മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപൂക്കൾ എന്ന രചനയുടെ മുപ്പത്തിരണ്ടാം ഭാഗത്തിലേക്ക് സ്വാഗതം
മലയാളത്തിലെ പ്രശസ്ത കവിയും,ബഹുഭാഷാ പണ്ഡിതനും, വിവർത്തകനും അദ്ധ്യാപകനും ആയിരുന്ന ശ്രീ. തിരുനല്ലൂർ കരുണാകരൻ അവർകൾ ആണ് ഇന്നത്തെ നക്ഷത്രപൂവ്!
തിരുനല്ലൂർ കരുണാകരൻ (
(08/12/1924 – 05/07/2006)
കൊല്ലം ജില്ലയിൽ പെരിനാട് തിരുനല്ലൂർ പി.കെ. പത്മനാഭൻ്റെയും, എൻ. ലക്ഷ്മിയുടെയും മകനായി 1924 ഡിസംബർ എട്ടാം തീയതി തിരുനല്ലൂർ കരുണാകരൻ ജനിച്ചു.
പ്രാക്കുളം എൻ.എസ്.എസ് ഹൈസ്കൂൾ, കൊല്ലം എസ്.എൻ. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കൊല്ലം എസ്.എൻ. കോളേജ്, തിരുവനന്തപുരം ആർട്ട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നീ കലാശാലകളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. 1971 മുതൽ 1981 വരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്നു.
ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്ന കാലത്തുതന്നെ തിരുനല്ലൂർ കവിതകൾ എഴുതുമായിരുന്നു.
സുന്ദരമായ ഒരു കാവ്യശൈലിയുടെ ഉടമയായിരുന്ന അദ്ദേഹം വിപ്ലവകാരിയായ ഒരു കവി ആണ്. പുതിയ ഒരു സംസ്കാരത്തിൻ്റെ ആവിഷ്ക്കർത്താക്കളാകുവാൻ കവികൾ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. വിപ്ലവാത്മകമായ മനോഭാവം ഉണ്ടെങ്കിലും ഉൽക്കടമായ വികാരപ്രകടനങ്ങളോ, പൊട്ടിത്തെറിക്കലുകളോ അദ്ദേഹത്തിൻ്റെ കവിതകളിൽ കാണുകയില്ല.
സമൂഹത്തിൽ കാണുന്ന അനാവശ്യ പ്രവണതകളെക്കുറിച്ച് വായനക്കാരിൽ അവബോധമുണ്ടാക്കുകയാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യം. അദ്ധ്വാനത്തിൻ്റെ മഹത്വം, വേദന, അതിൽ നിന്നും ഉണ്ടാകുന്ന ആനന്ദം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തിരുനല്ലൂരിൻ്റെ കവിതകളിൽ കാണുന്ന പരാമർശങ്ങൾ ശ്രദ്ധിക്കപ്പെടുന്നവയാണ്. ബാല്യം മുതലേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നതിനാൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും മറ്റും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ കവിതകളിലും ഇതിൻ്റെ പ്രതിഫലനം കാണാം.
റാണി, സമാഗമം, സൗന്ദര്യത്തിൻ്റെ പടയാളികൾ, മഞ്ഞുതുള്ളികൾ, പ്രേമം മധുരമാണ്- ധീരവുമാണ്, രാത്രി, അന്തിമയങ്ങുമ്പോൾ, ഗ്രീഷ്മസന്ധ്യകൾ,വയലാർ, താഷ്ക്കൻ്റ് തുടങ്ങിയവയാണ് തിരുനല്ലൂരിൻ്റെ പ്രധാന കവിതകൾ. മേഘസന്ദേശം, അഭിജ്ഞാന ശാകുന്തളം എന്നിവ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. മലയാള ഭാഷാപരിണാമം, സിദ്ധാന്തങ്ങളും വസ്തുതകളും, ഒരു മഹായുദ്ധത്തിൻ്റെ പര്യവസാനം എന്നിവ അദ്ദേഹം എഴുതിയിട്ടുള്ള ലേഖനങ്ങളാണ്.
കേരളത്തിൽ കഥാപ്രസംഗ വേദികളിൽ ഏറ്റവും അധികം അവതരിപ്പിച്ചിട്ടുള്ള കൃതികളിലൊന്നാണ് ഇദ്ദേഹത്തിൻ്റെ റാണി.
‘റാണിയെന്നോമനപ്പേരിവൾക്കേകിയ
ഭാവനയാരുടേതാവാം
നാക കഥകളീ മണ്ണിലെഴുതിയ
നാടൻ കലയുടേതാവാം…’
തുടങ്ങിയ ശീലുകൾ ഒരു കാലത്ത് ഉത്സവപ്പറമ്പുകളിൽ മുഴങ്ങിക്കേട്ടിരുന്നവയാണ്.
റാണിയുടെ വീടിനെ വർണ്ണിച്ചിരിക്കുന്നത്,
‘വൃത്തവുമല്ല ചതുരവുമല്ലതിൽ
എത്തിനോക്കിട്ടില്ല ശില്പതന്ത്രം…’ എന്നാണ്.
പ്രേമവും വിരഹവേദനയും പ്രമേയമായിട്ടുള്ള രണ്ടു കവിതകളാണ് ‘ഒരു നാടൻ സന്ദേശം’, ‘യമുനാതീരത്ത്’ എന്നിവ. നാടൻ സന്ദേശത്തിൽ ഒരു തൊഴിലാളി സ്ത്രീയാണ് നായികയെങ്കിൽ യമുനാതീരത്തിൽ വൃന്ദാവനത്തിലെ രാധയാണ് നായിക. രണ്ടുപേരും വിരഹവേദന അനുഭവിക്കുന്ന വരാണ്.
‘അന്തോണി’ എന്ന കവിതയിലെ അന്തോണി ചോദിക്കുന്നു?
എന്തു നാം നേടിയിക്കൂട്ടക്കൊലകളാൽ?
എന്തു ഞാൻ നേടി നീ കൈവിട്ട ജീവനാൽ?
ഈ ചോദ്യത്തിൽ ഒരു പശ്ചാത്താപവും മനസാക്ഷിക്കുത്തും ഉൾക്കൊള്ളുന്നുണ്ട്.അതുപോലെ ‘വയലാർ’ എന്ന കവിതയിൽ പുന്നപ്രവയലാർ സമരത്തിൽ പങ്കെടുത്ത് മരിച്ചവരുടെ അമ്മമാരെ കവി ഓർക്കുന്നത്,
കുറച്ചല്ലീ നാട്ടിൽ മരിച്ചമക്കളെ –
ക്കുറിച്ചു ദുഃഖിച്ചു കഴിയുമമ്മമാർ
വിടരും പൗരുഷമഴകു ചേർത്തിടൂ-
മൊടുവിൽ ക്കണ്ടൊരാ മുഖങ്ങളോർക്കുമ്പോൾ
കരളെരിഞ്ഞാലുമുടലിൽ നേരിയ
തരിയിലും കോരിത്തരിക്കുമമ്മാർ
പൊരുതി വീണ വരവരിൽത്തീയുണ്ട
മുതുകിലേവരധികമില്ലല്ലോ…. എന്നാണ്.
അവിടെ
” നിറഞ്ഞ കണ്ണുകളിടയുന്നു, ഞങ്ങൾ
പറയുന്നുച്ചത്തിൽ, ജയിക്കുമേ ഞങ്ങൾ”!
സംഘടിത അദ്ധ്വാനത്തിൻ്റെ ഫലമായി ഒരു പ്രദേശത്തുക്കൂടി തീവണ്ടി വരുന്നതാണ് ആദ്യത്തെ തീവണ്ടി വരുന്നതാണ്
“തീവണ്ടി” എന്ന കവിതയുടെ പ്രമേയം.
‘ഉത്സവമാണിന്നിൻ്റെ നാട്ടുകാർക്കെല്ലാം, തമ്മിൽ മത്സരിക്കുന്ന നവാ ഹ്ളാദവുമുത്സാഹവും
എന്തുകൊണ്ടന്നോ ഞങ്ങൾ നിർമ്മിച്ച പാലത്തിലൂ-
ടെത്തുന്നതിന്നാണാവിവണ്ടിയുമാഘോഷവും!
അദ്ധ്വാനിക്കുന്നവർക്കു വേണ്ടി തൻ്റെ തൂലിക ചലിപ്പിച്ച കവിയാണ് തിരുനല്ലൂർ കരുണാകരൻ. ഹൃദ്യമായ ഭാഷയിൽ ലളിതമനോഹരമായ ശൈലിയിൽ അവതരിപ്പിച്ച അദ്ദേഹത്തിൻ്റെ കവിതകളെല്ലാം തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതായിത്തീർന്നു.
കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായിരുന്ന
(1975 – 1981) അദ്ദേഹത്തിന് കേരള സാഹിത്യ അക്കാഡമി, കേരള കലാമണ്ഡലം, കേരള സർവകലാശാല എന്നിവ അദ്ദേഹത്തിൻ്റെ പ്രവർത്തനമേഖലയിൽ ഉൾപ്പെട്ടിരുന്നു. 1973 ൽ സോവിയറ്റ് യൂണിയനിൽ നടന്ന ആഫ്രോ-ഏഷ്യൻ റൈറ്റേഴ്സ് കോൺഫറൻസിൽ ഇൻഡ്യൻ പ്രതിനിധി സംഘാംഗമായി അദ്ദേഹം പങ്കെടുത്തു. ജനയുഗം വാരികയുടെ പത്രാധിപരായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇങ്ങനെ മലയാളികളുടെ മനം കവർന്ന കവി, പ്രസിദ്ധനായ അദ്ധ്യാപകൻ, പത്രാധിപർ,
സമർത്ഥനായ വാഗ്മി എന്നീ നിലകളിൽ പ്രശോഭിച്ചിരുന്ന ശ്രീ. തിരുനല്ലൂർ കരുണാകരൻ സാർ 2006 ജൂലൈ 5 ന് ഇഹലോകവാസം വെടിഞ്ഞു
അടുത്തലക്കം വീണ്ടും കണ്ടുമുട്ടാം
Thank You Sri. Raju Sankarathil Sir

തിരുനല്ലൂർ കരുണാകരന്റെ ജീവിത വഴികൾ നന്നായി എഴുതി..
നല്ല അറിവ്
വായനയ്ക്കും ഹൃദ്യമായ അഭിപ്രായത്തിനും ഏറെ സന്തോഷം… സ്നേഹം…നന്ദി സാർ

Good