Sunday, November 17, 2024
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ: ഡോ. എസ്. രാധാകൃഷ്ണൻ ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: ഡോ. എസ്. രാധാകൃഷ്ണൻ ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

ആചാര്യ ദേവോ ഭവ..
അധ്യാപകൻ ദേവതുല്യനാണ്.. വിദ്യയാണ് ഏറ്റവും വലിയ സമ്പത്ത്.അറിവിൻ്റെ ലോകത്തേക്ക് നമ്മെ കൈപിടിച്ച് കുട്ടിക്കൊണ്ടുപോകുന്നവരെ ദൈവതുല്യരായ് കാണുന്ന പാരമ്പര്യമാണ് നാം കാത്തുസൂക്ഷിക്കുന്നത്.” ഒരു സ്‌കൂളു തുറക്കുമ്പോള്‍ നൂറു ജയിലുകള്‍ അടക്കുന്നു ” എന്നത് കേവലമൊരു മഹത് വാക്യമല്ല. മറിച്ച് അനേക ജനതയെ മാറ്റിമറിച്ച അധ്യാപകരുടെ മഹനീയ ജീവിതത്തെ അടയാളപ്പെടുത്തിയ വാക്യം കൂടിയാണ്…

സ്നേഹവും വാത്സല്യവും ആവോളം പകർന്ന് കൊടുക്കുന്നവർ. വിദ്യാർത്ഥികളുമായ് എത്ര സുദൃഢമായ ബന്ധമാണുള്ളത്. അറിവിൻ്റെ യാത്രയിൽ വെളിച്ചമായ് നമുക്കൊപ്പം ചേർന്ന് വഴികാട്ടിയ അധ്യാപകർ. നാം എത്രത്തോളം ഉന്നതരാകുന്നുവോ അത്രത്തോളമുണ്ട് നമ്മുടെ അധ്യാപകരുടെ പരിശ്രമം. അധ്യാപകരെ ജീവിതവഴിയിൽ കണ്ടുമുട്ടുകയാണെങ്കിൽ അവരെ സ്നേഹിക്കുക ബഹുമാനിക്കുക. അതായിരിക്കും അവർക്ക് നൽകാവുന്ന ഏറ്റവും വലിയ ഗുരുദക്ഷിണ.

വീണ്ടും ഒരു അധ്യാപക ദിനം കൂടി.മികച്ച അധ്യാപകൻ, എഴുത്തുകാരൻ, രാഷ്ട്രപതി എന്നീ നിലകളിൽ പ്രസിദ്ധനായ ഡോ.എസ് രാധാകൃഷ്ണൻ്റെ ജന്മദിനം. ഇൻഡ്യയുടെ സമർത്ഥനായ രണ്ടാമത്തെ രാഷ്ട്രപതി കൂടിയായിരുന്നു അദ്ദേഹം .ഭാരതീയ തത്വചിന്ത പാശ്ചാത്യർക്ക് പരിചയപ്പെടുത്തി കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നു.

വീരസ്വാമിയുടേയും സീതമ്മയുടേയും മകനായ് തിരുത്തണിയിൽ ആയിരുന്നു ജനനം.തിരുപ്പൂരിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. അതിനുശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.16 മത്തെ വയസ്സിൽ അകന്ന ബന്ധുകൂടിയായ ശിവകാമുവിനെ വിവാഹം കഴിച്ചു.

മദ്രാസ് പ്രസിഡൻസി കോളേജിൽ അധ്യാപകനായ സമയത്താണ് പത്രമാസികയിൽ എഴുതി തുടങ്ങിയത്.ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോർ എന്ന ആദ്യ പുസ്തകം എഴുതിയതും ഈ കാലയളവിലാണ്. ഹാർവാർഡ് സർവകലാശാലയിൽ വച്ചു നടന്ന ഇൻറർനാഷണൽ കോൺഗ്രസ് ഓഫ് ഫിലോസഫി സമ്മേളനത്തിൽ കൽക്കട്ട സർവകലാശാലയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് രാധാകൃഷ്ണനായിരുന്നു.

ഓക്സഫണ്ടിലെ മാഞ്ചസ്റ്റർ കോളേജിൽ നിയമനം ലഭിച്ചപ്പോൾ അവിടെ മതപഠനത്തെ കുറിച്ച് പ്രഭാഷണം നടത്താനുള്ള അവസരം ലഭിച്ചു. ബ്രിട്ടീഷ് സർക്കാർ നൈറ്റ് ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. അന്നു മുതൽ സർ സർവേപള്ളി രാധാകൃഷ്ണൻ എന്ന് അറിയപ്പെടാൻ തുടങ്ങി.

കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ യാത്രകൾ .ഉയർന്ന വിദ്യാഭ്യാസത്തിലൂടെ ഉന്നത സ്ഥാനങ്ങളലെത്തി ചേരാനും കഴിഞ്ഞു’. കഠിനാധ്വാനവും വായനയും വിനയവും അദ്ദേഹത്തിൻ്റെ മുഖമുദ്രയായിരുന്നു. താൻ സ്വായത്തമാക്കിയ അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തിയ അധ്യാപകനായിരുന്നു അദ്ദേഹം..
വിദ്യാഭ്യാസ നിലവാരം ഉയർത്തുവാനും അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ക്ഷേമത്തിനു വേണ്ടി അഹോരാത്രം പ്രയത്നിച്ചിരുന്നു.

1952ൽ ഇൻഡ്യയുടെ രാഷ്ട്രപതിയായ് അദേഹം തിരഞ്ഞെടുക്കപ്പെട്ടത്.അന്തർ ദേശീയമായ് ‘ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത് ആദ്യമായിരുന്നു.. പിന്നീട് രാഷ്ട്രപതിയായ് സ്ഥാനമേറ്റു.നീണ്ട അഞ്ചു വർഷം അദ്ദേഹം ആ സ്ഥാനം അലങ്കരിച്ചു. ഒരു അടിയന്തരാവസ്ഥയിൽ ഒപ്പുവയ്ക്കുന്ന ആദ്യത്തെ രാഷ്ട്രപതി കൂടിയായി രാധാകൃഷ്ണൻ.

രാഷ്ട്രപതി ആയിരിക്കെ അദ്ദേഹത്തിൻ്റെ പിറന്നാൾ ആഘോഷിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായ് വന്ന സുഹൃത്തുക്കളോട് പിറന്നാൾ ആഘോഷിക്കുന്നതിന് പകരം ആ ദിവസം അധ്യാപകദിനമായ് ആചരിക്കാൻ അദ്ദേഹം നിർദേശിക്കുകയായിരുന്നു. അധ്യാപകവൃത്തിയോട് അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹവും ആദരവും ആണ് ഇത് പ്രതിഫലിപ്പിക്കുന്നത്.അങ്ങനെ സെപ്റ്റംബർ 5 അധ്യാപകദിനമായ്.

നാല്പ്പതിലധികം ദാർശനിക കൃതികൾ രചിച്ച അദ്ദേഹത്തിൻ്റെ ആത്മകഥാപരമായ കൃതിയാണ് എൻ്റെ സത്യാന്വേഷണം. അധ്യാപകരുടെ ജീവിതത്തിൽ അവരുടെ മനസ്സിൽ എന്നന്നേക്കുമായ് ഓർത്തു വയ്ക്കാൻ അവർക്ക് ബാക്കിയാവുന്നത് അധ്യാപന കാലത്ത് അവരിൽ നിക്ഷേപിക്കുന്ന സ്നേഹാദരങ്ങളാണ്.

1954ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതി നൽകി ആദരിച്ചു. ഭാരതത്തിൻ്റെ സംസ്കാരത്തെക്കുറിച്ചുള്ള രചനകൾ മുൻനിർത്തി ടെംപ്ലേട്ടൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം ഇൻഡ്യയുടെ രാഷ്ട്രപതി ആയിരുന്ന ഡോ.രാധാകൃഷ്ണൻ ചെന്നൈയിൽ വച്ച് 1975 ഏപ്രിൽ 17ന് അന്തരിച്ചു.

തലമുറകൾക്ക് വെളിച്ചം പകർന്ന് നൽകി അറിവിൻ്റെ ചക്രവാളത്തിലേക്ക് നയിക്കുന്ന എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ…

അവതരണം: അജി സുരേന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments