നമ്മുടെ സമൂഹം
പണ്ട് രാജഭരണകാലത്ത്, വിദ്യയും വൈദ്യവും സർവ്വജനങ്ങൾക്കും സൗജന്യമായി ലഭിക്കണമെന്നു നിർബന്ധമായിരുന്നു.എന്നാൽ ഇപ്പോൾ ഈ രണ്ടു മേഖലകളുമാണ് ഏറ്റവും വലിയ വാണിജ്യകേന്ദ്രങ്ങളായി തീർന്നിരിക്കുന്നതും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർക്കുവേണ്ടതു പണമാണെങ്കിൽ, ലക്ഷങ്ങൾ കൊടുത്തു സ്വന്തം കുട്ടികളെ പ്രൊഫഷണൽ കോഴ്സുകൾക്കു വിടുന്ന രക്ഷിതാക്കളുടെ ലക്ഷ്യവും മറ്റൊന്നല്ല. അർഹിക്കാത്ത യോഗ്യതകൾ നേടി, അർഹിക്കാത്ത ഉദ്യോഗം നേടി, മുടക്കുമുതലിൻ്റെ ആയിരം മടങ്ങു തിരിച്ചുകൊണ്ടുവരണം എന്ന ഉദ്ദേശം മാത്രമേ മാതാപിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്നുള്ളൂ. അങ്ങനെ അർഹതയില്ലാത്തവർ ഡോക്ടറോ, എൻജിനീയറോ ആയാൽ അതിൻ്റെ ദോഷഫലം അനുഭവിക്കേണ്ടതു പാവപ്പെട്ട മനുഷ്യരാണെന്ന് ഓർക്കണം. ആതുരശുശ്രൂഷാരംഗവും ഇക്കാലത്ത് ബിസിനസ് കേന്ദ്രമായിട്ടാണ് കാണുന്നത്. ഒന്നോ രണ്ടോ ഗുളികകൾകൊണ്ടു മാറാവുന്ന രോഗത്തിന് E.C.G.യും സ്ക്കാനിങ്ങും ഒക്കെയായി ടെസ്റ്റുകൾ നീളുന്നു. അങ്ങനെ രോഗികൾ ചൂഷണത്തിനു വിധേയരാകുകയാണ്. സിസേറിയനും ഹൃദയശസ്ത്രക്രിയയും ആവശ്യത്തിലധികം നടക്കുന്നു എന്ന് പ്രസിദ്ധ ഭിഷഗ്വരന്മാർതന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. ആശുപത്രി .ഉടമകൾ, ഡോക്ടർമാർ, മരുന്ന്കമ്പനിക്കാർ ഇവർ ഒന്നുചേർന്ന് രോഗികളെ സേവിക്കുന്നു. രാഷ്ട്രീയ പ്രവർത്തനമണ്ഡലവും ആത്മീയകേന്ദ്രങ്ങൾപോലും പണാധിപത്യത്തിൻ്റെ നെടുംതൂണുകളാവുകയാണ്. മൂല്യബോധം നഷ്ടപ്പെട്ട വെറും ഒരാൾക്കൂട്ടമായി മാറിയിരിക്കുകയാണ് നമ്മുടെ സമൂഹം. ഏറെക്കുറെ എല്ലാവരുടേയും ജീവിതലക്ഷ്യം ഒരു ജോലിയും ചെയ്യാതെ കൂടുതൽ പണം സമ്പാദിക്കുക എന്നു മാത്രമായി തീർന്നിരിക്കുന്നു. ഇതിനൊക്കെ പ്രധാന കാരണം താപസചൈതന്യത്തോടെ നമ്മെ നയിക്കാൻ നല്ല നേതൃത്വം ഇല്ല എന്നതുതന്നെ.
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കാലം പോയി. ഇന്നും പട്ടിണിയുണ്ടെങ്കിലും പഴയതോതിലില്ല. സമൃദ്ധിയുടെ വേലിയേറ്റത്തിൽ മഹാഭൂരിപക്ഷത്തിനും അടിതെറ്റിയിരിക്കുകയാണ്. വരവ് കൂടി ചെലവ് അതിലും കൂടി. ഇനി എന്തുവേണമെന്നറിയാതെ ഉഴലുകയാണ് ജനം. എത്ര പണം കിട്ടിയാലും ചെലവിന് തികയുന്നില്ല. അതോടെ പണത്തിനുവേണ്ടി എന്തു ചെയ്യുവാനും ജനങ്ങൾക്ക് മടിയില്ലാതായിതീർന്നു. എന്തൊക്കെ ചെയ്തിട്ടും എങ്ങനെയൊക്കെ സമ്പാദിച്ചിട്ടും സന്തോഷമില്ലായ്മയാണ് എവിടേയും കാണുന്നത്.
സമൂഹത്തിൽ വ്യക്തികൾ തമ്മിലും കുടുംബത്തിൽ അംഗങ്ങൾ തമ്മിലുമുള്ള ആശയവിനിമയം കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്.അതോടെ കുടുംബബന്ധങ്ങൾ വരെ തകരുന്നു, പങ്കുവെയ്ക്കൽ മനോഭാവം, പരസ്പരവിശ്വാസം ഇവ ആധുനിക കേരളീയ കുടുംബങ്ങളിൽ അന്യമായിത്തീർന്നിരിക്കുകയാണ്. ഈ ആധുനികവൽക്കരണത്തിൻ്റെ പ്രധാന ഇരകൾ കുട്ടികളും വൃദ്ധന്മാരുമാണ്. കുഞ്ഞുങ്ങളുമായി ആശയവിനിമയം നടത്താൻ ജോലിത്തിരക്കിനിടയിൽ മാതാപിതാക്കൾക്ക് സമയമില്ല. സ്വന്തം കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാനോ സ്നേഹിക്കാനോ സമയമില്ല. പഠിത്തത്തിൽ മാർക്ക് കുറഞ്ഞാലോ, ശാസന, കടുത്ത ശിക്ഷ എന്നിവ മുറപോലെ നടക്കുന്നു. എന്തിലും ഏതിലും കുറ്റം കണ്ടെത്തുമ്പോൾ കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം തന്നെ നഷ്ടമാകുകയാണ്.അതോടെ അവർക്ക് സ്നേഹം, വിനയം,കാരുണ്യം എന്നീ സൽഗുണങ്ങൾ ഇല്ലാതാവുന്നു. വാത്സല്യം ലഭിക്കാതെ ബാല്യം നഷ്ടപ്പെടുന്ന അവർക്ക് സമൂഹത്തോട് പ്രതിബദ്ധത കാട്ടാനാവില്ല. അതിരാവിലെ വീട്ടിൽനിന്നിറങ്ങി സന്ധ്യ കഴിഞ്ഞുമാത്രം മടങ്ങിയെത്തുന്ന ദമ്പതികൾക്കു പരസ്പരമോ കുട്ടികളുമായോ സൗഹൃദം പങ്കിടാനാവുന്നില്ല. അതോടെ അച്ഛൻ, അമ്മ, മക്കൾ ഓരോ തരത്തിൽ ജീവിക്കുകയാണ്.അതോടെ ബന്ധം ഉലയുന്നു. ദാമ്പത്യത്തിലെ ചില്ലറ പിണക്കങ്ങൾപോലും ആളികത്തുന്നു. വാക്കുകൾ അഗ്നിയാണെന്ന കാര്യവും മറക്കുകയായി. ട്യൂഷൻ ഹോമുകളിൽ മാറി മാറി ഓടുന്ന പിഞ്ചു കുഞ്ഞുങ്ങൾ വിധിയുടെ ബലിമൃഗങ്ങളായിത്തീരുന്നു. കുടുംബഭാരം കൂടുന്നതോടെ മാതാപിതാക്കൾ, അനാവശ്യഭാരമായി തോന്നുകയും അവർക്ക് വേണ്ടി വൃദ്ധസദനങ്ങളെ അഭയം പ്രാപിക്കുകയും ചെയ്യകയായി. വീട്ടിലും വിദ്യാലയത്തിലും പ്രോത്സാഹനമോ സ്നേഹമോ ലഭിക്കാത്ത കുട്ടികൾ ഭാവിയിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമയായിത്തീരുകയാണ്.അങ്ങനെ അവർ ഒടുവിൽ കൊടും കുറ്റവാളികളായി സമൂഹത്തിന് വിപത്തായി മാറുന്നു.
മൈക്കൽ ആഞ്ജലോ എന്ന വിശ്വപ്രസിദ്ധ ചിത്രകാരന് ഉണ്ണിയേശുവിൻ്റെ ഒരു ചിത്രം വരയ്ക്കണമെന്ന മോഹമുണ്ടായി.അതിനായി ഒരു മോഡലിനെ അന്വേഷിച്ച് നാടായ നാടു മുഴുവൻ നടന്നു. ഒടുവിൽ ഓമനത്തവും സൗന്ദര്യവുമുള്ള ഒരു ആൺകുട്ടിയെ കണ്ടെത്തി. അവനെ മോഡലായി ചിത്രം വരച്ചു. ഉണ്ണിയേശു വിശ്വപ്രസിദ്ധമായി. ആ ചിത്രം ആഞ്ജലോയ്ക്ക് നിരവധി അവാർഡുകൾ നേടിക്കൊടുത്തു.
ഏതാണ്ട് 25 വർഷങ്ങൾക്കുശേഷം ആ ചിത്രകാരന് മറ്റൊരാഗ്രഹം. യേശുദേവനെ മുപ്പതു വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യുദാസിൻ്റെ ചിത്രം വരയ്ക്കണം. മോഡൽ തേടി ജയിലുകൾ തോറും കയറിയിറങ്ങി. വഞ്ചനയും ക്രൂരതയും കാപാട്യവും ഒന്നുപോലെ നിറഞ്ഞ മുഖമുള്ള ആരേയും കണ്ടുകിട്ടിയില്ല. അവസാനം താനുദ്ദേശിച്ച മുഖമുള്ള ഒരു ജയിൽപുള്ളിയെ കണ്ടെത്തി. അയാളെ മോഡലാക്കി ചിത്രം രചിച്ചു പൂർത്തിയായപ്പോൾ ചിത്രകാരനു തികഞ്ഞ ആത്മസംതൃപ്തിയും സന്തോഷവും തോന്നി. അദ്ദേഹം ആ ജയിൽപുള്ളിയോട് തൻ്റെ അളവറ്റ കൃതജ്ഞത പ്രകാശിപ്പിച്ചു. ചിത്രകാരൻ്റെ ഭാവനയിലെ യൂദാസിൻ്റെ മുഖമുള്ള ആ മനുഷ്യൻ്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. അയാൾ ഗദ്ഗദത്തോടെ പറഞ്ഞു ” 25 വർഷങ്ങൾക്കുമുമ്പ് അങ്ങ് ഒരു കുട്ടിയെ മോഡലാക്കി ഉണ്ണിയേശുവിനെ വരച്ചില്ലേ? ആ കുട്ടിതന്നെയാണ് ഞാൻ. ഉണ്ണിയേശുവായിരുന്ന എന്നെ യൂദാസാക്കി മാറ്റിയതിൽ ഈ സമൂഹത്തിന് പങ്കില്ലേ?
ഇളംപ്രായത്തിൽ സാഹചര്യത്തിൻ്റെ സമ്മർദ്ദങ്ങളിൽപെട്ട് തെറ്റിലേക്കു വീണുപോകുന്ന കുട്ടികളെ നേരേയാക്കാൻ മാതാപിതാക്കളും അദ്ധ്യാപകരും ശ്രദ്ധിച്ചേ മതിയാകൂ. അറിവും ആരോഗ്യവും കൊടുക്കുന്നതുപോലെതന്നെ പ്രധാനമാണ് സ്വഭാവ രൂപീകരണവും. ഇതിലൊന്നും ശ്രദ്ധിക്കാൻ താല്പര്യമില്ലാതെ, സമയം കിട്ടാതെ മുമ്പെങ്ങുമില്ലാത്തവിധം ആഘോഷജീവിതം നയിക്കുകയാണ് നാം ചെയ്യുന്നത്. ചെലവും വരുമാനവും പൊരുത്തപ്പെടുത്താനാവാതെ ആഡംബര ജീവിതം നമ്മെ കരിമ്പിൻ ചണ്ടിപോലെ ചവച്ചുതുപ്പും. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവ്വതങ്ങൾക്കുമേലേയാണ് ആർഭാടത്തിൻ്റെ സ്വപ്നഗോപുരങ്ങൾ പണിതുയർത്തുന്നതെന്നു നാം ഓർക്കണം. ഒടുവിൽ ആഘോഷത്തിൻ്റെ വീട്ടാക്കടത്തിൽ ആഴ്ന്നു മുങ്ങുന്നു. റെയിൽപാളത്തിൽ , ഒരു മുഴം കയറിൽ ,വിഷക്കുപ്പിയിൽ …. ഉള്ളവർ പണമെറിഞ്ഞു ജീവിക്കട്ടെ ….. ഇല്ലാത്തവർ അതറിഞ്ഞു ജീവിക്കണം.