Thursday, December 26, 2024
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ: ' സി. അച്യുതമേനോൻ ' ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: ‘ സി. അച്യുതമേനോൻ ‘ ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവും സാഹിത്യകാരനും ക്രാന്തദർശിയായ ഭരണാധികാരിയുമായിരുന്നു സി. അച്യുതമേനോൻ. കേരളത്തിൻ്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിച്ചേർത്ത പേര്. അദ്ദേഹത്തിൻ്റെ ഓർമ്മകളിലൂടെ….

കേരളപ്പിറവിക്കുശേഷം സംസ്ഥാനം കൈവരിച്ച പല നേട്ടങ്ങളുടെയും പിന്നിൽ ഇദ്ദേഹത്തിൻ്റെ ദീർഘവീക്ഷണവും ഭരണപാടവവും നിറഞ്ഞു നിന്നിരുന്നു. തൻ്റെ ആത്മാർത്ഥതയും ആർജ്ജവവും കൊണ്ട് ജനപ്രീതി നേടിയ നേതാവ് കൂടി ആണ് അച്ചുതമേനോൻ .

തൃശൂർ ജില്ലയിൽ പുതുക്കാടിനടുത്ത് രാപ്പാൾ ദേശത്ത് മഠത്തിൽ വീട്ടിൽ കുട്ടൻമേനോൻ എന്ന അച്യുതമേനോന്റെയും ചേലാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1913 ജനുവരി 13-ന് ആയരുന്നു ജനനം.സൗമ്യ സ്വഭാവക്കാരനായ ഈ ചെറുപ്പക്കാരൻ പഠിച്ച് ബിരുദം നേടിയത് തൃശൂർ സെൻ്റ് തോമസ് കോളേജിൽ നിന്നായിരുന്നു.അതിനു ശേഷം മദിരാശിയിൽ പോയി നിയമ ബിരുദം നേടി. ഹിന്ദുലോയിൽ ഉന്നത വിജയവും കരസ്ഥമാക്കി.

തിരിച്ച് നാട്ടിലെത്തി കോൺഗ്രസ് പ്രവർത്തനങ്ങളിൽ മുഴുകി.. അങ്ങനെ സ്റേററ്റ് കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായി.കോൺഗ്രസിൻ്റെ ഉന്നത സ്ഥാനത്തെത്തുകയും ചെയ്തു. ഈ സമയത്താണ് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ ആശയസംഹിതകളിൽ തത്പരനായതും അതിൽ അംഗമാകുകയും ചെയ്തു. പടിപടിയായി ഉയർന്ന് കേന്ദ്രസമിതികളിലും, സംസ്ഥാന സമിതികളിലും നിറസാന്നിധ്യമായി.അങ്ങനെ ഉയർന്ന നേതാക്കളുടെ ആദ്യ നിരയിൽ തന്നെ അദ്ദേഹത്തിന് എത്താൻ കഴിഞ്ഞു.

അയിത്തത്തിനെതിരേയും, ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടും തിരുവില്വാമലയിൽ നിന്നും തലസ്ഥാനമായ എറണാകുളത്തേക്ക് ഒരു ജാഥ നയിക്കുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധ കാലത്ത് തേക്കിൻകാട് മൈതാനിയിൽ നടത്തിയ യുദ്ധവിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ജയിലിലടക്കപ്പെട്ടു. പിന്നീട് പാർട്ടി നിരോധിച്ചപ്പോൾ അദ്ദേഹത്തിന് നാലു വർഷക്കാലം ഒളിവിൽ കഴിയേണ്ടിവന്നു

ഒളിവിൽ കഴിയുന്ന ഘട്ടത്തിൽ തന്നെയാണ് അദ്ദേഹം തിരുവിതാംകൂർ കൊച്ചിയുടെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.പിന്നീട് കേരള സംസ്ഥാന രൂപീകരണത്തെ തുടർന്ന് അദ്ദേഹം കേരള നിയമസഭയിലെ അംഗമായി മാറി. ആദ്യമായ് ബാലറ്റ് പേപ്പറിലുടെ ഇ എം എസ് മന്ത്രിസഭ അധികത്തിലേറിയപ്പോൾ ആ മന്ത്രിസഭയിലേ ധനകാര്യ വകുപ്പ് മന്ത്രി സ്ഥാനം അച്ചുതമേനോന്ന് നൽകപ്പെട്ടത്.1969 മുതൽ 77 വരെ അച്യുതമേനോൻ കേരള മുഖ്യമന്ത്രിയായിരുന്നു .രണ്ട് വട്ടം തുടർച്ചയായി ഭരിച്ച ജനനായകൻ.

40 ലക്ഷത്തോളം കുടിയാന്മാർക്ക് പ്രയോജനം ലഭിച്ച ഒരു നിയമമാണ് കേരളത്തിലെ ഭൂപരിഷ്കരണനിയമം. അതുമായി ചേർത്തുവായിക്കാവുന്നപേരാണ് സഖാവ് ശ്രീ അച്യൂതമേനോൻേറത്. ഏറെനാൾ ചർച്ചചെയ്യപ്പെട്ട് പലഭേദഗതികൾക്കും വിധേയമായ നിയമം, ജന്മിത്തവ്യവസ്ഥ പാടെ അവസാനിപ്പിച്ച് കുടിയന്മാർക്ക് കുടികിടപ്പവകാശം കൊടുക്കുക വഴി ഇ എം എസ് തുടങ്ങി ഏറെപ്പേർ കാലങ്ങളായി സ്വപ്നംകണ്ട പദ്ധതി നടപ്പിലാക്കുകയായിരുന്നു. കൂടാതെ ലക്ഷം വീട് പദ്ധതി, ഡയസ്നോണ്‍ പ്രമാണം തുടങ്ങിയവയും അദ്ദേഹത്തിന്റെ കാലത്താണ് നിയമമാകുന്നത്.

എച്ച്.ജി. വെൽസിന്റെ ലോകചരിത്രസംഗ്രഹം പരിഭാഷയും, സോവിയറ്റ് നാടും അദ്ദേഹത്തിന്റെ ജയിൽവാസകാലത്തെ പ്രസിദ്ധമായ രണ്ടു ഗ്രന്ഥങ്ങളാണ്. കൂടാതെ കിസാൻ പാഠപുസ്തകം, കേരളം-പ്രശ്നങ്ങളും സാധ്യതകളും, സ്മരണയുടെ ഏടുകൾ, വായനയുടെ ഉതിർമണികൾ, ഉപന്യാസമാലിക പെരിസ്ട്രോയിക്കയും അതിന്റെ തുടർച്ചയും മനുഷ്യൻ സ്വയം നിർമ്മിക്കുന്നു ,എന്റെ ബാല്യകാലസ്മരണകൾ,
സി. അച്യുതമേനോൻ സമ്പൂർണ കൃതികൾ ഇവയ്ക്കുപുറമേ നിരവധി ലേഖനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

എന്റെ ബാല്യകാലസ്മരണകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, റീജിയണല്‍ കാന്‍സര്‍ സെന്റര്‍, സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ് പാലോട് ട്രോപ്പിക്കല്‍ ബൊട്ടാനിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് , ഭൗമശാസ്ത്രപഠനകേന്ദ്രം തുടങ്ങിയ അഭിമാനസ്തംഭങ്ങളായ സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടതു വഴി കേരളത്തെ വികസനത്തിലേക്കു നയിച്ചു.അഗ്രോ മെഷിനറി കോര്‍പറേഷന്‍ ഫാമിംഗ് കോര്‍പറേഷന്‍, ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷന്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഷിപ്പിംഗ് കോര്‍പറേഷന്‍, ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്, ഹൗസിങ് ബോര്‍ഡ്, ഹഡ്കോ എന്നിവയ്ക്കും തുടക്കം കുറിച്ചതും അച്യുതമേനോന്‍ ആണ്.

അച്യുതമേനോൻ 78-ആം വയസ്സിൽ 1991 ഓഗസ്റ്റ് 16-ന് തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ വച്ച് അന്തരിച്ചു.
അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം..

അജി സുരേന്ദ്രൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments