കൂടത്തായി കേസിൻ്റെ സങ്കീർണ്ണതകളിൽ
ഒരു സാധാരണക്കാരന് ദഹിക്കാത്തത്
അരും കൊലകളും വിചിത്ര കൊലകളും, നേരത്തേ കരുതി വച്ച ചതിക്കൊലകളും ദുരൂഹമരണങ്ങളുമൊക്കെ നേർക്കാഴ്ചകളിലെ വസ്തുതകളുമായി താദാത്മ്യം പ്രാപിക്കാൻ മടിച്ച് ,സമയവും കാലവും യാതൊരു ദാക്ഷിണ്യവും കാണിക്കാത്ത വഴികളിൽ നമുക്ക് മുന്നിലൂടെ പേപിടിച്ച് കടന്നു പോകുമ്പോൾ ഇടയിൽ ഒരു ഞാനും.. എൻ്റെ സ്വാർത്ഥതയും ചാരിതാർത്ഥ്യവും പകയും വിദ്വേഷവും നിലനിൽപ്പും മാത്രം മറ്റെല്ലാ സ്നേഹബന്ധങ്ങളേയും വ്യക്തി ബന്ധങ്ങളേയും, സുഹൃത്ത് ബന്ധങ്ങളേയും ,പ്രണയ ബന്ധങ്ങളേയും തകർത്ത് മറവിയിലാഴ്ത്തി സ്വബോധത്തിൽ ആഴത്തിൽ അടിവേരൂന്നി മദമിളകി കലിപ്പ് തുള്ളി കുതിച്ചൊഴുകുന്നു… ഏതൊരു സാധാരണക്കാരനും ഒന്നു ചിന്തിച്ചാൽ ദഹിക്കാൻ ബുദ്ധിമുട്ടുള്ള എത്രയോ ചോദ്യങ്ങൾ അവശേഷിപ്പിച്ചു കൊണ്ട് ?.
സ്വന്തം വിദ്യാഭ്യാസത്തെക്കുറിച്ച്,കരിയറിനെക്കുറിച്ച്,ജോലിയെക്കുറിച്ച് ഒക്കെ പ്രത്യേകിച്ചും ആദ്യമായി നമ്മുടെ വീട്ടിൽ വന്നു കയറുന്ന ഒരു മരുമകൾ തന്നെ സ്നേഹിക്കുന്ന,ബഹുമാനിക്കുന്ന ,പരിഗണിക്കുന്ന ആ വീട്ടിലെ എല്ലാവരോടും നുണപറയുക എന്നു പറയുമ്പോൾ ?…. ഒന്നാലോചിച്ചു നോക്കൂ… ഏറ്റവും അവിശ്വസനീയമായി തോന്നുന്നത് (തമ്മിൽ ഇഷ്ടത്തിലായി വിവാഹം കഴിച്ച) സ്വന്തം ജീവിത പങ്കാളിയോടു പോലും പുതുമണം മാറാത്ത കുലീനയായ ഒരു പെൺകുട്ടിക്ക് എങ്ങനെ അത് സാധിക്കുന്നു? അല്ലെങ്കിൽ എന്തിന്? പേരെടുത്ത ഒരു തറവാട്ടിലേക്ക് മകനെത്ര ഇഷ്ടമായാൽ പോലും ഒന്നും തിരക്കാതെ ആരെങ്കിലും നാട്ടുനടപ്പ് അനുസരിച്ച് ഒരു ബന്ധം എടുക്കുമോ ?..അതും ബന്ധത്തിൽ പെട്ട , അറിയാവുന്ന ഒരു പെൺകുട്ടിയാകുമ്പോൾ …
ആരും സാധാരണ വിദ്യാഭ്യാസവും പഠിച്ച സ്ക്കൂളും കോളേജും ഒക്കെ വ്യക്തമായി അന്വേഷിക്കും. ഒരു പ്രമുഖ സ്ഥാപനത്തിൽ ജോലികിട്ടിയതായി അവിടുത്തെ ഐഡന്റിറ്റിയും തൂക്കിയിട്ട് പറഞ്ഞ് വർഷക്കണക്കിന് വീട്ടുകാരേയും നാട്ടുകാ
രേയും പറ്റിച്ച് എവിടേക്കാണ് അവർ പോയിരുന്നത്? . എല്ലാത്തിനുമുപരിയായി
ഒരിക്കൽ പോലും സ്വന്തം ഭർത്താവ് ഭാര്യക്കു കിട്ടിയ ജോലിയെക്കുറിച്ച് കാര്യമായി അന്വേഷിച്ചിരുന്നില്ലേ?.. അവരെ ഒറ്റദിവസം പോലും ആ ജോലിസ്ഥലം വരെ ഒന്നു കൊണ്ടാക്കിയിരുന്നില്ലേ? തൻ്റെ ജോലി സ്ഥലത്തെ വിശേഷങ്ങൾ .. ഏറ്റവും അടുത്ത സുഹൃത്തുക്കൾ, അവരുമായി പങ്കിട്ട ദൈനം ദിന വിശേഷങ്ങൾ ഒക്കെ നമ്മളൊക്കെ നമ്മുടെ ജീവിതപങ്കാളിയുമായി ആണ് ആദ്യം പങ്കിടാറ് അല്ലേ ? അതു പോലെ അവർക്കും കാണും ഒട്ടനവധി വിശേഷങ്ങൾ നമ്മോടും പറയാൻ . അതുമായി ബന്ധപ്പെട്ട് ഒരു സംഭവങ്ങളും ഇക്കാലമത്രയും ഉണ്ടായിട്ടില്ലേ ? ഇവിടെ ഒരേ വീട്ടിലെ ആൾക്കാർ തമ്മിലുള്ള കമ്യൂണിക്കേഷൻ ഗ്യാപ്പ് ആണ് എടുത്തു കാട്ടുന്നത്. ഇതൊക്കെ നമ്മുടെ വീട്ടിൽ ആണെന്ന് ഒന്നു സങ്കല്പിച്ചു നോക്കിയേ ?..
പിന്നെ.. നമ്മളൊക്കെ ഒരാശുപത്രിയിൽ അസുഖവുമായി ചെന്നാൽ തീർച്ചയായും ഇന്നത്തെ കാലത്തെ വിദ്യാഭ്യാസ മുന്നേറ്റം കൊണ്ടും പേര് പോലും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുന്ന രോഗസാധ്യതകൾ കൊണ്ടും നാമൊക്കെ ഡോക്ടറോട് വിശദമായി തന്നെ തിരക്കും..ഈ രോഗം വരാനുണ്ടായ കാരണങ്ങൾ? വരാതിരിക്കാനുള്ള പോംവഴികൾ , വ്യാപനം, വളർച്ച.. അങ്ങനെ എന്തെല്ലാം? അതൊന്നും തൃപ്തിയാകാതെ വീട്ടിൽ വന്ന് ഗൂഗിളിന്റെ സഹായം തേടും.ആ സ്ഥാനത്ത് ഒരേ വീട്ടിലെ നെടും തൂണുകളായ ആൾക്കാർ ഒരേ രോഗലക്ഷണങ്ങളിൽ നമ്മുടെ കൺമുന്നിൽ കുഴഞ്ഞു വീണു മരിക്കുന്നതും പോകട്ടെ ! അതേ ലക്ഷണങ്ങൾ ആവർത്തിച്ചു കഷ്ടിച്ച് രക്ഷപ്പെട്ടു വരുമ്പോഴെങ്കിലും എന്താണ് ഇതേവരെ ഇല്ലാതിരുന്ന ഈ രോഗലക്ഷണങ്ങൾ? എന്ന് സ്വയവും, അല്ലാതെ നമ്മോടൊപ്പമുള്ള അഭ്യുദയകാംക്ഷികളെങ്കിലുംചിന്തിക്കില്ലേ ?…എനിക്കെന്തു പറ്റി ? മുമ്പ് ഇതേവരെ ഇങ്ങനെ ഒരവസ്ഥ ഉണ്ടായിട്ടില്ല.എന്താണ് കാരണം ഡോക്ടർ? അല്ലെങ്കിൽ മറ്റുള്ള ഏറ്റവും അടുപ്പമുള്ളവരോട് തുറന്നു രഹസ്യമായി എങ്കിലും പറയാം..എനിക്കെന്തോ ഒരു സംശയം ബാക്കിയായി നിൽക്കുന്നു. അതൊന്നു സ്ഥിരീകരിക്കാൻ നിങ്ങളുടെയൊക്കെ സഹായം വേണം.
ഇനിയെങ്കിലും എല്ലാവരും ഓർക്കുക. സംശയങ്ങൾ സ്ഥിരീകരിക്കാനുള്ളതാണ്.
അതും തക്കസമയത്ത്. അമിതമായ വിശ്വാസം ആപത്താണ്. ആരിലും…അത് വേണ്ട.
നമ്മുടെ വീടുകളിലാകട്ടെ , സുഹൃത്തുക്കളുടെ , ബന്ധുക്കളുടെ ഇടയിലാ
കട്ടെ നമ്മോടൊപ്പമുള്ള വളരെ പെട്ടെന്നുള്ള ഒരാളുടെ വളർച്ചയിൽ സ്വഭാവമാറ്റങ്ങളിൽ, പ്രത്യേക സ്നേഹപ്രകടനങ്ങളിൽ പണപ്പെരുക്കത്തിൽ, ഫോൺവിളികളിൽ, യാത്രകളിൽ , ഒക്കെ ശരിക്കും തക്കസമയത്തെ ശ്രദ്ധയാകാം. വഴിവിട്ട ബന്ധങ്ങളെ വളർത്താതിരിക്കാം. നമ്മുടെ ഇഷ്ടങ്ങളെ ,താല്പര്യങ്ങളെ മറ്റൊരാളിൽ അടിച്ചേൽപ്പിക്കാതിരിക്കാം അവരുടെ ഇഷ്ടങ്ങളെ മാനിക്കാം. ഒരു വ്യക്തിയുടെ നിലനില്പിനും സ്വാർത്ഥ മോഹങ്ങൾക്കും വേണ്ടിയുള്ള അവരുടെ ഉള്ളിലെ സ്ഫോടനങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞത് ഒരു കുടുംബത്തിലെ എത്രയോ പേരുടെ വിലപ്പെട്ട ജീവനുകളെടുക്കലാണ്. എങ്കിലും ഒന്ന് തറപ്പിച്ചു പറയാൻ സാധിക്കും… അവർ ഒരു അസാധാരണ ചങ്കുറപ്പുള്ള സ്ത്രീ കഥാപാത്രമാണ്.ഒരു കാലത്തെ അവർ (നാട്ടുകാർക്കും വീട്ടുകാർക്കും, അവരെ അറിയാവുന്ന എല്ലാവർക്കും)എല്ലാവർക്കും വളരെ നല്ല അഭിപ്രായക്കാരിയായിരുന്നു എന്നതിൽ നിന്ന് വ്യതിചലിച്ചാൽ അവരുടെ മുഖംമൂടിയിൽ നിന്നും ഏറെ ഞെട്ടിക്കുന്ന ആരും
ചികഞ്ഞിട്ടും കണ്ടെത്താൻ കഴിയാത്ത ഒരു സ്വഭാവ സവിശേഷത അവരിൽ അന്തർലീനമായി കിടന്നിരുന്നു. അതു ചിലപ്പോൾ അവരുടെ ബാല്യകൗമാരങ്ങളിൽ ഉറങ്ങികിടന്നതാകാം. അതിന്റെ നോട്ടിഫിക്കേഷനുകൾ രഹസ്യമായി സൂക്ഷിച്ചിരുന്നതാകാം
ഏതിനും ഒരു പാട് സങ്കീർണ്ണതകളിൽ അഴിക്കാൻ ബുദ്ധിമുട്ടുള്ള ചുരുളുകളിൽ കുരുങ്ങി കിടക്കുന്ന കൂടത്തായി കേസ് തീർച്ചയായും ശരിയായ വിധത്തിൽ ചുരുളഴിയുക തന്നെ വേണം. ഇവിടെ സംഭവിക്കുന്ന ഓരോ കേസും കൊലയും നമ്മളിൽ ഓരോരുത്തരുടേതുമാണ്. അവരിൽ ഒരാൾ നാളെ നമ്മളോ നമ്മളുടെ ഏറ്റവും പ്രിയപ്പെട്ടവരോ ആണ്. ഒരു സമൂഹത്തിൽ നമ്മളോടൊപ്പമുള്ളവരാണ്
സയനൈഡ് ഇനിയും ഏതെങ്കിലും ജോളി ജോസഫ്മാർ കരുതും. കറികൾ കൂടുതൽ രുചിയോടെ വയ്ക്കും. അതിനിരകളാകേണ്ടവരാണോ ? നിങ്ങൾ എന്ന് വിവേകബുദ്ധിയോടെ ഓരോരുത്തരും തനിയെ ചിന്തിക്കുക. ആരും ആർക്കും പകരമാവില്ല എന്ന വിശ്വാസത്തോടെ മുഖം തിരയാതെ നീതി ജയിക്കട്ടെ എന്ന് നമുക്ക് കൈ പൊക്കി വിളിക്കാം.
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി🙏