രാവിലെ ലേക് ഷോർ ആശുപത്രിയിൽ നിന്നും കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ച മൃതദേഹം എട്ട് മണി മുതൽ പൊതുദർശനത്തിന് വെച്ചു.
സമൂഹത്തിൻ്റെ നാനാ തുറകളിലുള്ള പതിനായിരങ്ങളാണ് പ്രിയ നടനെ അവസാനമായി ഒരു വട്ടം കൂടി കാണാൻ ഒഴുകിയെത്തിയത്.
മന്ത്രിമാരായ പി രാജീവ്, കെ രാജൻ, പി പ്രസാദ്, ആർ ബിന്ദു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സി പി എം സെക്രട്ടറി എം വി ഗോവിന്ദൻ, മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍, സിബി മലയിൽ ഉൾപ്പടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരുന്നു.
മരണവാർത്തയറിഞ്ഞ് അദ്ദേഹത്തെ ഒരു നോക്ക് കാണാൻ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ഇവിടേയ്ക്ക് വന്നത്.
രാവിലെ 11 മണിവരെയായിരുന്നു ഇവിടെ പൊതുദർശനം എങ്കിലും 11.30 ഓടെയാണ് ഭൗതികദേഹം അദ്ദേഹത്തിൻ്റെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടു പോയത്.
ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വൈകിട്ട് 3.30 വരെ പൊതുദർശനത്തിന് വയ്ക്കും. ഇതിന് ശേഷം മൃതദേഹം സ്വവസതിയിലേക്ക് കൊണ്ടുപോകും.
ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിൽ സംസ്കാരം നടക്കും.