Sunday, July 21, 2024
Homeസ്പെഷ്യൽവിദ്യാധരൻ., സംഗീതലോകത്തെ താപസൻ. ✍ഊരാളി ജയപ്രകാശ്

വിദ്യാധരൻ., സംഗീതലോകത്തെ താപസൻ. ✍ഊരാളി ജയപ്രകാശ്

ഊരാളി ജയപ്രകാശ്

ചില സിനിമകൾ സാങ്കേതിക കാരണങ്ങളാൽ പുറത്തിറങ്ങിയിട്ടുണ്ടാകില്ല. പക്ഷേ, അതിലെ പാട്ടോ /പാട്ടുകളോ ഹിറ്റായിട്ടുമുണ്ടാകും. “നീലക്കടമ്പ്” എന്ന സിനിമ അതിനൊരു ഉത്തമ ഉദാഹരണമാണ്. “കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി”, “ദീപം കയ്യിൽ സന്ധ്യാദീപം” തുടങ്ങി അതിലെ ഗാനങ്ങളെല്ലാം ഏറെ ഹിറ്റായി. “നീലക്കടമ്പ്” എന്ന സിനിമയെക്കുറിച്ചോ പാട്ടുകളൊരുക്കിയ കെ.ജയകുമാർ – രവീന്ദ്രൻ ടീമിനെക്കുറിച്ചോ അല്ല പറഞ്ഞുവരുന്നത്. സംഗീത സംവിധായകനും ഗായകനുമായ വിദ്യാധരനെക്കുറിച്ചാണ്. ഇറങ്ങാത്ത ഒരു സിനിമയ്ക്കുവേണ്ടി അദ്ദേഹവും ഒരു മനോഹരഗാനം ചിട്ടപ്പെടുത്തിയിട്ടുണ്ട്. “സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം, ദു:ഖഭാരങ്ങളും പങ്കു വയ്ക്കാം” എന്നുതുടങ്ങുന്ന ഈ പാട്ട് “കാണാൻ കൊതിച്ച് ” എന്ന സിനിമയിലേതാണ്. ഭാസ്കരൻ മാഷ് എഴുതിയ വരികൾ യേശുദാസും ചിത്രയും വെവേറെ പാടിയിരിക്കുന്നു. അദ്ദേഹം ആ പാട്ട് ഒരുക്കിയിട്ട് 4 പതിറ്റാണ്ടായി. പഴയ തലമുറയും പുതുമുറയും ഇന്നും ഈ പാട്ട് മൂളി നടക്കുന്നുണ്ടെങ്കിൽ, വിവിധ ചാനലുകളിലെ റിയാലിറ്റിഷോയിൽ പങ്കെടുക്കുന്ന മത്സരാർഥികൾ ആവേശത്തോടെ പാടുന്നുണ്ടെങ്കിൽ അതിൽ വിദ്യാധരൻ മാസ്റ്റർക്കുള്ള പങ്ക് വളരെ വലുതാണ്.

മറ്റു സംഗീതസംവിധായകരെ അപേക്ഷിച്ച്, ചിട്ടപ്പെടുത്തിയ പാട്ടുകൾ കുറവാണെങ്കിലും അവ ഒന്നിൽനിന്നു ഏറെ വ്യത്യസ്തമാണ് മറ്റൊന്ന് എന്നു കാണാം. “നഷ്ടസ്വർഗങ്ങളെ നിങ്ങളെനിക്കൊരു ദു:ഖസിംഹാസനം നൽകി” എന്ന പാട്ട് ശ്രീകുമാരൻതമ്പിയുടെ ഹിറ്റുകളിൽ ഒന്നാണ്. മങ്കടയ്ക്കടുത്ത പൂങ്കുടിൽ മനയിൽ വച്ചു ചിത്രീകരിച്ച, അമ്പിളി സംവിധാനം ചെയ്ത “വീണപൂവ് ” എന്ന സിനിമയിലെ ഈ ഗാനം വിദ്യാധരന്റെയും മാസ്റ്റർപീസാണ്. 1983ൽ ഇറങ്ങിയ പാട്ട് (ആമപ്പാറ സ്കൂളിൽ അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ, ഒരുദിവസത്തെ ബെനിഫിറ്റ് ഷോ ആയി കോട്ടയ്ക്കൽ ലീന തീയറ്ററിൽ നിന്നു ഈ സിനിമ കണ്ടത് ഗൃഹാതുര സ്മരണ) ഇന്നും പുതുമ ചോരാതെ നിൽക്കുന്നു. നഷ്ടസ്വർഗങ്ങളും പ്രണയഭംഗവുമെല്ലാം പുതുകാമനകളായി ശ്രീകുമാരൻ തമ്പി നിറച്ചുവച്ചതും പാട്ടിന്റെ പൊലിമ വർധിപ്പിച്ചു.

“ചന്ദനം മണക്കുന്ന പൂന്തോട്ടം, ചന്ദ്രികമെഴുതിയ മണിമുറ്റം, ഉമ്മറത്തമ്പിളി നിലവിളക്ക്, ഉച്ചത്തിൽ സന്ധ്യയ്ക്കു നാമജപം, ഹരി നാമജപം “…..
ബാലചന്ദ്ര മേനോന്റെ “അച്ചുവേട്ടന്റെ വീട് ” എന്ന സിനിമയിൽ വിദ്യാധരൻ ഒരുക്കിയ പാട്ട് രചിച്ചിരിക്കുന്നത് എസ്. രമേശൻനായരാണ്. വസന്തങ്ങൾ താലമേന്തി നിൽക്കുന്ന, മക്കൾ മൈഥിലിമാരായി വളരുന്ന അച്ചുവേട്ടന്റെ വീട്ടിൽ, ലളിതവും ഭക്തിനിർഭരവുമായ “വിദ്യാധര സംഗീത”ത്തിന് വലിയ പ്രസക്തിയുണ്ട്.
കേരളത്തിൽ പൂരം തുടങ്ങുന്നത് ആറാട്ടുപുഴയിൽ നിന്നാണ്. പിന്നീടാണ് തൃശൂർ പൂരമെത്തുന്നത്. ഗ്രാമ്യസൗന്ദര്യം ഇതളിട്ടു നിൽക്കുന്ന ഈ അനുഗൃഹീത മണ്ണിലാണ് വിദ്യാധരന്റെയും പിറവി.

പുള്ളുവൻപാട്ടും, കളമെഴുത്തുപാട്ടും, നാഗപ്പാട്ടും, കൊയ്ത്തുപാട്ടും, തോറ്റംപാട്ടുമെല്ലാം ആറാട്ടുപുഴ ഗ്രാമത്തിന് ചന്തം ചാർത്തുന്നു. കൊച്ചക്കനാശാൻ എന്നു വിളിച്ചിരുന്ന മുത്തച്ഛനിൽ നിന്നാണ് ആദ്യ സംഗീതപഠനം. പിന്നീട്, ഇരിങ്ങാലക്കുടയിലും തൃശൂരിലും പോയി ഉപരിപഠനം. സംഗീതം തലയ്ക്കുപിടിച്ചതോടെ ചെന്നൈയിലേക്കു ഒളിച്ചോട്ടം. ചെന്നുപെട്ടത് സാക്ഷാൽ ജി.ദേവരാജന്റെ മുന്നിൽ. അദ്ദേഹത്തിന്റെ നിർദേശത്തിൽ, കോറസ് പാടിയതിന് കിട്ടിയ പ്രതിഫലം 25 രൂപ. മാസ്റ്ററുടെ നിർബന്ധത്തിനു വഴങ്ങി നാട്ടിലേക്കു തന്നെ മടക്കയാത്ര. പിന്നീട്, എം.കെ. അർജുനന്റെ സഹായിയായി.

ഒട്ടേറെ നാടകഗാനങ്ങൾ പാടി. ഒടുവിൽ സിനിമയിൽ അവസരം. ശ്രീമൂലനഗരം വിജയന്റെ “എന്റെ ഗ്രാമം” എന്ന പടത്തിനു വേണ്ടി “കൽപ്പാത്ത കാലത്തോളം കാതരേ നീയെൻ മുന്നിൽ” എന്ന പാട്ട് ചിട്ടപ്പെടുത്തിയാണ് തുടക്കം. പിന്നീട്, ധാരാളം അവസരങ്ങൾ . മോഹൻലാലിനെ നായകനാക്കി ആർ.സുകുമാരൻ സംവിധാനം ചെയ്ത “പാദമുദ്ര” എന്ന സിനിമയിലെ “അമ്പലമില്ലാതെ ആൽത്തറയും വാഴും” എന്ന പാട്ടും ഏറെ ഹിറ്റായി. കുടപ്പനക്കുന്ന് ഹരിയുടേതായിരുന്നു വരികൾ. പി.ഭാസ്കരൻ മുതൽ റഫീഖ് അഹമ്മദ് വരെയുള്ള പാട്ടെഴുത്തുകാർക്കൊപ്പമെല്ലാം സഹകരിച്ചു. സംഗീതസംവിധായകൻ എന്നതിനുപുറമേ ഗായകൻ എന്ന നിലയിലും തിളങ്ങിയിട്ടുണ്ട് മാഷ്. ടി.വി.ചന്ദ്രന്റെ “കഥാവശേഷൻ” എന്ന സിനിമയിലെ “കണ്ണുനട്ടു കാത്തിരുന്നിട്ടും” എന്ന പാട്ട് ഭാവഗായകൻ പി.ജയചന്ദ്രനൊപ്പമാണ് ആലപിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്കു എം.ജയചന്ദ്രനാണ് ഈണമിട്ടത്.

സിനിമകൾ, ഭക്തിഗാനങ്ങൾ, ആൽബങ്ങൾ …. മാഷിന് ഇപ്പോഴും എപ്പോഴും തിരക്കോടുതിരക്കാണ്.

✍ഊരാളി ജയപ്രകാശ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments