Thursday, December 26, 2024
Homeസ്പെഷ്യൽശുഭചിന്ത - (99) പ്രകാശഗോപുരങ്ങൾ - (75) ധനശക്തി

ശുഭചിന്ത – (99) പ്രകാശഗോപുരങ്ങൾ – (75) ധനശക്തി

✍ പി. എം.എൻ.നമ്പൂതിരി.

പണംകൊണ്ട് എല്ലാം സാധിക്കാമെന്നാണ് പലരുടേയും ധാരണ. വലിയ ഡിഗ്രിക്കൾ, ഉദ്യോഗം, പദവി, സുഖഭോഗവസ്തുക്കൾ എല്ലാം ഇപ്പോൾ പണം കൊടുത്താൽ കിട്ടുമെന്ന നിലയിലായിരിക്കുന്നു. മാത്രമല്ല പണത്തിൻ്റെ ആധിപത്യം ഏതാണ്ട് എല്ലാ മേഖലകളേയും കീഴടക്കിയിരിക്കുകയാണ്. ക്ഷേത്രങ്ങളിലും പള്ളികളിലും ആശ്രമങ്ങളിലും എല്ലാംതന്നെ ഈ ശക്തി പടിമുറുക്കിയിരിക്കുകയാണ്. അതിനാൽ തന്നെ അവിടെയൊക്കെ ചേരിപ്പോരുകളും ഉണ്ടാകുന്നു. വൈദ്യവും വിദ്യയും ധർമ്മമായി ജനങ്ങൾക്കു നൽകണമെന്ന് പണ്ടത്തെ ഭരണാധികാരികൾക്കു നിർബന്ധമായിരുന്നു. ഇന്നാവട്ടെ ഈ രണ്ടു മേഖലകളേയും ധനം അടക്കിവാഴുകയാണ്. ധനശക്തി ലോകത്തു ഉടനീളം ശക്തമായി കൊണ്ടിരിക്കുകയാണ്. പണത്തിലൂടെ അധികാരവും അധികാരത്തിലൂടെ പണവും എന്ന ദൂഷിതവലയത്തിൽ നാം പെട്ടിരിക്കുകയാണ്.

നമുക്കാവശ്യമുള്ള പല സുഖഭോഗവസ്തുക്കളും പണംകൊണ്ട് നേടാം എന്നതു ശരിതന്നെ. സഞ്ചരിക്കാൻ കാർ, താമസിക്കാൻ എ.സി. ബംഗ്ലാവ്, നല്ല ഭക്ഷണം, വിലകൂടിയ വസ്ത്രങ്ങൾ, വിനോദോപാധികൾ എല്ലാം പണം കൊണ്ടു നേടാം. പക്ഷെ, പണം കൊണ്ടു കിട്ടാത്ത ചിലതുണ്ട്. മന:ശാന്തി, സന്തോഷം, സ്നേഹം, ഉറക്കം, വിശപ്പ്, അറിവ്, വിവേകം ഇങ്ങനെ പലതും. ജീവിക്കാൻ പണം കൂടിയേ തീരൂ.പക്ഷെ ഒടുങ്ങാത്ത ധനതൃഷ്ണ ദു:ഖം മാത്രമേ തരുകയുള്ളൂ. മനുഷ്യജീവിതം ധന്യമാകുന്നത് ധനം കൊണ്ടല്ല. ജീവിക്കാൻ പണം വേണമെന്ന് ഓർത്തുകൊണ്ടുതന്നെ മനസ്സിലാക്കൂ അമൂല്യങ്ങളായ പലതും നേടാൻ പണത്തിനാവില്ല എന്ന്.

ആഗ്രഹങ്ങൾ തിരമാലകൾപോലെ ഒന്നിനുപിറകെ ഒന്നായി വന്നു കെണ്ടേയിരിക്കുകയാണ്. അഗ്നിയിൽ നെയ്യ് ഒഴിക്കുമ്പോൾ തീ ആളികത്തുന്നതു പോലെയാണ് പണം വർദ്ധിക്കുമ്പോൾ ആർത്തി വർദ്ധിക്കുന്നത്. കോടിക്കണക്കിന് ആസ്തി ഉള്ളവരല്ലേ ബാങ്ക് മോഷണവും കൊലപാതകവും നടത്തുന്നത്. ഈ ദുരാഗ്രഹികൾക്ക് എന്നെങ്കിലും മന:സ്വസ്ഥത സ്വപ്നം കാണാനെങ്കിലും പറ്റുമോ? അതുകൊണ്ട് ജീവിക്കുവാൻ വേണ്ടിയുള്ളത് മാത്രം സമ്പാദിക്കുക. ജീവിക്കാനുള്ള ഭക്ഷണവും മിതമായ സുഖസൗകര്യങ്ങളും മാത്രം നേടുക. ഭാരതത്തിൽ പണ്ടുണ്ടായിരുന്ന ഋഷീശ്വരന്മാർ സമ്പന്നരായിരുന്നോ? ഈറയും മുളയുംകൊണ്ടു മേഞ്ഞ പർണ്ണശാലകളിൽ കഴിഞ്ഞിരുന്ന നമ്മുടെ ആ പൂർവ്വികർ എത്ര ശാന്തിയും സമാധാനവും അനുഭവിച്ചവരായിരുന്നു!!!. എന്നാൽ നമ്മളോ! കൂടുതൽ സമ്പന്നരാകാൻ വേണ്ടി ദിനംപ്രതി നെട്ടോട്ടം ഓടുകയാണ്. പരിഷ്ക്കാരികളെന്നഭിമാനിക്കുന്ന ആധുനിക മനുഷ്യൻ ഭവിഷത്തു മറന്ന് എന്തൊക്കെ പാപങ്ങളാണ് ചെയ്തുക്കൂട്ടുന്നത്? ഒരു വീട്ടിൽ നാലുപേർ വസിക്കുന്നുണ്ടെങ്കിലും അവർ നാലു ദ്വീപുകളിലെന്നപോലെയാണ് കഴിയുന്നത്. മനുഷ്യൻ നേടിയ അറിവും ശക്തിയും അവനിൽ കൂടുതൽ സ്വാർത്ഥത വളർത്താനും അങ്ങനെ കൂടുതൽ ഒറ്റപ്പെടാനുമാണിടയാക്കിയിട്ടുള്ളത് പണം മനുഷ്യൻ്റെ കണ്ണിനെ അഞ്ചിപ്പിക്കുന്നു. മനസ്സിനെ ചെറുതാക്കുന്നു. ഈ ഒറ്റപ്പെടലിൻ്റെ സാമൂഹ്യമാനങ്ങളാണ് ഇന്നു കാണുന്ന എല്ലാ സംഘർഷങ്ങൾക്കും പിന്നിൽ. ഒന്നു മനസ്സിലാക്കുക! പണത്തിനും സ്ഥാനമാനങ്ങൾക്കും സ്ഥായിയായ സുഖം തരാനാവില്ല. വനത്തിലെ ചന്ദനമരങ്ങൾ വിറ്റു കാശാക്കിയ, നൂറ് കണക്കിനു കാട്ടാനകളെയും അനേകം മനുഷ്യരെയും കൊന്നൊടുക്കിയ വീരപ്പൻ ഒരൊറ്റ രാത്രിയെങ്കിലും സുഖമായി ഉറങ്ങിയിട്ടുണ്ടാവില്ല.പണ്ട് ബ്ലഡ്പ്രഷർ എന്നൊരു അസുഖത്തെപ്പറ്റി കേട്ടിട്ടു തന്നെ ഉണ്ടായിരുന്നില്ല.എന്നാൽ ഇന്നോ? മനുഷ്യമനസ്സിൻ്റെ മൃതുലതന്ത്രികൾ വലിഞ്ഞുമുറുകിയ റബ്ബർബാൻഡുപോലെ ഏതു നിമിഷവും പൊട്ടിപ്പോകാവുന്ന സ്ഥിതിയിലാണ്. കിടപ്പുമുറിയിൽ എവിടെയോ മൂർഖൻപാമ്പിരിപുണ്ടെന്നറിഞ്ഞുകൊണ്ട് കിടന്നുറങ്ങേണ്ടിവരുന്നവൻ്റെ ടെൻഷനാണ് ഏവർക്കും. സുനാമി, കൊറോണാ മുതൽ ബോംബു വരെയുള്ള ഭീതിതങ്ങളായ ദുരന്താനുഭവങ്ങളെ ഭയന്നു കഴിയുകയാണ് മനുഷ്യർ. അണുവായുധത്തേക്കാൾ ഭയാനകമാണ് ധാർമ്മികബോധമില്ലായ്മ. തിരക്കേറിയ ചുറ്റുപാടുകൾ, സമയമില്ലായ്മ, അയൽക്കാരനെപ്പോലെ അടിപൊളി ജീവിതം നയിക്കാനുള്ള അമിതാസക്തി മുതലായവയാണ് പിരിമുറുക്കത്തിനുള്ള പ്രധാന കാരണം.

അമിതമായി പണമുണ്ടായാൽ നമ്മുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സ്നേഹം കൂടുകയില്ല എന്നു മാത്രമല്ല കുറയുകയും ചെയ്യും. സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരർ കുടുംബ സ്വത്തു ഭാഗിക്കുമ്പോൾ അകലുന്നു എന്നത് വസ്തുതയല്ലേ? ഒരുമയോടെ പരസ്പരം നക്കികൊണ്ടു കിടക്കുന്ന നായ്ക്കളുടെ മുമ്പിലേയ്ക്ക് അല്പം ഭക്ഷണം വെച്ചുകൊടുത്താൽ കാണാം അവർ തമ്മിൽ കടിച്ചുകീറുന്നത്. ഒരിക്കലും പണം നമ്മേ നിയന്ത്രിക്കാൻ അനുവദിക്കരുത്. പണത്തെ നമ്മുടെ നിയന്ത്രണ വിധേയമാക്കാനാകണം.

മരുഭൂമിയിൽ മരീചികകണ്ട് വെള്ളത്തിനു വേണ്ടി ഓടി ക്ഷീണിച്ചു തളരുന്ന മാനിനെപ്പോലെ നാം ഓടുകയാണ്. ദൂരെ ഉണ്ടെന്ന് തോന്നിക്കുന്ന, യഥാർത്ഥത്തിൽ ഇല്ലാത്ത, സുഖാനുഭവങ്ങൾക്കായി പ്രപഞ്ചമരുഭൂമിയിൽ നാം ഓടിയോടി പൊരിഞ്ഞു മരിക്കുകയാണ്.

ഇതൊക്കെയറിത്താട്ടം നിതാന്ത സൗഖ്യം തരുന്ന ഈശ്വര ചിന്തയിൽ നാം വിമുഖരാണ്. ഇന്നലത്തെ നിരാശ, നാളത്തെ പ്രതീക്ഷ ഇവയ്ക്കിടയിൽ കിടന്ന് നാം ഉഴലുകയാണ്. ഒന്നും ചെയ്യാനാവാതെ, ഓർമ്മകൾ മാത്രം ബാക്കിയുള്ള ഒരു കാലം വരും. അന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാവും താൻ ചെയ്തതിൻ്റെയൊക്കെ വ്യർത്ഥത. വേണ്ടത് ചെയ്യാൻ പറ്റാത്തതിൻ്റെ കുറ്റബോധം.

പി. എം.എൻ.നമ്പൂതിരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments