17.1 C
New York
Thursday, August 18, 2022
Home Special ഓർമ്മയിലെ മുഖങ്ങൾ: ലോഹിത ദാസ്

ഓർമ്മയിലെ മുഖങ്ങൾ: ലോഹിത ദാസ്

അവതരണം : അജി സുരേന്ദ്രൻ

കുടുംബ ചിത്രങ്ങള്‍ക്ക് മലയാള സിനിമയില്‍ എന്നും നല്ല ഡിമാന്റായിരുന്നു. എന്നാല്‍ ലോഹിയുടെ കുടുംബ ചിത്രങ്ങള്‍ വെറുതെ ഒരു സിനിമയായിരുന്നില്ല, മനസിനുള്ളില്‍ ആഴത്തില്‍ പതിപ്പിച്ചു വയ്ക്കാവുന്ന ചിത്രങ്ങളായിരുന്നു. വെറുതെയിരിക്കുമ്പോള്‍ ആ സിനിമകള്‍ നമ്മെ പലപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കും. അതിലെ ഓരോ കഥാപാത്രവും ആഴത്തിൽ സ്വാധീനിക്കാറുണ്ട് . സേതുമാധവനും ബാലന്മാഷും ഭാനുവും റോയിയുമെല്ലാം നമ്മുടെ ആരൊക്കെയാണെന്ന് തോന്നിപ്പോകും

മലയാള ചലച്ചിത്രമേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്‌ എന്ന
എ.കെ. ലോഹിതദാസ്.ജീവിതഗന്ധിയായ തിരക്കഥകള്‍ കൊണ്ട് മലയാള സിനിമയില്‍ അദ്ദേഹം എഴുതിചേര്‍ത്തത് പകരക്കാരനില്ലാത്തൊരിടം. രണ്ട് ദശകത്തിലേറെ കാലം മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നു.

മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമകളുടെ അമരത്ത് ഇരുന്ന വ്യക്തിയാണ് ലോഹിതദാസ്.മനുഷ്യ ബന്ധങ്ങളെ ഹൃദയസ്പർശമാം വിധം കോർത്തിണക്കി കൊണ്ട് അദ്ദേഹം ധാരാളം തിരക്കഥകൾ ഒരുക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടുള്ള കാഴ്ചക്കാരന് ലോഹിതദാസിന്റെ സൃഷ്ടികളായി സ്‌ക്രീനിൽ മിന്നി മറഞ്ഞ പല കഥാപാത്രങ്ങളേയും തന്റെ ജീവിതത്തിലേക്ക് ചേർത്തു നിർത്താൻ സാധിച്ചു. അങ്ങനെ ലോഹിതദാസ് എന്ന കലാകാരൻ ജനഹൃദയങ്ങളിൽ ഇടം തേടി.

1955 മേയ് 10-ന് തൃശൂർ ജില്ലയിലെ ചാലക്കുടിക്കടുത്ത്‌ മുരിങ്ങൂരിൽ അമ്പഴത്തുപറമ്പിൽ വീട്ടിൽ കരുണാകരന്റെയും മായിയമ്മയുടെയും മകനായാണ് ലോഹിതദാസിന്റെ ജനനം.എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു ലാബറട്ടറി ടെക്‌നീഷ്യൻ കോഴ്‌സും പൂർത്തിയാക്കി.

ലോഹി എന്ന് അറിയപ്പെട്ടിരുന്ന ലോഹിതദാസ് ചെറുകഥകൾ എഴുതിക്കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. കെ.പി.എ.സിക്ക് വേണ്ടിനാടക രചന നിർവഹിച്ചുകൊണ്ട് അദ്ദേഹം മലയാള നാടകവേദിയിൽ പ്രവേശിച്ചു. പിന്നീട്
സിബിമലയിൽ സംവിധാനം നിർവഹിച്ച ‘തനിയാവർത്തനം’ എന്ന ചിത്രത്തിൻ്റെ തിരക്കഥയിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.

പാരമ്പര്യമായി ലഭിച്ച ഭ്രാന്തിന്റെ വിഹ്വലതകളില്‍ ഉഴലുന്ന ബാലന്‍മാഷ് എന്ന കഥാപാത്രത്തിന് ജന്മം നല്കിയ ലോഹിയുടെ തിരക്കഥ മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടി. എല്ലാരും പറയ്യ്യാ മാഷേ.. മാഷ്‌ക്ക് ഭ്രാന്താന്ന്” ക്ലാസ്സ് റൂമില്‍ വെച്ച് ഒരു പെണ്‍കുട്ടി ബാലന്‍മാഷോട് ഇങ്ങനെ ചോദിക്കുമ്പോള്‍ കാണികള്‍ നെഞ്ചുരുകി വീര്‍പ്പടക്കിയാണ് ആ രംഗം കണ്ടത്. ഈ ചിത്രം സാമ്പത്തികവിജയം കൂടി നേടിയതോടെ സിബിമലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽനിന്ന് പിന്നീടും ഒട്ടേറെ പ്രശസ്തമായ മലയാളചലച്ചിത്രങ്ങൾ പിറവിയെടുത്തു.

പച്ചയായ മനുഷ്യരുടെ ആത്മസംഘര്‍ഷങ്ങള്‍ അതേ വൈകാരികത തീക്ഷണതയില്‍ എഴുതിയപ്പോള്‍ ,തീയേറ്ററിലെ ഇരുട്ടില്‍ സേതുമാധവന്റേയും അച്ചൂട്ടിയുടേയും വിദ്യാധരന്റേയും നൊമ്പരങ്ങള്‍ മലയാളിയുടെ ഉള്ളുപൊള്ളിച്ചു. തിയേറ്ററുകളില്‍ ആളു കൂടണമെങ്കില്‍ അദ്ദേഹം തന്നെ തിരക്കഥ എഴുതണം എന്ന അവസ്ഥയായിരുന്നു ആ കാലത്ത്.

മൃഗയയിലെ വാറുണ്ണി, മഹായാനത്തിലെ ചന്ദ്രു, അമരത്തിലെ അച്ചൂട്ടി, വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായര്‍ ,ദശരഥത്തിലെ രാജീവ്‌മേനോന്‍, കിരീടത്തിലെ സേതുമാധവന്‍, ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ അബ്ദുള്ള…
അവിസ്മരണീയമായ എത്രയെത്ര കഥാപാത്രങ്ങൾ

ഭൂതകണ്ണാടി’യിലെ വിദ്യാധരനും ‘അരയന്നങ്ങളുടെ വീട്ടി’ലെ രവീന്ദ്രനാഥും ‘കുട്ടേട്ട’നിലെ വിഷ്ണുനാരായണൻ എന്ന കുട്ടേട്ടനും ‘കമലദള’ത്തിലെ നന്ദഗോപനും ‘കന്മദത്തിലെ’ ഭാനുവും എല്ലാം ലോഹിതദാസ് എന്ന കഥാകാരന്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങളാണ്. വർഷങ്ങൾക്കിപ്പുറവും ഇദ്ദേഹമൊരുക്കിയ കഥകളും അവയിലെ കഥാപാത്രങ്ങളും ഇന്നും ചർച്ചചെയ്യപ്പെടുന്നു.

പുതുമുഖ നടന്‍മാര്‍ ലോഹിയുടെ ചിത്രങ്ങള്‍ നല്ല രാശിയായി കരുതി. ലോഹിയുടെ അനുഗ്രഹം വാങ്ങി ചായമിട്ടവരെല്ലാം വലിയ ഹീറോകളായി.
എഴുതാപ്പുറങ്ങള്‍, ആധാരം, മുക്തി, സസ്‌നേഹം, കുടുംബപുരാണം, മാലയോഗം, മുദ്ര, ജാതകം, ധനം, കമലദളം, കൗരവര്‍, ചെങ്കോല്‍, തൂവല്‍ക്കൊട്ടാരം, സല്ലാപം…. അദ്ദേഹത്തിന് തിരക്കൊഴിഞ്ഞ നേരമില്ലായിരുന്നു. എഴുതുന്നതെല്ലാം ഹിറ്റായി മാറി

ഇന്നും മലയാളി ഉരുവിടുന്ന “കത്തി താഴെയിടു മോനെ നിന്റെ അച്ഛനാ പറയുന്നത്” എന്ന കിരീടത്തിലെ ഡയലോഗ് വർഷങ്ങൾക്കിപ്പുറവും അതിന്റെ പകിട്ട് മങ്ങാതെ ഓരോ തലമുറയും കണ്ടു പോകുന്നു.ലോഹിതദാസ് ജീവൻ നൽകിയ സേതു മാധവനും അച്യുതൻ നായരും അന്നും ഇന്നും വിങ്ങലായി തുടരുന്നു.

18 തവണ മികച്ച തിരക്കഥയ്ക്കുള്ള ഫിലിം ക്രിട്ടിക് അവാർഡ് ലോഹിതദാസിനെ തേടിയെത്തി. നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം, മികച്ച സംവിധായകനുള്ള പത്മരാജൻ പുരസ്കാരം, രാമു കാര്യാട്ട് പുരസ്കാരം, അരവിന്ദൻ പുരസ്കാരം, മികച്ച കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം എന്നീ ബഹുമതികൾ നേടിയിട്ടുണ്ട്.തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്

ഹൃദയാഘാതത്തെത്തുടർന്ന് 2009 ജൂൺ 28ന് അന്തരിച്ചു.ഭാര്യ സിന്ധു. ഹരികൃഷ്ണൻ, വിജയ് എന്നിവർ മക്കളാണ്. 2007ൽ പുറത്തിറങ്ങിയ ‘നിവേദ്യം’ എന്ന ചിത്രമാണ് ലോഹിതദാസ് അവസാനമായി തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ചിത്രം .ഇനിയും ഏറെ പറയാൻ ബാക്കി വച്ച് കാലയവനികയിൽ മറഞ്ഞ അതുല്യപ്രതിഭയ്ക്ക് പ്രണാമം..

അവതരണം: അജി സുരേന്ദ്രൻ

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: