Friday, January 10, 2025
Homeകഥ/കവിതശകുനം പങ്കുനായർ (നർമ്മകഥ) ✍ ഉണ്ണി ആവട്ടി (ഡോ. ടി.വി.ഉണ്ണിക്കൃഷ്ണൻ)

ശകുനം പങ്കുനായർ (നർമ്മകഥ) ✍ ഉണ്ണി ആവട്ടി (ഡോ. ടി.വി.ഉണ്ണിക്കൃഷ്ണൻ)

ഉണ്ണി ആവട്ടി (ഡോ. ടി.വി.ഉണ്ണിക്കൃഷ്ണൻ)

എംപ്ലോയ്മെൻ്റ് വഴിയുള്ള പാർട്ട്ടൈം ജോലിയുടെ പ്രായപരിധി തീരാൻ കുറച്ചു മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ്, റവന്യൂ വകുപ്പിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള ഇൻ്റർവ്യൂ ലെറ്റർ പങ്കജാക്ഷൻനായർക്ക് ലഭിക്കുന്നത്. അന്വേഷിച്ചു നോക്കിയപ്പോൾ റാങ്കുലിസ്റ്റു പ്രകാരമുള്ള മുൻഗണനാ ക്രമം നോക്കിയാൽ, ജോലി കിട്ടാനുള്ള നല്ല സാധ്യതയുമുണ്ട്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ, കയ്യെത്തും ദൂരത്ത് എത്തി നില്ക്കുന്ന സർക്കാർ ജോലിയുടെ വിവരം അറിഞ്ഞ… നായരുടെ ഭാര്യ പത്മാവതി, അഞ്ചുമക്കൾ, അമ്മ കല്യാണിയമ്മ… മുഴുവൻ കുടുംബാംഗങ്ങൾക്കും വലിയ സന്തോഷമായി. പങ്കജാക്ഷനും പത്മാവതിയും കൂലിപ്പണി ചെയ്ത് മുന്നോട്ടു കൊണ്ടു പോകുന്ന കുടുംബത്തിൻ്റെ ദയനീയാവസ്ഥ കുറച്ചെങ്കിലും മാറിക്കിട്ടുമല്ലോ. എല്ലാവരുടെയും കണ്ണുകളിൽ പ്രതീക്ഷയുടെ പുത്തൻ തിളക്കം നാമ്പിട്ടു.

കല്യാണിയമ്മ മകനോട് പ്രത്യേകം പറഞ്ഞു.
“മോനേ.. പങ്കാ…ഇന്നത്തെ കാലത്ത് സർക്കാർ ജോലീന്ന്ള്ളത് ഒരു ബല്യകാര്യം തന്യാന്ന്. കിട്ടാക്കനിയാന്ന്. അതുകൊണ്ട് അത് കിട്ടാനക്കൊണ്ട് മൊടക്കം ബരുത്ത്ന്ന എന്തേലും ഉണ്ടെങ്കി അത് ഒയിവാക്കിക്കണം. അയിന് നീ ഇന്നന്നെ ഞാള്ടെ കൃഷ്ണൻ കണിയാരെ കണ്ട് ൻ്റെ ജാതകം ഒന്നു നോക്കിക്കണം. എന്തെലും ദോഷോണ്ടെങ്കില് അയിനുള്ള പരിഹാരക്രിയേം ഓറോട് തന്നെ ചോയിച്ചിറ്റ്, ഒടനന്നെ നടത്തേം ബേണം.”

പങ്കജാക്ഷനും ഇത്തരം കാര്യങ്ങളിൽ വലിയ വിശ്വാസമായിരുന്നു. അതുകാരണം അന്നുതന്നെ കൃഷ്ണൻ കണിയാരെ പോയി കണ്ടു. കണിയാൻ കവടി നിരത്തി അല്ലറചില്ലറ ചില ദോഷങ്ങൾ കണ്ടു പിടിച്ചു. അവയ്ക്കെല്ലാം പരിഹാരക്രിയയും പറഞ്ഞുകൊടുത്തു. കൂടുതലും അത്രകണ്ട് പ്രയാസം കൂടാതെതന്നെ ചെയ്യാൻ കഴിയുന്ന അമ്പലങ്ങളിലേക്കുള്ള വഴിപാടുകളും പൂജകളുമായിരുന്നു. ദക്ഷിണ കൊടുത്ത് ഇറങ്ങാൻ നോക്കുമ്പോൾ, കണിയാർ ഇതും കൂടി പറഞ്ഞു.
“പിന്നെ ഒരുകാര്യം കൂടീണ്ട്. അത് നിർബന്ധം തന്യാ…ൻ്റെ ഇൻ്റർവ്യൂ ബരുന്നത് ഒരു ചൊവ്വാഴ്ചയാന്ന്. ഒരാഴ്ച്ചേലെ ഏറ്റോം മോശപ്പെട്ട ദെവസാ ചൊവ്വാഴ്ച. അതുകൊണ്ട്, അയിൻ്റെ ദോഷം തീർക്കാൻ ബേണ്ടീറ്റ്, എറങ്ങുന്നേനു മുമ്പേ ഒരു ശുബ ശകുനം കണ്ടിറ്റ് ബേണം എറങ്ങുന്നത്. കാഴ്ച്ചേല് പൊതുവെ വൈരൂപ്യമുള്ളോരേയും വികലാംഗരേയും ദുർനടപ്പുകാരേയും ഒക്കെയാണ് പൊതുവെ നല്ല ശകുനക്കാരായി കണക്കാക്കുന്നത്. ഉദാഹരണം പറയാച്ചാല്, നടക്കുമ്പോൾ ഞൊണ്ടുള്ളവർ, ഒറ്റക്കണ്ണൻമാർ, കോങ്കണ്ണൻമാർ, മുച്ചിറിയക്കാർ, പല്ലില്ലാത്തവരോ കോന്ത്രമ്പല്ലുള്ളോരോ, ഇങ്ങനെ ആരെ ബേണങ്കിലും കാണാം. പണ്ടൊക്കെ എറങ്ങാൻ നോക്കുമ്പോ ഇവരൊക്കെ അബിചാരിതമായി കടന്നു ബരലാന്ന് പതിവ്. പക്കെങ്കില് ഇപ്പോ നമ്മള് മനസ്സില് കാണുന്ന പോലത്തെ ശുബശകുനന്നെ കിട്ടണങ്കില്, നമ്മളന്നെ നേരത്തെ കാലത്തെ ഇബരെ തേടിപ്പിടിച്ച്, മുൻകൂറായി ഏർപ്പാടാക്കി, നമ്മളെ മുമ്പില് കൊണ്ടന്ന് നിർത്തേണ്ടി ബരും. എന്നാലേ കാര്യം നടക്കൂ. ”

തുടർന്ന് ഇക്കാര്യത്തിലുള്ള തൻ്റെ പാണ്ഡിത്യം ഒന്നുകൂടി വെളിവാക്കാൻ കണിയാർ ഉച്ചത്തിൽ ഒരു ശ്ലോകവും ചൊല്ലി.
“മദ്യം പച്ചയിറച്ചി മണ്ണ് ശവവും
കത്തുന്ന തീയക്ഷതം നെയ്യും ചന്ദനവും വെളുത്ത കുസുമം – വിപ്ര ദ്വയം – കാദളം
വേശ്യാസ്ത്രീ, തൈർ, തേൻ, കരിമ്പ്, ഗജവും, തണ്ടശ്വമാന്ദോളവും
രാജാവും, കയറിട്ട കാള, പശുവും യാത്രാ മുഖേ ശോഭനം”

താൻ പറഞ്ഞതുകേട്ട്, കുന്തം വിഴുങ്ങിയ പോലെ അന്തം വിട്ടു നില്ക്കുന്ന പങ്കജാക്ഷൻ്റെ അടുത്തേക്കു ചെന്ന്, അയാളുടെ ചെവിയിൽ, ഒരു വളിച്ച ചിരിയോടെ കണിയാർ വീണ്ടും പറഞ്ഞു.
” ഞാൻ പറഞ്ഞത് കേട്ട് നായര് ബേവലാതി പെടേണ്ട. ആദ്യം പറഞ്ഞ ആരെയും ഒത്തുകിട്ടുന്നില്ലേങ്കി ഞാൾടെ കെയക്കേലെ വിശാലവും ഇക്കാര്യത്തിന് വളരെ പറ്റിയ കക്ഷി തന്നെയാണെന്നാണ്…ഞാൻ പറഞ്ഞതിൻ്റെ ചുരുക്കം…ഇപ്പോ പുടി കിട്ടിയാ…? ”

ഒന്നും മനസ്സിലായില്ലെങ്കിലും, എല്ലാറ്റിനും തലയാട്ടി, പങ്കജാക്ഷൻ വീട്ടിലേക്കു മടങ്ങി. അമ്പലത്തിലെ പരിഹാരക്രിയകളെല്ലാം വലിയ ബുദ്ധിമുട്ടു കൂടാതെ രണ്ടു ദിവസം കൊണ്ടുതന്നെ നടത്തി. പിന്നീട് ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കണിയാൻ പറഞ്ഞ പറ്റിയ ശകുനക്കാരെ തേടിയിറങ്ങി. കാലൻ മത്തായി, കോങ്കണ്ണൻ ഗോപാലൻ, ഒറ്റക്കണ്ണൻ മൂസ്സക്ക, മുച്ചിറിയൻ മമ്മദ്, പരദൂഷണം പരമു, കൊന്ത്രമ്പല്ലൻ കണാരൻ, പല്ലില്ലാ ചിരുതൈ അമ്മ… ലിസ്റ്റിലെ പലരും ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. മറ്റുചിലർ വാർദ്ധക്യസഹജമായ അസ്ക്യതകൾ കാരണം പുറത്തിറങ്ങാൻപോലും പറ്റാത്ത അവസ്ഥയിലുമായിരുന്നു.

പൊതുവെ ഡീസൻസി കുറഞ്ഞ പണിയായതുകൊണ്ട് ന്യൂജെൻകാരൊന്നും ഇപ്പോൾ ശകുനപ്പണി ഫീൽഡിലേക്ക് ഇറങ്ങാത്തത് വലിയ അടിയായി. ഒരാഴ്ച്ച മുഴുവൻ തെണ്ടാപ്പാര നടന്ന് കാലിലെ ചെരിപ്പ് മുഴുവൻ തേഞ്ഞതല്ലാതെ, പററിയ ഒരാളെപ്പോലും കിട്ടാനാവാതെ പങ്കജാക്ഷൻ നിരാശനായി മടങ്ങി. വഴിയിൽ കണ്ടുമുട്ടിയ ഉറ്റ ചങ്ങാതിയായ ദാമോദരനോട് വിവരങ്ങളെല്ലാം പറഞ്ഞു. എല്ലാം മൂളി കേട്ടതിന്നുശേഷം, ഒടുവിൽ കണ്ണിറുക്കിക്കൊണ്ട്, ദാമോദരൻ പറഞ്ഞതും, കണിയാര് പറഞ്ഞ അതേ പേരു തന്നെയായിരുന്നു.

നട്ടുച്ചനേരത്ത്, വീട്ടിലേക്കു കടന്നു വന്നവരെ കണ്ടപ്പോൾ വിശാലവും ഒന്നത്ഭുതപ്പെട്ടു. സാധാരണ പകൽ മാന്യൻമാരൊക്കെ രാത്രിയിലാണല്ലോ പതിവ്. ഇതിപ്പോ എന്തുപറ്റി? എന്തായിരിക്കും ഈ അസമയത്ത്? മടിച്ചു മടിച്ചാണെങ്കിലും പങ്കജാക്ഷനും ദാമോദരനും കൂടി വന്ന കാര്യം പറഞ്ഞു. മാന്യത കുറഞ്ഞ പകൽനേരത്തെ ജോലിയായതുകൊണ്ട്, രാത്രീഞ്ചരയായ വിശാലം ആദ്യം ഒന്നു മടിച്ചു. പിന്നീട് പറയുന്ന പ്രതിഫലം കൊടുക്കാമെന്നറിയിച്ചപ്പോൾ സമ്മതിച്ചു. അഡ്വാൻസായി കയ്യിൽ ആകെക്കൂടി ഉണ്ടായിരുന്ന രണ്ടായിരത്തിൻ്റെ ഒറ്റ നോട്ട് കൊടുത്തു. ശകുനം ശരിയായോ എന്നുള്ളത് ഇൻ്റർവ്യൂ ദിവസം തന്നെ അറിയുമെന്നുള്ളതുകൊണ്ട്, ബാക്കി മൂവായിരം ഇൻ്റർവ്യൂ കഴിയുന്ന ദിവസംതന്നെ കൊടുക്കുമെന്ന ഉറപ്പും നല്കി. ഇൻ്റർവ്യൂവിന് ഇനിയും ഒരുമാസത്തെ സമയമുള്ളതുകൊണ്ട്, നല്ല ജോലിത്തിരക്കുള്ള വിശാലത്തെ ഇടയ്ക്കൊന്നു വിളിച്ച്, കാര്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്താൻ വേണ്ടി, അവളുടെ ഫോൺ നമ്പറും വാങ്ങി രണ്ടുപേരും മടങ്ങി.

പങ്കജാക്ഷൻ നാണക്കേട് ഭയന്ന്, കണിയാൻ പറഞ്ഞിരുന്ന ശകുനത്തെപ്പറ്റിയോ വിശാലത്തിനെപ്പറ്റിയോ പത്മാവതിയോടുപോലും കമാന്ന് ഒരക്ഷരം പറഞ്ഞിരുന്നില്ല. പക്ഷെ വിശാലത്തിന് കൊടുക്കേണ്ടുന്ന പണം കണ്ടെത്താൻ വേണ്ടി പത്മാവതിയോട് വേറൊരു കാര്യം പറഞ്ഞു.
“ഇന്നത്തെ കാലത്ത്, ജോലിയൊറപ്പിക്കണങ്കില്, ഇൻ്റർവ്യു ചെയ്യുന്നോർക്ക്, ബല്യ ബല്യ പിടിപാട്ള്ളോര്ടെ അട്ത്ത്ന്ന് ശുപാർശക്കത്തു ബാങ്ങിച്ചിറ്റ് കൊടുക്കേണ്ടി ബരും. അയിന് ചെല രാഷ്ട്രീയക്കാരെ പോയി നേരിട്ട് കാണേണ്ടീം ബരും. കാര്യമായിട്ടെന്തെങ്കിലും കൈമടക്കോ സംബാവനയോ കൊടുക്കാണ്ട് അബര് കത്തു തരുംന്ന് തോന്ന്ന്നില്ല. ൻ്റെ കയ്യിലെത്രേണ്ടാകും?”

മറ്റു വഴികളൊന്നും ഇല്ലാത്തതുകൊണ്ട്, പത്മാവതി തൻ്റെ കെട്ടുതാലി തന്നെ ഊരി കൊടുത്തിട്ടു പറഞ്ഞു.
“ദാ… ആകെക്കൂടി ഈ ബീട്ടിലുള്ള പൊന്നാ… ഇത് പണയം ബെച്ചോളൂ. ജോലിയല്ലേ പ്രദാനം. പക്കെങ്കില് ആദ്യത്തെ ശമ്പളത്തീന്നന്നെ തിരിച്ചെട്ത്ത് തരണം.”

പങ്കജാക്ഷൻ പൊതുവെ തന്നെ വലിയ ടെൻഷൻകാരനായിരുന്നു. ഇൻ്റർവ്യൂകാര്യം കൂടി വന്നപ്പോൾ അയാളുടെ ടെൻഷൻ ഇരട്ടിച്ചു. കൂടെക്കൂടെ അയാൾ വിശാലത്തിനെ വിളിച്ചു. എടുക്കാതിരിക്കുമ്പോൾ വാട്ട്സ്അപ്പ് ചെയ്തു. അതിനും മറുപടി കിട്ടാതാകുമ്പോൾ നേരിട്ട് വിശാലത്തിൻ്റെ വീട്ടിൽ ചെന്നു. വെറുതെ ഒന്നു ഓർമ്മപ്പെടുത്താൻ വേണ്ടിയിട്ടു മാത്രമാണ് പങ്കജാക്ഷൻ കൂടെക്കൂടെ അവിടേക്ക് പോയതെങ്കിലും, ഓരോ വിസിറ്റിനും കസ്റ്റമേഴ്സെല്ലാം തനിക്ക് കൃത്യമായി പണം നല്കണമെന്ന കാര്യത്തിൽ വിശാലത്തിന് വലിയ നിർബന്ധമുണ്ടായിരുന്നു. പങ്കജാക്ഷൻ്റെ കയ്യിൽ തല്ക്കാലം പണം ഇല്ലാത്തതുകൊണ്ട്, എല്ലാ കടങ്ങളും കയ്യിലെ സ്വർണ്ണം പണയം വെച്ചിട്ട്, ശകുനം കാണിക്കുന്ന ദിവസം തന്നെ നല്കുമെന്നുള്ള പങ്കജാക്ഷൻ്റെ ഉറപ്പിൻമേൽ, വിശാലം ഓരോ ദിവസത്തെയും കണക്കുകൾ തൻ്റെ പറ്റു ബുക്കിൽ കൃത്യമായി എഴുതി, അതിൽ പങ്കജാക്ഷൻ്റെ ഒപ്പും വെപ്പിച്ചു കൊണ്ടിരുന്നു.

പക്ഷെ, ഇൻ്റർവ്യൂവിൻ്റെ തലേന്ന് വീട്ടിലെത്തിയ പങ്കജാക്ഷനോട് വിശാലം തൻ്റെ തനി സ്വരൂപം പുറത്തേക്കെടുത്ത്, കട്ടായം പറഞ്ഞു.
“ദാ… പങ്കുവേട്ടാ…ഇപ്പോൾ തന്നെ പറ്റ് കുറെയേറെയായി. ജീവിക്കാനുള്ള പണത്തിനു് ബേണ്ടീറ്റന്യാന്ന് ഞാൾക്ക് ഈ നാണോം മാനോം കെട്ട പണിക്ക് എറങ്ങേണ്ടി ബര്ന്നത്. അതോണ്ട് എന്തേലും ഒരൊറപ്പ് കിട്ടാണ്ട്, നാളെ ശകുനക്കാരിയായി ങ്ങളെ ബീട്ടിൻ്റെ മുമ്പില് ബന്ന് നിക്കാൻ എന്നെ കിട്ടൂലാ.”

ഗത്യന്തരമില്ലാതെ പങ്കജാക്ഷൻ തൻ്റെ കയ്യിലുണ്ടായിരുന്ന പത്മാവതിയുടെ കെട്ടുതാലി, എപ്പോൾ പണവുമായി ചെന്നാലും തിരിച്ചു തരുമെന്ന ഉറപ്പിൻമേൽ, വിശാലത്തിന് തന്നെ പണയം വെച്ചു.

ഒടുവിൽ ഇൻ്റർവ്യൂ ദിവസവും വന്നെത്തി. രാവിലെ കൃത്യം എട്ടു മണിക്കുതന്നെ തൻ്റെ വീടിൻ്റെ മുമ്പിലേ ഇടവഴിയിലേക്കെത്താൻ പങ്കജാക്ഷൻ, വിശാലത്തിനെ വാട്ട്സ്അപ്പ് വഴി ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. എല്ലാ തയ്യാറെടുപ്പുകളോടും കൂടി പങ്കജാക്ഷൻ വീട്ടിൽ നിന്നും കൃത്യസമയത്തു തന്നെ ഇറങ്ങി. പക്ഷെ വെപ്രാളത്തിൽ വീടിന്നു മുമ്പിലെ ചളിക്കുഴിയിൽ കാലുതെന്നി വീണ്, ആകെ ചെളിമയമായി. തിരിച്ച് വീട്ടിലേക്കു കയറി. ഫോൺ വരാന്തയിൽ വെച്ച്, ഒന്നുകൂടെ കുളിക്കാൻ കുളിമുറിയിലേക്കു കയറി.

എന്തൊക്കെയായാലും താൻ ഒരു വാക്കു പറഞ്ഞാൽ അത് കൃത്യമായി പാലിക്കുന്ന സ്വഭാവക്കാരിയായിരുന്ന വിശാലം, രാവിലെ എട്ടുമണിക്കുതന്നെ പതുങ്ങി പരുങ്ങി, പങ്കജാക്ഷൻ്റെ വീടിനു മുമ്പിലെ ഇടവഴിയിലെത്തി. അഞ്ചുമിനുട്ടു കഴിഞ്ഞിട്ടും പങ്കജാക്ഷനെ കാണാഞ്ഞപ്പോൾ ഫോണിൽ വിളിച്ചു. ആരും ഫോൺ എടുക്കാതിരുന്നപ്പോൾ നിർത്താതെ തുരുതുരാ വിളിച്ചുതുടങ്ങി. എന്നിട്ടും ഒരു പ്രതികരണവും കാണാഞ്ഞപ്പോൾ, എന്തുപറ്റിയെന്ന ഉല്കണ്ഠയിൽ, നിജസ്ഥിതി അറിയാൻ വേണ്ടി, രണ്ടും കല്പിച്ച് പങ്കജാക്ഷൻ്റെ വീട്ടിലേക്കുതന്നെ കടന്നു.

നിർത്താതെയുള്ള ഫോൺവിളി കേട്ട്, ഉമ്മറത്തേക്കോടിയെത്തിയ പത്മാവതി കണ്ടത്, വീട്ടിലേക്കു ധൃതിയിൽ കയറി വരുന്ന വിശാലത്തെയാണ്. നാട്ടിൽ പ്രമുഖയായ വിശാലത്തിന് ഒരു സ്വയം പരിചയപ്പെടുത്തൽ വേണ്ടി വന്നില്ല. വീട്ടിലെത്തിയ ഉടനെ അവർ പത്മാവതിയോടു ചോദിച്ചു
” ഏട പങ്കുവേട്ടൻ… ഞാൻ മൂപ്പര് പറഞ്ഞിറ്റ്, മൂപ്പരേം കാത്ത് പത്തു മിനുട്ടായിട്ട്, ആട എടബയീല് കാത്ത് നില്ക്ക്ന്നേനും. മൂപ്പരെ ബിളിക്ക്. എനക്ക് ബേറെം ധൃതീണ്ട്. ”

രാവിലെത്തന്നെ വീട്ടിലെത്തിയ വിശാലത്തെ കണ്ട നീരസത്തോടെ പത്മാവതി ചോദിച്ചു.
” എന്താടി നീ ഈട ? ആരാടീ നിൻ്റെ പങ്കുവേട്ടൻ? എന്താടീ നെനക്കീട കാര്യം? നെനക്ക് ബയി തെറ്റിയതാകും. രാബിലേത്തന്നെ ആള സുയിപ്പാക്കാണ്ട് എറങ്ങി പോകാൻ നോക്ക്. നാണോം മാനോം ഉളുപ്പും ഒന്നും ഇല്ലാത്ത, ആണ്ങ്ങളെ ബയി തെറ്റിക്കാൻ ബേണ്ടി നടക്ക്ന്ന ബകകള്.”
” എറങ്ങിപ്പോകാനോ… ബയി തെറ്റിക്കാനോ… ബെറുതെ കേറി ബന്നതല്ലാ…ൻ്റെ കെട്ടിയോൻ ചെണിച്ച് ബിളിച്ചു ബരുത്തീറ്റ് തന്യാടീ ഞാനീട ബന്നിരിക്ക്ന്നേ…. നിന്ന് ചെലക്കാണ്ട് ബിളിക്ക് ഓനെ.”

നിഘണ്ടുവിലില്ലാത്ത പല പദങ്ങളും പിന്നീട് കുറച്ചേറെ സമയം അന്തരീക്ഷത്തിൽ പാറിയും പറന്നും നടന്നു. പക്ഷെ വിശാലത്തിൻ്റെ കയ്യിലുള്ള പങ്കജാക്ഷനുമായുള്ള ഫോൺവിളികളുടെയും വാട്ട്സ്അപ്പ് ചാറ്റുകളുടെയും ഒപ്പു രേഖപ്പെടുത്തിയ പറ്റു പുസ്തകത്തിൻ്റെയും, ഏറ്റവും ഒടുവിലായി വിശാലം പുറത്തേക്കെടുത്ത തൻ്റെ സ്വന്തം കെട്ടുതാലിയുടെയും, തെളിവിനു മുമ്പിൽ പത്മാവതിക്ക് അവസാനം അടിയറവു പറയേണ്ടി വന്നു. മുട്ടുമടക്കേണ്ടി വന്നു. തലകുനിക്കേണ്ടിവന്നു. പരസ്യമായി തന്നെയും കുടുംബത്തെയും നാണം കെടുത്തരുതെന്നുള്ള, തൻ്റെ കൈയ്യും കാലും പിടിച്ചു കൊണ്ടുള്ള, പത്മാവതിയുടെ കരഞ്ഞുകൊണ്ടുള്ള കേണപേക്ഷ തള്ളിക്കളയാൻ ഒരു സ്ത്രീയായ വിശാലത്തിനും കഴിഞ്ഞില്ല. പറ്റിലുള്ള മുഴുവൻ പൈസയും കൂലിപ്പണിയെടുത്തിട്ടാണെങ്കിലും താൻ തന്നെ വീട്ടുമെന്നുള്ള പത്മാവതിയുടെ ഉറപ്പിൻമേൽ, കെട്ടുതാലി പത്മാവതിക്കു തന്നെ തിരിച്ചു നല്കി, വിശാലം വീട്ടിലേക്കു മടങ്ങുകയും ചെയ്തു.

ബാത്തുറൂമിൽ നിന്നും ഇറങ്ങിയ പങ്കജാക്ഷനെ സ്വീകരിച്ചത് പത്മാവതിയായിരുന്നില്ല… പകരം
” ബിടമാട്ടേ… പെരട്ട എരപ്പ നായേ… ഉന്നെ ഞാൻ ബിടമാട്ടേ… ബയസ്സ് അമ്പതിൻ്റട്ത്തായി. അഞ്ചെണ്ണത്തിന ഇണ്ടാക്കീറ്റും ഇണ്ട്. എന്നിറ്റ് പോലും നാണോം മാനോം ഉളുപ്പുല്ലാണ്ട്, പകല് സമേത്ത് പോലും… സൊന്തം കെട്ടിയോൾടെ കെട്ടുതാലി പോലും കണ്ണിക്കണ്ട അയിഞ്ഞാട്ടക്കാരി പെണ്ണുങ്ങക്ക് പണേം ബെച്ചിറ്റ്…ഉള്ള ൻ്റെ പൊലയാട്ടം ഞാൻ ഇന്നത്തോടെ തീർക്കും. കാമപ്രാന്താ… ഉന്നെ ഞാൻ ബിടമാട്ടേ…” എന്നാക്രോശിച്ചുകൊണ്ട് കയ്യിൽ ഉലക്കയുമായി കലി തുള്ളി നില്ക്കുന്ന നാഗവല്ലിയായിരുന്നു.

കുത്താൻ വരുന്ന പോത്തിനോട്, അതും ഒരു പെൺപോത്തിനോട് വേദമോതിയതുകൊണ്ട്, ഒരു പ്രയോജനവുമില്ലെന്ന ആപ്തവാക്യത്തെ പൂർണ്ണമായും അന്വർത്ഥമാക്കിക്കൊണ്ട്, പിന്നീട് അവിടെ നടന്നത് തീർത്തും ഏകപക്ഷീയമായ ഒരു ബ്രസീൽ… ഇന്ത്യ ഫുട്ബോൾ മത്സരമായിരുന്നു. പങ്കജാക്ഷൻ്റെ ഇന്ത്യൻ പോസ്റ്റിലേക്ക് പത്മാവതി മിനുട്ടിൽ രണ്ടും മൂന്നും കണക്കിന് തുരുതുരാ കുറെയേറെ ഗോളുകൾ അടിച്ചു കയറ്റി.

ഒരാഴ്ച കഴിഞ്ഞ് മേലാസകാലം ബാൻഡേജുമായി, കൊച്ചി രാജാവ് സിനിമയിലെ ദിലീപിനെപ്പോലെ ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കിറങ്ങിയ പങ്കജാക്ഷൻ നേരെ ചെന്നത്, കൃഷ്ണൻ കണിയാരുടെ അടുത്തേക്കാണ്. ദൈന്യതയോടെ കണിയാരോട് പറഞ്ഞു.
” ങ്ങക്കെന്നെ മനസ്സിലായില്ല അല്ലോളീ.. സാരോല്യ. ങ്ങക്കെന്നല്ല ഞാൾടെ പെറ്റമ്മക്ക് പോലും ഞാളെ ഈ പരുവത്തിൽ മനസ്സിലാവുംന്ന് തോന്ന്ന്നില്ല. പണി നടന്നോണ്ട്ക്ക്ന്ന ബീട്ടിൻ്റേം കെട്ടിടത്തിൻ്റേം ഒക്കെ മുമ്പില് “പെരുങ്കണ്ണാ ൻ്റെ കണ്ണു കൊള്ളല്ലേ ” എന്നെയ്തി ബെച്ചിറ്റ് ബെക്ക്ന്ന, അതേ പോലത്തെ രൂപമായിക്കയിഞ്ഞ ഞാളെ അല്ലെങ്കിലും ഇപ്പോ ആർക്ക് മനസ്സിലാവാനാ…?

ഞാളൊരു ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്നേനു മുമ്പായിറ്റ്, ൻ്റെ ജാതകം ഒന്നു ഗണിച്ചു നോക്കിക്കാൻ ബേണ്ടീറ്റ്, കഴിഞ്ഞമാസം ഈട ബന്നിറ്റുണ്ടേനും. അന്നേരം ങ്ങള് പറഞ്ഞതും കേട്ട് പറ്റിയ ശകുനക്കാരേം തപ്പി നോക്കി നടന്നേൻ്റെ ഗതികേടാ ൻ്റെ ശരീരം മൊത്തം ഈ കാണ്ന്നേ. ഇൻ്റർവ്യൂവിലോ പങ്കെടുക്കാൻ പറ്റീറ്റില്ല. അതും പോരാഞ്ഞിറ്റ് ജീവിക്കാൻ പോലും ഒരു ബയീം ഇല്ലാണ്ടായി. ബേറെ ഒന്നും ബേണ്ട. ഒരുപകാരം മാത്രം ചെയ്ത് തന്നാ മതി. നിങ്ങളിനി ഈട ബന്നിറ്റ് ജാതകം നോക്കുന്ന ആർക്കെങ്കിലും നല്ല ശകുനം ബേണംന്ന് കബടി നെരത്തി പറേന്ന്ണ്ടെങ്കില്, ബേറെ ഏടേം പോണ്ട, ഈടത്തന്നെ അയിന് പറ്റിയ ആള്ണ്ടെന്ന് ഓറോടൊന്നു പറഞ്ഞേക്കണം. എനിക്കിപ്പം ഒരു കണ്ണു കാണില്ല. ഒരു കാലിന് നല്ല മൊടന്തൂണ്ട്. അതും പോരാഞ്ഞിറ്റ് രണ്ടു കൈയ്യും സാദീനം ഇല്ലാണ്ട് ഒടിഞ്ഞ് കുത്തീക്ക്. ബായീലാന്നെങ്കില് നാല് പല്ലില്ല. രണ്ട് പല്ല് മേലോട്ട് പൊന്തീം കെടക്ക്ന്ന്ണ്ട്. ചുണ്ട് മൊത്തം കീറീറ്റ് മുച്ചുണ്ടും ആയിറ്റിക്ക്. ഇത്രക്ക് എല്ലാം തെകഞ്ഞ ബേറൊരു ശകുനത്തെ ഏട തപ്പിയാലാ ങ്ങക്കും ഓർക്കും ബേറെ കിട്ടാ…? ”

കൃഷ്ണൻ കണിയാര് സമ്മതം മൂളിയോ ഇല്ലയോ എന്നറിയില്ല. എന്തായാലും അടുത്ത ദിവസം തന്നെ കണിയാരുടെ വീടിനടുത്തുള്ള ഒരു വാടകക്കെട്ടിടത്തിൽ, ഒരു വലിയ ബോർഡ് നാട്ടുകാർക്കെല്ലാം പുതുമയായി ഉയർന്നു പൊങ്ങി.

ശകുനം പങ്കുനായർ

ഏതുതരത്തിലുള്ള ശകുനവും അപശകുനവും ദുശ്ശകുനവും ശുഭ ശകുനവും എല്ലാം.. വളരെ കൃത്യമായും കണിശമായും ചുരുങ്ങിയ ചെലവിൽ കാണിച്ചു കൊടുക്കപ്പെടും. ബന്ധപ്പെടേണ്ട ഫോൺ നമ്പർ……..

✍ ഉണ്ണി ആവട്ടി (ഡോ. ടി.വി.ഉണ്ണിക്കൃഷ്ണൻ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments