സുരേഷ് ഗോപി.
മലയാള സിനിമയുടെ ഏകലവ്യൻ…. അതെ സുരേഷ് ഗോപിയാണ് ഇന്ന് നമ്മുടെ അതിഥി.
1958 ജൂൺ 26ന് ഗോപിനാഥൻ പിള്ളയുടെയും ജ്ഞാനലക്ഷ്മിയുടെയും മൂത്ത മകനായി കൊല്ലം ജില്ലയിലാണ് സുരേഷ് ഗോപിനാഥൻ എന്ന സുരേഷ് ഗോപിയുടെ ജനനം. അച്ഛൻ ഫിലിം ഡിസ്ട്രിബ്യൂട്ടർ ആയിരുന്നു.
തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സുരേഷ് ഗോപി കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും സുവോളജിയിൽ ബിരുദം നേടി. തുടർന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും.
1965ൽ തന്റെ ഏഴാം വയസ്സിൽ കെ എസ് സേതുമാധവൻ നായർ സംവിധാനം ചെയ്ത ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിലേക്ക് അരങ്ങേറ്റം നടത്തി.
1986 ൽ സത്യൻ അന്തിക്കാടിന്റെ ടി. പി. ബാലഗോപാലൻ എം. എ. എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വീണ്ടും രംഗപ്രവേശനം നടത്തുകയും അതേ വർഷം പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനാവുകയും ചെയ്തു.
പൂവിന് പുതിയ പൂന്തെന്നൽ, സായം സന്ധ്യ എന്നീ സിനിമകളിൽ വില്ലൻ വേഷം ചെയ്തു പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. തുടർന്നഭിനയിച്ച ഇരുപതാം നൂറ്റാണ്ടിലെ വില്ലൻ വേഷം അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു
പരേതയായ മുൻ അഭിനേത്രി ആറന്മുള പൊന്നമ്മയുടെ പേരമകളായ രാധികയെ സുരേഷ് ഗോപി 1990 ൽ വിവാഹം ചെയ്തു. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ലക്ഷ്മി സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ് എന്നിവർ മക്കളാണ്. മൂത്ത പുത്രി ലക്ഷ്മി സുരേഷിനെ ഒരു കാർ അപകടത്തിൽ അവർക്ക് നഷ്ടമായി. കുടുംബസമേതം തിരുവനന്തപുരത്ത് താമസിച്ചു വരികയാണ് ഇപ്പോൾ.
1990 കളുടെ തുടക്കം മുതൽ നായക വേഷം ചെയ്യാൻ തുടങ്ങിയ സുരേഷ് ഗോപിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമകളിൽ തകർത്തഭിനയിച്ച് സുരേഷ് ഗോപി സൂപ്പർതാര പദവിയിൽ എത്തിച്ചേർന്നു. തലസ്ഥാനം, ഏകലവ്യൻ, മാഫിയ, കമ്മീഷണർ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം മമ്മൂട്ടി, മോഹൻലാൽ, എന്നീ സൂപ്പർസ്റ്റാറുകൾക്ക് ശേഷം മൂന്നാമത്തെ സൂപ്പർസ്റ്റാർ എന്ന നിലയിലേക്ക് സുരേഷ് ഗോപിയുടെ ഗ്രാഫുയർത്തി. ആക്ഷൻ സിനിമകളും പോലീസ് വേഷങ്ങളും അദ്ദേഹത്തെ പ്രശസ്തിയിലേക്ക് ഉയർത്തി. മലയാളത്തിന്റെ ഭരത് ചന്ദ്രനായി ജനങ്ങൾ ഏറ്റെടുത്തതോടെ ഒരു പുത്തൻ താരോദയം പിറവിയെടുത്തു.
കമ്മീഷണറിലെ വേഷം ഒരു വഴിത്തിരിവായി. പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകം! കാക്കി കുപ്പായത്തിൽ ഇത്ര തലയെടുപ്പുള്ള ഒരാൾ മലയാള സിനിമയിൽ വിരളം. പോലീസ് വേഷത്തിലെ ഉജ്വല കഥാപാത്രങ്ങൾ സുരേഷ് ഗോപിക്ക് ആക്ഷൻ ഹീറോ പദവി നേടിക്കൊടുത്തു. “ഓർമ്മയുണ്ടോ ഈ മുഖം? I am ഭരത് ചന്ദ്രൻ ഐ.പി. എസ്. ജസ്റ്റ് റിമംബർ ദാറ്റ് ” തുടങ്ങിയ അദ്ദേഹത്തിന്റെ ഓരോ പഞ്ച് ഡയലോഗുകൾക്കും എഴുന്നേറ്റു നിന്ന് കയ്യടിച്ച് മലയാളികൾ അദ്ദേഹത്തെ നെഞ്ചേറ്റി.
ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ പെരുമലയൻ മികച്ച നടനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും അദ്ദേഹത്തിന് നേടിക്കൊടുത്തു.
ജനുവരി ഒരു ഓർമ്മ, ന്യൂഡൽഹി, ഭൂമിയിലെ രാജാക്കന്മാർ, അനുരാഗി, മൂന്നാം മുറ, ഒരു വടക്കൻ വീരഗാഥ, 1921, ദൗത്യം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, വിറ്റ്നസ്, ധ്വനി, ന്യൂ ഇയർ, ഇന്നലെ, നായർസാബ്, സമ്മർ ഇൻ ബേത്ലഹേം, എന്റെ സൂര്യപുത്രിക്ക്, കാശ്മീരം, ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി 300 ഓളം ചിത്രങ്ങൾ ചെയ്ത സുരേഷ് ഗോപി 2014 ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 2016 ൽ രാജ്യസഭാംഗമായി. അഞ്ചുവർഷത്തെ ഇടവേളയ്ക്കുശേഷം ‘കാവൽ’ എന്ന സിനിമയിലൂടെ തിരിച്ചെത്തി വീണ്ടും സജീവമായി.
നല്ലൊരു ഗായകൻ കൂടിയായ അദ്ദേഹം ഒരുപിടി സിനിമകളിൽ പിന്നണി പാടിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ എന്ന പരിപാടി അവതരിപ്പിച്ച് അപരന്റെ ദുഃഖങ്ങൾ ഏറ്റെടുക്കാൻ സന്മനസ്സ് കാണിച്ച ഒരു സാധാരണ മനുഷ്യനെ അദ്ദേഹം നമുക്ക് കാണിച്ചു തന്നു.
2024ൽ ലോക്സഭാംഗമായി സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്നും താമര ചിഹ്നത്തിൽ വിജയിച്ച ആദ്യ ലോക്സഭാംഗമാണ് അദ്ദേഹം. പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് നിലവിൽ അദ്ദേഹം. ഇനിയും ഏറെ ദൂരം സഞ്ചരിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്,
Super
നല്ല വിവരണം
പക്ഷേ തലക്കെട്ട് യോജിക്കുന്നുണ്ടോ