റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി ഞായറാഴ്ച വരെ സൗദിയില്‍ എത്തിച്ചേര്‍ന്നത് ഒന്‍പത് ലക്ഷം തീര്‍ത്ഥാടകര്‍. ആകാശമാര്‍ഗവും കരമാര്‍ഗവും വഴി 9,35,966 തീർത്ഥാടകർ എത്തിച്ചേര്‍ന്നതായി സൗദി അറേബ്യയുടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സ് അറിയിച്ചു. വിമാനത്താവളങ്ങള്‍ വഴി 8,96,287 പേരും കരമാര്‍ഗം 37,280 പേരും തുറമുഖം വഴി 2399 പേരും ഇതുവരെ എത്തിച്ചേര്‍ന്നതായി അധികൃതർ അറിയിച്ചു.
പോര്‍ട്ടുകളില്‍ സ്ഥാപിച്ച നൂതന സാങ്കേതിക ഉപകരണങ്ങളും മികച്ച ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് തീര്‍ത്ഥാടകരുടെ പ്രവേശന നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാന്‍ ഡയറക്ടറേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹജ്ജ് തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനായി ഹജ്ജ് സീസണില്‍ 5000-ല്‍ പരം ടാക്‌സികള്‍ നിരത്തിലിറക്കിയിട്ടുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് മികച്ച യാത്ര വാഗ്ദാനം ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതവും സുഖപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനായി ടാക്‌സികളില്‍ അത്യാധുനിക സാങ്കേതികവിദ്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
തത്സമയമുള്ള ട്രിപ്പ് ട്രാക്കിംഗ്, ഇ-മീറ്ററുകള്‍, ഇ-പേയ്‌മെന്റുകള്‍ എന്നിവ ഇതിൽ ഉള്‍പ്പെടുന്നു. കൂടാതെ, വിശുദ്ധ മോസ്‌കിലേക്കും സുപ്രധാന ഇടങ്ങളിലേക്കുമുള്ള എളുപ്പത്തിലുള്ളതും സുരക്ഷിതവുമായ പ്രവേശനം ഇത് ഉറപ്പാക്കുന്നു. ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ ജൂണ്‍ 14ന് ആരംഭിച്ച് ജൂണ്‍ 19ന് അവസാനിക്കുമെന്നാണ് കരുതുന്നത്. സൗദി അറേബ്യയില്‍ ചന്ദ്രന്‍ ദൃശ്യമാകുന്നതുമായി ബന്ധപ്പെട്ട് ഈ തീയതികളില്‍ മാറ്റമുണ്ടായേക്കാം. ഇസ്ലാം മത വിശ്വാസപ്രകാരം ഒരു വിശ്വാസി തന്റെ ജീവിതകാലത്ത് ഒരിക്കലെങ്കിലും ഹജ്ജ് കര്‍മം നിര്‍വഹിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നു.