നല്ലതിനാണോ? മത്സരബുദ്ധിയോടെ ജീവിതത്തോട് പടവെട്ടി മുന്നേറുമ്പോഴും ഒടുവിൽ പിന്തിരിഞ്ഞു നിന്ന് ഒന്ന് ആലോചിക്കുമ്പോൾ ഒരു ചോദ്യം …ഒരൊറ്റ ചോദ്യം ബാക്കി ആവുന്നില്ലേ? ഈ മത്സരബുദ്ധി ഒക്കെ ആരോടായിരുന്നു! എന്തിനോടായിരുന്നു! എന്തു നേടി എന്നൊക്കെ…
എന്നാൽ ഇങ്ങനെ മത്സരിക്കാതെ ജീവിക്കാൻ കഴിയുമോ? എന്ന് ചോദിച്ചാൽ ഇല്ല എന്നും, മത്സരബുദ്ധി വേണം എന്നുമുള്ള ഉത്തരം തന്നെയാണ് ശരി.
ഇനി ഒരു ചോദ്യം ഈ മത്സരം ആരോടാണ് വേണ്ടത്? സുഹൃത്തുക്കളോട് അയൽക്കാരോട്, സഹോദരങ്ങളോട്, ചുറ്റുപാടുകളോട് സമൂഹത്തോട് തുടങ്ങി എല്ലാത്തിനോടും എല്ലാവരോടും നമ്മുടെ ഉള്ളിലൊക്കെ ഒടുങ്ങാത്ത മത്സരബുദ്ധി തന്നെയുണ്ട്. ആരോഗ്യപരമായ മത്സരബുദ്ധി എന്തുകൊണ്ടും നേട്ടങ്ങൾക്കും, ഉയരങ്ങൾക്കും നല്ലത് തന്നെയാണ്. പക്ഷേ മത്സരിച്ച് മത്സരിച്ച് വെറും വാശിയും പകയും വിദ്വേഷവും വളർത്തി അതൊരു ദുരുപയോഗത്തിലേക്ക് പോകുമ്പോൾ അവിടെ അക്രമവാസനകളും കൊല്ലും, കൊലയും, ജയ് വിളികളും, സ്വാർത്ഥ താല്പര്യങ്ങളും മാത്രമായി മത്സരബുദ്ധി നമ്മെ നാശത്തിന്റെ വക്കിലേക്കാണ് നയിക്കുന്നത്. അതുകൊണ്ട് എല്ലാ കാര്യത്തിലും എന്നപോലെ ഈ ഒരു കാര്യത്തിലും നമുക്ക് വേണ്ട അറിവും ജ്ഞാനവും, വിവേകവും തിരിച്ചറിവും ഒക്കെ ഉണ്ടാകണം.
ജീവിതത്തിൽ നാം ഉയർച്ചകൾക്ക് വേണ്ടിയും വിജയങ്ങൾക്ക് വേണ്ടിയും, നേട്ടങ്ങൾക്ക് വേണ്ടിയും ഒക്കെ മത്സരിക്കേണ്ടത് നമ്മളോട് തന്നെയാണ്.
നമ്മളെ സ്വയം ശുദ്ധീകരിച്ച് മടിയും അലസതയും, പിന്നീടത്തേക്കുള്ള മാറ്റിവയ്ക്കലുകളും, അശ്രദ്ധയും എല്ലാം കളഞ്ഞ് നമ്മളെ തന്നെ ഒന്ന് ഉടച്ച് വാർത്തെടുക്കുക.. അത് തന്നെയാണ് ഏറ്റവും വലിയ മത്സരബുദ്ധി. ഈ വാർത്തെടുക്കലാണ് മറ്റുള്ളവരുമായി മത്സരിക്കുന്നത്. സ്വയം ഉണ്ടാകുന്ന ഈ ആത്മവിശ്വാസമാണ് ആരോഗ്യപരമായ മത്സരബുദ്ധി. നമ്മുടെ ജ്ഞാനം പെർഫോമൻസ് ആത്മാവിഷ്കാരം ബുദ്ധി, കഴിവ്, ഉയർന്ന ചിന്തകൾ, ഇവയൊക്കെ മത്സരബുദ്ധിയോടെ മുന്നേറാനുള്ള നെടും തൂണുകളാണ്. ഓരോ വർഷവും നമ്മളെ സ്വയം അളക്കുക. വിലയിരുത്തുക, കൂടുതൽ കൂടുതൽ,മെച്ചപ്പെടുത്തുക.നമ്മൾ ജനനസമയം മുതൽ ഓരോരോ കാര്യങ്ങൾ പഠിച്ചു കൊണ്ടേയിരിക്കുന്നു . ജീവിതാവസാനം വരെയും നമ്മൾ പുതിയ പുതിയ പാഠങ്ങൾ പഠിക്കുന്നു.
ഏതു കൊടുംകാട്ടിലും ഒരു ജ്ഞാനിയെ തേടി ആളുകളെത്തും. എത്ര സീമകൾ താണ്ടിയും അറിവുകൾ പങ്കിട്ടു സ്വീകരിക്കാൻ ജനങ്ങൾ തയ്യാറാകും.. അതുതന്നെയാകട്ടെ മത്സരബുദ്ധിയുടെ ഏറ്റവും വലിയ തിരിച്ചറിവ്.
വിദ്യാഭ്യാസ മേഖലകളിൽ, ബിസിനസ്സ് മേഖലകളിൽ, സാഹിത്യ കലാകായിക മേഖലകളിൽ, ആരോഗ്യ മേഖലകളിൽ,ചെറുകിട വ്യാപാര മേഖലകളിൽ,മറ്റു തൊഴിൽ മേഖലകളിൽ തുടങ്ങി ഇന്ന് പൊതുവേ എല്ലായിടത്തും മത്സരബുദ്ധിയോടെയുള്ള മുന്നേറ്റങ്ങൾ പ്രകടമാണ്. അവയിൽ ആരോഗ്യപരമായതും അനാരോഗ്യപരമായതും ഉണ്ട് എന്നുള്ളത് സത്യം തന്നെയാണ്. പരസ്പരം കുതികാൽ വെട്ടിയും, പകപോക്കിയും, വെട്ടിപ്പിടിച്ചും, നേർക്കുനേ ർ നിന്ന് പയറ്റിയും,കോഴ കൊടുത്തും , ചെരുപ്പ് നക്കിയും, പറ്റിച്ചേർന്നു നിന്നുമൊക്കെ അനർഹമായത് നേടിയെടുക്കുമ്പോൾ മത്സരബുദ്ധിയുടെ തലവും അറിവും ഘടനയും ഇവിടെ രൂപമാറ്റം ചെയ്യപ്പെടുന്നു. അജ്ഞതയുടെയും, അലംഭാവത്തിന്റെയും, അമിതാവേശത്തിന്റെയും, നീതിനിഷേധത്തിൻ്റെയും നെറികേടിന്റെയും , ചതിയുടെയും, വഞ്ചനയുടെ യുമൊക്കെ തലത്തിൽ ഈ മത്സരബുദ്ധി എന്ന തലക്കെട്ട് തരം താണ് അങ്ങ് പാതാളത്തിലേക്ക് ആണ്ടിറങ്ങുന്നു. ഇവിടെ നമ്മൾ ലജ്ജിക്കുക തന്നെ വേണം.
അനാരോഗ്യകരമായ മത്സരബുദ്ധി ജീവിതത്തിൽ കോട്ടങ്ങളും ക്ലേശങ്ങളും, ദുരിതങ്ങളും വിളിച്ചുവരുത്തും എന്നുള്ളത് വിലയിരുത്തുക. അത് നാശത്തിലേക്കുള്ള മാത്രം പാത തിരഞ്ഞെടുക്കലാണ്.
കുട്ടികളുടെ വിദ്യാഭ്യാസ മേഖലകളിലുള്ള ഇന്നത്തെ കാലത്തെ ഉന്നത വിജയം കൊട്ടിഘോഷിക്കലും, ഗ്രേഡ് തിരിക്കലുകളും, ഫ്ലക്സുകൾ നിരത്തലും കുഞ്ഞുമുഖങ്ങൾ പതിപ്പിക്കലും ഒക്കെ മറ്റു വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും ഇടയിൽ അനാവശ്യമായ മത്സരബുദ്ധി സൃഷ്ടിക്കുന്നതിനും, അമിത സമ്മർദ്ദങ്ങൾക്ക് വിധേയമാക്കുന്നതിനും, പ്രേരിപ്പിക്കുന്നതിനും, വിവേചനത്തിനും ഒക്കെ വഴി തെളിക്കുന്നു. ഇതൊക്കെയും തന്നെ വിദ്യാഭ്യാസ മേഖലകളിലെ അനാരോഗ്യകരമായ സമീപനങ്ങളായി കണക്കാക്കി വേണ്ട നടപടികൾ അധികാരപ്പെട്ടവർ കൈക്കൊണ്ട് ആരോഗ്യപ രമായ ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കേണ്ടതും അനിവാര്യമാണ്.
നമുക്ക് ആർക്കും ആരോടും എന്തിനോടും മത്സരിക്കാം. മത്സരിച്ച് മുന്നേറാം… അത് ആരോഗ്യപരമായ മത്സരബുദ്ധിയോടെ വേണം എന്ന് മാത്രം. വീറും വാശിയും ഒക്കെ വേണം. നല്ലതിന് വേണ്ടി.
“കൂടിയല്ല ജനിക്കുന്ന നേരത്തും..
കൂടിയല്ല മരിക്കുന്ന നേരത്തും..
മധ്യേയിങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃഥാ” എന്ന് കേട്ടു വളർന്ന നമ്മളെ നമ്മൾ തന്നെ തിരിച്ചറിയുക എന്നു കൂടി ഓർമ്മപ്പെടുത്തി കൊണ്ട്
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.
നന്ദി, സ്നേഹം