വര്‍ഷങ്ങളായി ആരാധകര്‍ ചാര്‍ത്തി നല്‍കിയ ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേരിന് ട്രേഡ്മാര്‍ക്ക് സ്വന്തമാക്കാനൊരുങ്ങി മഹേന്ദ്ര സിങ് ധോണി. കായിക പരിശീലനം, കോച്ചിങ് സേവനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്കായി ക്യാപ്റ്റന്‍ കൂള്‍ എന്ന വിളിപ്പേര് എക്ലൂസീവായി ഉപയോഗിക്കുകയാണ് ധോണിയുടെ ആഗ്രഹമെന്നാണ് വിവരം. ട്രേഡ്മാര്‍ക്ക് രജിസ്ട്രി അപേക്ഷ സ്വീകരിക്കുകയും നടപടികള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്.
ട്രേഡ്മാര്‍ക്കിനായി അപേക്ഷിച്ച ഘട്ടത്തില്‍ ട്രെഡ്മാര്‍ക്ക് നിയമത്തിലെ സെക്ഷന്‍ 11(1) പ്രകാരം രജിസ്ട്രി എതിര്‍പ്പ് ഉന്നയിച്ചിരുന്നതായി ധോണിയുടെ അഭിഭാഷക മാന്‍സി അഗര്‍വാള്‍ പറഞ്ഞു. ഈ പേരിന് സമാനമായ വിശേഷണങ്ങള്‍ നിലവിലുണ്ടെന്നും അത് അളുകളെ ആശയക്കുഴപ്പത്തിലാക്കുമെന്നുമാണ് അധികൃതര്‍ വാദിച്ചതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ‘ക്യാപ്റ്റന്‍ കൂള്‍’ എന്നതിന് ധോണിയുമായി വ്യക്തവും അതുല്യവുമായ ബന്ധമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക സംഘം വാദിച്ചു. വര്‍ഷങ്ങളായി ആരാധകരും മാധ്യമങ്ങളും ഈ വിളിപ്പേര് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇത് ധോണിയുടെ പൊതു ഐഡന്റിറ്റിയുടെ ഭാഗമായി മാറിയിരിക്കുന്നുവെന്നും ടീം വ്യക്തമാക്കുകയായിരുന്നു.
2004ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ധോണി 538 മത്സരങ്ങളില്‍ നിന്ന് 17,266 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യയെ ട്വന്റി 20, ഏകദിന ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞെങ്കിലും ധോണി ഐപിഎല്ലില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലില്‍ ചെന്നൈയെ 5 തവണ കിരീടത്തിലേയ്ക്ക് നയിക്കാന്‍ ധോണിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.