Logo Below Image
Thursday, April 10, 2025
Logo Below Image
Homeസ്പെഷ്യൽസൈക്കിളിൽ കുതിര സവാരി (ഓർമ്മകുറിപ്പ്) ✍സി. ഐ. ഇയ്യപ്പൻ, തൃശൂർ

സൈക്കിളിൽ കുതിര സവാരി (ഓർമ്മകുറിപ്പ്) ✍സി. ഐ. ഇയ്യപ്പൻ, തൃശൂർ

സി. ഐ. ഇയ്യപ്പൻ, തൃശൂർ

പുലർകാലത്ത് കാക്കകളുടെയും, പക്ഷികളുടെയും, കല പില ശബ്ദങ്ങളും, കോഴികളുടെ കൂവലും, പശുവിന്റെയും, പശു കിടാവിന്റെയും ശബ്ദങ്ങളൊക്കെ കേട്ടുകൊണ്ടാണ് എന്റെ ചെറുപ്പകാലത്ത് ഉറക്കം ഉണരുക. വെട്ടുവഴിൽ കൂടി നടന്നുപോകുന്നവരേയും, സൈക്കിൾ യാത്രക്കാരേയും ,അപൂർവ്വമായി പൊടി പടർത്തി പോകുന്ന കാറുകളും ആണ് ദിവസവും കണി കാണുന്ന കാഴ്ച്ചകൾ.

എത്ര ദൂരം ഉണ്ടെങ്കിലും, നടന്നു പോകുന്നവരാണ് അന്ന് ഏറെയും. സ്കൂൾ സമയമായാൽ കുട്ടികളുടെ കൂട്ടങ്ങളെ വഴി നീളെ കാണാം. എന്റെ വീടിന്റെ അടുത്തുള്ള സെൻറ് ജോസഫ് ലാറ്റിൻ ഗേൾസ് ഹൈസ്കൂളിലേക്ക് വെള്ള ബ്ലൗസും, പച്ച പാവാടയും ധരിച്ച പെൺകുട്ടികളും, കാൽഡിയൻ ഹൈസ്കൂളിലേക്ക് വെള്ള ഷർട്ടും, നീല ടൗസറും ഇട്ട ആൺകുട്ടികളുടെ കൂട്ടങ്ങളും പോയി തുടങ്ങും. പെൺകുട്ടികൾ ആണെങ്കിൽ പൊട്ടിച്ചിരിച്ചും, ഉറക്കെ സംസാരിച്ചുമാണ് പോകുക. ആൺകുട്ടികൾ ആണെങ്കിൽ കയ്യിലുള്ള പമ്പരം കറക്കിയും, വല്ലവരുടേയും വീടുമുറ്റത്ത് കാണുന്ന മാവിലേക്ക് കല്ലുകൾ എറിഞ്ഞ് മാങ്ങ പൊട്ടിച്ച് , കല്ലിൽ കുത്തി പൊട്ടിച്ച് പങ്കിട്ട് കഴിച്ചുകൊണ്ടാണ് യാത്ര.

അൽപ്പ സ്വല്പം വികൃതികൾ കാണിച്ചു നടന്നിരുന്ന ആ കുട്ടിക്കാലം ഓർക്കാൻ തന്നെ ഒരു രസമുണ്ട അല്ലേ.

നമ്മൾ ഓരോരുത്തരും ലക്ഷ്യത്തിലെത്താനുള്ള യാത്രകളിലാണ്. കാൽനടയായും, കാറിലും, ബസ്സിലും, യാത്ര ചെയ്യുന്നു. വെള്ളത്തിലാണെങ്കിൽ വഞ്ചിയിലും, ബോട്ടിലും, കപ്പലിലും യാത്രചെയ്യുന്നു. ആകാശത്ത് വിമാനത്തിനും, ഹെലികോപ്റ്ററിലും യാത്രചെയ്യുന്നു. റെയിലിൽ കൂടി തീവണ്ടിയിലും യാത്രചെയ്യുന്നു. എല്ലാ യാത്രകളും ലക്ഷ്യത്തിൽ എത്തുക എന്ന ഒരേ ഒരു ഉദ്ദേശത്തോടുകൂടിയാണ്. അങ്ങനെയുള്ള യാത്രകളിൽ കൗതുകമുള്ളതും, ജീവിതത്തിൽ പകർത്താവുന്നതുമായ പല കാഴ്ചകളും കാണാൻ ഇടവരും. അതുപോലെ നമ്മോടൊപ്പം യാത്ര ചെയ്യുന്ന സഹയാത്രക്കാരിൽ നിന്നും കേൾക്കുന്ന അവരുടെ ജീവിത അനുഭവങ്ങൾ പലതും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന പാഠങ്ങൾ ആയിരിക്കും.

70 വർഷങ്ങൾക്കുമുമ്പ്, ഇത്രയധികം വാഹനങ്ങൾ ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു. അന്നൊക്കെ കാറുമായി ഗ്രാമപ്രദേശങ്ങളിൽ പോയാൽ കുട്ടികൾ, കാറോടിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം ഓളിയിട്ട്, ബഹളവുമായി കാറിനോടൊപ്പം ഓടും. കാറൊന്നു നിർത്തി കിട്ടിയാൽ എന്തോ ഒരു അത്ഭുത വസ്തുവിനെ കണ്ടപോലെ ഒന്ന് തൊട്ടു നോക്കുന്നതും കാണാം. ഇന്ന് എന്താണ് സ്ഥിതി. പുതിയ കാറുകളുടെ മോഡലുകൾ കളിക്കോപ്പുകളായി കണ്ടുകൊണ്ട്, കുട്ടികൾ ഓരോന്നിന്റെയും പേരുകൾ അടക്കം പറയുന്ന ഒരു കാലത്തിലേയ്ക്ക് ഇന്ന് നാം എത്തിയിരിക്കുന്നു.

എന്റെ ചെറുപ്പകാലത്ത് വീടിന്റെ അകത്തുപോലും കാറോടിച്ചിട്ടാണ് ഓട്ടം. രണ്ട് കൈകളും സ്റ്റീയറിങ് ആക്കി, ചുണ്ടുകൾ വിറപ്പിച്ച് എഞ്ചിന്റെ ശബ്ദം ഉണ്ടാക്കിയിട്ടാണ് ഓട്ടം. കൂട്ടുകാരുടെ വീടുകളിൽ പോകുന്നത് വട്ട് ഉരുട്ടിയിട്ടാണ്. ഒരു ചെറിയ കോലുകൊണ്ട് തട്ടി, തട്ടി അത് ഉരുട്ടും. ഇടയ്ക്ക് വായ കൊണ്ട് പീ… പീ… എന്ന് ഹോൺ അടിക്കും. മണ്ണിട്ട വെട്ടുവഴിയിൽ കൂടി പൊടിപടർത്തി വല്ലപ്പോഴും ഒരു കാർ പോയാൽ ആയി .

കുറച്ച് മുതിർന്നപ്പോൾ എന്നെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കാൻ ഡ്രൈവർ ഔസേപ്പേട്ടനെ അപ്പൻ ഏൽപ്പിച്ചു. ഞായറാഴ്ച്ച കാലത്ത് ഡ്രൈവർ ഔസേപ്പ് ചേട്ടൻ എന്നെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കാൻ കൊണ്ടുപോകും. തൊകലന്റെ സൈക്കിൾ കടയിൽ നിന്ന് അര സൈക്കിൾ വാടകയ്ക്ക് എടുത്ത് ലത്തീൻപള്ളിയുടെ തൊട്ടടുത്ത റോഡിൽ എന്നെ സൈക്കിളിൽ ഇരുത്തി സീറ്റിന്മേൽ ഔസേപ്പേട്ടൻ പിടിച്ച് ചവിട്ടാൻ പഠിപ്പിച്ചു തുടങ്ങും. കുറച്ചു കഴിയുമ്പോൾ സീറ്റിമേൽ നിന്ന് ഔസേപ്പേട്ടൻ പിടിവീടും. അതോടെ സൈക്കിളുമായി ഞാൻ നിലത്തുവീഴും. അങ്ങിനെ ഞായറാഴ്ചകൾ പലതും കഴിഞ്ഞിട്ടും ഞാൻ ചവിട്ടാൻ പഠിക്കാതെ വന്നപ്പോൾ ഔസേപ്പേട്ടന് സങ്കടവും ദേഷ്യവും വന്നു. ഔസേപ്പേട്ടൻ എന്നെ സൈക്കിളിൽ ഇരുത്തി ആഞ്ഞ് തള്ളി. ഞാൻ സൈക്കിൾ ചവിട്ടി കുറച്ചു ദൂരം പോയപ്പോൾ തിരിഞ്ഞുനോക്കി. അതോടെ ഞാൻ സൈക്കിളുമായി ചാലിൻ വീണു. ഏതായാലും അന്നത്തോടെ സൈക്കിൾ ചവിട്ടാൻ പഠിച്ചു.

എന്നെ കാർ ഓടിക്കാൻ പഠിപ്പിച്ചത് എന്റെ ചേട്ടൻ സി. ഐ പോളാണ്. ആദ്യമായി കാറോടിക്കുന്നതിനുള്ള പരിശീലനം തന്നു. പിന്നീട് കാർ ഓടിക്കുന്നതിന്നും, മോട്ടോർസൈക്കിൾ ഓടിക്കുന്നതിനുമുള്ള ലൈസൻസ് എടുത്തു.
ഞങ്ങൾക്ക് ഒരു ഷവർലെ കാർ ഉണ്ടായിരുന്നു. 1946 മോഡല്‍ പെട്രോൾ കാർ . ആ കാറ് പെട്രോൾ കുടിക്കുകയല്ല, മോന്തുകയായിരുന്നു എന്ന് പറയുന്നതാകും ശരി. പെട്രോളിന് ഇന്നത്തെ പോലെ തീ പിടിച്ച വില ഉണ്ടായിരുന്നില്ല. അതുകൊണ്ട് എപ്പോഴും ഫുൾ ടാങ്ക് പെട്രോൾ അടിച്ചിരുന്നു. അപ്പനും ,അമ്മയും , ഞാനും എന്റെ ഭാര്യയും അനുജന്മാരും, അനുജത്തിമാരുമായി ഞങ്ങൾ 10 പേര് ഉണ്ടായിരുന്ന കുടുംബം മദ്രാസ്, ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് ടൂർ പോവുകയായിരുന്നു. കാർ ഓടിച്ചിരുന്നത് ഞാനാണ്. നല്ല വിശാലമായ റോഡ് അത്യാവശ്യം സ്പീഡ് ഉണ്ട്. ഞാൻ കാർ ഓടിക്കുമ്പോൾ എപ്പോഴും റോഡിന്റെ ഇടതുവശം ചേർന്ന് മാത്രമേ ഓടിക്കൂ. അപ്പോഴാണ് പുറകിൽ നിന്ന് ഒരു അംബാസിഡർ കാർ ഹോൺ അടിച്ച് പാഞ്ഞ് വന്നത്. കാർ ഞങ്ങളെ മറികടന്ന് അതിവേഗം പറന്നു പോയി . മുന്നിൽ വിശാലമായ റോഡ് അന്നത്തെ ചെറുപ്പത്തിന്റെ ആവേശം കൂടി ആയപ്പോൾ ഞാൻ മെല്ലെ ആക്സിലേറ്റർ ഒന്നു ചവിട്ടി പിന്നെ പറയണോ അംബാസിഡർ കാറിനെ മറിക്കടന്ന് അതിവേഗം പോയി . പിന്നിൽ അംബാസിഡർ കാറിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ.

വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം വാഹനം ഇടതുവശം ചേർന്ന് ഓടിക്കുക എന്നതാണ്. തങ്ങളുടെ വാഹനത്തേക്കാൾ സ്പീഡിൽ ഒരു വാഹനം പിന്നിൽ നിന്ന് വരുന്നുണ്ടെങ്കിൽ തീർച്ചയായും ഉടനെ സൈഡ് കൊടുക്കണം. അങ്ങിനെ കൊടുക്കാതെ വരുമ്പോഴാണ് പല അപകടങ്ങളും വിളിച്ചു വരുത്തുന്നത്. കുറച്ചുകാലം മുമ്പ് ഞാൻ നടന്നു വരുമ്പോൾ തൊട്ടടുത്തു കൂടി രണ്ടു വാഹനങ്ങൾ തൊട്ടുരുമ്മി പായുന്നത് കണ്ടു. അതിൽ ഒന്നു ചെറുതും ഒന്ന് വലുതുമാണ്. ചെറിയ വാഹനം വലിയ വാഹനത്തിന്റെ മുകളിലേക്ക് കേറി കിടന്നാണ് പായുന്നത്. ജംഗ്ഷൻ എത്തിയപ്പോൾ വലിയ വാഹനം ചെറിയ വാഹനത്തെ ആഞ്ഞ് തട്ടി പിന്നെ പറയണോ ചെറിയ വാഹനം റോഡിലേക്ക് മറിഞ്ഞ് പമ്പരം തിരിയുന്ന പോലെ തിരിഞ്ഞിട്ടാണ് നിന്നത്. വലിയ വാഹനം നിർത്താതെ പോവുകയും ചെയ്തു. ആളുകൾ കൂടി ചെറിയ വാഹനം ഓടിച്ചിരുന്ന ആളെ പുറത്തെടുക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഞാൻ സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ കൂടെ യാത്ര ചെയ്യാൻ ഭാര്യയെയും മക്കളെയും കൂടാതെ മറ്റ് ആരെയും അനുവദിക്കാറില്ല. അതിനൊരു കാരണമുണ്ട്. എൻ്റെ ഒരു പരിചയക്കാരൻ മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുമ്പോൾ ഒരു സ്നേഹിതനെ കൂടെ കൂട്ടി. യാത്രാ മധ്യേ എതിരെ വന്ന വാഹനം കണ്ട് സ്നേഹിതൻ പുറത്തേക്ക് എടുത്തുചാടി. മോട്ടോർസൈക്കിളിന്റെ നിയന്ത്രണം വിട്ട് മറിയുകയും, ഓടിച്ചിരുന്ന ആൾ വീണ് തല ഒരു കല്ലിലിടിച്ച് തൽക്ഷണം മരിക്കുകയും ചെയ്തു. ആ കാലത്ത് ഹെൽമെറ്റ് നിർബന്ധമില്ലായിരുന്നു.

ഇപ്പോൾ വാഹനങ്ങൾ ഓടിക്കുന്നവർക്ക് മര്യാദയുടെ ഒരു ലവലേശം പോലുമില്ല. വാഹനങ്ങൾ മറികടക്കുന്നത് ഇപ്പോൾ തോന്നിയത് പോലെയാണ്. കുറച്ചു കാലങ്ങൾക്കു മുമ്പ് ഞാൻ ഇങ്ങനെ തോന്നിയാസം കാണിക്കുന്ന ഡ്രൈവർമാർക്ക് ഒരു പരിശീലന ക്ലാസ് കൊടുക്കുന്നതു നന്നായിരിക്കുമെന്ന് മലയാള മനോരമ ദിനപത്രത്തിൽ എഴുതിയിരുന്നു. എന്തായാലും ഇപ്പോൾ അത്തരത്തിലുള്ള ക്ലാസുകൾ നടക്കുന്നുണ്ടെന്നതിൽ സന്തോഷിക്കുന്നു. ഞാൻ കാറോടിച്ചിരുന്ന കാലത്ത് കാറ് തിരിയുന്നതിനും, നിർത്തുന്നതിനുമെല്ലാം കൈ കൊണ്ടാണ് സിഗ്നൽ കാണിച്ചിരുന്നത്. അതുപോലെ തന്നെ പ്രധാന ജംഗ്ഷനുകളിൽ പോലീസ് സിഗ്നൽ കാണിക്കുന്ന ഒരു കാലമുണ്ടായിരുന്നു. അന്നെല്ലാം ഡ്രൈവർമാർ സിഗ്നൽ അക്ഷരംപ്രതി പാലിക്കുകയും ചെയ്തിരുന്നു. കുറച്ചുകാലമായി ഞാൻ കാറും, സ്കൂട്ടറും ഓടിക്കാറില്ല. എന്നാലും അതിന്റെ ഓർമ്മയ്ക്ക് ഞാൻ റോഡ് മുറിച്ചു കടക്കുമ്പോൾ ഇപ്പോഴും അറിയാതെ സിഗ്നൽ കാണിക്കാറുണ്ട്. നിർബന്ധമായും വാഹനം ഓടിക്കുന്നവർ സിഗ്നൽ ഉപയോഗിക്കണം. ചില വാഹനങ്ങളിൽ എപ്പോഴോ ഇട്ട സിഗ്നൽ മാറ്റാതെ വാഹനം ഓടിക്കുന്നതും കാണാം.

ഇപ്പോൾ കണ്ടുവരുന്ന പുതിയ പരിപാടി മോട്ടോർ സൈക്കിളിലും, കാറുകളിലും എന്തൊക്കെയോ ചെയ്ത് വഴിയാത്രക്കാരെയും, ആ വഴിയിലെ വീട്ടുകാരെയും പേടിപ്പിക്കുന്ന വിധം പടക്കം, ഗുണ്ട് എന്നിവയുടെ ചെവി പൊട്ടുന്ന ശബ്ദത്തിൽ ഉണ്ടാക്കുന്നത് സ്ഥിരപരിപാടിയായിരിക്കുന്നു. റോഡിൽ നടന്നുപോകുന്ന പെൺകുട്ടികളെ കണ്ടാലും, യുവതികളെ കണ്ടാൽ പിന്നെ പറയേണ്ട തലങ്ങനേയും, വിലങ്ങനേയും വണ്ടികൾ ഓടിക്കുന്നവരെ കൊണ്ട് വല്ലാത്ത ശല്യം ആയിട്ടുണ്ട്. ഇവർ രാത്രികാലങ്ങളിലും ഈ അഭ്യാസങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നു.

കാർ ഓടിക്കുന്നവർ അത്യാവശ്യം വരുന്ന ചില ചെറിയ റിപ്പയർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ടയർ മാറ്റി ഇടുന്നതിനെങ്കിലും . ഇപ്പോഴത്തെ കാറുകളുടെ മെക്കാനിസം എനിക്ക് അറിഞ്ഞുകൂടാ. ഞാൻ കാറിന്റെയും, വാനിന്റെയും കേടുപാടുകൾ തീർക്കാൻ വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകുമ്പോൾ സൗകര്യം കിട്ടിയാൽ പോകാറുണ്ട് . ഇതുകൊണ്ട് ചെറിയ കേടുപാടുകൾ തനിയെ തീർത്ത് വാഹനം വേഗം വീട്ടിലേക്ക് എത്തിക്കും.

ഒരുതവണ കാറ് ഓടിച്ചു കൊണ്ടിരിക്കുമ്പോൾ ആക്സിലേറ്ററിന്റെ കേബിൾ പൊട്ടി. തൽക്കാലം ഞാൻ ഒരു കയർ എടുത്ത് കെട്ടി അകത്തിരുന്ന് വലിച്ച് ഒരു കണക്കിന് വീട്ടിലെത്തിച്ചു.

വളരേ കാലങ്ങൾക്ക് മുമ്പ് വാഹനങ്ങൾ സ്റ്റാർട്ട് ആവാതെ വരുമ്പോൾ ഒരു ഹാൻഡിൽ ഇട്ട് തിരിച്ച് സ്റ്റാർട്ട്ആക്കുന്ന ഒരു പരിപാടിയുണ്ടായിരുന്നു. ഹാൻഡിൽ ഇടാൻ മുന്നിൽ ഒരു പഴുതും ഉണ്ടായിരുന്നു. പുറത്തുനിന്ന് ഹാൻഡിൽ തിരിക്കുമ്പോൾ അകത്തിരുന്ന് ആക്സിലേറ്റർ അമർത്തണം . ഹാൻഡിൽ തിരിക്കുന്നത് ഒരു ആയാസമുള്ള കാര്യം തന്നെയായിരുന്നു. പരിചയമില്ലാത്തവർ ഹാൻഡിൽ തിരിക്കാൻ പോയാൽ ഹാൻഡിൽ റിവേഴ്സ് അടിക്കുന്ന ഒരു പരിപാടിയുണ്ട്. അതുകൊണ്ട് സൂക്ഷിക്കണം. ഇതെല്ലാം പഴയ കാലത്തെ നിത്യ അനുഭവങ്ങളാണ്.

ഞങ്ങൾ ഒരു പുതിയ ടെമ്പോ വാൻ വാങ്ങിച്ചപ്പോൾ കുടുംബസമേതം കൊടൈക്കനാലിലും മറ്റും പോകാൻ തീരുമാനിച്ചു. അങ്ങിനെ അവിടെ താമസിച്ച് കാഴ്ച്ചകൾ കണ്ടു നടക്കുന്നതിനിടയിൽ എത്രയും പെട്ടെന്ന് കച്ചവടമായി ബന്ധപ്പെട്ട ഒരു കാര്യത്തിന് തിരിച്ചുവരണമെന്ന അറിയിപ്പ് കിട്ടി. രാത്രി യാത്ര ചെയ്ത് നേരം വെളുക്കുമ്പോഴേക്കും തൃശ്ശൂർ എത്തണം എന്ന ഉദ്ദേശത്തോടെ യാത്ര പുറപ്പെട്ടു. ഞാൻ തന്നെയാണ് ഡ്രൈവ് ചെയ്യുന്നത്. കുറച്ചു ദൂരം പിന്നിട്ട് രാത്രി ആയതോടെ ഡാഷ് ബോർഡിന്റെ മുകളിൽ ഒരു സിഗരറ്റ് പാക്കറ്റും, ഒരു തീപ്പെട്ടിയും അപ്പൻ വെയ്ക്കുന്നതായി കണ്ടു . അപ്പൻ സിഗരറ്റ് ഉപയോഗിക്കാറില്ല. പിന്നെ ആർക്കാണ് ഇത് എന്ന് ചിന്തിച്ചിരിക്കുമ്പോൾ സിഗരറ്റ് പാക്കറ്റ് തുറന്ന് ഒരെണ്ണം എന്റെ മുന്നിലേക്ക് നീട്ടി എന്നോട് അത് വലിച്ചോളാൻ പറഞ്ഞു. ഉറക്കം വരാതിരിക്കാൻ അത് നല്ലതാണെന്ന് അപ്പനോട് ആരോ തെറ്റിദ്ധരിപ്പിച്ചിന്നു. വേണോ, വേണ്ടയോ എന്ന ഭാവത്തിൽ ഞാനത് കത്തിച്ചു വലിച്ചു തുടങ്ങി. അങ്ങിനെ മൂന്നോ,നാലൊ എണ്ണം വലിച്ചു കഴിയുമ്പോഴേക്കും ഞങ്ങൾ തൃശ്ശൂരിന്റെ അതിർത്തിയിലെത്തി. അപ്പൻ സിഗരറ്റ് പാക്കറ്റും, തീപ്പെട്ടിയും പുറത്തേക്ക് വലിച്ചെറിഞ്ഞു . ഇനി മേലാൽ നീ എന്റെ മുമ്പിൽ സിഗരറ്റ് വലിക്കുന്നത് കണ്ടാൽ എന്റെ സ്വഭാവം മാറുമെന്ന് ഒരു താക്കീതും നൽകി. കൂടെ ,കൂടെ സിഗരറ്റ് വലിച്ചപ്പോൾ ചങ്കിൽ ഒരുകിരി കിരിപ്പ് അനുഭവപെട്ടു. അതോടെ വല്ലപ്പോഴും സിഗരറ്റ് വലിച്ചിരുന്ന പരിപാടി നിർത്തി.

എഴുതി വന്നപ്പോൾ വിട്ടുപോയ ഒരു വിശേഷം കൂടി പങ്കുവെയ്ക്കാം:
എന്റെ ചെറുപ്പകാലത്ത് എവിടേക്ക് പോകാനും സൈക്കിൾ ആണ് ഉപയോഗിച്ചിരുന്നത്. അങ്ങനെ തൃശ്ശൂർ ഗിരിജാ തീയറ്ററിൽ കൗ ബോയ് ഇംഗ്ലീഷ് സിനിമകൾ കാണാൻ പോവുക പതിവുണ്ട്. സിനിമ കണ്ട് പുറത്തിറങ്ങി സൈക്കിൾ സ്റ്റാൻഡിൽ നിന്ന് സൈക്കളുകളുടെ കൂട്ടത്തിൽ നിന്ന് എന്റെ സൈക്കിൾ തിരഞ്ഞെടുക്കുന്നത് കൗ ബോയ് സിനിമയിൽ കണ്ട കാഴ്ചകളുടെ ആവേശത്തിലാണ്. പിന്നീട് സൈക്കിളിൽ കയറി ഒരു കുതിപ്പുണ്ട് . നിന്നിട്ടും, ഇരുന്നിട്ടും സൈക്കിൾ ചവിട്ടി വീട്ടിൽ എത്തി സൈക്കിളിൽ നിന്ന് ഇറങ്ങുമ്പോൾ സീറ്റിന്റെ രണ്ട് സ്പ്രിങ്ങുകൾ പൊട്ടി നിലത്തു വീഴും. കൗ ബോയ് സിനിമകൾ കണ്ട് സൈക്കിളിൽ കയറുന്നതുതന്നെ കുതിരപ്പുറത്ത് കയറും പോലെയാണ്. കൗ ബോയ് സിനിമ കണ്ടാൽ ഇത് സ്ഥിരം പതിവാണ്.

നമ്മൾ കേൾക്കുന്നതും കാണുന്നതും നമ്മുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് ഇത്.

സി. ഐ. ഇയ്യപ്പൻ, തൃശൂർ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ