Friday, January 10, 2025
Homeകഥ/കവിതതിരിച്ചറിവുകൾ (നീണ്ടകഥ) ✍ സുദർശൻ കുറ്റിപ്പുറം

തിരിച്ചറിവുകൾ (നീണ്ടകഥ) ✍ സുദർശൻ കുറ്റിപ്പുറം

സുദർശൻ കുറ്റിപ്പുറം

സാബ് ഒരെഴുത്തുണ്ട് …. ബീഹാരിച്ചുവയുള്ള ഹിന്ദിയിയിൽ ശിപായി പറഞ്ഞതു കേട്ട് അയാൾ ചിന്തയിൽ നിന്നുണർന്നു … അയാളാ കത്തു വാങ്ങി, വിലാസം എഴുതിയ കൈപ്പട കണ്ടപ്പോൾത്തന്നെ അമ്മയുടെ കത്താണതെന്നയാൾ തിരിച്ചറിഞ്ഞതിനാൽ കത്ത് പ്രത്യേകം മാറ്റിവച്ചു … അമ്മയുടെ കത്ത് വിശദമായിത്തന്നെ വായിക്കണം. അമ്മയുടെ കത്ത് വായിച്ചാൽ ഒരുൾപ്പുളകമാണ് നേരിട്ട് അനുഭവിക്കുന്ന പോലെ … ഓരോ ചെറിയ കാര്യങ്ങളും പൊടിപ്പും തൊങ്ങലും ചേർത്ത് മേമ്പൊടിയായി സ്നേഹവും ചാലിച്ച് … അമ്മയെ പ്പറ്റി പറയാൻ തുടങ്ങിയാൽ തനിക്ക് ആയിരം നാവാണെന്ന് നാട്ടുകാർ പറയാറുണ്ട് … അയാൾ ഓർത്തു.

എന്തുപറ്റി സാബ്, കത്തു വായിക്കുന്നില്ലേ … ?? പിന്നെയും നിഹാലിന്റെ സ്വരം …. നിഹാൽ തനിക്കായിക്കിട്ടിയ ശിപായിയാണ്. ജോലിയിൽ പ്രവേശി ക്കുന്ന കാലത്ത് തനിക്കിതൊന്നും ഉണ്ടായിരുന്നില്ല … അയാളോർത്തു …. രണ്ടു മൂന്ന് വർഷത്തെ തന്റെ കഠിന പ്രയത്നത്താൽ ബോസിന് തന്നെ വളരെ ഇഷ്ടമായി …

“രാജീവ് നിന്റെ പ്രയത്നഫലമായി കമ്പനിക്ക് വൻ നേട്ടങ്ങളാണുണ്ടായിട്ടുള്ളത് അതിനാൽ നിന്നെ ഇന്ന് മാനേജരാക്കാൻ തീരുമാനിച്ചിരിക്കുന്നു… ശമ്പളത്തിനു പുറമെ പ്രത്യേക അലവൻസുകളും ലഭിക്കും.. കൂടാതെ സഹായിയായി ഒരു ശിപായിയെയും” ബോസിന്റെ വാഗ്ദാനമായിരുന്നു അത് … അങ്ങനെയാണ് അയാൾക്ക് നിഹാലിനെ ശിപായിയായി ലഭിച്ചത് …. ചുരുണ്ട മുടിയും, ചുറുചുറുക്കുമുള്ള ഒരു ചെറുപ്പക്കാരൻ …. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലെങ്കിലും നല്ല ആത്മാർത്ഥതയുള്ള ഒരാൾ … രണ്ട് മൂന്ന് ദിവസങ്ങൾക്കുള്ളിൽത്തന്നെ നിഹാൽ അയാളുടെ ഉറ്റ തോഴനെപ്പോലെയായി മാറി ….

തിരക്കേറിയ ദിവസങ്ങളിൽ നിഹാൽ ഇടയ്ക്കിടയ്ക്ക് ചായ ഉണ്ടാക്കിക്കൊടുക്കും… മറ്റുള്ള ഓഫീസിൽ നിന്ന് വന്ന കത്തുകൾ പൊട്ടിച്ചു വൃത്തിയായി തരം തിരിച്ചു കൊടുക്കും …

അയാളീ സിറ്റിയിൽ എത്തിയിട്ട് 2-3 വർഷത്തിലധികമായെങ്കിലും നാട്ടുഭാഷയായ ഹിന്ദി അയാൾക്കധികമൊന്നും അറിയില്ലായിരുന്നു. ആപ്പീസിൽ കത്തിടപാടുകൾ ഇംഗ്ലീഷിൽത്തന്നെ ആയിരുന്നു എന്നതിനാൽത്തന്നെ അയാൾക്ക് ഹിന്ദി പഠിക്കേണ്ട അത്യാവശ്യമൊന്നുമില്ലായിരുന്നു.

എന്നാലിപ്പോൾ അങ്ങനെ യല്ല … ഉദ്യോഗക്കയറ്റം കിട്ടിയതു മുതൽ പലവിധത്തിലുള്ള കത്തിടപാടുകളും നേരിട്ട് നടത്തേണ്ടി വന്നിരുന്നു …. കൂടാതെ ഇടയ്ക്കിടയ്ക്ക് പ്രത്യേകയോഗങ്ങൾ സംഘടി പ്പിക്കുക, യോഗങ്ങളിൽ പങ്കെടുക്കുക എന്നിവ കൂടി ആയപ്പോൾ ഭാഷ പഠിക്കേണ്ടത് വളരെ അത്യാവശ്യമായിത്തീർന്നു…. അല്ലെങ്കിലും necessity is the mother of inventions എന്നാണല്ലോ, ഇവിടെയിപ്പോൾ ഇവിടുത്തെ ഭാഷ പഠിക്കുക എന്നത് അത്യാവശ്യമായി മാറി …. ഇണക്കത്തിലുള്ള ബോസിനെ പിണക്കുകയുമരുതല്ലോ …. അപ്പോഴാണ് ഈ നിഹാലിന്റെ വരവ്. അത് കാര്യങ്ങൾ കൂടുതൽ ലളിതമാക്കി …
നിഹാൽ തന്നെ മുൻകൈ എടുത്തു … അതായിരുന്നു തുടക്കം …. ആദ്യം അക്ഷരമാല കൃത്യമായി എഴുതാനും വായിക്കാനും പഠിച്ചു … നാട്ടിൽ വളരെ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കിയിരുന്നു എങ്കിലും, ഹിന്ദി വാക്കുകൾ കണ്ടപ്പോൾ മനസ്സിലായി നാട്ടിലെ പഠിപ്പൊന്നും പോരാ ഈ നഗരത്തിൽ ജീവിച്ചു പോകാൻ … ആദ്യമൊന്നും അയാളുടെ അഹങ്കാരം അത് സമ്മതിച്ചിരുന്നില്ല … പിന്നെ കൂടുതൽ അറിയാൻ ശ്രമിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാകാൻ തുടങ്ങിയത്. അമ്മ ഇടയ്ക്കിടയ്ക്ക് പറയാറുള്ളത് അയാൾക്കോർമ്മ വന്നു … അണ്ടിയോടടുക്കു മ്പോഴേ എടാ മാങ്ങയുടെ പുളിയറിയൂ…. അന്നതത്ര കാര്യ മാക്കിയെടുത്തിരുന്നില്ല കാരണം അയാൾക്കതിന്റെ യഥാർത്ഥ പൊരുളറിഞ്ഞിരുന്നില്ല..

സാബ്, കത്ത് ഇനിയും വായിച്ചില്ല അല്ലെ വീണ്ടും നിഹാലിന്റെ നിഷ്കളങ്ക ചോദ്യം … അയാൾ ചിന്തയിൽ നിന്നുണർന്നു എന്നിട്ട് പറഞ്ഞു ഇത് അമ്മയുടെ കത്താണെടോ , ഇത് സമാധാനത്തോടെ വായിക്കണം എന്നിട്ട് കത്തെടുത്തു പോക്കറ്റിലിട്ടു … വീണ്ടും തന്റെ പണി തുടങ്ങി … കൽക്കത്തയിൽ നിന്ന് ഹെഡ്ഢ് ഓഫീസിലെ കത്താണ്. അയാൾ ആ കത്ത് സസൂക്ഷ്മം വായന തുടങ്ങി … യുവർ അറ്റൻഷൻ ഈസ് ഇൻവൈറ്റഡ് ടു ദ സബ്ജക്റ്റ് ആൻഡ് റഫറൻസ് സൈറ്റഡ് എബവ് … ഏതോ ഒരു കമ്പനിക്ക് സാധനം അയച്ചതിൽ കുറവു വന്നിരിക്കുന്നു എന്നോ മറ്റോ ആണ് കത്തിലെ ഉള്ളടക്കം … സാധനങ്ങൾ പാക്ക് ചെയ്യുന്ന നേരത്തും ലോറിയിൽ കയറ്റുന്ന നേരത്തും തന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു , . പിന്നെ ഈ പിഴവു സംഭവിച്ചതെങ്ങനെ … അയാൾക്കതിന്റെ കാരണം തെല്ലും ഊഹിക്കാൻ കഴിയുമായിരുന്നില്ല… രാജ്യത്തെ തന്നെ ഏറ്റവും വലിയ എയർ കണ്ടീഷണർ നിർമ്മാതാക്കളാണ് അയാൾ ജോലി ചെയ്യുന്ന കമ്പനി.. അതിന്റെ അടിസ്ഥാനത്തിലാണ് തൊട്ടടുത്ത സംസ്ഥാനങ്ങളിലൊന്നായ ബീഹാറിലെ ഒരു വ്യാപാരി സാധന വില മുൻകൂർ ആയി നൽകി സാധനം വിതരണം ചെയ്യുന്നതിന് ആവശ്യപ്പെട്ടത്. കച്ചവടത്തിൽ തട്ടിപ്പും കുതികാൽ വെട്ടും സാധാരണമായതു കൊണ്ട് വിതരണത്തിനായി കൂടുതൽ ശ്രദ്ധയും നൽകിയിരുന്നു.
നാട്ടിലായിരുന്നെങ്കിൽ ഇതിന്റെ ആവശ്യമൊന്നുമുണ്ടായിരുന്നില്ല. ഇത് ഭാഷ കൂടി അറിയാത്ത ഒരു നാട്. പോരുമ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ അയാൾ വീണ്ടും ഓർത്തെടുത്തു … എടാ ഇരുന്ന ശേഷമേ കാലുകൾ നീട്ടാൻ ശ്രമിക്കാവൂ… ഇല്ലെങ്കിൽ സമനില തെറ്റും …. അച്ഛനത് പറയാൻ കാരണമുണ്ട്. വീടു വിട്ടു പോരുന്നത് തീരെ ഇഷ്ട മുണ്ടായിരുന്നില്ല ….എന്നിട്ടും അതൊന്നും വക വയ്ക്കാതെ യാണ് അയാൾ നാടുവിട്ടത്. അതൊരു വാശിയായിരുന്നു എല്ലാവരുടെ മുന്നിലും ഒന്നിനും കൊള്ളാത്തവൻ എന്ന പേരിൽ നിന്നുള്ള മോചനം …
അയാൾ വേഗം ഫോണെടുത്തു ഒരു നമ്പർ ഡയൽ ചെയ്തു. ഹലോ .. ഹലോ മറുതലയ്ക്കൽ നിന്നും ഒരു മുരടൻ ശബ്ദം മുഴങ്ങി …. ഹലോ മേം രാജീവ് ബോൽ രഹാ ഹും. ബഡെ സാബ് സെ ബാത്ത് കരാ ദോ ….പിന്നീട് അങ്ങോട്ടും ഇങ്ങോട്ടും വാക് പോരായിരുന്നു. അവസാനം അയാൾ തന്നെ വിജയിച്ചു. അയാൾ പ്രതീക്ഷിച്ച പോലെ കൺസൈൻമെന്റ് കൊണ്ടുപോയിരുന്ന വാഹനത്തിലെ ആൾക്കാർ തന്നെയായിരുന്നു മോഷണത്തിനു പിന്നിൽ. അയാളുടെ ശ്രമഫലമായി അത് തിരികെ നൽകാമെന്നും അവർ സമ്മതിച്ചു.
അന്നു മുഴുവൻ തിരക്കോടു തിരക്കു തന്നെയായിരുന്നു ഓഫീസിൽ … എയർ കണ്ടീഷണർ മുരളുന്നതല്ലാതെ കാറ്റു പോരെന്ന തോന്നൽ പോലും അയാൾക്കുണ്ടായി …. വൈകുന്നേരമായി പതിവിലും നേരം വൈകി ഓഫീസിൽ നിന്നിറങ്ങാൻ …. തിരക്കേറിയ നഗരവീഥിയിലൂടെ അയാൾ സഞ്ചരിച്ചിരുന്ന കാർ ചീറി പാഞ്ഞു …. താളത്തിനൊത്ത് ഏതോ ഒരു ഹിന്ദി ഗാനം speaker ലൂടെ ഒഴുകിയെത്തുന്നുണ്ടായിരുന്നു. വീട്ടിലെത്തിയ പാടെ നേരെ കുളിമുറിയിലേക്കായിരുന്നു നടന്നത്… ഒന്ന് കുളിച്ച് ഫ്രഷാവണം …. അയാൾ ഷവറിന്റെ നോബ് തിരിച്ചു … കുളിർമ്മയുള്ള ജലധാര ശിരസ്സിൽ കുറച്ചേറെ പ്രവഹിച്ച പ്പോൾ ഒരാശ്വാസം തോന്നി. എന്തൊരുഷ്ണമാണിത്… മനുഷ്യൻ വെന്തുരുകും … അപ്പോഴാണയാൾ ഓർത്തത് ഒരു കത്തു വന്നിരുന്നുവല്ലോ എന്നും അത് വായിച്ചില്ലല്ലോ എന്നും … വേഗം തലയും ശരീരവും തുവർത്തി പുറത്തു കടന്നു …. ഡൈനിംഗ് ടേബിളിൽ അടുത്ത വീട്ടിലെ ആന്റി ഭക്ഷണം അടച്ചു വച്ചിരുന്നു.. തുറന്ന് കഴിക്കുന്നതിനിടയിൽ കത്ത് പുറത്തെടുത്ത് ശ്രദ്ധാപൂർവ്വം തുറന്നു വായിക്കാൻ തുടങ്ങി. രാജൂ നിനക്കവിടെ സുഖം തന്നെയല്ലേ .. അമ്മയുടെ കത്ത് തുടങ്ങുന്നത് എപ്പോഴും അങ്ങനെയാണ്. അത് വായിക്കാൻ തുടങ്ങുമ്പോഴേ അവന് ഒരു ഉൾപ്പുളകമുണ്ടാവും .. അയാൾ കത്ത് സസൂക്ഷ്മം രണ്ടു മൂന്നു വട്ടം വായിച്ചു …. എപ്പോഴും അയാൾ അങ്ങനെയായിരുന്നു .. നാട്ടിൽ നിന്ന് അമ്മയുടെ കത്ത് കിട്ടുമ്പോൾ ഒന്നിൽ കൂടുതൽ തവണ വായിക്കാറു പതിവുണ്ട്. അവന് കത്തയയ്ക്കുന്നത് ഒന്നുകിൽ അമ്മയോ അല്ലെങ്കിൽ അയാളുടെ കളിക്കൂട്ടുകാരിൽ ഒരാളായ സുബിനോ ആയിരുന്നു.
എന്നത്തെയും പോലെയല്ല അമ്മയുടെ ഈ കത്തിൽ എന്തോ ഒരു തേങ്ങൽ ബാക്കി നിൽക്കുന്നതു പോലെ തോന്നി. രാജൂ നീ വേഗം വരില്ലെയെടാ… അച്ഛന് തീരെ സുഖമില്ല … ഇപ്പോൾ പണ്ടത്തെപ്പോലെയൊന്നുമല്ല എന്തോ ഒരു ഉത്സാഹക്കുറവ് … രണ്ടു മൂന്ന് ദിവസം മുമ്പ് വീട്ടിലേക്ക് വരുമ്പോൾ വഴിയിലെവിടെയോ വച്ച് ഒരു കുറ്റി തട്ടി .. അതിപ്പോൾ ഉണങ്ങുന്നില്ല…കുറച്ചു ദിവസമായി കണ്ണിന് ഒരു മങ്ങലെന്ന് … എന്നത്തെയും പോലുള്ള ആവലാതി ആയിരിക്കുമെന്ന്. എന്നാൽ അങ്ങനെയല്ല അച്ഛന് കാഴ്ചയ്ക്ക് എന്തോ കാര്യമായ തകരാറുണ്ട് …. നീ വരാതെയിരിക്കില്ലല്ലോ അല്ലേ … അമ്മയ്ക്ക് മുമ്പത്തെപ്പോലെ ആരോഗ്യമൊന്നും ഇല്ലടാ … കൂടാതെ അച്ഛനെ ഏതെങ്കിലും നല്ല ആശുപത്രിയിൽ കൊണ്ട് കാണിക്കുകയും വേണം … നീ വരില്ലേ മോനേ … അമ്മയുടെ എഴുത്തയാൾ പലവുരു വായിച്ചു ….

അയാൾ മൊബൈൽ ഫോണിൽ ആരെയോ വിളിച്ചു. എന്തെല്ലാമോ സംസാരിച്ചു. അവസാനം ഫോൺ കട്ട് ചെയ്യുന്നതിനിടയിൽ കൂട്ടിച്ചേർത്തു … ഇപ്പോൾ പോകേണ്ടത് അത്യാവശ്യമാണ് …ഞാൻ വേഗം വരാൻ ശ്രമിക്കാം എന്ന് ….
പിന്നീട് നിഹാലിനെ വിളിച്ച് അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യിച്ചു … നിഹാൽ എന്തെല്ലാമോ ചോദിക്കുന്നുണ്ടായിരുന്നു എങ്കിലും അയാൾ കൂടുതലൊന്നും പറയാൻ നിക്കാതെ ഫോൺ വച്ചു. … കൈ കഴുകി കൈകാൽ വീണ്ടും വൃത്തിയാക്കി AC 16 ൽ set ചെയ്ത് കട്ടിലിൽ കയറിക്കിടന്നു…. കൂടുതലായൊന്നും ചിന്തിക്കാൻ സമയം കൊടുക്കാതെ അയാളുടെ കണ്ണുകളിൽ കനം തൂങ്ങി അയാൾ നിദ്രയിലാണ്ടു… രാവിലെ Station ൽ എത്തി വണ്ടി കയറി …. യാത്ര തുടങ്ങി അവസാനിക്കും വരെ അയാൾക്ക് ഒരുന്മേഷവും തോന്നിയില്ല … മനസ്സിൽ എന്തോ ഒരങ്കലാപ്പു മാത്രം …

തീവണ്ടി അയാൾക്കിറങ്ങേണ്ട സ്റ്റേഷനിൽ കിതച്ചു ഞരങ്ങി നിന്നു … അയാൾ വണ്ടിയിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങി … സ്റ്റേഷനിൽ നിന്ന് ഒരു വിളിപ്പാടകലെയാണ് വീട് എന്നതിനാൽ തന്നെ …. വീട്ടിലെത്തി …

പടി കടന്ന് വീട്ടിലേക്ക് കയറുമ്പോൾ “ഇന്ദൂ ദാ ഇവിടെ ആരോ വന്നിരിക്കുന്നു”.. ആരാ .. കണ്ണ് തീരെ മങ്ങിയിരിക്കുന്നു…. അയാൾ മുന്നോട്ടാഞ്ഞു നോക്കിയപ്പോൾ വിളറി വെളുത്തു തലയിലാകെ പഞ്ഞി വിതറിയ പോലെ ഒരു രൂപം … കാലുകൾ സ്റ്റൂളിൽ പൊക്കി വച്ചിട്ടിരിക്കുന്നു .. എന്താടാ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്, അത് അച്ഛനാടാ .. അകത്ത് നിന്നിറങ്ങി വന്ന അമ്മ പറഞ്ഞു. അമ്മയെയും തിരിച്ചറിയാതെ ആയിരിക്കുന്നു , ആകെ മെലിഞ്ഞ് പ്രസരിപ്പില്ലാത്ത ഒരു രൂപം … ശബ്ദം കേട്ടിട്ടാണ് തിരിച്ചറിഞ്ഞത് തന്നെ … ഇവർക്കൊക്കെ ഇതെന്തു പറ്റി … ?? അച്ഛനെ ഓർമ്മ വയ്ക്കുമ്പോൾ തന്നെ ഒരു ഭയ ഭക്തിയോടു കൂടി മാത്രമേ നാട്ടുകാർ കണ്ടിരുന്നുള്ളൂ… നാട്ടുകാരുടെ പ്രതാപിയായ നന്ദേട്ടൻ … ആരേയും കൂസാത്ത, എന്നാൽ ഏതാപത്തിലും രക്ഷാപുരുഷനായ നാട്ടുകാരുടെ സ്വന്തം നന്ദേട്ടൻ എന്ന നന്ദകുമാർ…

അയാൾ ചെരിപ്പഴിച്ച് അകത്തേക്ക് കയറി ഡ്രസ് മാറ്റി കുളിമുറിയിലേക്ക് നടന്നു. കുളി കഴിഞ്ഞെത്തിയപ്പോഴേക്കും അവന്റെ ഇഷ്ടപ്പെട്ട വിഭവങ്ങളോടെയുള്ള അത്താഴം അമ്മ ഒരുക്കിയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മ തുരുതുരാ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിരുന്നു. എല്ലാറ്റിനും അയാൾ ങ്ഹാ, ങ്ഹും എന്നെല്ലാം പറഞ്ഞു. അയാളുടെ മനസ്സ് മറ്റെന്തിലോ ആയിരുന്നു. അവസാനം ഭക്ഷണം കഴിഞ്ഞപ്പോഴേക്കും അയാൾ ഒരു തീരുമാന ത്തിലെത്തിയിരുന്നു.

“അച്ഛനെ രാവിലെ ഒരുക്കി നിർത്തിക്കോളൂ, അമ്മയും പോര് … നമുക്ക് നാളെത്തന്നെ അച്ഛനെ നല്ലൊരു ഡോക്ടറെ കൊണ്ടു കാണിക്കാം…. അമ്മയ്ക്കും വയ്യാതെയായിട്ടുണ്ട്. ”

യാത്രാക്ഷീണം കാരണം അയാൾ പെട്ടെന്നു തന്നെ ഉറക്കമായി… രാവിലെ നേരത്തെ ഉണർന്നെണീറ്റു. വളരെ പെട്ടെന്നു തന്നെ പ്രഭാത കൃത്യങ്ങൾ നിർവ്വഹിച്ചു… പ്രാതൽ കഴിച്ചു വീട്ടിൽ നിന്ന് അച്ഛനേയും അമ്മയേയും കൊണ്ട് വീട്ടിൽ നിന്നിറങ്ങി … കവലയിലെത്താൻ അച്ഛൻ വളരെയധികം ബുദ്ധിമുട്ടി… വാടകയ്ക്ക് വിളിച്ച കാറ് കവല വരെ മാത്രമേ എത്തൂ… വീട്ടിലേക്ക് വരില്ല… അതിന് കാരണവും അച്ഛന്റെ ദുർവ്വാശിയായിരുന്നു.. കവല വരെ എത്തുന്ന റോഡ് അടുത്തു കൂടെ പോകുന്ന മറ്റൊരു റോഡുമായി ബന്ധിപ്പിക്കാൻ കൈവശമുള്ള സ്ഥലത്തു നിന്ന് കുറച്ച് ഭൂമി വിട്ടു കൊടുത്താൽ മാത്രമേ സാധിക്കൂ … അതിന്നച്ഛൻ തയ്യാറായിരുന്നില്ല … ആ റോഡ് പണി നടന്നുവെങ്കിൽ കാർ വീട്ടുമുറ്റത്തെത്തുമായിരുന്നു.

ആ സ്ഥലം കൊടുക്കായിരുന്നു അല്ലേ ഇന്ദൂ … അച്ഛന്റെ സ്വരമാണത്… സ്വരത്തിൽ പണ്ടത്തെ ആവേശമോ, ഉറപ്പോ ഇല്ല … അയാൾ മുന്നിൽ നിന്ന് ചെകിടോർത്തു … അതിന് നിങ്ങൾ തന്നെയല്ലേ കാരണം … അതെങ്ങിന്യാ ഏതു നേരവും മണ്ണ്, മണ്ണ് എന്ന ചിന്ത മാത്രല്ലേ മനസ്സിലു ണ്ടായിരുന്നുള്ളൂ… ചത്താൽ കുഴിച്ചുമൂടാൻ 6 അടി മണ്ണേ വേണ്ടു എന്ന ചിന്തയില്ലാതെ ആർക്കും വേണ്ടാത്ത വാശി കാണിച്ചു … അപ്പോൾ പിന്നെ അനുഭവിക്യേ നിവൃത്തിയുള്ളൂ … അമ്മയാണത്… കേട്ടിട്ടില്ലേ … താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻതാൻ അനുഭവിച്ചീടു കെന്നേ വരൂ… അമ്മയ്ക്കങ്ങനെയാണ് എന്തെങ്കിലും പറയണമെങ്കിൽ പഴഞ്ചൊല്ലിന്റെ സഹായം വേണം …. അതിനനുസരിച്ച് പഴഞ്ചൊല്ലിന്റെ ഒരു ശേഖരം തന്നെ അമ്മയുടെ പക്കലുണ്ട്… പലരും പഴഞ്ചൊല്ല് കേൾക്കാൻ കേട്ടു പഠിക്കാൻ അമ്മയുടെ അരികെ വരാറുള്ള കാര്യം അയാളോർത്തു.

ആശുപത്രിയിൽ മുൻകൂട്ടി ബുക്ക് ചെയ്തതിനാൽ കൂടുതൽ നേരം ഇരിക്കേണ്ടി വന്നില്ല… അച്ഛന് പ്രമേഹം മൂലം ഉണ്ടായ തിമിരം ബാധിച്ചതിനാലാണ് കാഴ്ച നഷ്ടപ്പെട്ടത് … അത് ഇനി നേരെയാകാൻ ബുദ്ധിമുട്ടാണത്രെ … കാലിലെ മുറിവ് വൃത്തിയാക്കി മരുന്നു വച്ച് കെട്ടി… 3 നേരം ഉപ്പേരി പോലെ കഴിക്കാൻ ഗുളികകളും …. അവസാനം അമ്മയേയും കാണിച്ചു ആവശ്യമായ മരുന്നെല്ലാം വാങ്ങി … ആശുപത്രി യിൽ നിന്നു മടങ്ങി … മടക്ക യാത്രയിൽ അച്ഛൻ അയാളുടെ തോളിൽ ചാരി മയങ്ങിയാണ് യാത്ര ചെയ്തത് …. അമ്മ ഇടക്കെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധ കൊടുത്തില്ല എങ്കിലും വീട്ടുമുറ്റത്തെത്തിയപ്പോൾ അമ്മയുടെ സ്വരം ചെവിയിൽ തറച്ച പോലെയായി… അച്ഛനു വയ്ക്കുന്ന കാലത്ത് എന്തു പോലെ കിടന്നിരുന്ന പറമ്പാണിത്…. പൂങ്കാവനം പോലെയായിരുന്നു. ഒരു സാധനം കൂടി പുറത്തു നിന്ന് കാശ് കൊടുത്തു വാങ്ങേണ്ടി വന്നിരുന്നില്ല… ഇപ്പോൾ നോക്ക് സുകൃതക്ഷയം അല്ലാണ്ടെന്താ പറയ്വാ …. കേട്ടിട്ടില്ലേ
-മണ്ണില്‍ പണിയാത്ത മണ്ണില്‍ കളിക്കാത്ത,എന്തിന് മണ്ണില്‍ നടക്കുകപോലും ചെയ്യാത്തവരായി നാം മാറുന്നു. അതു കൊണ്ട് നമുക്കെന്താ നേട്ടം…. ആര് ചിന്തിക്കാൻ … ആരോട് പറയാൻ …??

അമ്മ ഇങ്ങോട്ട് വരുന്നുണ്ടോ പായ്യാരം പറയാതെ … അയാൾക്ക് ശുണ്ഠി വന്നു തുടങ്ങിയിരുന്നു. അയാളുടെ മനസ്സ് ആകെ കലങ്ങിയ വെള്ളം പോലെയായി മാറിയിരുന്നു … ഒന്നും ചിന്തിച്ചുറപ്പിക്കാൻ കഴിയാത്ത പോലെ….
ഊണ് കഴിക്കുമ്പോൾ അച്ഛന്റെ നേർത്ത സ്വരം കേട്ടു … ഇന്ദു അവനോട് ചോദിക്ക് എന്നാ മടക്ക യാത്ര .. അവനും കൂടി പോയാൽ പിന്നെ ന്റെ തേവരേ … പെട്ടെന്നങ്ങ് വിളിച്ചേക്കണേ … ഒരു തേങ്ങലിലൊതുങ്ങി ആ സ്വരം … വീണ്ടും മയക്കത്തിലേക്കാണ്ടു….

അമ്മ അയാളുടെ അടുത്തു വന്നു അരികെയിരുന്നു അയാളുടെ നെറുകയിൽ മെല്ലെ തലോടിക്കൊണ്ടിരുന്നു. അയാൾ ശ്രദ്ധിച്ചു അമ്മയുടെ ശോഷിച്ച ശരീരത്തിൽ എല്ലുകൾ പൊങ്ങിക്കാണാം … കൊലുന്നനെയുള്ള കൈകളിൽ ഞരമ്പുകൾ എഴുന്നു നിൽക്കുന്നു. മോനെന്താ ഒന്നും കഴിക്കാത്തത് … നിനക്കി ഷ്ടപ്പെട്ട കറികളാണല്ലോ … എന്തു പറ്റീടാ … ഭക്ഷണം നല്ല പോലെ കഴിച്ചില്ലേൽ പിന്നെ എണീറ്റ് നടക്കാൻ പറ്റാതാകും. ഒന്നു ചോദിച്ചോട്ടെ നിനക്ക് ദ്വേഷ്യം വര്വോ.. നിനക്ക് അവിടെ സുഖം തന്നെയാണോ … ഭക്ഷണമൊന്നും ശരിക്ക് കഴിക്കാറില്ലേ…. ?? നീ എന്നാ തിരിച്ചു പോകുന്നത്… ?? ഒന്നും തീരുമാനിച്ചിട്ടില്ല … അയാൾ ഉത്തരം നൽകി … പെട്ടെന്ന് എഴുന്നേറ്റ് കൈ കഴുകി … അമ്മയ്ക്ക് വിളമ്പി കൊടുത്തു. അടുത്തിരുന്നു ഊട്ടിക്കൊണ്ടിരുന്നു. അമ്മയോട് കിടക്കാൻ പറഞ്ഞു … അമ്മ അയാളുടെ മടിയിൽ തല ചായ്ച്ചു കിടന്നു. അയാൾ അമ്മയുടെ ദേഹം പതുക്കെ പതുക്കെ തലോടിക്കൊണ്ടിരുന്നു. അമ്മ ഉറങ്ങിക്കഴിഞ്ഞെന്ന് ഉറപ്പു വരുത്തി … പതുക്കെ മടിയിൽ നിന്ന് മാറ്റിക്കിടത്തി … എഴുന്നേറ്റു… ഉറങ്ങുന്നതിനു മുമ്പ് എന്തോ തീരുമാനിച്ചുറപ്പിച്ച മാതിരി മൊബൈൽ എടുത്തു ആരെയോ വിളിച്ചു.. സംസാരം കുറെയേറെ നീണ്ടു … സംഭാഷണ ത്തിന്റെ അവസാനം ഇതായിരുന്നു ” ഇതിൽ കൂടുതലായൊന്നും ആലോചിക്കാനില്ല സാർ , പെട്ടെന്ന് നാട്ടിൽ പോകേണ്ടത് അത്യാവശ്യമാണ്, ഞാനിടയ്ക്ക് വിളിക്കാം”. അയാൾ ഫോൺ കട്ട് ചെയ്തു.
മറ്റൊരു തീരുമാനവും കൂടി അയാൾ മനസ്സിലുറപ്പിച്ചിരുന്നു. മുടങ്ങിക്കിടന്ന റോഡ് പണിക്കായി സ്ഥലം വിട്ടു കൊടു ക്കണം … അച്ഛനെ പറഞ്ഞു സമ്മതിപ്പിക്കണം … സമ്മതിക്കാതിരിക്കില്ല അച്ഛൻ, കാരണം അച്ഛനും ബോദ്ധ്യമായിട്ടുണ്ട് … കാലം മാറിയെന്നും ഒഴിവാക്കാനാവാത്തതാണ് ഇത്തരം സൗകര്യങ്ങളെന്നും മണ്ണും കെട്ടിപ്പിടിച്ചിരുന്നാൽ ഗുണമൊന്നും ഇല്ലെന്നും, ഇത്തരം സന്ദർഭങ്ങളിൽ ദോഷമാണെന്നും …

അയാൾ ഉറങ്ങാൻ കിടന്നു … അയാളുടെ മനസ്സപ്പോൾ കൊച്ചു കുഞ്ഞുങ്ങളുടെ മനസ്സു പോലെ ശാന്തമായിരുന്നു.

പുലരിയുടെ പൊൻകിരണങ്ങൾ വെളിച്ചം വിതറാൻ കാത്തു നിൽക്കുന്ന പ്രഭാതത്തിലേക്ക് അയാൾ തലയുയർത്തി നടന്നിറങ്ങിയപ്പോൾ ഉമ്മറക്കോലായിൽ നിന്ന് രണ്ട് കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. നിത്യഅന്ധകാര ത്തിൽ മുങ്ങിയ തന്റെ സ്നേഹ നിധിയായ അച്ഛന്റെ …
……
( തുടരും..)

✍ സുദർശൻ കുറ്റിപ്പുറം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments