കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി.രാമനാട്ടം എന്ന കല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്. ഇന്ന് പ്രസിദ്ധ കഥകളി ആചാര്യൻ മങ്കൊമ്പ് ശിവശങ്കരൻ പിള്ളയുടെ ഓർമ്മകളാവാം.
കെ ജി കൃഷ്ണപിള്ളയുടേയും പാർവതി അമ്മയുടേയും മകനായ് 1922 ൽ മങ്കൊമ്പ് ഗ്രാമത്തിലാണ് ശിവശങ്കരൻ പിള്ളയുടെ ജനനം. തന്റെ പതിമൂന്നാമത്തെ വയസ്സു മുതൽ കഥകളി പഠിച്ചു തുടങ്ങി. ആദ്യ ഗുരു തന്റെ പേരമ്മയുടെ ഭർത്താവായ
കുട്ടപ്പപ്പണിക്കരാശാൻ ആയിരുന്നു. പിന്നീട് തകഴി അയ്യപ്പൻ പിള്ളയാശാന്റെ അടുത്ത് മൂന്നു വർഷക്കാലം ഉപരിപഠനം നടത്തി. തുടർന്ന് ഗുരു ചെങ്ങന്നൂരിന്റെ ശിഷ്യനായി പന്ത്രണ്ടു വർഷക്കാലം ഗുരുകുലവാസം നടത്തി കഥകളി അഭ്യസിച്ചു
പിന്നീട് നാട്യാചാര്യൻ പന്നിശ്ശേരി നാണുപ്പിള്ളയിൽ നിന്നും കഥകളിയുടെ ശാസ്ത്രം, സാഹിത്യം, രസാഭിനയം എന്നിവയിൽ പ്രത്യേക ശിക്ഷണം നേടി.
ഗുരു ഗോപിനാഥിന്റെ നൃത്ത കലാലയത്തിലും, മൃണാളിനിസാരാഭായിയുടെ ദർപ്പണയിലും പ്രവർത്തിച്ചു.1996 ൽ കലാമണ്ഡലത്തിലെ തെക്കൻ കളരിയിൽ അധ്യാപകനായി ചേർന്നു.
മങ്കൊമ്പിന്റെ സീതാസ്വയംവരത്തിലെ പരശുരാമൻ, ഹരിചന്ദ്രചരിതത്തിലെ വിശ്വാമിത്രൻ, സന്താനഗോപാലത്തിലെയും, രുഗ്മണീ സ്വയംവരത്തിലേയും ബ്രാഹ്മണൻ, കർണശപഥത്തിലെ കുറത്തി, നിഴൽ കുത്തിലെ മലയത്തി തുടങ്ങിയവ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. കളിയരങ്ങിൽ എല്ലാ വേഷവും ചെയ്യാൻ ഭാഗ്യം കിട്ടിയ കലാകാരൻ കൂടിയാണ് ഇദ്ദേഹം.
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഫെലോഷിപ്പോടുകൂടി സി.കെ.ശിവരാമൻപിള്ളയുമായി ചേർന്ന് രചിച്ച “കഥകളി സ്വരൂപം” പ്രാമാണിക ഗ്രന്ഥങ്ങളിൽ ഒന്നാണ്. കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗം കൂടി ആയിരുന്നു അദേഹം.
കലാമണ്ഡലം അവാർഡ്, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, കേരളസംഗീത നാടക അക്കാദമി അവാർഡ് ,കേരള സർക്കാറിന്റെ കഥകളി പുരസ്കാരം, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ടാഗോർ രത്ന അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.
കളിയരങ്ങിൽ നിറഞ്ഞാടിയ കഥകളി ആചാര്യൻ 2014 മാർച്ച് 20ന് അരങ്ങൊഴിഞ്ഞു. ആ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം…
നല്ല അവതരണം

കഥകളി ആചാര്യനെ കുറിച്ച് നല്ല സ്മരണാഞ്ജലി