അമ്മയുടെ ഗർഭപാത്രത്തിൽ ജന്മം എടുക്കുന്ന ആ നിമിഷം, ആ ദിവസമാണ്,
നമ്മുടെ ജന്മദിനം. ഭൂമിയിലേക്ക് പിറന്നു വീഴുന്ന സമയവും ദിവസവും നമ്മുടെ, ഭൂമിയിലെ യാത്രയുടെ തുടക്കം മാത്രമാണ്. ഈ യാത്ര, ദൈവത്തിലേക്കുള്ള യാത്രയാണ്.
എന്നാൽ ഈ യാത്ര, സ്വാതന്ത്ര്യത്തോടെ ആരംഭിക്കാൻ കഴിയാത്ത വണ്ണം ഏതെങ്കിലും ഒരു വിശ്വാസത്തിന്റെ അടിമയാക്കി ചേർക്കപ്പെടും.
ഇതോടെ ഒരു കൊച്ചു കൊടിയും പിടിച്ചിട്ടാണ് പിന്നെയുള്ള യാത്ര.
ആ കാണുന്നത് ദൈവത്തിലേക്കുള്ള ജാഥയാണ്. അവനവന്റെ മതത്തിന്റെ കൊടികൾ പിടിച്ചിട്ടാണ് ജാഥ. മുദ്രാവാക്യങ്ങളും അത്തരത്തിൽ തന്നെ.എല്ലാ ജാഥക്കാരുടെയും ലക്ഷ്യം ദൈവം തന്നെ.
ഇതെല്ലാം, കണ്ട് ഒരു കാഴ്ചക്കാരനായി, ആശ്ചര്യത്തോടെ ഒരു തൂണിൽ ചാരി ഒരാൾ നിൽക്കുന്നത് കണ്ട്, ജാഥകാരിൽ ഒരാൾ, ചോദിച്ചു. താങ്കൾ ഏതു കൊടിയുടെ കീഴിലാണ് വന്നത്, എന്ന്. എനിക്ക് ഒരു കൊടിയും ഇല്ല, പക്ഷേ എല്ലാവരും ലക്ഷ്യം പറയുന്നത് എന്നെയാണ്. അവർ പറയുന്ന ദൈവം ഞാൻ ആകുന്നു. എവിടേക്കാണ് ഇത്ര ധൃതിപിടിച്ച് അവർ പോകുന്നത് എന്ന് എനിക്ക് അറിഞ്ഞുകൂടാ, എന്നും ദൈവം പറഞ്ഞു.
പ്രകൃതി മനോഹരമായ, ഒരു ഗ്രാമത്തിൽ ഒരു ആശ്രമം ഉണ്ടായിരുന്നു.
അവിടെ എപ്പോഴും, നിശബ്ദമായ ഒരു അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്ന് ആശ്രമത്തിന്റെ അധിപനായ ഗുരു കർശന നിർദ്ദേശം നൽകിയിരുന്നു.
ആശ്രമത്തിൽ ദിവസവും ബ്രഹ്മ മുഹൂർത്തത്തിൽ നടത്തുന്ന ധ്യാനത്തിൽ, ആശ്രമവാസികൾക്ക് പുറമേ, ഗ്രാമവാസികളും സംബന്ധിക്കാറുണ്ട്. ആശ്രമത്തിന്റെ ചുറ്റളവിൽ മാത്രം കേൾക്കത്തക്ക വിധം കയ്യിൽ പിടിച്ച് അടിക്കുന്ന ഒരു മണിയുടെ ശബ്ദം മാത്രമാണ് ആശ്രമത്തിൽ നിന്ന് കേൾക്കാൻ കഴിയുക. ധ്യാനം ദിവസവും കൃത്യസമയത്ത് തന്നെ ആരംഭിക്കും. അതിനു മുമ്പായി ആശ്രമത്തിലേക്കുള്ള കവാടം അടച്ചിടും.
നിശബ്ദമായ, അന്തരീക്ഷത്തിൽ ആർക്കു വേണമെങ്കിലും ധ്യാനിക്കാൻ ഇരിക്കാം, എന്ന് എഴുതിവെച്ച ഒരു സ്ഥലത്തേക്ക് പോകാൻ ഇടയായി. അത്യാവശ്യം സൗകര്യങ്ങൾ അവിടെ ഒരുക്കിയിട്ടുണ്ട്. നാലോ, അഞ്ചോ ആളുകൾ അവിടെ ധ്യാനിക്കാൻ ഇരിക്കുന്നുണ്ട്. ഞാൻ കണ്ണുകൾ അടച്ച് ധ്യാനിക്കാൻ ഇരുന്നു.
ധ്യാനത്തിൽ മുഴങ്ങി അങ്ങിനെ ഞാൻ ഇരിക്കുമ്പോൾ. അവിടെ വന്ന ഒരു ആൾ, ശബ്ദത്തോടെ കസേര വലിച്ചു. തുടർന്ന്, കയ്യിലിരിക്കുന്ന പ്ലാസ്റ്റിക് കവർ എവിടെയോ വെക്കുന്നതിന്റെ കര പിര ശബ്ദം. പിന്നീട്, തൊണ്ട ശുചീകരിക്കുന്നതിന്റെ, ചുമയ്ക്കലും, കുരയ്ക്കലും. പിന്നാലെ വരുന്നു. കിണി, കിണി ശബ്ദം. മൊബൈൽ ഫോണിന്റെ, അടിയുടെ, ശബ്ദം. ഇതോടെ, എല്ലാം, പൂർത്തിയായി. എന്തിനു പറയുന്നു, പിന്നീട് ഒരിക്കലും ഞാൻ അങ്ങോട്ട് പോയില്ല. അപ്പോഴാണ് ഞാൻ ഓർത്തത്, ആശ്രമത്തിന്റെ കവാടം അടച്ചിടുന്നതിന്റെ രഹസ്യം.
നമ്മൾ, ആദ്യമായി ഒരു വ്യക്തിയെ കാണുമ്പോൾ, ആ ഒറ്റക്കാഴ്ചയിൽ തന്നെ, ഒരു അകൽച്ച മനോഭാവം ഉടലെടുക്കുന്നുണ്ടെങ്കിൽ തീർച്ചയായും നമുക്ക് കൂട്ടുകൂടാൻ കഴിയാത്ത ആളാണ് അയാൾ എന്ന് തീരുമാനിക്കാം. ചില വ്യക്തികളെ കാണുമ്പോൾ നമുക്ക് ഒരുപ്രത്യേക ആകർഷണം തോന്നുന്നുണ്ടെങ്കിൽ, നമ്മുടെ മനസ്സുമായി ഇണങ്ങുന്ന ആളാണ് അയാൾ എന്ന് ഉറപ്പിക്കാം. ഇതെല്ലാം നമ്മളിൽ നിന്ന് പുറപ്പെടുവിക്കുന്ന തരംഗത്തിന്റെ പ്രവർത്തന ഫലമാണ്.
നമ്മൾ വഴിയിൽകൂടി യാത്ര ചെയ്യുമ്പോൾ, വഴിയിൽ തടസ്സമായി, ഒരു നായ നിൽപ്പുണ്ടെങ്കിൽ ധൈര്യത്തോടെ കുറച്ചു സമയം നായയുടെ കണ്ണിലേക്ക് നോക്കി അവിടെ നിൽക്കുക. അല്ലെങ്കിൽ, മുന്നോട്ട് നടക്കുക. നായ വഴി മാറി പോകും. നായയെ കണ്ട്, നമ്മൾ തിരിഞ്ഞു ഓടിയാൽ അവിടെ, അപ്പോൾ, ധൈര്യശാലി നായയാണ്. നമ്മളെ പിന്നാലെ ഓടി വന്ന് പേടിപ്പിക്കും. നമ്മുടെ ധൈര്യത്തിന്റെയും, പേടിയുടെയും, അവസ്ഥ തരംഗമായി നായയ്ക്ക് അറിയാൻ കഴിയുന്നു.
മനുഷ്യനും, പക്ഷി,മൃഗാദികൾക്കും,അപകടങ്ങൾ, ഒരു, തരംഗം ആയി, തിരിച്ചറിയാൻ, കഴിയും. എന്നാൽ, മനുഷ്യൻ, തന്നിലെ ആ കഴിവ് തിരിച്ചറിയുന്നില്ല. തരംഗത്തെക്കുറിച്ച് ഒരു ചെറിയ കഥ പങ്കുവയ്ക്കാം.
ഒരു കടൽ തീരത്തുള്ള ആശ്രമത്തിൽ, ഒരു യോഗി ഉണ്ടായിരുന്നു. അദ്ദേഹം പ്രപഞ്ചം ഉണരുന്നതിനു, മുമ്പ് കടൽത്തീരത്തിലിരുന്ന്, ധ്യാനിക്കാൻ ഇരിക്കാറുണ്ട്.
ആസമയത്തെല്ലാം പക്ഷികൾ അദ്ദേഹത്തിൻ്റെ ചുറ്റും പറക്കുകയും, ചില പക്ഷികൾ അദ്ദേഹത്തിന്റെ മടിയിലും, മറ്റും,വന്നിരിക്കാറുമുണ്ട്. കണ്ണുകൾ അടച്ച്, ധ്യാനിക്കാൻ ഇരിക്കുമ്പോൾ, പക്ഷികൾ ഒരു ശല്യമായി കണക്കാക്കി ഒരിക്കലും അവയോട് പെരുമാറാറില്ല. അതുകൊണ്ട്, യോഗിയെ പക്ഷികൾ അവരുടെ ഒരു മിത്രം ആയിട്ടാണ് കണക്കാക്കിയിരുന്നത്.
യോഗിയുടെ ആശ്രമത്തിൽ നിത്യസന്ദർശകയായി ഒരു പെൺകുട്ടി വരാറുണ്ട്. പെൺകുട്ടിയുടെ കൊഞ്ചി കൊണ്ടുള്ള സംസാരവും, സ്നേഹ ബഹുമാത്തോടെയുള്ള പെരുമാറ്റവും കൊണ്ട്, യോഗിക്ക് ആ പെൺകുട്ടിയോട് പ്രത്യേക വാത്സല്യമുണ്ടായിരുന്നു.
യോഗി, ധ്യാനിക്കാൻ ഇരിക്കുമ്പോൾ പക്ഷികൾ അദ്ദേഹത്തിന് ചുറ്റും നടക്കുന്നതും, മടിയിൽ കയറി ഇരിക്കുന്നതും, ആ പെൺകുട്ടി ശ്രദ്ധിക്കാറുണ്ട്. ഒരു ദിവസം ആ, പെൺകുട്ടി യോഗിയോട്, അവൾക്ക് ഒരു പക്ഷിയെ പിടിച്ചുതരുമോ എന്ന്ചോ ദിച്ചു.
ഞാൻ പക്ഷികളെ ഉപദ്രവിക്കാത്തതുകൊണ്ടാണ്, എന്നെ വിശ്വസിച്ച്, അവർ എന്റെകൂടെ ഇരിക്കുന്നത്. അതുകൊണ്ട്, എനിക്ക് അതിന് കഴിയില്ല, മകളെ, എന്ന് പറഞ്ഞു. പെൺകുട്ടിയുടെ യാചിച്ചുകൊണ്ടുള്ള അപേക്ഷ കേട്ടപ്പോൾ യോഗി, അടുത്തദിവസം ഒരു പക്ഷിയെ പിടിച്ചു തരാം എന്നു വാക്ക്കൊടത്തു. യോഗിയുടെ മനസ്സിൽ മുഴുവൻ, പക്ഷിയെ പിടിച്ചു കൊടുക്കുക എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു.
പിറ്റേന്ന്, യോഗി ധ്യാനിക്കാൻ ഇരുന്നപ്പോൾ, ഒരു പക്ഷി പോലും അദ്ദേഹത്തിൻ്റെ അടുത്തുപോലും വന്നില്ല. യോഗിയുടെ മനസ്സിൽ പക്ഷിയെ പിടിച്ചു കൊടുക്കുവാനുള്ള ചിന്ത വന്നപ്പോൾ അതിന്റെ ആപത്ത് ഒരു തരംഗമായി പക്ഷികളിൽ എത്തിച്ചേർന്നു എന്നു വേണം മനസ്സിലാക്കാൻ.
ഒരു കുടുംബം ആകുമ്പോൾ, ഭർത്താവ് , ഭാര്യ, കുട്ടികൾ ഇവരെല്ലാം ഇവരുടെ ജോലികൾ ശരിയാംവണ്ണം നിർവഹിക്കുമ്പോൾ മാത്രമാണ് ആകുടുംബം ഇമ്പമായി തീരുന്നത്. മാത്രമല്ല ദൈവിക വരപ്രസാദം ആ കുടുംബത്തിലെ, എല്ലാവരിലും നിറഞ്ഞിരിക്കും.
തൻ്റെ കർമ്മം വേണ്ട വിധത്തിൽ നിർവഹിച്ച ഒരു ഗ്രഹനാഥയുടെ, ജ്ഞാനദൃഷ്ടിയെ കുറിച്ചുള്ള ഒരു ചെറിയ കഥ.
ഒരു മഹർഷി, വർഷങ്ങളോളം കഠിന തപസ്സ് അനുഷ്ടിച്ച്, ഒരു ദിവസം തപസ്സ് അവസാനിപ്പിച്ച് കണ്ണുകൾ തുറന്നു നോക്കുമ്പോൾ, ഒരു വൃക്ഷത്തിന്റെ മുകളിൽ ഇരുന്ന ഒരു കിളി ശബ്ദം ഉണ്ടാക്കി. മഹർഷി കിളിയെ നോക്കിയതും, കിളി, കരിഞ്ഞ് നിലത്തുവീണു. തന്റെ തപസ്സിൽ മഹർഷി കുറച്ച് അഹങ്കരിച്ചു എന്ന് വേണം പറയാൻ. അങ്ങിനെ മഹർഷി ആ ഗ്രാമത്തിലെ ഒരു വീട്ടിലേക്ക്, ഭിക്ഷയ്ക്കായി ചെന്നു. ആ വീട്ടിലെ ഗ്രഹനാഥ പുറത്തുവന്നു. എനിക്ക് വീട്ടിൽ ധാരാളം ജോലികൾ ഉണ്ട്, അതുകൊണ്ട് കുറച്ചു കഴിഞ്ഞ് ഞാൻ ഭിക്ഷ തരാം, അതുവരെ കാത്തിരിക്കാൻ
പറഞ്ഞു.
ഇത് കേട്ട് മഹർഷിയ്ക്ക് കോപം വന്നു. സകല ശക്തിയും, ഉപയോഗിച്ച് ഗൃഹനാഥയെ ശപിക്കാൻ തയ്യാറായി നിൽക്കുന്ന മഹർഷിയുടെ അടുത്തേക്ക് ഭിക്ഷയുമായി ഗൃഹനാഥ വന്നു. തുടർന്ന്, ഗ്രഹനാഥ മഹർഷിയോട് പറഞ്ഞു.
“ഒരു പാവം പക്ഷിയെ ഒരു നോട്ടം കൊണ്ട് കരിച്ച് കൊന്നതുപോലെ എന്നെ കൊല്ലാൻ സാധ്യമല്ല”. ഇത് കേട്ട് മഹർഷിക്ക് അത്ഭുതമായി. ഗൃഹനാഥയ്ക്ക് ഇത് എങ്ങിനെ പറയാൻ കഴിഞ്ഞു എന്നതിനെ കുറിച്ച് അറിയാൻ മഹർഷി തന്റെ ജ്ഞാന ദൃഷ്ടി കൊണ്ട്, പരിശോധിച്ചു.
ഗൃഹനാഥയുടെ ജീവിത രീതികൾ മഹർഷി ഓരോന്നായി കണ്ടു. ഭർത്താവ്, കുട്ടികൾ അങ്ങിനെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി സമർപ്പിച്ചുകൊണ്ടുള്ള ഒരു ജീവിതമായിരുന്നു ഗൃഹനാഥയുടേത്. എന്ത് ജോലികൾ ചെയ്യുമ്പോഴും, ഒന്നും പ്രതീക്ഷിക്കാതെ, നിസ്വാർത്ഥ സേവനം ആയിട്ടാണ് ഗൃഹനാഥ ചെയ്തിരുന്നത്. കുടുംബത്തിലുള്ളവരുടെയും, നാട്ടിലുള്ളവരുടെയും സഹകരണത്തോടെയാണ് എന്തും ഗൃഹനാഥ ചെയ്യുക. കുടുംബത്തിൽ എത്ര ബുദ്ധിമുട്ടുണ്ടായാലും, നാട്ടിലെ എല്ലാവരുടെയും ക്ഷേമം ഗൃഹനാഥ അന്വേഷിച്ചിരുന്നു. ഇതെല്ലാം ദൃഷ്ടിയിൽ കാണാനിടയായ മഹർഷി, ഗൃഹനാഥ ഒരു പുണ്യപ്പെട്ട മഹതിയാണെന്ന് മനസ്സിലാക്കി, ഗൃഹനാഥയെ കുമ്പിട്ടു വണങ്ങി ക്ഷമ ചോദിച്ചിട്ടാണ് പോയത്.
വർഷങ്ങളോളം കഠിന തപസ്സ് ചെയ്തു നേടിയതെല്ലാം, ഒരു ഗ്രഹനാഥയുടെ കർമ്മങ്ങൾ ചെയ്തു ജീവിച്ചതിന്റെ മുന്നിൽ നിഷ്ഫലമായി. മഹർഷി തപസ്സു ചെയിതിട്ടും ഗ്രഹനാഥ ജീവിതം കൊണ്ടുമാണ് പലതും നേടിയതെങ്കിൽ, നമുക്ക് ദൈവത്തിലേക്കുള്ള യാത്രയ്ക്കൊപ്പം ലക്ഷ്യത്തിലെത്താൻ, സ്വീകരിക്കേണ്ട ഒരു മാർഗമാണ് ധ്യാനം.
“അറയിൽ കടന്ന് വാതിൽ അടച്ച് പ്രാർത്ഥിക്കുക”
അടച്ചിട്ട അറയിൽ നമ്മളും ഈശ്വരനുമായുള്ള ഒരു കൂടിക്കാഴ്ചയാണ് നടക്കുന്നത്. അതൊരു പ്രാർത്ഥനയല്ല. അതിൽ രഹസ്യങ്ങളും, പരസ്യങ്ങളും ഉണ്ടാകാം, ദുഃഖങ്ങളും, സന്തോഷങ്ങളും, അതിൽ ഉൾപ്പെടും. നമ്മൾ കണ്ണുകൾ അടച്ച്, നമ്മുടെ വിശേഷങ്ങൾ, പങ്കുവെക്കുകയാണ് അവിടെ ചെയ്യുന്നത്. അരൂപിയായ ഈശ്വരനെ ഒരു തരംഗമായി നമുക്ക് അനുഭവിക്കാൻ കഴിയും. സാധാരണ ദിവസങ്ങളിൽ, അതിരാവിലെയാണ്, ധ്യാനം ചെയ്യേണ്ടത്. സുബോത്തോടെ, ആയിരിക്കണം, ധ്യാനം ചെയ്യേണ്ടത്.