Sunday, January 12, 2025
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ : ചന്ദു മേനോൻ ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ : ചന്ദു മേനോൻ ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

ചന്തുമേനോൻ എന്ന പേരുകേട്ടാൽ മനസ്സിൽ ഓടിയെത്തുക ഇന്ദുലേഖയാണ്.
.മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്ത നോവൽ.പ്രണയകഥ സരസമായി പ്രതിപാദിക്കുമ്പോൾ തന്നെ ഈ കാലഘട്ടത്തിൽ പ്രബലമായിരുന്ന ഫ്യൂഡൽ ജന്മിത്വവ്യവസ്ഥിതി നമ്പൂതിരി – നായർ സമുദായങ്ങളിലെ സംബന്ധസമ്പ്രദായങ്ങൾ തുടങ്ങി അന്നത്തെ ജീവിത സാമൂഹികാവസ്ഥ സമഗ്രമായി ചിത്രീകരിച്ചിരിക്കുന്നത് ഈ നോവലിന്റെ ചരിത്രപ്രാധാന്യം വർദ്ധിപ്പിക്കുന്നു. മലയാള നോവൽ ചരിത്രത്തിൽ ചന്തുമേനോൻ കൊളുത്തിവച്ച ഈ ഭദ്രദീപം ഇന്നും ശോഭ കുറയാതെ ഒരു മികച്ച വായനാനുഭവമായി നിലനിൽക്കുന്നു.

തലശ്ശേരിയിൽ 1847 ജനുവരി ഒൻപതിനാണ് ചന്തുമേനോന്റെ ജനനം. ഗുമസ്തനായും മുൻസിഫായും ജഡ്‌ജിയായുമെല്ലാം പ്രവർത്തിച്ചു. 1889 ലാണ് ചന്തുമേനോൻ ഇന്ദുലേഖ പ്രസിദ്ധീകരിച്ചത്. ലക്ഷണയുക്തമായ മലയാള നോവലിന്‍റെ ചരിത്രം ചന്തുമെനോന്‍റെ “ഇന്ദുലേഖ’യില്‍ നിന്നാരംഭിക്കുന്നു.

ഇംഗ്ളീഷ് ഭാഷയോടും സാഹിത്യത്തോടും ആഭിമുഖ്യമുണ്ടായിരുന്ന മേനോന്‍ ഇംഗ്ലീഷ് നോവലിന്‍റെ ചുവടു പിടിച്ചെഴുതിയതാണ് ഇന്ദുലേഖ.ദേശീയ നവോത്ഥാന
വാദിയായിരുന്ന ചന്തുമേനോന്‍ സമുദായ പരിഷ്കരണാര്‍ഥമാണ് നോവലുകള്‍ രചിച്ചത്. ഏതാണ്ട് രണ്ടു മാസക്കാലം കൊണ്ട് എഴുതിത്തീര്‍ത്ത ഇന്ദുലേഖ സംഭാവ്യമായ ഒരു കഥയുടെ അകൃത്രിമ സുന്ദരമായ ആവിഷ്കാരമാണ്.

ചന്തു മേനോന്‍ രസികനായിരുന്നു. രണ്ടു മാരാന്മാര്‍ തമ്മിലുള്ള തര്‍ക്കം വിചാരണ ചെയ്യവെ കേമത്തം അളക്കാന്‍ അവരിരുവരേയും കൊണ്ട് കോടതി മുറിയില്‍ ചെണ്ട കൊട്ടിച്ച സംഭവം വളരെ പ്രസിദ്ധമാണ്.ചന്തുമേനോൻ അംഗമായിരുന്ന മലബാർ വിവാഹ കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കുവാൻ ഈ നോവലിനു സാധിച്ചു എന്നഎന്നത് എടുത്തു പറയേണ്ട കാര്യമാണ്. മലയാളത്തിലെ പിന്നീടുണ്ടായ നോവലുകളിൽ എല്ലാം ഇന്ദുലേഖയുടെ സ്വാധീനം കാണാൻ കഴിയും.

ഇന്ദുലേഖയിലെ സൂര്യനമ്പൂതിരിയും ശാരദയിലെ വൈത്തിപ്പട്ടരും മലയാള സാഹിത്യത്തിലെ മരണമില്ലാത്ത കഥാപാത്രങ്ങളാണ്. കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശത്തിനും ചമ്പത്തില്‍ ചാത്തക്കുട്ടി മന്നാടിയാരുടെ ഉത്തരരാമചരിതത്തിനും എഴുതിയ നിരൂപണങ്ങള്‍, കുഞ്ഞിശങ്കരന്‍ നമ്പ്യാരുടെ നളചരിതത്തിനു രചിച്ച മുഖവുര എന്നിവയാണ് ചന്തുമേനോന്റെ ഇതര കൃതികള്‍. എഴുതാനുള്ള പ്രേരണ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മയാണ് നൽകിയതെന്ന് ചന്തുമേനോൻ തന്നെ പറഞ്ഞിട്ടുണ്ട്.

തന്റെ രണ്ടാമത്തെ നോവലായ ശാരദയുടെ ഒന്നാം ഭാഗം അദ്ദേഹം പുറത്തിറക്കി. തൊഴിലിലെ മികവിലൂടെ ഗവണ്മെന്റിന്റെ റാവു ബഹദൂർ ബഹുമതിക്ക് അർഹനായ അദ്ദേഹം മദിരാശി സർവകലാശാലാ നിയമ പരീക്ഷകനും കലാശാലാംഗവുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശാരദയുടെ രണ്ടാം ഭാഗം പൂർത്തിയാക്കാതെ സെപ്തംബര്‍ 7-ന് ചന്തുമേനോന്‍ അന്തരിച്ചു..
ഒറ്റ നോവൽകൊണ്ടു മലയാള സാഹിത്യചരിത്രത്തിൽ സ്വന്തം കയ്യൊപ്പ് പതിപ്പിച്ച ചന്തുമേനോന്റെ ജന്മവാർഷിക ദിനത്തിൽ ഓർമ്മകൾക്ക് മുന്നിൽ ആദരവോടെ..

അവതരണം: അജി സുരേന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments