Thursday, January 9, 2025
Homeസ്പെഷ്യൽശുഭചിന്ത - (85) പ്രകാശഗോപുരങ്ങൾ - (61) 'മൂല്യാധിഷ്ഠിത വിദ്യാഭ്യാസം'

ശുഭചിന്ത – (85) പ്രകാശഗോപുരങ്ങൾ – (61) ‘മൂല്യാധിഷ്ഠിത വിദ്യാഭ്യാസം’

പി. എം.എൻ.നമ്പൂതിരി.

എന്താണ് നമ്മുടെ സമ്പത്ത് ? ചിലർ പറയുന്നു ഭൗതിക നേട്ടങ്ങളാണെന്ന്. എന്നാൽ മറ്റു ചിലർ പറയുന്നത് ഉന്നത പദവികളും അവ തരുന്ന സ്ഥാനമാനങ്ങളുമാണെന്നാണ്. നമുക്ക് എല്ലാവർക്കും സുപരിചിതമായ ഒരു തത്ത്വമാണ് “വിദ്യാധനം സർവ്വധനാൽ പ്രധാനം” വിദേശങ്ങളിൽ വിദ്യയാണ് ധനമായി കാണുന്നത്. എന്നാൽ വ്യസനത്തിൽ ബുദ്ധിയാണ് ധനം. എന്നാൽ പരലോകത്തിൽ നമ്മുടെ ധനം ധർമ്മകർമ്മങ്ങളാണ്. എന്നാൽ എല്ലായിടത്തും ധനമായി വർത്തിക്കുന്ന ഒന്നുണ്ട്. അതാത് സൽസ്വഭാവം. കൊടുക്കുവാൻ കഴിയുന്നതിൽ ഏറ്റവും നല്ലത് കെടുക്കുകയാണെങ്കിൽ അതിലും നല്ലത് നമുക്ക് തിരിച്ചു കിട്ടും. മനസ്സിൽ നന്മയുള്ളവർക്കു മാത്രമേ അന്യരിലെ നന്മ തിരിച്ചറിയാൻ കഴിയൂ.

ഒന്നു മനസ്സിലാക്കുക! മനുഷ്യനെ സംസ്ക്കരിച്ച് പൂജ്യനാക്കാൻ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ. വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം തന്നെ അതാണ്. പക്ഷെ ആ ലക്ഷ്യം നേടുന്നതിൽ നാം ഇപ്പോൾ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യത്വം വികസിപ്പിക്കാൻ കഴിയാത്ത വിദ്യാഭ്യാസം പാഴ് വേലയാണ്. അറിവിനോടൊപ്പം സ്വഭാവ ഗുണവും വികസിപ്പിക്കുന്നതിൽ വിദ്യാഭ്യാസ സമ്പ്രദായം ഉറപ്പുവരുത്തണം. ഉദാഹരണം പറയുകയാണെങ്കിൽ രാവണനും ദുര്യോധനനും അറിവിൽ നിസ്തുലമായ നിലവാരം നേടിയിരുന്നു. എന്നാൽ അവരുടെ മനസ്സുകൾ മലിനമായിരുന്നതിനാൽ ആ അറിവുകൊണ്ട് അവർക്ക് പ്രയോജനമുണ്ടായില്ല. യഥാർത്ഥ വിദ്യാഭ്യാസം വെറും ജീവിതമാർഗ്ഗം കണ്ടെത്താൻ മാത്രമാകരുത്. വിദ്യാഭ്യാസം കൊണ്ട് മാനവ ഗുണങ്ങളും വികസിപ്പിക്കാൻ കഴിയണം. ജീവിതലക്ഷ്യം ശാശ്വത സൗഖ്യം നേടലാണ്. ക്ഷണികസുഖം ആർജ്ജിക്കലല്ല. ഓരോ മനുഷ്യനും സന്തുഷ്ടി ലഭിക്കാൻ വേണ്ടി, അത് എവിടെനിന്നു കിട്ടുമെന്നറിയാതെ, ആ ലക്ഷ്യം മുൻനിർത്തി നിരന്തരം യത്നിക്കുകയാണ്. ഒന്നു കിട്ടുമ്പോൾ മറ്റൊന്നിനുവേണ്ടി വെമ്പൽ കൊള്ളുകയാണ്. എന്തു ലഭിച്ചാലും സന്തുഷ്ടി ലഭിക്കാതെ ചുറ്റിക്കറങ്ങുകയാണ്. എന്നാൽ നമ്മുടെ നോട്ടം നമ്മളിലേയ്ക്കു തന്നെ തിരിക്കുകയാണ് നാം ചെയ്യേണ്ടത്. കാരണം നിത്യാനന്ദം ആന്തരികമാണ്. ഈ അറിവ് പകരുന്നതാണ് ശരിയായ വിദ്യ.വിദ്യാഭ്യാസം നമ്മെ സദാചാരങ്ങളിലേക്കും സൽക്കർമ്മങ്ങളിലേക്കും നയിക്കുന്നില്ലെങ്കിൽ അത് ഒരു മിഥ്യാഭ്യാസമായി മാറും. സത്യം, ജീവകാരുണ്യം, പക്വത, ഋജുത, മധുരഭാഷണം, പെരുമാറ്റത്തിൽ വിനയം, മര്യാദ, മറ്റുള്ളവരെപ്പറ്റി പരിഗണന, ലോകക്ഷേമകാംക്ഷ ഇവയൊക്കെയാണ് ധർമ്മനിഷ്ഠയുടെ ഘടകങ്ങൾ. കഠിനാദ്ധ്വാനം, സേവനതൃഷ്ണ, ആത്മവിശ്വാസം, ക്ഷമ എന്നിവയിലൂടെ സ്വഭാവസംസ്കരണം സാധിക്കേണ്ടതിനെപ്പറ്റി ആചാര്യന്മാർ ഉദ്ബോധിപ്പിക്കുന്നുണ്ട്. സയൻസിനും ടെക്നോളജിക്കും കൂടുതൽ സ്ഥാനം കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷെ, മാനവിക വിഷയങ്ങളെ അവഗണിച്ചാൽ ഹൃദയവിശാലതയില്ലാത്ത സംസ്ക്കാരദരിദ്രരായ ബുദ്ധിരാക്ഷസന്മാരെ സൃഷ്ടിക്കലാവും ഫലം.

എന്നാൽ ഇന്നത്തെ സ്ഥിതി എന്താണ്? വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് അമേരിക്കയാണെന്ന് പറയുന്നു. എന്നാൽ ഏറ്റവും കൂടുതൽ മനോരോഗികൾഉള്ള രാജ്യവും അമേരിക്കതന്നെയാണ്. അവിടെ പലർക്കും ഉറങ്ങണമെങ്കിൽ ഗുളിക വേണമത്രെ. മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരും അവിടെ ധാരാളമാണ്. എന്നാൽ ഇവിടെ നമ്മുടെ രാജ്യത്തും റാങ്കുജേതാക്കൾ, ബുദ്ധിശക്തി ഏറെയുള്ളവർ പലരും മനസ്സിൻ്റെ താളം തെറ്റിയവരാണ്. അതു കൊണ്ട് I. Q വിനല്ല EQ (Emotional quotient) നാണ് പ്രാധാന്യം കൊടുക്കേണ്ടത്. വിദ്യയും വിവരവും കൂടുമ്പോൾ ജീവിതം അർത്ഥപൂർണ്ണവും ആസ്വാദ്യകരവും ആകേണ്ടതാണ്. പക്ഷെ നേരെ മറിച്ചാണ് ഇവിടെ സംഭവിക്കുന്നത്. വിദ്യാഭ്യാസം കുറഞ്ഞ ഒരു ഗ്രാമീണൻ്റെ വിനയമോ നിഷ്കളങ്കതയോ അഭ്യസ്തവിദ്യരിൽ കാണുന്നില്ല. ഇത് നമ്മുടെ വിദ്യഭ്യാസ സമ്പ്രദായത്തിൻ്റെ തകരാണെന്ന് മനസ്സിലാക്കുക.

അമ്മ, അച്ഛൻ, ഗുരു, സ്നേഹിതർ, പരിസരം ഇവരിൽ നിന്നെല്ലാം ലഭിച്ച വിദ്യാഭ്യാസത്തിൻ്റെ ആകത്തുകയാണല്ലോ നമുക്ക് ലഭിക്കുന്ന വിദ്യ. എന്തായാലും ജീവിതാസ്വാസ്ഥ്യം കൂടുകയാണ്. ഇരുൾ കൂടുന്നു.പണത്തിനോടും സുഖത്തിനോടുമുള്ള വാഞ്ഛ കൂടുകയാണ്. ധാർമ്മികത കുറയുന്നു. ലാഭചിന്ത നന്മകൾക്ക് മീതെയാകുന്നു. അപ്പോൾ ഒരു സംശയം! എവിടെയാണ് കുഴപ്പം? നാം കൊടുക്കുന്ന വിദ്യാഭ്യാസത്തിനാണോ? എങ്ങനെയും വിജയിക്കുക എന്നതുമാത്രം ലക്ഷ്യമാവുമ്പോൾ ജീവിതത്തിലെ മറ്റു മൂല്യങ്ങളെല്ലാം ഹോമിക്കപ്പെടുകയാണ്. സത്യസന്ധത ദൂരെ എറിയപ്പെടുന്നു. വിജയം പരമപ്രധാനമാകുന്നിടത്ത് അന്യനോടുള്ള പരിഗണന കാണില്ല. നേഴ്സറിക്ലാസ്സു മുതൽ തന്നെ അനാരോഗ്യകരമായ മത്സരം നാം വളർത്തുകയാണ്. മത്സരിച്ചു വിജയിക്കുമ്പോൾ അഹന്ത വളരുകയാണ്. കലോത്സവം എൻട്രൻസ് പരീക്ഷ എന്തുമാകട്ടെ അയൽക്കാരനെക്കാൾ, സഹപാഠിയേക്കാൾ മിടുക്കനാകണമെന്ന ഒറ്റചിന്ത മാത്രം മനസ്സിൽ കൊണ്ടു നടക്കുകയാണ്. ആ ലക്ഷ്യബോധത്തിൽ മാർഗ്ഗത്തിനു സ്ഥാനമില്ല. അതോടെ നന്മ തീണ്ടാത്ത വിഷച്ചെടിയായി വളരുകയാണ്. സത്യമാർഗ്ഗത്തിലൂടെ ചരിക്കുന്നവന്, ജീവിതമൂല്യങ്ങൾക്കു വില കല്പിക്കുന്നവന് ഭൗതികമായ വലിയ നേട്ടമുണ്ടായില്ലെങ്കിലും സമൂഹ മദ്ധ്യത്തിൽ അന്തസ്സോടെ തലയുയർത്തി നടക്കാം. ഈ ബോധം വിദ്യർത്ഥിയായിരിക്കുമ്പോൾ തന്നെ കിട്ടണം. അത് നൽകാൻ പറ്റിയ ഗുരുവും ഉണ്ടാകണം. അറിവിനെ സ്നേഹിക്കാനും പഠിത്തത്തെ ഇഷ്ടപ്പെടാനുമുള്ള ആവേശം ശിഷ്യനിലുണ്ടാക്കുകയാണ് ശരിയായ ഗുരുവിൻ്റെ പ്രഥമ കർത്തവ്യം.

ബുദ്ധിശക്തിയേയും ചിന്താശക്തിയെയും സന്മാർഗ്ഗത്തിലേക്കു തിരിച്ചുവിടുന്ന വിദ്യാഭ്യാസം നൽകിയില്ലെങ്കിൽ പണമില്ലാത്തവരെ തിരിഞ്ഞു നോക്കാത്ത ഡോക്ടറെയും, കൈക്കൂലിവാങ്ങി പൊളിയാറായ പാലം ഫിറ്റാണെന്ന് സർട്ടിഫൈചെയ്യുന്ന എൻജിനീയറെയും, ട്യൂഷൻ വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ വിൽക്കുന്ന അദ്ധ്യാപകനെയും ഒക്കെയായിരിക്കും നാം സൃഷ്ടിക്കുക.

പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments