മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും വിശ്വസാഹിത്യത്തിലെ വിസ്മയങ്ങൾ എന്ന പംക്തിയുടെ രണ്ടാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവ്വം സ്വാഗതം🙏🌹
വിശ്വസാഹിത്യകാരനായ ലിയോ ടോൾസ്റ്റോയ് യുടെ എക്കാലത്തേയും മികച്ച നോവലാണ് അന്ന കരേനിന നോവലിസ്റ്റ് നെ കുറിച്ച് ആദ്യഭാഗത്തിലൂടെ വിശദമായി വിവരിച്ച് എഴുതിയിട്ടുള്ളതിനാൽ നേരിട്ട് നോവൽ ആസ്വാദനത്തിലേയ്ക്ക് പ്രവേശിക്കുന്നു.
1878 ൽ റഷ്യൻ മെസഞ്ചർ എന്ന പ്രസാധകൻ പ്രസിദ്ധീകരിച്ച ലിയോ ടോൾസ്റ്റോയ് യുടെ ‘അന്ന കരേനിന’ എന്ന നോവൽ എട്ടു ഭാഗങ്ങളുള്ള സങ്കീർണ്ണമായ ഒരു നോവലാണ്. ഏകദേശം 800 ലധികം പേജുകളിലൂടെ വ്യാപരിച്ചു കിടക്കുന്ന പുസ്തകം. അത്രയും ബൃഹത്തായ ഈ നോവലിൻ്റെ മുക്കും, മൂലയിലൂടെയും കടന്നുപോയി ആസ്വാദനം എഴുതാൻ ആഗ്രഹമുണ്ടെങ്കിലും, അത് പ്രായോഗികമല്ല എന്ന് മനസ്സിലാക്കി കഥയുടെ പശ്ചാത്തലവും, പ്രധാന കഥാപാത്രങ്ങളെയും കുറിച്ച് പ്രതിപാദിച്ചതിനു ശേഷം കഥാതന്തുവിലേയ്ക്ക് കടന്നുവന്ന് ആസ്വാദനക്കുറിപ്പ് തയ്യാറാക്കി അവസാനിപ്പിക്കാമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ അന്ന ആർക്കാ ഡ്യേവ്ന കരേനിന(അന്ന കരേനിന), അലക്സികിറിലോവിച്ച് ബ്രോൻസ്കി(അന്നയുടെ കാമുകനായ കുതിരപ്പട ഉദ്യോഗസ്ഥൻ), രാജകുമാരൻ സ്റ്റീവ ആർക്കടിവിച്ച് ഓബ്ലോൺസ്കി
(അന്നയുടെ സഹോദരനും, സിവിൽ സർവീസ് ഉദ്യോഗസ്ഥൻ), രാജകുമാരി ഡോളി അലക്സ അന്ദ്രോവിന(അന്നയുടെ സഹോദരപത്നി), അലക്സി അലക്സാ ബ്രോവിച്ച് കരേനിൻ(അന്നയുടെ ഭർത്താവും, മുതിർന്ന രാഷ്ട്രതന്ത്രജ്ഞൻ, അന്നയേക്കാൾ ഇരുപതു വയസ്സ് പ്രായ കൂടുതലുള്ള ആൾ), കൊസ്ത്യ എന്ന ലെവ്ൻ (ഭൂവുടമ 32 വയസ്സ് പ്രായം), കിറ്റി (ലെവ് ൻ്റെ സുഹൃത്തും, കാമുകി) സെർജി സെറിയോഷ അലക്സിയിച്ച് കരേനിൻ (അന്നയുടെയും, ബ്രോൻസ്കിയുടെയും മകൾ) തുടങ്ങിയവരാണ്.
പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ സാമൂഹിക ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ ജീവിച്ച ചില കുടുംബങ്ങളുടെ കഥകൾ കൂട്ടിയിണക്കിയതാണ് ഈ നോവലിൻ്റെ ഇതിവൃത്തം. സ്നേഹരഹിതമായ ഒരു വിവാഹത്തിൻ്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയിൽ വിവാഹേതര പ്രണയത്തിലേയ്ക്കും, അവിശ്വസ്തതയിലേയ്ക്കും തള്ളി നീക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയും, അതിനോട് അനുബന്ധിച്ച് വരുന്ന വിഷയങ്ങളും ചേർന്നതാണ് ഈ നോവൽ.
‘സന്തുഷ്ട കുടുംബങ്ങളെല്ലാം ഒരേ മട്ടാണ്. എന്നാൽ ഓരോ അസന്തുഷ്ട കുടുംബവും അസന്തുഷ്ടമായിരിക്കുന്നത് അതിൻ്റെ പ്രത്യേക വഴിയ്ക്കാണ്’ എന്ന പ്രശസ്തമായ വാക്യത്തിലൂടെ തുടങ്ങുന്ന നോവൽ, കുടുംബ ബന്ധങ്ങളിലെ പ്രതിസന്ധികളെ പിന്തുടരുന്നതിനൊപ്പം ജീവിതത്തിൻ്റെ അർത്ഥത്തിനും, സാമൂഹ്യനീതിക്കും വേണ്ടിയുള്ള അന്വേക്ഷണത്തിൻ്റെ കഥയും പറയുന്നു.
പീറ്റേർസ് ബർഗിലെ ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥൻ്റെ ഭാര്യയും, സുന്ദരിയുമായ അന്ന കരേനിന തൻ്റെ സഹോദരൻ്റെ വീട്ടിലേയ്ക്ക് പോകുന്ന യാത്രയിൽ മോസ്ക്കോയിലെ റയിൽവെസ്റ്റേഷനിൽ വെച്ച് അവിചാരിതമായി കണ്ടുമുട്ടുന്ന ബ്രോൺസ്കി എന്ന കുതിരപ്പട ഉദ്യോഗസ്ഥനോട് തോന്നുന്ന പ്രണയത്തിലൂടെ, അയാളുടെ കാമുകിയായി പിന്നീട് മാറുന്നു. അതിനുശേഷം അവർ തമ്മിലുണ്ടാകുന്ന അവിഹിതബന്ധം അന്നയുടെ കുടുംബ ജീവിതം തകർത്തു. ഒടുവിൽ കമിതാക്കൾ ആ നാട് വിട്ട് ഒളിച്ചോടി പോയി ജീവിക്കുകയും, ആ ദാമ്പത്യത്തിലൂടെ ഒരു മകൾ ജനിക്കുകയും ചെയ്യുന്നു.
വിവാഹമോചനം നേടിയ അന്നയെ സമൂഹം ഭ്രഷ്ട് കല്പിച്ചപ്പോൾ, പുതിയ ജീവിത സാഹചര്യങ്ങളുമായി ഒരുപാട്നാൾ സന്തോഷത്തോടെ ജീവിക്കാൻ അന്നയ്ക്കും പുതിയ ഭർത്താവിനും സാധിക്കാതെ വരുന്നു. ആദ്യ ബന്ധത്തിലുണ്ടായ മകൻ സെരിയോഷയെ ആദ്യഭർത്താവ് വിട്ടുകൊടുക്കാതിരുന്നതും അന്നയിൽ കടുത്ത മാനസിക സംഘർഷം സംജാതമാക്കുന്നു.
ദമ്പതികളുടെ പ്രണയത്തിന് തീവ്രത കുറഞ്ഞുപോയി എന്ന് ഭാര്യയായ അന്ന ചിന്തിച്ചു കൂട്ടി ബ്രോൺസ്കിയുമായിട്ട് എപ്പോഴും വഴക്കടിക്കുകയും, സംശയത്തോടെ അയാളോട് പെരുമാറാനും തുടങ്ങി. അങ്ങനെ കുറെ നാൾ തള്ളി നീക്കിയ ജീവിതത്തോട് വിരക്തി തോന്നിയ അന്ന ഒരു ദിവസം തീവണ്ടിയ്ക്ക് മുന്നിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്യുന്നതാണ് നോവലിൻ്റെ അന്ത്യം.
ഈ ദുരന്തകഥയ്ക്ക് സമാന്തരമായി ലെവ്ൻ എന്ന മറ്റൊരു യുവാവിൻ്റെ പ്രണയത്തെയും, ആദർശപൂർണ്ണമായ കുടുംബ ജീവിതത്തിൻ്റെ കഥയും ഈ നോവലിലെ മറ്റൊരു ഭാഗമാണ്. പരസ്പരം സ്നേഹിക്കുകയും, തെറ്റുകൾ പൊറുക്കുകയും ചെയ്യുന്ന മാതൃകാ ദമ്പതികളായിട്ടാണ് നോവലിസ്റ്റ് നോവലിലൂടെ അവതരിപ്പിക്കുന്നത്.
സമൂഹത്തിൻ്റെ പ്രതികാരത്തിനിരയാകുന്ന അന്നയെ അത്യുദാരമായ സഹഭാവത്തോടെയാണ് ടോൾസ്റ്റോയ് ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ മാനസപുത്രിയെന്നാണ് അന്നയെ വിശേഷിപ്പിക്കപ്പെടുന്നത്.
ചിന്താപരമായ പല സാഹസിക സഞ്ചാരങ്ങൾക്കു ശേഷം ഗാന്ധിജിക്കു പോലും പ്രചോദനമേകിയ ജീവകാരുണ്യ സിദ്ധാന്തത്തിലേയ്ക്ക് നോവലിസ്റ്റിനെ കൊണ്ടെത്തിച്ചത് ഈ നോവലാണ്.
ഒരു പക്ഷേ ലോകത്തിലെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഇഷ്ടപ്പെടുന്ന നോവൽ അന്ന കരേനിന തന്നെയായിരിക്കും. കാരണം സ്ത്രീകളുടെ മനസ്സിൻ്റെ ഉള്ളറകളിൽ പൂട്ടി ഇട്ടിരിക്കുന്ന ദാമ്പത്യ ജീവിതത്തിലെ അപസ്വരങ്ങൾ അന്നയുടെ ജീവിതത്തിലൂടെ അവർ കാണുകയും, ചിന്തിക്കുകയും ചെയ്യുമെന്നതാണ് സത്യം. അക്കാലത്തെ റഷ്യൻ കുടുംബങ്ങളിലെ സ്ത്രീകൾ ദാമ്പത്യ ജീവിതത്തിൽ അനുഭവിച്ചിരുന്ന അസന്തുഷ്ടികളെക്കുറിച്ച് നിരീക്ഷണം നടത്തിയതുകൊണ്ടായിരിക്കാം അന്ന എന്ന കഥാനായികയെ ഇത്ര മനോഹരമായ കഥാപാത്രമാക്കാൻ നോവലിസ്റ്റ്ന് സാധിച്ചതെന്ന് നിസ്സംശയം പറയാം.
പുരുഷന്മാർക്ക് ഈ നോവൽ വായനയിലൂടെ അവരുടെ ദാമ്പത്യജീവിതത്തിൽ വന്നു പെടുന്ന അപസ്വരങ്ങളെകുറിച്ച് അവബോധം ഉണ്ടാകണമെന്നും നോവലിസ്റ്റ് ആഗ്രഹിക്കുന്നതായി തോന്നി. അത് കൊണ്ടായിരിക്കും കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ലെവ്ൻ എന്ന കഥാപാത്രത്തിൻ്റെ കുടുംബത്തെ സൃഷ്ടിക്കാൻ നോവലിസ്റ്റ്നെ പ്രേരിപ്പിച്ചത് എന്ന് അനുവാചകർക്ക് തോന്നിയേക്കാം.
പ്രശസ്ത റഷ്യൻ നോവലിസ്റ്റ് ദസ്തോവ്സ്കി അന്ന കരേനിന പരിപൂർണ്ണമായ നോവൽ എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്. യൂറോപ്യൻ സാഹിത്യത്തിൽ ഇതിനോട് കിട പിടിക്കുന്നതായി മറ്റൊരു നോവൽ ഇല്ലെന്നാണ്. ഹോളിവുഡിൻ്റെ ഇഷ്ടകഥകളിലൊന്നായ അന്ന കരേനിന പലവട്ടം ചലച്ചിത്രവൽക്കരിക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ ടൈം മാസിക 2007 ൽ എല്ലാ കാലത്തിലേയും ഏറ്റവും നല്ല പത്തു നോവലുകളിൽ ഒന്നാമതായി തിരഞ്ഞെടുത്തത് ലിയോ ടോൾസ്റ്റോയ് യുടെ അന്ന കരേനിന എന്ന കൃതിയാണ്.
വിശ്വസാഹിത്ത്യത്തിലെ ഏറ്റവും മഹത്തായ സൃഷ്ടികളിലൊന്നായി കരുതപ്പെടുന്ന പ്രസ്തുത നോവൽ ലോകത്തിലെ എല്ലാ ഭാഷകളിലും വിവർത്തനം ചെയ്തിട്ടുണ്ട്.
അടുത്ത ലക്കം മറ്റൊരു കൃതിയുമായി വീണ്ടും കാണാം❤️💕💕💕🙏