ ആയിരുന്നു അവളെന്നു. സത്യം അറിഞ്ഞപ്പോൾ അവൾക് പലതും നഷ്ടമായി. ആ ഷോക്കിൽ ആണ് അവൾ ആത്മഹത്യ ചെയ്തത് . ഇന്നലെ കൂട്ടുകാരുമായി ചേർന്ന് കുടിച്ചപ്പോൾ അറിയാതെ ഇവന്റെ വായിൽ നിന്നും വീണുപോയതാണിതെല്ലാം.ഇന്നലെ അറിയാതെ വന്നുപോയതാണ് ഇവിടെ. ആ സമയം ആണ് നിങ്ങളുടെ മകൾ ഇറങ്ങി നടന്നത് അവളെ കണ്ടപ്പോൾ പുറകെ ചെന്നതാ. പക്ഷെ കുട്ടി ശക്തമായഅടി കൊടുത്തപ്പോൾ ഓടിപോയി ഇവൻ. ആ പിടിവലിക്കിടയിൽ മാല മോൾക്ക് കിട്ടിയത്.
അപ്പോൾ ഞങ്ങൾക് ഇനി പോകാമല്ലോ ഇവനെ നിങ്ങൾ കണ്ടല്ലോ..
ജയേട്ടാ. വേഗം വാ. മോൾ തലകറങ്ങി വീണു. അകത്തുനിന്നും ജയയുടെ കരച്ചിൽ കേട്ടു. നീ കരയാതെ. കുറച്ചു വെള്ളം എടുത്തുവാ. മോൾടെ മുഖത് തളിക്കാം..
മോളെ മോളെ എഴുന്നേല്ക്കെടാ എന്താ പറ്റിയത്..
അച്ഛാ.. ഞാൻ അനു അപ്പച്ചിയെ സ്വപ്നം കണ്ടു. എന്നോട് പോവാണ് എന്ന് പറഞ്ഞു. മോൾ സന്തോഷത്തോടെ അച്ഛനും അമ്മയും പറയുന്നതൊക്കെ അനുസരിച്ചു കഴിയണം എന്ന് പറഞ്ഞു.. എന്നിട്ട് അപ്പച്ചി പുകപോലെ മാഞ്ഞുപോയി.. മോൾ അതൊക്കെ ഓർക്കണ്ട കേട്ടോ. അപ്പച്ചി ഇനിയും സ്വപ്നങ്ങളിൽ വരും. സന്തോഷത്തോടെ ഇരുന്നാൽ മതി.
ജയദേവൻ മകളെ ചേർത്തുപിടിച്ചു. ആ സ്നേഹവലയത്തിൽ അലിഞ്ഞു ചേർന്നു കല്യാണി ഇരുന്നു..
അങ്ങകലെ ഒരു നക്ഷത്രം പുനർജ്ജന്മം പ്രതീക്ഷിച്ചു വാനിൽ അഭയം തേടി..