Wednesday, December 25, 2024
HomeUS Newsമലയാളി മനസ്സ് USA യ്ക്ക് വേണ്ടി ഡോക്ടർ തോമസ് സ്കറിയ പാലമറ്റം നടത്തുന്ന പ്രശസ്ത വ്യക്തികളുമായുള്ള...

മലയാളി മനസ്സ് USA യ്ക്ക് വേണ്ടി ഡോക്ടർ തോമസ് സ്കറിയ പാലമറ്റം നടത്തുന്ന പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖ പരമ്പര – (ഭാഗം – 2)

തയ്യാറാക്കിയത്: ഡോക്ടർ തോമസ് സ്കറിയ

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ മലയാള ഗവേഷണ വിഭാഗം മേധാവിയും ഗോവ സർവകലാശാലയിലെ സിൻഡിക്കേറ്റ് മെമ്പറും പ്രശസ്ത പ്രഭാഷകനും സാഹിത്യ നിരൂപകനുമാണ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ.

കവിതയുടെ വരപ്രസാദം, നെയ്തെടുത്ത വാക്കുകൾ, അർത്ഥത്തിന്റെ പൂമരങ്ങൾ എന്നിങ്ങനെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

പരിഭാഷകനും വ്യാഖ്യാതാവുമൊക്കെയായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണനുമായി ഡോ. തോമസ് സ്കറിയ നടത്തുന്ന അഭിമുഖം.

1.സാഹിത്യവിമർശനത്തിലെ ലാവണ്യവാദിയായി ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണനെ വിലയിരുത്താനാണ് എനിക്ക് താൽപര്യം. മാഷുടെ സാഹിത്യവിമർശനസങ്കല്പം ഒന്നു വിശദമാക്കാമോ?

ഉത്തരം:
ആദരവോടെ ആ അഭിപ്രായത്തെ ഞാൻ നോക്കിക്കാണുന്നു. എല്ലാ വിമർശനപദ്ധതികളിൽ നിന്നും ഊർജ്ജം സ്വാംശീകരിച്ചു കൊണ്ട് ഒരു കൃതിയുടെ രാഷ്ട്രീയ തലവും ഭാഷാപരവും സൗന്ദര്യതലവും ഇതര സവിശേഷതകളും അതിലുൾക്കൊള്ളുന്ന സാംസ്കാരികഘടകങ്ങളും സൂക്ഷ്മമായി വ്യാഖ്യാനിക്കുവാനും തന്റേതായ ഒരു വീക്ഷണകോണിലൂടെ ആ കൃതിയെ വിലയിരുത്തുവാനുമാണ് സാഹിത്യവിമർശകർ ശ്രമിക്കേണ്ടത്. എന്നാൽ സിദ്ധാന്തങ്ങളുടെ അമിതമായ വിനിയോഗം കൃതിയുടെ കലാപരമായ അംശങ്ങളെ പൂർണ്ണമായും തിരസ്കരിക്കുന്ന സമീപനരീതിയായി അധ:പതിച്ചിട്ടുണ്ട് ഇന്ന് മലയാളത്തിൽ സഹൃദയത്വത്തെയും സൗന്ദര്യാനുഭൂതിയെയും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ഒരു കൃതിയെ കീറിമുറിച്ച് അപഗ്രഥിക്കുന്നത് ഒട്ടും ആശാസ്യമല്ല. ജൈവമായ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്ന കലാസൃഷ്ടിയോട് ശരിയാം വണ്ണം പ്രതിസ്പന്ദിക്കുവാനുള്ളത്രാണി വിമർശകൻ നിരന്തരമായ അനുശീലനത്തിലൂടെ നേടിയെടുക്കണം. കുട്ടിക്കൃഷ്ണമാരാരും എം.പി. ശങ്കുണ്ണിനായരും നരേന്ദ്രപ്രസാദുമൊന്നും ലാവണ്യത്തെ പൂർണ്ണമായും ഒഴിവാക്കിയല്ല വിമർശനകലയിൽ വ്യാപരിച്ചത്. വളരെ ഉന്നതമായ സർഗ്ഗാത്മക വ്യവഹാരം തന്നെയാണ് സാഹിത്യവിമർശനം. പാശ്ചാത്യ വിമർശനസമ്പ്രദായത്തിന്റെ അമിതസ്വാധീനത ദാസ്യമനോഭാവത്തിലേക്ക് ഇന്ന് പല വിമർശകരെയും എത്തിച്ചിട്ടുണ്ട്. ഇത് നമ്മുടെ വിമർശനസമ്പ്രദായത്തിന് വലിയ പിഴവുകൾ വരുത്തി യിട്ടുണ്ട്. തന്റേതായ വ്യാഖ്യാനങ്ങളും നിരീക്ഷണങ്ങളും മുന്നോട്ടു വയ്ക്കുന്ന വിമർശന പാഠങ്ങളോടാണ് എനിക്ക് യോജിപ്പും ബഹുമാനവും .

2 പ്രഭാഷണ വേദികളിൽ നിറഞ്ഞു നിൽക്കുന്ന ഒരാളെന്ന നിലയിൽ വായനയ്ക്ക് സമയം കണ്ടെത്തുവാൻ കഴിയുന്നുണ്ടോ? പ്രഭാഷണ കലയിലുള്ള താത്പര്യം എങ്ങനെ ഉണ്ടായതാണ്?

ഉത്തരം –
പ്രഭാഷണ കല ആശയാവിഷ്കാരത്തിനുള്ള നല്ല മാധ്യമമാണ്. നല്ല ശ്രോതാക്കൾ ആ കലയെ ശക്തിപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്.
നല്ല പ്രഭാഷണങ്ങൾ നിർവ്വഹിക്കുമ്പോൾ നാമതു വരെ നിശ്ചയിച്ച അതിരുകൾ മാഞ്ഞു പോവുകയും പുതിയ ആശയങ്ങൾ ഉത്ഭവിക്കുകയും ചെയ്യുന്ന ഒരനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. ക്ലാസ് റൂമിലും അങ്ങനെ തന്നെ.. വായനക്ക് പ്രഭാഷണവും പ്രഭാഷണത്തിന് വായനയും സഹായകരമാണ്. പരസ്പരപൂരകമാണവ. നല്ല പ്രഭാഷകൻ മറ്റു മികച്ച പ്രഭാഷകരെ കേൾക്കണം. പ്രഭാഷണകലയുടെ മർമ്മം അറിയുവാൻ ഇത് സഹായിക്കും. കേൾവിക്കാരെ സുഖിപ്പിക്കുന്ന വിധത്തിൽ പ്രഭാഷണം നടത്തുന്നതിനോട് എനിക്കു തീരെ യോജിപ്പില്ല. നന്നായി ഗൃഹപാഠം ചെയ്തു വേണം പ്രഭാഷണം നടത്തേണ്ടത്. സ്കൂൾ തലത്തിൽ ആരംഭിച്ച സാഹിത്യ സമാജങ്ങളാണ് പ്രഭാഷണ കലയോടുള്ള എന്റെ താത്പര്യത്തെ വർധിപ്പിച്ചത്. . മികച്ച ധാരാളം പ്രഭാഷണങ്ങൾ കേൾക്കാൻ അവസരമുണ്ടായി. അതൊരു മഹാഭാഗ്യം തന്നെ.

3.. മലയാളത്തിലെ സoസ്കാരവിമർശനത്തെ മാഷ് എങ്ങനെയാണ് നോക്കി ക്കാണുന്നത്?

ഉത്തരം :-
നമ്മുടെ സംസ്കാര വിമർശനശാഖ ഇന്ന്‌ വളരെ ബലിഷ്ഠമായിട്ടുണ്ട്.എന്നാൽ സംസ്കാരവിമർശനം എന്ന പേരിൽ അതത് കാലത്തെ ഫാഷൻ അനുസരിച്ചു നിർവഹിക്കുന്ന സംസ്കാര വിമർശനത്തിന്റെ വ്യാജ വേഷങ്ങളോട് എനിക്ക് കടുത്ത എതിർപ്പാണുള്ളത്. ഡോ കെ ഭാസ്കരൻ നായർ, ഡോ ആർ വിശ്വനാഥൻ, ടി പി സുകുമാരൻ , പ്രദീപൻ പാമ്പിരിക്കുന്ന്, കെ എം നരേന്ദ്രൻ തുടങ്ങിയ വിമർശകരുടെ പഠനങ്ങൾ ഇന്നത്തെ സംസ്കാര വിമർശനങ്ങളെക്കാൾ എത്രയോ ഉന്നതമാണ്.സംസ്കാര വിമർശനത്തിന്റെ ശരിയായ മുഖം ഈ വിമർശനങ്ങൾ നമുക്ക് കാട്ടി തരുന്നുണ്ട്..എന്നാൽ ഇന്ന് വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില പ്രത്യേകസിദ്ധാന്തങ്ങൾ മുൻനിർത്തി പൂർണ്ണമായും സാഹിതീയതയെ വിഗണിച്ചു കൊണ്ട് ചില പ്രത്യേക സംജ്ഞകളും ആശയാവലികളും അടിച്ചേല്പിക്കുന്ന വികൃതരീതി കണ്ടു വരുന്നു.ഈ രീതിയെ ഞാൻ പൂർണ്ണമായും എതിർക്കുന്നു.

4. എം.എ വിദ്യാഭ്യാസം എറണാകുളം മഹാരാജാസ് കോളേജിലായിരുന്നല്ലോ. അക്കാലം ഒന്ന് ഓർത്തെടുക്കാമോ ?

ഉത്തരം:-
മഹാരാജാസ് കോളേജിലെ എം.എ. പഠനം മനോ വിസ്തൃതി എന്ന ഗുണമാണ് എന്നിൽ നിറച്ചത്. മഹാരഥന്മാരായ അധ്യാപകരും ഊർജ്ജസ്വലരായ സഹപാഠികളും നല്ല ലൈബ്രറിയും ഹോസ്റ്റൽ ജീവിതരസങ്ങളും എന്നെ ഭാഷയോടും സാഹിത്യത്തോടും അടുപ്പിച്ചിട്ടുണ്ട്. സമസ്ത കേരളസാഹിത്യ പരിഷത്തിന്റെ അധ്യക്ഷനായിരുന്ന പ്രശസ്ത സാഹിത്യ നിരൂപകൻ പ്രൊഫ.എം. അച്യുതൻ മാഷിന്റെ സ്നേഹവും വാൽസല്യവും അക്കാലത്ത് ആവോളം എനിക്ക് ലഭിച്ചിരുന്നു. സാഹിത്യപരിഷത്തിൽ നടന്ന സാഹിത്യ സംവാദങ്ങൾ മഹാരാജാസിന്റെ സ്മരണയായി എന്നിൽ നിറഞ്ഞു നിൽക്കുകയാണ്. മഹാരാജാസിലെ ജീവിതത്തിലെ ഏറ്റവും മുന്തിയ അനുഭവമായി ഞാൻ നോക്കിക്കാണുന്നു. കെ ജി ശങ്കരപ്പിള്ള , തുറവൂർ വിശ്വംഭരൻ , ജോസ് വെമ്മേലി , വിജയകൃഷ്ണൻ , കൃഷ്ണക്കൈമൾ , രത്നം, ഗോപാലകൃഷ്ണൻ , ബോസ്, ബാബുജി , സുലേഖ, ധനലക്ഷ്മി, ഇന്ദിര, ജഗദമ്മ , ലതിക ,നാരായണൻ പോറ്റി, തുടങ്ങിയ അധ്യാപകരെ മറക്കാനാവില്ല.

5 ക്ലാസിക് പക്ഷപാതമാണ് മാഷിന്റെ മുഖമുദ്ര. അതിലാണ് ഏറെയും വ്യാപരിക്കുന്നതും. ശരിയല്ലേ?

ഉത്തരം:-
ക്ലാസിക് പക്ഷപാതം ഭാഷയോടുള്ള ആദരവിന്റെ ഭാഗമാണ്. ഞാനതിൽ അഭിമാനിക്കുന്നു. നല്ല ക്ലാസിക് പക്ഷപാതിക്കേ കാൽപനികതയെയും ആധുനികതയെയും ഉത്തരാധുനികതയെയും ആദരിക്കാനും ആസ്വദിക്കാനും സാധിക്കൂ. ക്ലാസിക് പക്ഷപാതം യാഥാസ്ഥിതികമാണെന്നു പറയുന്നഅഭിനവ പുരോഗമനവാദികളോട് എനിക്ക് യോജിപ്പില്ല; കടുത്ത എതിർപ്പുണ്ടുതാനും. പുതിയ കാലത്തെ ചിന്തകളെ മനസ്സിലാക്കാനുള്ള മനോഭാവവും എനിക്കുണ്ടെന്നാണ് എന്റെ വിശ്വാസം. ടി.എസ്.എലിയട്ട് ആധുനികർക്കു പ്രിയപ്പെട്ടവനാണല്ലോ. അദ്ദേഹം പാരമ്പര്യത്തെ മാനിച്ച വ്യക്തിയായിരുന്നു എന്ന് പുരോഗമനവാദികൾ ഓർക്കണം.

6 പുതിയ എഴുത്തുകാരെ ശ്രദ്ധിക്കാറുണ്ടോ?
അവരെ എങ്ങനെ വിലയിരുത്തുന്നു?

ഉത്തരം –
പുതിയ എഴുത്തുകാരെ ഞാൻ ശ്രദ്ധിക്കാറുണ്ട്. സാഹിത്യത്തിന്റെ സമകാലികതയെ അവരെങ്ങനെ ആവിഷ്കരിക്കുന്നു എന്നേ ഞാൻ നോക്കാറുള്ളു. അവിടെ പ്രായത്തിന്റെ പരിഗണനയ്ക്ക് പ്രസക്തിയില്ല. പ്രതീക്ഷ നൽകുന്ന ധാരാളം എഴുത്തുകാരുണ്ട്. സാഹിത്യവിമർശനത്തിന്റെ മണ്ഡലവും പ്രതീക്ഷ നൽകുന്നു. സത്യസന്ധമായി വിമർശനം നടത്തുന്ന നിരവധി വിമർശകർ ഉണ്ട്. എന്നാൽ, പലരും അനുകരണവും അപഹരണവും നടത്തുന്നുണ്ട്. ചിലരുടെ പഠനങ്ങൾ ഉപരിപ്ലവമാകുന്നു എന്ന ഒരു വിമർശനവും ഞാൻ ഉന്നയിക്കുന്നു. മുൻകൂട്ടി നിശ്ചയിച്ച അജണ്ട വിമർശകനുണ്ടാകരുത്. മൗലികത ഉണ്ടാകണം. സ്വത്വവാദസ്വാധീനവും രാഷ്ട്രീയശാഠ്യങ്ങളും പലരെയും ബാധിച്ചിട്ടുണ്ട്. എന്നാൽ, പി. ശിവപ്രസാദ്, രഘുനാഥൻ പറളി, സജയ് കെ വി , രാജേന്ദ്രൻ എടത്തുംകര , സന്തോഷ് മാനിച്ചേരി തോമസ് സ്കറിയ, തുടങ്ങിയ പുതിയ നിരൂപകർ വലിയ പ്രതീക്ഷ നൽകുന്നു.

7 സാഹിത്യവാരഫലം ജനം ടി. വി.യിലെ ജനപ്രിയ പരിപാടികളിലൊന്നായി മാറിയിട്ടുണ്ട്. അതിന്റെ പിന്നിലെ അധ്വാനത്തെ ഒന്നു വിവരിക്കാമോ?

ഉത്തരം:
ജനം ടി.വി.യിൽഎല്ലാ ഞായറാഴ്ചയും 2.30 ന് ഞാൻ അവതരിപ്പിക്കുന്ന സാഹിത്യവാരഫലം രണ്ടു വർഷമായി മുടങ്ങാതെ കൊണ്ടു പോകുന്നു. ശ്രമകരമായ ദൗത്യമാണത്. പ്രധാനപ്പെട്ട ഒരു എഴുത്തുകാരനെ പരിചയപ്പെടുത്തുന്ന ഒരു ഭാഗം, ഏറ്റവും പുതിയ ഒരു കൃതിയെ പരിചയപ്പെടുത്തുന്ന ഒരു ഭാഗം , അവസാനമായി ആ ആഴ്ചയിലെ ആനുകാലികങ്ങളെ മൂല്യനിർണ്ണയനം ചെയ്യുന്ന ഒരു ഭാഗം. ഒട്ടേറെപ്പേർ കാണുന്നു. അഭിപ്രായങ്ങൾ അറിയിക്കുന്നു. ഏറെ സന്തോഷം തരുന്ന ഒരു ജനകീയ സാഹിത്യ വിശകലനപരിപാടിയായി അതു മാറിയിരിക്കുന്നു.

8. സാഹിത്യവിമർശനത്തെ ഒരു മൈനർ ആർട്ടായി വിശേഷിപ്പിക്കുന്നതിനോടുള്ള അഭിപ്രായമെന്താണ്?

ഉത്തരം:-
കെ.പി. അപ്പന്റെ ആ അഭിപ്രായം അങ്ങേയറ്റം അബദ്ധമാണ്. അദ്ദേഹത്തിന്റെ കൃതികൾ തന്നെ അത് റദ്ദു ചെയ്യുന്നു. സാഹിത്യവിമർശനം സർഗ്ഗാത്മകത ആവശ്യപ്പെടുന്ന മണ്ഡലമാണ്. വിമർശകൻ ഒരു കൃതിയെ സൂക്ഷ്മമായി പഠിക്കുകയും എഴുത്തിൽ സംവാദസ്വഭാവം നിലനിർത്തുകയും ചെയ്യണം. സാഹിത്യവിമർശനം .ക്ഷയിച്ചാൽ സംസ്കാരം ക്ഷയിക്കും. മാരാരും മുണ്ടശ്ശേരിയും എം.പി പോളും അഴീക്കോടും എം എൻ വിജയനും കരിമ്പുഴ രാമകൃഷ്ണനും ഗുപ്തൻ നായരും എം.പി ശങ്കുണ്ണിനായരും ടി പി സുകുമാരനും വിസി ശ്രീജനും സച്ചിദാനന്ദനും ആഷാ മേനോനും നരേന്ദ്രപ്രസാദും എം തോമസ് മാത്യുവും പ്രസന്നരാജനും ഇ വി രാമകൃഷ്ണനും പി കെ രാജശേഖരനും കെ എം നരേന്ദ്രനും ഇപി രാജ ഗോപാലനും എ എം ഉണ്ണിക്കൃഷ്ണനും ഷാജി ജേക്കബും എൻ അജയകുമാറും മറ്റും എഴുതിയ വിമർശനപ്രബന്ധങ്ങൾ വായിച്ചപ്പോൾ വിമർശന കല മേജർ ആർട്ടാണെന്ന് എനിക്ക് ബോധ്യമായിട്ടുണ്ട്. എം കെ ഹരികുമാറിന്റെ ചവറുകൾ വായിച്ചപ്പോളാണോ മൈനർ ആർട്ടാണ് വിമർശനം എന്ന് കെ പി അപ്പന് വെളിപാടുണ്ടായത്. . എനിക്കതറിയില്ല.

9 വിദ്യാർത്ഥികൾ സാഹിത്യ പഠനത്തെ എങ്ങനെ സമീപിക്കുന്നു ?

ഉത്തരം:-
പുതിയ തലമുറ സാഹിത്യത്തെ പൂർണ്ണമായും അവഗണിക്കുന്നു എന്നു പറയുന്നത് ശരിയല്ല. സാഹിത്യപഠനത്തിന് പഴയ ഗരിമ ഇന്നില്ല എന്നത് സത്യം. വായനയുടെ സ്വഭാവത്തിൽ വന്ന ദ്രുതഗതിയിലുള്ള മാറ്റം പരിഗണന അർഹിക്കുന്നു. ഇന്ന് എല്ലാ തുറസ്സുകളിലേക്കും പുതിയ വായനക്കാർ എത്തിച്ചേരുന്നുണ്ട്. സാഹിത്യകൃതികൾക്കും അപ്പുറത്തേയ്ക്ക് അവരുടെ വായന നീളുന്നുണ്ട്. നവ സാങ്കേതികവിദ്യ ഇതിന് ഏറെ സഹായം ഏകുന്നുമുണ്ട്.

10 . മലയാളത്തിലെ സ്ത്രീവാദവിമർശന മണ്ഡലത്തിൽ മൗലികസ്വഭാവം പ്രകടിപ്പിക്കുന്ന എഴുത്തുകാരികളുണ്ടോ?

ഉത്തരം:-
ലീലാവതി ടീച്ചറിന്റെയും സാറാ ജോസഫിന്റെയും, പി. ഗീതയുടെയും ജി. ഉഷാകുമാരിയുടെ പഠനങ്ങൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. അവരെല്ലാം മികച്ച എഴുത്തുകാരികളാണ്. ശാരദക്കുട്ടി, ജെ ദേവിക, എന്നിവരുടെ പഠനങ്ങൾ അത്ര കണ്ട് മികച്ചതായി തോന്നിയിട്ടില്ല. ഒന്നിൽ കാല്പനികജീർണതയും അതിവൈകാരികതയും നാട്യവും നിറയുമ്പോൾ മറ്റൊന്നിൽ ദുർഗ്രഹതയും ഹിഡൻ അജണ്ടകളും നിറയുന്നു.

തയ്യാറാക്കിയത്:

ഡോക്ടർ തോമസ് സ്കറിയ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments