Saturday, December 7, 2024
Homeകഥ/കവിതബീ പ്രാക്ടിക്കൽ .... (നോവൽ - അദ്ധ്യായം എട്ട്) ✍സുരേഷ് തെക്കീട്ടിൽ

ബീ പ്രാക്ടിക്കൽ …. (നോവൽ – അദ്ധ്യായം എട്ട്) ✍സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

” ആര്യേ ഏടത്തിയമ്മ രാമാനന്ദേട്ടന്റെ കൈയും പിടിച്ച് ഞവരക്കാട്ടേക്ക് കയറി വരുമ്പോൾ നീ ഒമ്പതാം ക്ലാസ്സിലാണ്. പത്തുവയസ്സിന്റെ മൂപ്പേ നീയുമായി എനിക്കുള്ളൂ.
ശരിയാണ്. എന്നാൽ ഭർത്താവിന്റെ അനിയത്തിയല്ല നീയെനിക്ക് സ്വന്തം മകളാണ്. നേര് പറയൂ എന്റെ കുട്ടിടെ മനസ്സില് വല്ലതുംണ്ടോ ആരെങ്കിലും ണ്ടോ ഏടത്തിയമ്മയോട് പറയ്.”

ആര്യയുടെ മുറിയിൽ ആ കട്ടിലിലിരുന്ന് മാലിനി വാത്സല്യത്തോടെ ചോദിച്ച ചോദ്യത്തിന് ഒരു നിറഞ്ഞ ചിരിയാണ് ആര്യ തിരിച്ചുനൽകിയത്.

” എനിക്ക് ആരോടും ഒന്നും ഇല്ല ഏട്ത്തിയമ്മേ.
ണ്ടെങ്കിൽ ഞാൻ എന്റെ ഏടത്തിയമ്മയോട് ആദ്യമേ പറയില്ലേ. എനിക്ക് ഈ ലോകത്ത് എന്തും പറയാൻ ദൈവം തന്നതാണീ സൗഭാഗ്യം.”

”ആവൂ ….എന്റീശ്വരാ ”

ആശ്വാസത്തിന്റെ ഒരു നിശ്വാസം മാലിനിയിൽ നിന്നുണ്ടായി.
” ഇന്നലെ മുരളിയുടെ പേര് പറഞ്ഞപ്പോൾ എന്റെ കുട്ടിയുടെ മുഖമൊന്നു മാറി. ഞാൻ ശരിക്ക് പേടിച്ചുട്ടൊ. നിന്നിലുണ്ടാവുന്ന ചെറിയൊരു ഭാവമാറ്റം പോലും തിരിച്ചറിയാൻ ഒട്ടും പ്രയാസമില്ല എനിക്ക്.”

“ഓ അപ്പൊ അതാണോ കാര്യം. എനിക്ക് മുരളിയെ ഇഷ്ടാണ്. പക്ഷേ അത് പ്രേമമൊന്നുമല്ല. ഈ നാട്ടിലെ ഒരു നല്ല പെൺകുട്ടിക്ക് ഒന്ന് വെറുതേ ഇഷ്ടപ്പെടാൻ തോന്നിയാൽ അതിന് പറ്റിയ എത്ര പേരുണ്ടിവിടെ. വിരലിലെണ്ണാവുന്നവർ മാത്രം. അതിൽ ഏറ്റവും മുന്നിലല്ലേ ഷാരത്തെ മുരളി. നന്നായി വായിക്കും എഴുതും ,വരയ്ക്കും, പാടും ,മനോഹരമായി സംസാരിക്കും എല്ലാവരോടും അന്തസ്സോടെ ഇടപെടും. കാണാനും മിടുക്കൻ.പിന്നെയതു പോലെയൊരു മാന്യനുള്ളത് ഞവരക്കാട്ടെ രാമാനന്ദനാ. സുന്ദരൻ സുമുഖൻ .പക്ഷേ അതെന്റെ സ്വന്തം ഏട്ടനായി പോയില്ലേ. മാത്രമല്ല അങ്ങേരെ വേറെയാർക്കുമിനി കിട്ടുകയുമില്ലല്ലോ. വെളുത്തു തടിച്ച് മിടുക്കിയായ ഒരു സുന്ദരി സ്വന്തമാക്കിയില്ലേ.”

“പോ പെണ്ണേ അവിടന്ന് ” മാലിനി ആര്യയുടെ കവിളിലൊന്ന് തട്ടി.

” എന്നാലേ നിങ്ങളാരും ഒരു പേടിയും പേടിക്കണ്ട. നിങ്ങൾക്കാർക്കും ഈ ജന്മത്ത് ആര്യ ഒരു ചീത്ത പേരും ഉണ്ടാക്കില്ല. റിട്ടേർഡ് അധികാരി പത്മനാഭപണിക്കർക്കും ,മാതൃകാ അദ്ധ്യാപിക ശ്രീമതി ലക്ഷ്മിക്കുട്ടി ടീച്ചർക്കും , രാമാനന്ദൻ മാഷിനും ഒന്നും .ഇത്രയും പറഞ്ഞ് നിർത്തി ആര്യ ഒരു പ്രത്യേകഭാവം വരുത്തി അയ്യോ സോറി മാഡം പറഞ്ഞു വന്നപ്പോൾ പ്രധാന കഥാപാത്രമായ ഉഗ്രമൂർത്തിയുടെ പേര് വിട്ടു പോയി .എൻ്റമ്മോ.ആലോചിച്ചൂട.ശ്രീ ശ്രീ ഞവരക്കാട്ട് ദേവാനന്ദൻ അവർകൾ. ഒരാൾക്കും ഒരു പ്രശ്നവും ആര്യ കാരണമുണ്ടാവില്ല.
ഇനി ഞാൻ ശപഥമെടുക്കണോ അതുമാവാം.ഇതാ…..

കളരി പരമ്പര ദൈവങ്ങളാണേ… കാവിലമ്മയാണേ നേരമ്മാവനാണേ ഇത് സത്യം … സത്യം .. ങേ…. സത്യം …
യ്യോ ഇപ്പഴാ ഓർത്തത് ഇന്ന് പോണ്ടേ ഏട്ത്തിയമ്മേ… നമ്മുടെ തച്ചോളി അമ്പു. ”

“ഒരു കണക്കിന് മുരളി നിന്നെ പ്രേമിക്കാത്തത് മുരളീടെ ഭാഗ്യം. അല്ലെങ്കില് ഈ വായേലെ നാവൊക്കെ ആ പാവം ജീവിതകാലം മുഴുവൻ സഹിക്കണ്ടേ.”

ഇത്രയും പറഞ്ഞത് മാലിനി മുറിയിൽ നിന്നും പുറത്തിറങ്ങി.
വാതിലിനടുത്ത് എത്തിയതും തിരിഞ്ഞു നിന്ന് പറഞ്ഞു
“വേഗം പണിയൊരുക്കട്ടെ . ന്നാലേ നമ്മുടെ തച്ചോളി അമ്പു. ”

ആര്യ പറഞ്ഞത് പൂർണമായും സത്യം തന്നെയായിരുന്നു.
മുരളിയെ ആര്യക്കിഷ്ടമായിരുന്നു. എന്നാൽ അതിന് പ്രണയം എന്നൊന്നും പറയാൻ കഴിയുമായിരുന്നില്ല. മാത്രമല്ല എന്നും അവൾക്ക് അവളുടെ അച്ഛൻ, അമ്മ, ഏട്ടൻമാർ ഏട്ത്തിയമ്മ എല്ലാവരും ഏറെ പ്രിയപ്പെട്ടവരും ആയിരുന്നു. അവരെയൊന്നും വേദനിപ്പിക്കുന്ന കാര്യം വെറുതെ ഒന്ന് ചിന്തിക്കാൻ കൂടി അവൾക്കാവില്ലായിരുന്നു.

ആയിടക്കാണ് ഒറ്റപ്പാലത്തു നിന്നും വന്ന ഒരു ആലോചന എതാണ്ട് തീരുമാനമാവുന്നത്.നല്ല കുടുംബം നല്ല ജോലി നല്ല പയ്യൻ.എഞ്ചിനീയറാണ് ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ. രാജേഷ് എന്ന് പേര് വീട്ടിൽ അപ്പു എന്നു വിളിക്കും.ബാങ്ക് മാനേജരായി വിരമിച്ച ഭരതൻ മേനോന്റെ രണ്ട് ആൺ മക്കളിൽ ഇളയ ആൾ.

“ആര്യയേക്കാൾ രണ്ട് വയസ്സ് വ്യത്യാസമേ ഉള്ളൂ അത് മാത്രമാണൊരു… ”
എന്ന് ലക്ഷ്മിക്കുട്ടി ടീച്ചർ സൂചിപ്പിച്ചപ്പോൾ
” അതിന് നമ്മളെന്തു ചെയ്യാൻ. അതവരല്ലേ പറയേണ്ടത്. അവർക്കു സമ്മതമല്ലേ പിന്നെന്താ ” എന്നാണ് പത്മനാഭ പണിക്കർ മറുപടി നൽകിയത്.

” അതെ … അവർക്ക് ആര്യയെ കണ്ടപ്പോൾ തന്നെ നല്ല തൃപ്തിയായി. അല്ലെങ്കിലും അവളെ കണ്ടാൽ ആ മുഖത്തേക്കൊന്നു നോക്കിയാൽ ആർക്കെങ്കിലും വേണ്ടാന്ന് പറയാൻ പറ്റുമോ ”

മാലിനിപെട്ടന്നങ്ങുപറഞ്ഞു പോയി.
പിന്നെ വേണ്ടിയിരുന്നില്ല എന്ന് തോന്നിയെങ്കിലും പത്മനാഭ പണിക്കരുടേയും ലക്ഷ്മിക്കുട്ടി ടീച്ചറുടേയും ആ സമയത്തെ ഭാവങ്ങളിൽ നിന്ന് അവർക്ക് ആ പറഞ്ഞത് നന്നായി ഇഷ്ടപ്പെട്ടു എന്ന് മാലിനിക്ക് ബോദ്ധ്യമായി.

ഇതിനിടയിലാണ് ഒരു ദിവസം തീർത്തും അപ്രതീക്ഷിതമായി ആര്യയെ മുരളി തന്റെ ഇഷ്ടം അറിയിച്ചത് .
പതിവുപോലെ ദീപാരാധന തൊഴാൻ പോയ സമയം ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് ആൽത്തറയുടെ അടുത്തേക്ക് ആര്യയെ വിളിക്കുകയായിരുന്നു മുരളി.
പ്രതിഭയിൽ ക്ലാസ്സ് എടുക്കുന്ന കാര്യമായിരിക്കും പറയാനുള്ളത് എന്നാണ് ആര്യ കരുതിയത് .

ശ്രീക്കുട്ടനെ അമ്പലത്തിന്റെ കവാടത്തിനടുത്ത് നിർത്തി “പ്പൊ വരാം ട്ടൊ ” എന്ന് പറഞ്ഞാണ് ആര്യ ആൽത്തറക്കു സമീപം നിൽക്കുന്ന മുരളിയുടെ അടുത്തേക്ക് ചെന്നത്.
പരിഭ്രമം നിറഞ്ഞ മുഖഭാവമുമായി മുരളി പറഞ്ഞിതങ്ങനെ .

“എനിക്ക് ആര്യയെ ഇഷ്ടമാണ്. ഇഷ്ടം എന്ന് പറഞ്ഞാൽ എന്റെ പ്രാണനെ പോലെയിഷ്ടം അല്ലെങ്കിൽ അതിലുമേറെ.ഈ ഇഷ്ടം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. എന്നാണോ ഞാൻ ആദ്യം കണ്ടത് അന്നു മുതൽ….. ”

ഒരു നിമിഷം തരിച്ചുനിന്നു പോയി ആര്യ. പെട്ടന്ന് മനസാന്നിദ്ധ്യം വീണ്ടെടുത്ത് മറുപടി നൽകി.

“ഇത് സിനിമയും നാടകവുമൊന്നുമല്ലട്ടൊ. വായിച്ചു പോയ നോവലോ ,എഴുതിയ കഥയോ അല്ല. ഒരു പാട് പേരുടെ ജീവിതങ്ങളാണ്.ഇനി കുട്ടിക്കാലം മുതല് എന്നോട് അങ്ങനെയൊന്നുണ്ടായിരുന്നെങ്കിൽ അത് പറയണ്ടത് ഇപ്പോഴാണോ. ഇനി അത്രയേറെ ഗൗരവമായിട്ടാണെങ്കിൽ ഇവിടെ വെച്ച് ഈ സമയത്ത് എന്നോടല്ലല്ലോ ഇത് പറയേണ്ടത്. ”

പറഞ്ഞു തീർന്ന് മുരളിയുടെ മുഖത്തേക്ക് നോക്കാതെയും തുടർപ്രതികരണം കേൾക്കാൻ നിൽക്കാതെയും ആര്യ വേഗത്തിൽ തിരിഞ്ഞു നടന്നു.

ക്ഷേത്ര കവാടത്തിനരികിൽ കാത്തു നിന്നിരുന്ന ശ്രീക്കുട്ടന്റെ കൈ പിടിച്ച് ധൃതിയിൽ നടന്ന് വന്ന് വീട്ടിൽ കയറുമ്പോൾ ആര്യയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു.പല തരത്തിൽ പലരിൽ നിന്നും കമന്റുകളായും, കത്തു തരാൻ ശ്രമിക്കലായും ചെറിയ ചെറിയ ഉപദ്രവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതതല്ലല്ലോ. ഒരാൾ നേരെ മുന്നിൽ നിന്ന് ഇഷ്ടമാണ് പ്രാണനാണ് എന്നൊക്കെ പറയുന്നത് ആദ്യമായിട്ടാണ്.
കുട്ടിക്കാലം മുതലേ കാണുന്ന ഒരാൾ.അതും ഉള്ളിൽ പണ്ടുമുതലേ ചെറിയ ഒരിഷ്ടമോ ആരാധനയോ ഒക്കെ തോന്നിയിരുന്ന ഒരാൾ. വല്ലാത്തൊരു മാനസികാവസ്ഥ. സത്യത്തിൽ ആ വാക്കുകൾ കേട്ടപ്പോൾ എന്താണ് തോന്നിയത്. കേൾക്കാൻ ഏറെ കൊതിച്ചിരുന്ന പറഞ്ഞിരുന്നുവെങ്കിലെന്ന് പലതവണ ആഗ്രഹിച്ചിരുന്ന വാക്കുകൾ. കേട്ടപ്പോൾ ഒരു കുളിര് അനുഭവപ്പെട്ടോ. അതോ എന്തെന്നില്ലാത്ത ഭയമാണോ തോന്നിയത്. ഒന്നും വേർതിരിച്ചെടുക്കാൻ പറ്റുന്നില്ല. എങ്ങനെയാണ് തനിക്കിത്രയും കൃത്യമായി ആ സമയം മറുപടി നൽകാൻ കഴിഞ്ഞത്. അതുമറിയില്ല. അപ്പോൾ അങ്ങനെ പറഞ്ഞു പോയി. അത്ര മാത്രമറിയാം. അത്ര പ്രാണനായിരുന്നെങ്കിൽ ഇത്ര കാലം മനസ്സിൽ കൊണ്ടു നടന്നെങ്കിൽ എന്തേ പറയാതിരുന്നത് എന്നതിലുള്ള സങ്കടമോ പ്രതിഷേധമോ ഒക്കെ ഉള്ളിൽ കിടന്നു വിങ്ങിയതാണോ ആ വാക്കുകളായി പുറത്തുവന്നത്. ആയിക്കൂടെന്നില്ല.വല്ലാത്ത ഒരു അനുഭവം.
ഏട്ത്തിയമ്മ തന്നെ ആശ്രയം. ഒടുവിൽ
എല്ലാം പറഞ്ഞു തീർന്ന് ആ മടിയിലേക്ക് കിടന്നപ്പോഴാണ് മനസ്സൊന്നു തണുത്തത്.

തലമുടിയിഴകളിൽ തലോടി മാലിനി ചോദിച്ചു .

ഇത്രയധികം വിഷമിക്കാൻ ഇതിൽ എന്തിരിക്കുന്നു മോളേ.നേരു പറയൂ. സത്യത്തിൽ നിനക്കവനെ അത്രയേറെ ഇഷ്ടമായിരുന്നോ.?”

ഉം….. ആര്യ സങ്കടത്തോടെ ഒന്നു മൂളി.
” എന്നാൽ എന്നെ ഇത്ര ഇഷ്ടമായിരുന്നു എന്നെനിക്കറിയില്ലായിരുന്നു. ഒരു സൂചനയും ഇതു വരെ ഉണ്ടായിട്ടില്ല. ഒരു നോട്ടം കൊണ്ടു പോലും ഞാനറിഞ്ഞില്ലല്ലോ. അറിയിച്ചില്ലല്ലോ ഏട്ത്തിയമ്മേ….ഒക്കെ മനസ്സില് ഒളിപ്പിച്ച് വെച്ച് …ഒടുവിൽ .പറ്റിക്കണപോലെ”

” ആര്യേ അതിന് നീ കൊടുത്ത മറുപടി തന്നെയാണ് ശരി. അത് പറയേണ്ടിയിരുന്നത് ഇപ്പോഴല്ല അവിടെ വെച്ചുമല്ല നിന്നോടുമല്ല. ഇതെന്താ തമാശക്കളിയോ.മാത്രമല്ല ഇത് പ്രായോഗികമാണോ .അന്തരങ്ങളേ ഉള്ളൂ. രണ്ട് കാസ്റ്റുകളാണ് .ഇനി അത് പോട്ടെ എന്നു വെച്ചാൽ തന്നെ മുരളിയുടെ സാമ്പത്തിക സ്ഥിതി നോക്കു .തലയ്ക്കു മുകളിലുള്ള ബാദ്ധ്യതകൾ നോക്കൂ. മൂന്ന് സഹോദരിമാർ അതിൽ തന്നെ ഒരാൾ പ്രായത്തിൽ മൂത്തയാൾ കൂടാതെ വികലാംഗയും. ഇനി അതെല്ലാം വിട്ടേക്കു ഇതറിഞ്ഞാൽ നമ്മുടെ വീട്ടിലുണ്ടാവാൻ പോവുന്ന പൊട്ടിത്തെറികളെ കുറിച്ച് ആലോചിച്ചോ. കല്യാണം നിശ്ചയിക്കപ്പെട്ട സമയമാണിത്. എല്ലാവരും ആ സന്തോഷത്തിൽ. അതിന്റെ ഒരുക്കത്തിൽ. അച്ഛൻ, അമ്മ രാമാനന്ദേട്ടൻ. ഒന്നാലോചിച്ചു നോക്കൂ. ഇനി രാമേട്ടനെ നമുക്ക് എങ്ങനെയെങ്കിലും പറഞ്ഞു നിർത്താംന്ന് തന്നെ കരുതൂ ദേവേട്ടൻ…..”

“മനസ്സിലാവണ് ണ്ട്. എനിക്ക് നല്ലോണം മനസ്സിലാവ് ണ് ണ്ട്. ” ആര്യയുടെ ശബ്ദത്തിൽ തേങ്ങൽ വന്നു.

“അതിനൊക്കെ പുറമേ ഈ വീടിന്റെ ഇടനാഴിയിൽ വെച്ച് സമ്മതമല്ലേ എന്ന ചോദ്യത്തിന് നീ ഇഷ്ടമാണ് സമ്മതമാണ് എന്ന് മുഖത്ത് നോക്കി പറഞ്ഞ ഒരാളുണ്ട്. അപ്പു. നീയതു പറഞ്ഞ സമയം അവന്റെ മുഖം നിന്റെ തൊട്ടു പിന്നിൽ നിന്നിരുന്ന ഞാൻ കണ്ടതാണ്. അവനെ പറ്റി ചിന്തിച്ചു നോക്കൂ. അവൻ നിന്നെ മാത്രം സ്വപ്നം കണ്ട് കഴിയുകയാവില്ലേ. അങ്ങനെയൊരാളെ വേദനിപ്പിക്കാൻ നിനക്കാവുമോ. നീയൊരിക്കലുമൊറ്റക്കാവില്ല. എല്ലാവരുമുണ്ട് നിനക്ക് എന്നും. സന്തോഷമായിരിക്കൂ.
പാടാക്കര ഭഗവതിയെ മനസ്സിൽ നന്നായി പ്രാർത്ഥിക്കൂ. നല്ലതു മാത്രേ വരൂ എന്റെ കുട്ടിക്ക് .

✍ സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments