Monday, January 13, 2025
Homeസ്പെഷ്യൽപരിശുദ്ധ ഹജ്ജ്. ✍ആസിഫ അഫ്രോസ്, ബാംഗ്ലൂർ

പരിശുദ്ധ ഹജ്ജ്. ✍ആസിഫ അഫ്രോസ്, ബാംഗ്ലൂർ

ആസിഫ അഫ്രോസ്, ബാംഗ്ലൂർ

ദുൽഹിജ്ജ മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങൾ ഏറെ ശ്രേഷ്ഠമാണ്. അനുഗ്രഹങ്ങളുടെ മലവെള്ളപ്പാച്ചിലിന്റെ സമയമാണിത്. ഈ സമയത്താണ് ഇസ്ലാം മത വിശ്വാസികൾ പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കുന്നതിനായി മക്കയിൽ എത്തിച്ചേരുന്നത്.

ഇസ്ലാമിക ആരാധനകളിലെ സുപ്രധാന കർമ്മങ്ങളായ നിസ്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് എന്നിവയുടെ സംഗമം ഈ ദിവസങ്ങളിലാണ്. ആത്മാവിന്റെ ചുവരുകളിൽ പതിഞ്ഞുപോയ തെറ്റുകളുടെ കറ നീങ്ങി കിട്ടുവാനും അതുവഴി ഹൃദയത്തെ സ്ഫുടം ചെയ്തെടുക്കുവാനും വേണ്ടി അകമുരുകി അല്ലാഹുവിന്റെ കാരുണ്യം തേടേണ്ട സമയമാണിത്.

പുണ്യം നിറഞ്ഞ ഒരു ഹജ്ജ് ആരാണോ നിർവഹിക്കുന്നത്, ആ വ്യക്തിക്ക് സ്വർഗ്ഗമല്ലാതെ മറ്റൊരു പ്രതിഫലം ഇല്ല എന്നാണ് പ്രവാചകൻ നമ്മെ പഠിപ്പിച്ചിട്ടുള്ളത്.

ഒരുതരത്തിലും അന്ധവിശ്വാസം കലരാത്ത, കറകളഞ്ഞ വിശ്വാസമായിരിക്കണം ഹജ്ജ് കർമ്മത്തിന്റെ ലക്ഷ്യം. അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രമായിരിക്കണം ഹജ്ജ് നിർവഹിക്കുന്ന വിശ്വാസിയുടെ ഉദ്ദേശ്യം.
അവനവന്റെ താൽപര്യങ്ങൾ, ഇഷ്ടങ്ങൾ, കേട്ടുകേൾവികൾ, നാട്ടുനടപ്പുകൾ തുടങ്ങിയവക്ക് അനുസൃതമായി നിർവഹിക്കുന്ന ഹജ്ജ് ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല.

ഹജ്ജിനു വേണ്ടി മനസ്സിൽ കരുതിയാൽ പിന്നെ മോശമായ കാര്യങ്ങൾ സംസാരിക്കുകയോ നിഷിദ്ധമാക്കപ്പെട്ട പ്രവർത്തികളിൽ ഏർപ്പെടുകയോ തിന്മകൾ പ്രവർത്തിക്കുകയോ ഒന്നും അരുത്.അല്ലാഹുവിനോടുള്ള ഭയഭക്തികാത്തുസൂക്ഷിക്കുക തന്നെ വേണം.

ലക്ഷോപലക്ഷം വിശ്വാസികൾ മിനായിൽ നിന്നും പുറപ്പെട്ട്, അറഫയെ ലക്ഷ്യമാക്കി സഞ്ചരിച്ച്, മുസ്ദലിഫയിൽ തങ്ങി പ്രാർത്ഥിച്ച്, ജംറയിൽ കല്ലേറും മുടി കളയൽ കർമ്മവും നിർവഹിച്ച്, ബലിയറുത്ത്, ഹറമിൽ എത്തി പ്രാർത്ഥിച്ച്, കഅ്ബയെ വലയം ചെയ്ത്, സഫ മർവ മലകൾക്കിടയിൽ പ്രദക്ഷിണം നടത്തി, അറഫാ മൈതാനിയിൽ സംഗമിച്ച്, പ്രാർത്ഥനകളിലും തക്ബീറുകളിലും മുഴുകി അല്ലാഹുവിന്റെ വിശിഷ്ട അതിഥികളായി അറഫാ നോമ്പനുഷ്ഠിച്ച് പുണ്യപൂരിതങ്ങളായ ആ പത്തു ദിവസങ്ങൾ സമാപിക്കുമ്പോൾ തക്ബീറിന്റെ ധ്വനികൾ മുഴക്കി ഈദുൽ അദ്ഹ അഥവാ ബലിപെരുന്നാൾ ആഘോഷിക്കുന്നു.

ഒരു വിശ്വാസി പൂർണ്ണമായി സമർപ്പിച്ചുകൊണ്ട്, നല്ലത് ചിന്തിച്ചു കൊണ്ട് ഹജ്ജ് കർമ്മം നിർവഹിക്കുകയാണെങ്കിൽ അവന്റെ മാതാവ് അവനെ പ്രസവിക്കുന്ന ദിവസം അവൻ എങ്ങനെയായിരുന്നുവോ ആ പൈതലിനെ പോലെ പാപ വിമുക്തനായി തീരും എന്നാണ് ഇസ്ലാം മതം പറയുന്നത്.

ഹജ്ജ് തീർത്ഥാടനം നിർവഹിക്കുന്ന വിശ്വാസികളുടെ പ്രാർത്ഥനകളിൽ അല്ലാഹു നമ്മെ ഓരോരുത്തരെയും ഉൾപ്പെടുത്തുമാറാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്, വരാൻ പോകുന്ന ബലിപെരുന്നാളിനെ വരവേൽക്കാനായി നമുക്ക് തയ്യാറെടുക്കാം.
അല്ലാഹു അനുഗ്രഹിക്കട്ടെ. (ആമീൻ)

ഹജ്ജ് യാത്ര കഴിഞ്ഞ് മടങ്ങിയ ശേഷം, ധാരാളം സത്കർമ്മങ്ങൾ ചെയ്ത് ജീവിക്കാനുള്ള തീരുമാനം ഒരു വിശ്വാസിയിൽ ഉണ്ടാവുന്നത് അല്ലാഹു അവന്റെ ഹജ്ജ് സ്വീകരിച്ചു എന്നതിന്റെ തെളിവായി കണക്കാക്കപ്പെടുന്നു.

ആസിഫ അഫ്രോസ്, ബാംഗ്ലൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments