Friday, July 26, 2024
Homeസ്പെഷ്യൽറോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന "ലേഖയും മാഷും" (ഭാഗം - 63)

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന “ലേഖയും മാഷും” (ഭാഗം – 63)

റോബിൻ പള്ളുരുത്തി

“മാഷേ, മാഷ് എവിടെയാ പോയത്. കുറച്ചു ദിവസമായല്ലോ കണ്ടിട്ട്. ”

“ങ്ങ്ഹാ , ഞാനിടെയില്ലായിരുന്നു ലേഖേ. ഒരു യാത്ര പോയതാ. അങ്ങ് ഗാന്ധിയുടെ നാട്ടിലേക്ക്. ”

” ഗാന്ധിയുടെ നാട്ടിലോ.? എവിടെ ഗുജറാത്തിലേക്കോ ?”

“അതെ അവിടെത്തന്നെ. ഞങ്ങൾ കുറച്ച് അധ്യാപകർ ഒരുമിച്ചാണ് പോയത് ”

” എന്നിട്ട് , അവിടമൊക്കെ കണ്ടോ ?”

” കുറച്ച് സ്ഥലങ്ങളിലൊക്കെ പോയി. പക്ഷെ ഞങ്ങൾ ചെന്നപ്പോൾ അവിടെ സൂര്യതാപത്തിൻ്റെ പ്രശ്നമുള്ളതുകൊണ്ട് ഓറഞ്ചലർട്ട് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. ”

” ങ്ങ്ഹേ , ചൂടിനും റെഡ് അലർട്ടും ഓറഞ്ചലർട്ടുകളുമൊക്കെയുണ്ടോ മാഷേ ?”

” ഉണ്ടോന്നോ, നമ്മുടെ നാട്ടിൽ മഴ കൂടുമ്പോഴാണ് ജാഗ്രതാ നിർദ്ദേശങ്ങൾ വരുന്നതെങ്കിൽ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത് വേനൻ ചൂട് കൂടുമ്പോഴാണെന്ന് മാത്രം. ”

” അത്രയ്ക്ക് ചൂടാണോ മാഷേ.?”

“ങ്ങ്ഹാ, 45° മുകളിൽ ചൂട് വരുമ്പോഴാണ് അവിടെ ജാഗ്രതാ മുന്നറിയിപ്പുകൾ നൽകാറുള്ളത്. ഞങ്ങൾ ചെന്നപ്പോൾ അവിടെ താപനില 46° ആയിരുന്നു അതുകൊണ്ട് അധികം സ്ഥലങ്ങളൊന്നും സന്ദർശിക്കാൻ പറ്റിയില്ല. എന്നാലും സബർമതി ആശ്രമത്തിൽ പോയി പിന്നെ കുറച്ച് അമ്പലങ്ങളിലും. ”

” അമ്പലങ്ങളിലോ ? അപ്പോ മാഷ് തീർത്ഥാടനത്തിന് പോയതാണോ ?”

“അല്ലടോ, അഹമ്മദാബാദിലും ഗാന്ധിനഗറിലുമായി ധാരാളം അമ്പലങ്ങളുണ്ട്. താൻ കേട്ടിട്ടിലെ സോമനാഥ ക്ഷേത്രത്തെപ്പറ്റി ? അങ്ങനെയുള്ള പ്രസിദ്ധങ്ങളായ വിനോദസഞ്ചാര കേന്ദ്രങ്ങളും ഗീർവനവും ഗുജറാത്തിൻ്റെ മാത്രം സവിശേഷതകളാണ്. ”

” മാഷ് പറയുന്നത് കേട്ടാൽത്തോന്നും നമ്മുടെ നാട്ടിൽ അമ്പലങ്ങൾ ഇല്ലാത്തതുകൊണ്ട് അങ്ങ് ഗുജറാത്തിലെ അമ്പലത്തിൽ തൊഴാൻ പോയതാണെന്ന്. പിന്നെ ചൂടിൻ്റെ കാര്യം പറഞ്ഞാൽ നമ്മുടെ നാടും മോശമല്ലല്ലോ ഈ വർഷം ചില ജില്ലകളിൽ 40°വരെ തപനില ഉണ്ടായിരുന്നെന്നാണ് വാർത്തകൾ.”

“ങ്ഹാ , അതും ശരിയാണ്. നമ്മുടെ നാട്ടിൽ എല്ലാമുണ്ട്. നദിയും, മലയും, മഴയും, മരവും എല്ലാം. പക്ഷെ, അവയെല്ലാം എങ്ങനെ സരക്ഷിക്കണമെന്ന് മാത്രം ആർക്കും അറിഞ്ഞുകൂട. അതെല്ലാം മനസ്സിലാകണമെങ്കിൽ നമ്മൾ മറ്റ് നാടുകളും രാജ്യങ്ങളും സന്ദർശിക്കണം. അപ്പോളറിയാം എങ്ങനെയാണ് പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് അവർ പ്രകൃതിയേയും പ്രകൃതിവിഭവങ്ങളെയും സംരക്ഷിക്കുന്നതെന്ന് . ”

” സംഭവമൊക്കെ ശരിയായിരിക്കും. എന്നാലും മാഷേ, നമ്മൾ മറ്റൊരു നാട്ടിൽ പോയി വന്നിട്ട് ജനിച്ച നാടിനെ തള്ളിപ്പറയുന്നത് ശരിയാണോ ?”

“ലേഖേ , ഞാൻ നമ്മുടെ നാടിനെ ചെറുതാക്കി പറഞ്ഞതല്ല. എല്ലാ സുഖ സൗകര്യങ്ങളുണ്ടായിട്ടും പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കണമെന്ന ചിന്തയില്ലാത്ത നാട്ടിലെ പുരോഗമന പ്രവർത്തനങ്ങളെയാണ് ഉദ്ദേശിച്ചത്. ങ്ങ്ഹാ , അതൊന്നും പറഞ്ഞാൽ തനിക്ക് മനസിലാവില്ല. കാരണം താനും ഈ ഫാസ്റ്റ് ഫുഡ് സമൂഹത്തിൽത്തന്നെയല്ലെ വസിക്കുന്നത്.?
അപ്പോ, ഒഴുക്കിനൊത്ത് നീന്തുന്നുവെന്ന് സാരം. ”

റോബിൻ പള്ളുരുത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments