Thursday, July 18, 2024
Homeസ്പെഷ്യൽമലയാളി മനസ്സിന്റെ 'സ്ഥിരം എഴുത്തുകാർ' (13) 'ശ്രീമതി ജസിയഷാജഹാൻ ' - ✍ അവതരണം: മേരി...

മലയാളി മനസ്സിന്റെ ‘സ്ഥിരം എഴുത്തുകാർ’ (13) ‘ശ്രീമതി ജസിയഷാജഹാൻ ‘ – ✍ അവതരണം: മേരി ജോസി മലയിൽ

മേരി ജോസി മലയിൽ തിരുവനന്തപുരം

മലയാളി മനസ്സിന്റെ സ്ഥിരം എഴുത്തുകാർ എന്ന പംക്തിയിലേക്ക് ഏവർക്കും സ്വാഗതം.

 കതിരും പതിരും എന്ന പംക്തിയിലൂടെ മലയാളി മനസ്സിലേക്ക് കടന്നുവന്ന് കവിതകൾ, കഥകൾ പാചകപംക്തി.. തുടങ്ങി ഏതു മേഖലയിലും തൻ്റെ കഴിവുകൾ തെളിയിച്ച് മലയാളി മനസ്സിനോട് ഒപ്പം എന്നും ചേർന്നു നിൽക്കുന്ന പ്രിയ എഴുത്തുകാരി ശ്രീമതി ജസിയഷാജഹാൻ ആണ് ഇന്നത്തെ നമ്മുടെഅതിഥി.

വാട്സ്ആപ്പ് കൂട്ടായ്മകളിൽ തന്നോടൊപ്പം ഉണ്ടായിരുന്ന മിനി സജിയാണ് മലയാളി മനസ്സിലേക്ക് തന്നെ കൂട്ടിക്കൊണ്ടു വന്നത് എന്ന് ജസിയഷാജഹാൻ അഭിമാനത്തോടെ, സന്തോഷത്തോടെഓർക്കുന്നു..

ഒരു പത്രത്തിൽ എഴുതുന്നതിനെക്കുറിച്ച് ഒന്നും തൽക്കാലം ജസിയ ചിന്തിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കൂട്ടുകാരി പത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോൾ അത്ര വലിയആകാംക്ഷയോ  അങ്കലാപ്പോ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ പത്രത്തിൽ സ്ഥിരമായി എഴുതിത്തുടങ്ങിയതിനു ശേഷം അതൊരു പുതിയ തുടക്കമായി ജസിയക്ക് അനുഭവപ്പെട്ടു. അതു മറ്റ് ഗ്രൂപ്പുകളിലോ മറ്റുള്ള വ്യക്തികളിലോ ഫേസ്ബുക്ക് കൂട്ടായ്മകളിലോ സ്വന്തം അക്കൗണ്ടിലോ ഒക്കെ പോസ്റ്റ്ചെയ്യുമ്പോൾ ആ ഒരു ആത്മവിശ്വാസം, മതിപ്പ് ചെറുതല്ല എന്ന് ബോധ്യപ്പെട്ടു.

തൻ്റെ 14 വർഷത്തെ എഴുത്ത് ജീവിതത്തിൽ സ്വന്തമായി പടവാൾ ഉയർത്തി ശക്തി പ്രാപിച്ച ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് നമ്മുടെ ജസിയഷാജഹാൻ .

കൊല്ലം ചാത്തന്നൂർ ഗവണ്മെന്റ് സ്ക്കൂളിലെ അധ്യാപകനായിരുന്ന അച്ഛനോടൊപ്പം ആദ്യമായി കൈപിടിച്ച് സ്ക്കൂളിൻ്റെ പടികടക്കുമ്പോൾ വലിയ മോഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഒരു കുഞ്ഞു ഫ്രോക്ക്കാരിയുടെ ആകാംക്ഷ മാത്രമേ ആകുഞ്ഞിക്കണ്ണുകളിൽ പ്രകാശിച്ചിരുന്നുള്ളൂ. ചെറുതിലെ തന്നെ എല്ലാ കലകളോടും ഒരു പ്രത്യേക താൽപര്യവും അഭിനിവേശവും കഴിവും ഉണ്ടായിരുന്നിട്ടും പഴയ പാരമ്പര്യ മൂല്യങ്ങളെ മുറുകെപ്പിടിച്ചിരുന്ന ഒരു മുസ്ലിം തറവാട്ടിൽ നിന്നും ജസിയക്ക് ഒന്നിലും വേണ്ടുവോളം എന്ന വാക്കിൽ കവിഞ്ഞ് ഒട്ടും തന്നെ പ്രോത്സാഹനങ്ങളോ പരിഗണനയോ ഒന്നും കിട്ടിയിരുന്നില്ല. . കൂട്ടുകുടുംബങ്ങളിൽ ഒത്തൊരുമിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്ന അന്നത്തെ കാലത്ത് കുടുംബത്തിലെ ഏറ്റവും ഇളയ ആളായ  അച്ഛന് സ്വന്തമായി ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞിരുന്നില്ല.

 നാട്ടിൻപുറത്ത് വർഷത്തിൽ ഒരിക്കലൊക്കെ ഇറങ്ങുന്ന ക്ലബ്ബ് മാഗസിനിൽ വീട്ടുകാർ അറിയാതെ ആങ്ങളമാരോടൊപ്പം ചേർന്ന് പാത്തും പതുങ്ങിയും ഒരു കഥയും കവിതയും എഴുതികൊടുത്തതിൽ നിന്നുമാണ്  എഴുത്തിന്റെ തുടക്കം. കലകളെപ്പോലെ തന്നെ പഠനത്തിലും എന്നും ക്ലാസിൽ ഒന്നാമത് ആയിരുന്ന ജസിയ ഒരു സ്ത്രീ കഥാപാത്രത്തിന് വിവാഹ ജീവിതത്തിലും കുടുംബ ജീവിതത്തിലും ഏറ്റവും പ്രാധാന്യം കൽപ്പിച്ചിരുന്ന ആ ഒരു കാലത്ത്  പത്തൊമ്പതാം വയസ്സിൽ വിവാഹം കഴിഞ്ഞ് ഭർത്താവിനോടൊപ്പം ഗൾഫിൽ താമസമായി. പിന്നീട് കുട്ടികൾ ,വീട് , കുടുംബം അങ്ങനെ ജീവിതത്തിൻ്റേതായ തിരക്കുകളിൽ കാലങ്ങൾ കടന്നുപോയി .ഇതിനിടെ സ്വന്തം മനസ്സിൽ എന്നും പാട്ടിനെയും എഴുത്തിനെയും വായനയെയും ഒക്കെ അവോളം ജസിയ സ്നേഹിച്ചിരുന്നു.

 

ജസിയ ഇന്നും ഓർക്കുന്നു.. തൻ്റെ കഴിവുകളെ ഏറ്റവും കൂടുതൽ വിലയിരുത്തിയിരുന്നത്, തിരിച്ചറിഞ്ഞിരുന്നത് തൻ്റെ അധ്യാപകർ തന്നെയായിരുന്നു എന്നത്. ഗവൺമെൻറ് സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ എസ്എസ്എൽസി വരെ അച്ഛൻ്റെ മേൽനോട്ടത്തിൽ ,കൺവെട്ടത്ത് പഠിച്ചത് ജീവിതത്തിൽഒരു വലിയ ഭാഗ്യമായി  ജസിയ ഇന്നും കരുതുന്നു. അച്ഛൻറെ എണ്ണയിട്ട് ചൂടാക്കിയ ചൂരൽ വടിയുടെ നോട്ടങ്ങളിൽ ഇഷ്ടക്കാരായി പ്രണയം കൂടിയ സംഗീതവും ചെറിയ രീതിയിലുള്ള നാട്ടു ക്ലബ്ബ് മാഗസിൻ എഴുത്തും, ഡാൻസ് പഠിക്കാനുള്ള മോഹവും വരയും ഒക്കെ  എവിടേയ്ക്കോ പേടിച്ച് ഒളിച്ചുപോയി .

എല്ലാ കലകളെയും ഇഷ്ടപ്പെട്ടിരുന്ന അച്ഛൻ എന്തോ പെണ്മക്കളെ ഒരു തുറന്ന ലോകത്തേക്ക് വിടാൻ ഭയപ്പെട്ടിരുന്നു . എങ്കിലും! അന്നത്തെ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിൽ സ്നേഹവലയങ്ങളിൽ അതൊന്നും ഒരു പോരായ്മയായി തോന്നിയിരുന്നതായി ജസിയക്ക് അനുഭവപ്പെട്ടിരുന്നില്ല. പിന്നീട് ജസിയയുടെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന കലകളൊക്കെ ഗൾഫിലെ സ്ക്കൂളിൽ  പഠിച്ചിരുന്ന രണ്ടു പെൺമക്കളിലൂടെയാണ് വെളിച്ചം കണ്ടു തുടങ്ങിയത്. തനിക്ക് കിട്ടേണ്ടിയിരുന്ന സമ്മാനങ്ങളൊക്കെ മക്കൾ വാരികൂട്ടിയപ്പോൾ താൻ ഏറെ അഭിമാനം കൊണ്ട നിമിഷങ്ങളെ ഈയവസരത്തിൽ വളരെ സന്തോഷത്തോടെ ഓർക്കുന്നതായി അവർ അടയാളപ്പെടുത്തി.

പിന്നെ കോളേജ് പഠനം ഒരു വെല്ലുവിളിയായി നിലകൊണ്ട ആ ഒരു കാലത്തും  ബ്രിട്ടാനിക്ക എൻസൈക്ലോപീഡിയ, മെഡിക്കൽ എൻസൈക്ലോപീഡിയ , ആരോഗ്യ ശാസ്ത്രം, മനശ്ശാസ്ത്രം,മറ്റു മുൻനിര മാഗസിനുകൾ ഒക്കെ വീട്ടിൽ വരുത്തിയിരുന്നത് അഭിമാനപൂർവ്വം ജസിയ സ്മരിച്ചു.സ്പോക്കൺ ഇംഗ്ലീഷിൽ ഹരം കൊണ്ട് ഏറെ നേരം ചിലവഴിച്ചിരുന്ന അവരുടെ ദിനരാത്രങ്ങൾ… വീട്ടിൽ ഇളയ അമ്മാവൻ സജ്ജീകരിച്ചിരുന്ന ലൈബ്രറി..കള്ളിച്ചെല്ലമ്മ, ഉൾക്കടൽ, ബഷീർ കഥകൾ, കോട്ടയം പുഷ്പനാഥിൻ്റെ ഡിക്റ്ററ്റീവ്  നോവലുകൾ , മുട്ടത്തുവർക്കിയുടെ പിറവം റോഡ് തുടങ്ങി ..കാമസൂത്ര വരെ..അറിവുകളുടെ വായനയുടെ, ഒരു വിശാലമായ തുറന്ന ലോകം തന്നെ വീട്ടിൽ നിന്നും അവരുടെ കൗമാരയൗവ്വനകാല തുടക്കത്തിൽ ലഭിച്ചിരുന്നു. (ഇവയൊക്കെ പ്രത്യേകം അവർ എടുത്തു പറഞ്ഞ വായനാ ലോകം)

ബന്ധങ്ങൾക്ക് ഒരു പാട് വില കൽപ്പിച്ചിരുന്ന , കൂട്ടുകുടുംബങ്ങൾ നിറഞ്ഞ ആ കാലഘട്ടത്തിൽ ഒരു സാധാരണ കുടുംബത്തിൽ ആറു മക്കളിൽ മൂന്നാമത്തവളായി  ജസിയ പിറന്നു.നിറയെ ഇല ചെടികളും റോസാച്ചെടികളും  നാട്ടു പൂക്കളും കൊണ്ട് നിറഞ്ഞ മുറ്റം .. വീട്ടിലും പുരയിടങ്ങളിലും നിറയെ കൃഷി .പയറുവർഗ്ഗങ്ങൾ ചേന, ചേമ്പ് കാച്ചിൽ തുടങ്ങി എല്ലാത്തരം വിളകളും അന്ന് വീട്ടിൽ കൃഷി ചെയ്തിരുന്നു അന്നൊക്കെ എല്ലാ വീട്ടു ജോലികളിലും മക്കൾ കൂടെ പങ്കെടുത്തിരുന്നത് ഇന്നിന്റെ നഷ്ടമായി ജസിയ വേദന കൊണ്ടു.

മുറ്റത്തിന്റെ രണ്ടുകോണുകളിലായി നിന്നിരുന്ന മൽഗോവ മാവും കൂറ്റൻ പേരമരവും അവരുടെ ഓർമ്മകളെ ഒരുപാട് ഉണർത്തി .റോഡ രികിലെ വീടും ഗേറ്റും 6 മുറി കടകളും വീടിൻ്റെ പിറകിലെ വഴികഴിഞ്ഞുള്ള അമ്പലവും  അച്ഛൻ്റെ ഫർണിച്ചർ ബിസിനസ്സും , കടമുറികളിലെ വാടകക്കാരുമൊക്കെ ഏറ്റവും പ്രിയപ്പെട്ടവരായി അവരുടെ കണ്ണുകളെ ഈറനണിയിച്ചു. ചുറ്റയലത്തുനിന്നും ഓണവും ക്രിസ്തുമസും വിഷുവും ഉത്സവവും ഒക്കെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത് അവർ സ്വപ്നം കണ്ടു. അതുകൊണ്ടുതന്നെ ഇന്നും ജാതിമത ചിന്തകളില്ല എന്ന് നിർഭയം അവർ വെളിപ്പെടുത്തി .ഒരു തികഞ്ഞ ഈശ്വര ഭക്തയും അല്ല .ദൈവം നമ്മുടെ പ്രവൃത്തികളിലാണെന്ന് തികച്ചും അവർ വിശ്വസിക്കുന്നു .ഒരു തികഞ്ഞ  മുസ്ലിം കുടുംബത്തിൽ ജനിച്ചിട്ടും അച്ഛൻ ഒരിക്കലും പള്ളിയിൽ പോകുന്നത് അവർ കണ്ടിട്ടില്ല .പിന്നെ അമ്മയും അമ്മാവന്മാരും നന്നായി പാടുമായിരുന്നു ചെറുതിലെയുള്ള അവരുടെ സംഗീതത്തിന്റെ അഭിരുചി അങ്ങനെ കിട്ടിയതാണ്.

എഴുത്തിന്റെ ലോകത്തിലേക്ക് വീണ്ടും അവർ സജീവമായത് ഗൾഫ് ജീവിതം മതിയാക്കി രണ്ടായിരത്തിൽ അവർ കുടുംബസമേതം നാട്ടിൽ സെറ്റിൽഡ് ആയതിനുശേഷം ആണ്. നേരെ മൂത്ത സഹോദരിയുടെ മകൻ ഒരു കവിത പുസ്തകം പ്രകാശനം ചെയ്തതാണ് വീണ്ടും കവിതയിലേക്ക് കാലെടുത്തുവയ്ക്കാൻ അവർക്ക്  പ്രചോദനമായത്.

ആയിരത്തോളം മെമ്പേഴ്സ് അംഗങ്ങൾ ആയിട്ടുള്ള ബിസിനസ് ഗ്രൂപ്പുകാരുടെ  ഡാറ്റാ ലിങ്ക്  എന്ന മാഗസിനിൽ വീണ്ടും അവർ എഴുതിത്തുടങ്ങി. അവിടുന്നങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സോഷ്യൽ മീഡിയകളിൽ, വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ  പ്രതിലിപി, ഫേസ്ബുക്ക് പേജ് തുടങ്ങി.. എഴുത്തിന്റെ ലോകത്തേക്ക് മാത്രമായി നിലകൊണ്ടു. 2018 ൽ ആദ്യ പുസ്തകം പ്രകാശനം ചെയ്തു. 2022 നകത്ത് വീണ്ടും 6 പുസ്തകങ്ങൾ .കൂട്ടത്തിൽ രണ്ടു കഥാസമാഹാരങ്ങളും ഉണ്ട്. 2023 ൽവീണ്ടും രണ്ടു പുസ്തകങ്ങൾ . എട്ട് കവിതാസമാഹാരങ്ങളും, രണ്ട് കഥാസമാഹാങ്ങളും ഉൾപ്പെടെ മൊത്തം പത്തു കൃതികൾ ഇതിനകം ജസിയഷാജഹാൻ പ്രസിദ്ധീകരിച്ചു. ശ്രീ കുരീപ്പുഴ മാഷ് , ശ്രീ ഏഴാച്ചേരി രാമചന്ദ്രൻ നായർ സാർ, ശ്രീ മുകേഷ് എംഎൽഎ , ശ്രീ അനിൽ മുഖത്തല, ശ്രീ മുരുകൻ കാട്ടാക്കട സാർ, ധനകാര്യ മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ സാർ, സിനിമ സംവിധായകൻ ശ്രീ ലാൽ ജോസ് ,  മാതൃഭൂമി റിപ്പോർട്ടർ  ശ്രീ കെ മധു എന്നിവരൊക്കെയാണ് പ്രകാശനങ്ങൾ നിർവഹിച്ചത്. ഇതിനൊക്കെ പുറമെ ഭർത്താവിനോടൊപ്പം അവരുടെ സ്വന്തം സ്ഥാപനങ്ങളായ ബീലൈൻ ഹോം അപ്ലിയൻസസ് & ഫർണിച്ചർ, ബീ ലൈൻ നാച്വറൽസ് എന്നിവിടങ്ങളിലെ ബിസ്സിനസ്സ് പങ്കാളിത്തവും കൈക്കൊണ്ടു.

ഒരു തികഞ്ഞ പ്രകൃതി സ്നേഹി കൂടിയായ ജസിയ വീട്ടിൽ ഇരുനൂറോളം ഫ്രൂട്ട്സുകൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. കൂട്ടത്തിൽ ചില മെഡിസിനൽ പ്ലാന്റ്സും ഉണ്ട് . ഗ്രാമ്പൂ ജാതിക്ക,   കുരുമുളക് കുടംപുളി തുടങ്ങി പലവിളകളും കൂട്ടത്തിൽ ഉണ്ട്. ഇപ്പോഴും അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് പുതിയ തൈകൾ ശേഖരിക്കുന്നുമുണ്ട്. എഴുത്തു പോലെ തന്നെ അവർക്ക് സംഗീതവും കൃഷിയും ഗാർഡനിംഗ് കുക്കിംഗ്, ഇൻറീരിയർ ഡിസൈനിങ്, ഗെയിംസ്  ഒക്കെ പ്രിയപ്പെട്ടവയാണ്. സ്വന്തമായി ഗാനങ്ങൾ എഴുതി സംഗീതം നൽകി പാടുന്നതും ഹോബിയാണ്. നാടൻ പാട്ടുകൾ ഗസൽ ഒക്കെ കൂട്ടത്തിൽ പെടും. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. ഒന്നുകൊണ്ടും വലിയ പ്രസിദ്ധയാകണമെന്നൊന്നും അവർക്ക് ആഗ്രഹമില്ല ,തന്റേതായ കുറച്ച് ഇഷ്ടങ്ങളെയും ഹോബികളേയും താലോലിക്കുന്ന , അവർക്ക് മാത്രം അവകാശപ്പെടാവുന്ന കുറച്ചു സന്തോഷ നിമിഷങ്ങൾ അത്രമാത്രം.

അവാർഡുകളിൽ വിശ്വാസവും താൽപര്യവും ഇല്ല .കാരണം അവരെ തേടിയെത്തിയ അവാർഡുകളെല്ലാം സാഹിത്യത്തെയും കലയെയും വിലയ്ക്ക് വാങ്ങുന്നവ ആയിരുന്നു. എല്ലാവർക്കും പല പേരുകളിൽ ..ചാരിറ്റബിൾ ഉൾപ്പെടെ ക്യാഷ് ആണ് ആവശ്യം . വേദികളുടെയും അവാർഡുകളുടെയും വലിപ്പം തുക അനുസരിച്ച് നിശ്ചയിക്കും. എഴുത്തിന്റെ ലോകത്തെ അവർക്ക് കിട്ടിയ ഏറ്റവും വലിയ അവാർഡ് അവരുടെ എട്ട് പുസ്തകങ്ങൾ വായിച്ച് അവരുടെ നമ്പർ അവർ ബുക്ക്സ് ചെയ്തിടത്തുന്ന് വിളിച്ചു വാങ്ങി അവരുടെ വാട്സാപ്പിൽ സ്വന്തം കൈപ്പടയിൽ കുറിപ്പെഴുതിയിട്ട ഡോ.അലക്സാണ്ടർ ജേക്കബ് സാറിൻ്റേതാണ്.

മലയാളി മനസ്സിൽ നിന്നും ആദ്യമായി തനിക്ക് തൻ്റെ “വെള്ളാരം കണ്ണുകൾ”എന്ന കഥയ്ക്ക് ലഭിച്ച ആദരവ് ജസിയ അഭിമാനപൂർവ്വം ഓർത്തു.

ഒപ്പം തൻ്റെ സ്റ്റാറ്റസിലും ഫേസ്ബുക്ക് സ്റ്റോറിയിലും താൻ എഴുതുന്ന രചനകൾ അപ്ഡേറ്റ് ചെയ്ത് മലയാളി മനസ്സ് പത്രത്തേയും കൂടുതൽ ആൾക്കാരിലേക്ക് എത്തിക്കാൻ ജസിയ മറക്കാറില്ല.  തൻ്റെ “മരിയാന ട്രെഞ്ച്” എന്ന  കഥയ്ക്ക് ക്യാഷ് അവാർഡ് ലഭിച്ചത് മലയാളി മനസ്സ് പത്രത്തിൽ നിന്നുമാണ്. ഏറെ സന്തോഷം തോന്നിയ നിമിഷങ്ങൾ അവർ ഞങ്ങളുമായി പങ്കിട്ടു.

സോഷ്യൽ മീഡിയകളിൽ നിന്നും, വാട്സാപ്പ് കൂട്ടായ്മകളിൽ നിന്നും നിരവധി സമ്മാനങ്ങൾ അവർ തങ്ങളുടെ രചനകൾക്ക് നേടിയിട്ടുണ്ട്. ഒപ്പം അവരുടെ ബിസിനസ് കൂട്ടായ്മകളിൽ നിന്നും.

ജസിയയുടെ മുറ്റം.. നിറയെ നാട്ടു ചെടികളും കാട്ടുചെടികളും ഏറ്റവും പുതിയ ഓർക്കിഡ്സ് മുതൽ ആന്തൂറിയം വരെയുള്ള കളക്ഷനും കൊണ്ട് നിറഞ്ഞതാണ്.  ഒരുപാട് പക്ഷികളും കിളികളും ശലഭങ്ങളും ചീവീടുകളും വവ്വാലുകളും ഒക്കെ കൊണ്ട് ശബ്ദമുഖരിതമായ ഒരു അന്തരീക്ഷമാണ് അവരുടെത്. അതൊക്കെയാണ് അവർക്ക് ഏറെ പ്രിയം. ഒറ്റയ്ക്കിരുന്ന് പാടുന്നത് ഇഷ്ടമുള്ള ഹോബിയാണ് നന്നായി വളരെ വെറൈറ്റി ആയി പാചകം ചെയ്യുന്ന കലാകാരി കൂടിയാണ് നമ്മുടെ എഴുത്തുകാരി.

തൻ്റെ കുടുംബം ..മൂന്നു മക്കളും ഭർത്താവും അടങ്ങുന്നതാണ്. മക്കൾ മൂന്നുപേരും പോസ്റ്റ് ഗ്രാജ്വേറ്റ് ആണ് .അതിൽ രണ്ട് പെൺമക്കളുടെ വിവാഹം കഴിഞ്ഞു .അവർ കുടുംബമായി അയർലണ്ടിലും ബാംഗ്ലൂരിലും താമസിക്കുന്നു. അവരൊക്കെ സോഫ്റ്റ്‌വെയർ ഫീൽഡിൽ വർക്ക് ചെയ്യുന്നു .മകൻ കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമിയിൽ ഫാക്കൽറ്റിയാണ് . രണ്ടു ചെറുമക്കളുണ്ട് .ഒരു മോളും ഒരു മോനും.

ജസിയക്ക് മലയാളി മനസ്സ് വായനക്കാരോട് പറയുവാനുള്ളത് നമ്മൾ ചെയ്യുന്ന ഓരോ ജോലിയും എത്രയും ആസ്വദിച്ച് ചെയ്യുക .ഒരു നിമിഷവും പാഴാക്കാതിരിക്കുക .ഇന്നു ചെയ്യണമെന്ന് ആഗ്രഹിച്ചതൊക്കെ ഇന്നുതന്നെ ചെയ്തുതീർക്കുക .നാളെ ഒരു സങ്കല്പമാണ്. ഇന്നലെകൾ മറഞ്ഞു പോയവയും … എന്നതാണ്.

വീണ്ടും നമ്മുടെ മലയാളി മനസ്സിലെ സ്ഥിരം എഴുത്തുകാരിൽ മറ്റൊരാളുമായി കാണാം.. നന്ദി, നമസ്കാരം

മേരി ജോസി മലയിൽ തിരുവനന്തപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments