Tuesday, December 24, 2024
Homeകഥ/കവിത'ബൗണ്ടറികൾ' (തുടർക്കഥ -Part- 8) (അവസാന ഭാഗം) ✍ പ്രതാപ് ചന്ദ്രദേവ്.

‘ബൗണ്ടറികൾ’ (തുടർക്കഥ -Part- 8) (അവസാന ഭാഗം) ✍ പ്രതാപ് ചന്ദ്രദേവ്.

പ്രതാപ് ചന്ദ്രദേവ്.

കഥ ഇതു വരെ:
താൻ രോഗിയാണെന്നും ഉടനെത്തന്നെ മരിച്ചു പോകുമെന്നും അറിഞ്ഞ, രാഹുൽ, തനിക്കായി കല്യാണം ഉറപ്പിച്ചുവച്ചിരുന്ന ലക്ഷ്മിയെ, അവളുടെ നല്ല ഭാവിക്കുവേണ്ടി ഉപേക്ഷിക്കുന്നു. അതുകാരണം ഒത്തിരി നഷ്ടങ്ങൾ അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്നു. അയാളുടെ അച്ഛനെയും അമ്മയെയും നഷ്ടപ്പെടുന്നു, ലക്ഷ്മിയെ അവളുടെ വീട്ടുകാർ വേറെ കല്യാണം കഴിപ്പിക്കുന്നു. നാടുവിട്ടുപോയ അയാളുടെ അസുഖം ഹരീഷ്ജി എന്ന സന്യാസിയുടെ ചികിൽസയുടെ ഫലമായി പൂർണമായും ഭേദമാകുന്നു. തൻ്റെ കുടുംബ സ്വത്തും മറ്റും ആകെയുള്ള അനിയന് കൊടുത്തിരുന്ന രാഹുൽ, തൻ്റെ ബുക്കുകൾക്ക് റോയലിറ്റി ആയി കിട്ടിയ ഭീമമായ തുക കൂടി അനിയനും കുടുംബത്തിനും കൊടുക്കാനായി നാട്ടിലെത്തുന്നു. പക്ഷേ, അവരുടെ പെരുമാറ്റം അയാളെ വേദനിപ്പിക്കുന്നു. ഇതിനകം വിധവയായ ലക്ഷ്മിയെ രാഹുൽ വിവാഹം കഴിക്കുന്നു.

തുടർന്നു വായിക്കുക:

രാജീവൻ്റ കാറാണ്. അതിൽനിന്ന് രാജീവനും ഉണ്ണിമായയ്ക്കുമൊപ്പം മേഘ്നയും ആദിയും ഇറങ്ങി. ഹാരവും ഇട്ട്, ഇറങ്ങി വരുന്ന എന്നെയും ലക്ഷ്മിയെയും കണ്ട്, രാജീവും ഉണ്ണിമായയും കാറിനു സമീപം തന്നെ നിന്നു. പക്ഷേ, പിള്ളേര് വല്യച്ഛാ എന്നു വിളിച്ചുകൊണ്ട് ഓടി അടുത്തുവന്നു. കാത്തു മോളെ ലക്ഷ്മിയെ എല്പിച്ചിട്ട്, എന്നെ വന്നുകെട്ടിപ്പിടിച്ചു നിന്ന കുട്ടികളെ ചേർത്തണച്ചു. അപ്പോഴത്തേക്കും രാജീവും ഉണ്ണിമായയും സമീപത്തെത്തി. എന്നെയും ലക്ഷ്മിയെയും നോക്കിയിട്ട് രാജീവ് പറഞ്ഞു:

“ചേട്ടന് ഇങ്ങനെ ഒരു താല്പര്യം ഉണ്ടായിരുന്നുവെന്ന് അറിഞ്ഞിരുന്നെങ്കിൽ നമുക്ക് ഈ ചടങ്ങ് ഗ്രാൻ്റായിത്തന്നെ നടത്താമായിരുന്നല്ലോ?’

എന്നിട്ട് ബാലമാമയോട്,

“ഹാർട്ടിന് സുഖമില്ലാത്ത ആളാണ്. അതിപ്പം അസുഖം മാറിയെന്നു പറയുന്നെങ്കിലും ആരോഗ്യം ശരിയാകുന്നതുവരെ കല്യാണമൊന്നും പാടില്ലാന്ന് ബാലമാമയ്ക്കും അറിയില്ലേ. അച്ഛനും അമ്മയും നേരത്തേ പോയി. ആ സ്ഥാനത്ത് ഇനി എനിക്ക് ചേട്ടൻ മാത്രമേയുള്ളു. ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നതിനു മുൻപ് എന്നോടും കൂടെ ഒരു വാക്കു ചോദിക്കണ്ടേ?”

ഞാൻ കയറി ഇടപെട്ടു.

”രാജീവേ, എല്ലാം പെട്ടെന്നുള്ള തീരുമാനമായിരുന്നു. എൻ്റെ താല്പര്യപ്രകാരം. വേറെ ആരെയും കുറ്റപ്പെടുത്തണ്ട. ഇങ്ങനെ ഒരു കാര്യം നിങ്ങളെങ്ങനെ അറിഞ്ഞു?”

ഉണ്ണിമായ ചാടിക്കയറി പറഞ്ഞു:

“പിള്ളേരെണീറ്റപ്പോൾ വല്യച്ഛനെ കാണണമെന്ന് പറഞ്ഞ് ആകെ ബഹളം. പിന്നെ ഞങ്ങൾ രണ്ടു പേരും കൂടെ ഇവരെയും കൊണ്ട് ബസ്സ്റ്റാൻ്റിലും റെയിൽവേ സ്റ്റേഷനിലുമൊക്കെ അന്വേക്ഷിച്ചു. അപ്പോൾ നമ്മുടെ പത്രക്കാരനാ പറഞ്ഞത് ചേട്ടൻ ബാലമാമയുടെ വീട്ടിലുണ്ടായിരുന്നെന്നും അവിടെ നിന്ന് ക്ഷേത്രത്തിലേയ്ക്ക് പോകുന്നത് കണ്ടെന്നും.”

എന്നെ എത്രയും പെട്ടെന്ന് ഒഴിവാക്കാൻ മുൻകൈ എടുത്ത ഉണ്ണിമായ, ആ പറഞ്ഞത് അത്രയും വിശ്വാസിക്കാൻ പ്രയാസം. പിള്ളേര് കരഞ്ഞിട്ടുണ്ടാകും. പക്ഷേ, അവരെ ശാസിച്ചു നിറുത്തുകയെന്നല്ലാതെ അവർക്ക് വല്യച്ഛനെ കാട്ടിക്കൊടുക്കാൻ വേണ്ടി, ഇവർ രണ്ടു പേരും കൂടെ ഇറങ്ങിപ്പുറപ്പെടാനുള്ള സാധ്യത! എന്തായാലും ഇന്നലെ ഞാൻ കണ്ട ഇവരുടെ പെരുമാറ്റത്തിൽ നിന്ന് അതുണ്ടാകില്ല എന്ന് ഉറപ്പാണ്.

” ചേട്ടൻ ഒന്നിങ്ങു വന്നേ.. ”

എന്തോ സ്വകാര്യം പറയാനെന്നപോലെ രാജീവ് വിളിച്ചിട്ട് ഒന്നു മാറി നിന്നു. ഞാൻ ലക്ഷ്മിയെയും ബാലമാമയൊക്കെ ഒന്നു നോക്കിയിട്ട് അവൻ്റെ അടുത്തേക്കു ചെന്നു. ഉണ്ണമായ അവിടെ നിലയൊറയ്ക്കാതെ ഓടി, ഞങ്ങളുടെ അടുത്തേയ്ക്കു വന്നു.

” ചേട്ടൻ എന്തു പണിയാണ് ഈ കാണിച്ചത്? ഒരു രണ്ടാംകെട്ടുകാരിയെത്തന്നെ എടുത്തു തലയിൽ വയ്ക്കണമായിരുന്നോ?”

എന്ന് രാജീവ് ചോദിച്ചതിന് അകമ്പടിയായി ഉണ്ണിമായ പറഞ്ഞു:

“രാഹുലേട്ടന് ആരെയെങ്കിലും കല്യാണം കഴിച്ചേ തീരൂന്നൊണ്ടായിരുന്നെങ്കിൽ എൻ്റെ ഇളയമ്മയുടെ മകളുണ്ടായിരുന്നു. അവളും എന്നെപ്പോലെ ബിഎഡ് ആണ്. നേരത്തെ ഒരു കല്യാണം കഴിഞ്ഞ്, ഒഴാഴ്ചയ്ക്കകം പിരിഞ്ഞെങ്കിലും വല്ലവൻ്റെയും കുട്ടിയെ പ്രസവിക്കേണ്ടി വന്നിട്ടില്ല.”

“താമസ്സിച്ചു പോയിട്ടില്ല, ഇനി വേണമെങ്കിലും പ്രൊസീഡ് ചെയ്യാവുന്നതാണ്. അമ്പലത്തിൽ നിന്ന് ഒരു താലികെട്ടീന്നല്ലേയുള്ളു. അത് ഇവിടെവച്ചു തന്നെ അഴിച്ചുമാറ്റാവുന്നതേയുള്ളു.”

എന്ന് രാജീവ്, ഉണ്ണിമായ പറഞ്ഞതിനെ സപ്പോർട്ട് ചെയ്തു.

“രാജീവേ, ഞാൻ പഠിപ്പിക്കുന്ന കോളേജിൽ ഒരു കാശ്മീരി പെൺകുട്ടി അസോസിയേറ്റ് പ്രൊഫസറായി വർക്ക് ചെയ്യുന്നുണ്ട്. മഹാ സുന്ദരി, കോടിക്കണക്കിന് സ്വത്തിൻ്റെ ആസ്ഥിയുണ്ടവൾക്ക്. നീ ഒരു കാര്യം ചെയ്യ്, ഈ ഉണ്ണിമായയുടെ കഴുത്തിൽ കെട്ടിയിരിക്കുന്ന താലി അഴിച്ചു കളഞ്ഞിട്ട്, അവളെ കെട്ട്.”

എന്നിൽ നിന്ന് പ്രതീക്ഷിക്കാതെ വന്ന ആ വാക്കുകൾ കേട്ട് രണ്ടു പേരും വല്ലാതായി. ജാള്യത മറയ്ക്കാനെന്ന പോലെ രാജീവ് പറഞ്ഞു:

“രണ്ടു പിളേളരായിപ്പോയില്ലേ ചേട്ടാ ഇനി അതൊക്കെ പറ്റോ ? അല്ലെങ്കിലും ഉണ്ണിമായയെപ്പോലെയാണോ ലക്ഷ്മി. ചേട്ടൻ്റെ മോളല്ലല്ലോ അവളുടേത്. ”

“ആരു പറഞ്ഞു അത് എൻ്റെ മോളല്ലന്ന്.”

രണ്ടു പേരും സംശയത്തോടെ പരസ്പരം നോക്കിയതു കണ്ട്,

“സ്വന്തം രക്തത്തിൽത്തന്നെ ജനിക്കണമെന്നില്ല മോളാകാൻ. എല്ലാ കുഞ്ഞുങ്ങളേയും സ്വന്തം കുഞ്ഞായി കണ്ട് സ്നേഹിക്കാനൊള്ള മനസ്സൊണ്ട് ഈ സന്യാസി എന്നുപറയുന്ന ഇവന്. മാനുഷ്യബന്ധങ്ങൾക്കൊക്കെ നല്ല വില കല്ലിക്കുന്നവനാണ് ഞാൻ. എല്ലാവരുടേയും നന്മ മാത്രം കാണുന്നവൻ. പക്ഷേ, അത് നഷ്ടങ്ങൾ മാത്രമാണ് എനിക്ക് സമ്മാനിച്ചത്. അതുകൊണ്ടല്ലേ എന്നേ മനസ്സുകൊണ്ട് ഒന്നായ ലക്ഷ്മിയെ എനിക്ക് താല്ക്കാലികമായെങ്കിലും നഷ്ടമായത്. അച്ഛനെ,അമ്മയെ.”

ഞാൻ പറഞ്ഞ വാക്കുകൾ കൊള്ളേണ്ടവർക്ക് കൊണ്ടു എന്നു മനസ്സിലായി. കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം രാജീവ് പറഞ്ഞു:

“ചേട്ടൻ്റെ ഇഷ്ടത്തിന് ഞങ്ങൾ എതിരുപറയുന്നില്ല. കല്യാണപ്പെണ്ണിനെയും കൂട്ടി വീട്ടിലേക്കു വാ. ചേട്ടൻ്റെയുംകൂടെ വിടല്ലെ അത്. ”

“എൻ്റെ വീടും സ്വത്തുമെല്ലാം ഞാൻ നിനക്കു തന്നില്ലേ. നിങ്ങൾ അവിടെ ഒരു മതിലും പണിതു. ഞങ്ങൾ ഇനി അങ്ങോട്ടില്ല. ആശ്രമത്തിലേയ്ക്ക് മടങ്ങുകയാണ്.”

“ചേട്ടാ ആശ്രമത്തിൽ നിന്ന് ഹരീഷ്ജി രാവിലെ വിളിച്ചിരുന്നു. ചേട്ടൻ്റെ വിശേഷങ്ങളൊക്കൊ തിരക്കി. പിന്നെ ഞങ്ങൾക്ക് തരാൻ വേണ്ടി ചേട്ടൻ ഇരുപതു കോടി രൂപ കരുതിയിട്ടുള്ള കാര്യവും പറഞ്ഞു. ഞങ്ങളാണെങ്കിൽ വീട് പുതുക്കിപ്പണിതതിൻ്റെ ലോണും കാർലോണും അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു.”

ഇപ്പോൾ എനിക്ക് കാര്യങ്ങൾ വ്യക്തമായി. വെറുതയല്ല അവർക്ക് ചേട്ടനോട് പെട്ടെന്ന് സ്നേഹം കൂടിയത്.

“എൻ്റെ പേരിലുള്ള എല്ലാ സ്വത്തുക്കളും വീടും എൻ്റെ കുറച്ചുകാലത്തെ എല്ലാ സമ്പാദ്യവും എല്ലാം ഞാൻ നിനക്കു തന്നുകഴിഞ്ഞു. അതിൽ കൂടുതൽ ഇനി ഒന്നും പ്രതീക്ഷിക്കണ്ട. ഇനിയുള്ള എൻ്റെ സമ്പാദ്യം ലക്ഷ്മിക്കും മോൾക്കും സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കും വേണ്ടിയുള്ളതാണ്.”

രണ്ടുപേരുടേയും മുഖത്ത് നിരാശ പടരുന്നതു കണ്ടു. അവസാന ശ്രമം എന്നവണ്ണം രാജീവ്:

“ചേട്ടാ ഞങ്ങളുടെ ലോൺ ക്ലോസ് ചെയ്യാനുള്ള കാശെങ്കിലും തന്നിട്ടുപോ, ഈ ലോൺ കാരണം ഒരു മനസ്സമാധാനവുമില്ല. ഞാൻ ഇപ്പോളിരിക്കുന്ന സ്റ്റേഷനിൽ ആണെങ്കിൽ ഒന്നും തടയുന്നില്ല.”

എന്തിനാ തടയുന്നത്? നിനക്ക് അവശ്യത്തിനുള്ള ശമ്പളം കിട്ടുന്നില്ലേ? നമ്മുടെ അച്ഛനുമമ്മയും നമ്മളെ നല്ലതുമാത്രമല്ലേ പഠിപ്പിച്ചിട്ടുള്ളു. ലോൺ, നമ്മുടെ മനസ്സമാധാനം കളയുന്ന ഒരു കാര്യം തന്നെയാണ്. നീ ഒരു കാര്യം ചെയ്യ്, ഞാൻ നിൻ്റെ പേരിലെഴുതിത്തന്ന പറമ്പിൽ നിന്ന് ഒരു പത്തു സെൻ്റ് സ്ഥലം വിറ്റ് ലോൺ ക്ലോസ്സ് ചെയ്യ്. റോഡ് സൈഡിലുള്ള സ്ഥലമായതുകൊണ്ട് നല്ല വില കിട്ടും. അപ്പോൾ വേറൊന്നുമില്ലല്ലോ? നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ.”

എന്നു പറഞ്ഞു ഞാൻ തിരിഞ്ഞു. രാജീവ് നിരാശയോടെ കാറിനടുത്തേയ്ക്കു നടന്നു. ഉണ്ണിമായ കാത്തുമോളുമായി കളിച്ചുകൊണ്ടു നിന്ന കുട്ടികളെ പിടിച്ചു വലിച്ചുകൊണ്ട് കാറിനടുത്തേക്ക് പോയി. കാറിൽ കയറുന്നതിനിടയിൽ ഉണ്ണിമായ പറയുന്നതു കേട്ടു.

” നമ്മള് മുറിക്കകത്ത് പറഞ്ഞതെല്ലാം അയാള് കേട്ടിരിക്കുന്നു. അങ്ങേരുടെ കേൾവിശക്തി അപാരം തന്നെ! വല്ലാത്തൊരു ചതിയായിപ്പോയി. ലോട്ടറിയടിച്ചത് അവൾക്കാ ആ ലക്ഷ്മിക്ക്.”

പഞ്ചേന്ദ്രിയങ്ങളുടെ ശക്തി വർദ്ധിപ്പിക്കാൻ ഹരീഷ്ജി തന്ന ട്രെയിനിംഗ് ഞാൻ നന്ദിയോടെ ഓർത്തു. രാജീവ് കാർ സ്റ്റാർട്ട് ചെയ്തപ്പോൾ FM ൽ കേട്ടു, നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു…
കാറ് പാഞ്ഞുപോയി. കാര്യമെന്തെന്നറിയാതെ നില്ക്കുന്ന ലക്ഷ്മിയുടെയും മറ്റുള്ളവരുടേയും അടുത്തേക്ക് ഞാൻ മെല്ലെ നടന്നു.
(രാഹുലിൻ്റെയും ലക്ഷ്മിയുടെയും കാത്തുമോളുടെയും സന്തോഷ ജീവിതം ഇവിടെ തുടങ്ങാൻ വിട്ടുകൊണ്ട് കഥ അവസാനിപ്പിക്കുന്നു.)

 പ്രതാപ് ചന്ദ്രദേവ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments