മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പ് പദ്ധതി നിര്‍വഹണ യൂണിറ്റിന്റെ സ്‌പെഷ്യല്‍ ഓഫീസറായി എസ് സുഹാസിന് ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവായി. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍ ഓഫ് കേരള മാനേജിങ് ഡയറക്ടര്‍ പദവിയോടൊപ്പമാണ് അധിക ചുമതല നല്‍കിയത്. ടൗണ്‍ഷിപ്പ് പ്രവൃത്തി നടത്തിപ്പിനായി രൂപീകരിച്ച നിര്‍വഹണ യൂണിറ്റില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (കെഎഎസ്) ഫിനാന്‍സ് ഓഫീസര്‍ (ധനകാര്യ വകുപ്പ് ) മൂന്ന് ക്ലാര്‍ക്കുമാര്‍, (റവന്യൂ വകുപ്പ്) എന്നിവരും അക്കൗണ്ട്‌സ് ഓഫീസര്‍, പ്രോഗ്രാം ഓഫീസര്‍, സിവില്‍ എന്‍ജിനീയര്‍ എന്നിവരെ കരാറടിസ്ഥാനത്തിലും നിയമിക്കും.
പദ്ധതി നിര്‍വഹണ യൂണിറ്റ് മേധാവിയുടെ നേതൃത്വത്തില്‍ ടൗണ്‍ഷിപ്പ് പൂര്‍ത്തീകരണ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍, നിയന്ത്രണം, ജില്ലാ കളക്ടടര്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായുള്ള ഏകോപനം, സ്‌പോണ്‍സര്‍ഷിപ്പ് മാനേജ്‌മെന്റ് സ്‌പോണ്‍സര്‍മാരുമായുള്ള ഏകോപനം, പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്തല്‍, സാങ്കേതിക വിലയിരുത്തല്‍, ഓഡിറ്റ് സംവിധാനങ്ങളുടെ സജ്ജീകരണം, പദ്ധതിക്കാവശ്യമായ ഫണ്ടുകളുടെ ലഭ്യത ഉറപ്പാക്കല്‍ തുടങ്ങിയ ചുമതലകള്‍ സ്‌പെഷല്‍ ഓഫീസറും സംഘവും നിര്‍വഹിക്കും.