Saturday, October 19, 2024
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (12) ✍സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (12) ✍സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

കാലാവസ്ഥ സമതയിൽ നിലനിർത്തുന്നത് ദക്ഷിണോത്തര ധ്രുവങ്ങളും സപ്തസാഗരങ്ങളും സൂര്യചന്ദ്രന്മാരുമൊക്കയാണ്.

മഹാഹിമാലയങ്ങളും മഹാഹിമാനികളും നിറഞ്ഞ ദക്ഷിണ ധ്രുവത്തിൻെറ ഹൃദന്തത്തിൽ നിന്നും ഒരു നിശ്വാസം തട്ടും തടവുമില്ലാതെ സഞ്ചരിച്ച് വഴിയോരങ്ങളെ തഴുകിയും ചുറ്റിയടിച്ചും ഫൂൽക്കരിച്ചും
ദക്ഷിണാഫ്രിക്കയിലെ പൊടിനിറഞ്ഞ വായുവുമായി ചുറ്റിപ്പിണഞ്ഞ് ചീറ്റുന്നു.വീണ്ടും യാത്ര പുറപ്പെട്ട് ഗുഡ്ഹോപ്പ് മുനമ്പിനെ ആലിംഗനം ചെയ്ത് വർദ്ധിത വീര്യത്തോടെ പ്രചണ്ഡമായി വീശിയടിക്കുന്നു.പതിനയ്യായിരത്തോളം കിലോമീറ്റർ സഞ്ചരിച്ച് ശ്രീലങ്ക,കേരളം,ആൻഡമാൻ പ്രദേശങ്ങളെ ചുറ്റിവരിഞ്ഞ് അവരുടെ
വിയർപ്പൊപ്പി വീശിത്തണുപ്പിക്കുകയായി! കൂടെ തെളിച്ചു കൊണ്ടു വന്ന മേഘങ്ങളോട് പെയ്യാൻ ആജ്ഞാപിക്കുകയായി!കേൾക്കണ്ട താമസം അവർ അമൃതവർഷിണീരാഗം മീട്ടി മേഘപ്പൂക്കൾ തൂവും.

പ്രകൃതിയുടെ നിയതമായ താളം തെറ്റിയില്ലെങ്കിൽ ജൂൺ ജൂലായ് ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ നാം അനുഭവിക്കാറുള്ള ഈ പ്രതിഭാസം ചാക്രികമായി,കൃത്യമായി വന്നെത്തുന്നു!!

മൺസൂൺ !!!
മൗസം, എന്ന്

ഹിന്ദിയിലും അറബിയിലും പറയുന്ന പദത്തിൽ നിന്നും നിഷ്പന്നമാണ് മൺസൂൺ.മൗസവും മാസവുമൊക്കെ സാദൃശ്യമുള്ളവരാണ്.മാസൻ എന്നു ചന്ദ്രൻ അറിയപ്പെടുമ്പോൾ മാസലം സംവത്സരത്തെയും കുറിക്കുന്നു.

Our agriculture is a gambling with monsoon എന്നു പറയാറുണ്ട്.കാലം തോറും ആവർത്തിക്കുന്നതു കൊണ്ട് കാലവർഷമെന്നും വിശേഷണം ചേർത്ത് തെക്കുപടിഞ്ഞാറൻ കാലവർഷമെന്നും പറയാറുണ്ട്.
മൺസൂണുമൊത്തുള്ള പകിടകളിയിൽ ജയപരാജയങ്ങൾ മാറി മാറി കർഷകരെ കുഴക്കുന്ന വിപര്യയത്തിന് മനുഷ്യർ ഉത്തരവാദികളാണെന്ന്
ശാസ്ത്ര നിരീക്ഷണമുണ്ട്. കാലാവസ്ഥാവ്യതിയാനം ആഗോള പ്രതിഭാസമായി അലട്ടിക്കൊണ്ടിരിക്കുന്നു.

അഗസ്ത്യൻ

ഗമനശീലമില്ലാത്തതൊക്കെ അഗം.

ഇവിടെ പർവ്വതം എന്ന അർത്ഥത്തിലാണ് അഗം വരുന്നത്.നഗവും അചലവും പർവ്വതം തന്നെ.

അഗത്തെ സ്തംഭിപ്പിച്ചവൻ അല്ലെങ്കിൽ അഗത്തെ തല കുനിപ്പിച്ചവൻ അഗസ്ത്യൻ!

വിന്ധ്യാപർവ്വതം മഹാമേരുവിനെ തോല്പിക്കാൻ ഉയർന്നുയർന്നു പോയി.ചന്ദ്രനു വലംവയ്ക്കാൻ പ്രയാസം നേരിട്ടു.വിന്ധ്യൻ ഭീമാകാരനായി വളർന്നു. സൂര്യരശ്മി ഭൂമിയിലേയ്ക്ക് എത്താതെ തടയപ്പെട്ടു.ഭൂമി തണുക്കാൻ തുടങ്ങി.പല പ്രത്യാഘാതങ്ങളുമുണ്ടായി.വിന്ധ്യൻെറ അപ്രതിരോധ്യ ഭാവവും അഹങ്കാരവും കണ്ട അഗസ്ത്യൻ വിന്ധ്യൻെറ അടുത്തേയ്ക്ക് ചെന്നു.പർവ്വതം അഗസ്ത്യനെ കണ്ടതായി ഭാവിച്ചില്ലെങ്കിലും ഭയപ്പെട്ടു.

കുള്ളനായ മുനി.കാണെക്കാണെ വളരുന്ന പർവ്വതം!

വൈരുദ്ധ്യത്തിൽ നിന്നും ഹാസ്യമുണ്ടാകുമല്ലൊ.

സ്വാഭാവികമായും വിന്ധ്യൻ പരിഹാസച്ചിരി ഉതിർത്തു. എങ്കിലും കൊടുമുടികൾ എല്ലാം ഒതുക്കി താഴ്ത്തി മുനിയെ വണങ്ങി നിന്നു. അഗസ്ത്യനുണ്ടോ ഭാവമാറ്റം ? മുനി പറഞ്ഞു;” വിന്ധ്യാ, ഞാൻ ദക്ഷിണദേശത്തേയ്ക്ക് പോകുകയാണ്.തിരിച്ചു വരും വരെ നീ ഇങ്ങനെ തന്നെ നില്ക്കുക ” എന്നു പറഞ്ഞ് പർവ്വതത്തെ സ്തംഭിപ്പിച്ച് സ്ഥലം വിട്ടു.മഹർഷി പിന്നെ തിരിച്ചു വന്നില്ല.പർവ്വതം
ഇന്നും നിന്നനിലയിൽ തന്നെ!!

നഗം. = പർവ്വതം
നഗരം = പർവ്വതത്തെ പോലെ ഉയരമുള്ള കെട്ടിടങ്ങൾ ഉള്ള സ്ഥലം.

നഗരവുമായി ബന്ധപ്പെട്ടു
മാത്രമാണോ നാഗരികത ?

ഭാഷയുടെ പരിണാമം എത്രമേൽ ചിന്തോദ്ദീപകമാണ് !!!

✍സരസൻ എടവനക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments