പഴയ കാലത്തുള്ള ഒട്ടേറെ ഉത്സവങ്ങളും ആചാരങ്ങളും ഒത്തിരി എഴുത്തുകൾക്കും വായനകൾക്കും വിധേയമാകുമ്പോൾ അധികം വായനകൾക്ക് വിധേയമാകാത്തവയാണ് പൂരോത്സവങ്ങളും, പൂര പാട്ടുകളുമൊക്കെ.
പുതിയ തലമുറകളും പൂർവ്വികരുടെ ആചാരം തുടർന്നു പോകുന്നുണ്ടെന്ന തെളിവാണ് പൂരത്തിന്റെ വരവറിയിക്കുന്ന” ചങ്ങായം ചോദിക്കൽ ” ചടങ്ങ്.
തെക്കൻ കാസർകോടൻ ഗ്രാമമായ ചെറുവത്തൂരിൽ, മീനമാസത്തിൽ കണ്ടുവരുന്ന ഒരു നാട്ടുകാഴ്ചയാണ് ഇത്. ചെറുവത്തൂർ വയൽക്കര ഭഗവതി ക്ഷേത്രത്തിലും നെല്ലിക്കാതുരുത്തി കഴകത്തിലും മാത്രം നിലനിന്നുപോരുന്ന അപൂർവം നാട്ടാചാരങ്ങളിലൊന്ന്.
മീന മാസത്തിലെ കാർത്തിക നാൾ പിറക്കുന്നതോടെ പൂരക്കാലത്തിനു തുടക്കമിട്ടുകൊണ്ടുള്ള ചങ്ങായം ചോദിക്കാനിറങ്ങുന്നത് ഗ്രാമത്തിലെ യുവാക്കൾ ആണ്.
ഗ്രാമത്തിലെ പുരുഷന്മാർ വെള്ള തോർത്തുടുത്ത് പച്ചയോല കൊണ്ടുള്ള വള്ളി അരയിൽ കെട്ടി പൂരം കളിക്കുകയും പിന്നീട് പന്തൽ പൊളിച്ചു ചങ്ങായം ചോദിക്കാനായി ഓടുന്നു.
ഗ്രാമത്തിലെ വീടുകളിലെത്തി സംഘങ്ങളായി ചേർന്നുകൊണ്ട് പൂരത്തിന്റെ വരവറിയിക്കുന്നു. ചങ്ങായം ചോദിച്ചെത്തുന്നവരെ സ്വീകരിക്കാൻ വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്ന പതിവുണ്ട്.
പൂരോത്സവത്തിന്റെ വരവറയിച്ച് വീടായ വീടൊക്കെ കേറിയിറങ്ങി, അവർക്ക് വേണ്ടി വെച്ചതൊക്കെ കഴി ച്ചുമുള്ള ഓട്ടം. അരമുണ്ട് കെട്ടിയ ആണുങ്ങൾ നാട്ടിടവഴികളിലൂടെ, കുന്നു കേറിയും പുഴ നീന്തിയുമെല്ലാം ഓടുന്നു. ചങ്ങായം (ചങ്ങാത്തം) ചോദിക്കൽ എന്ന പേരിൽ ഇത് അറിയപ്പെടുന്നു.
സന്ധ്യയോടെ പൂരം കളി നടന്ന പന്തലിൽ തിരികെ എത്തുന്നതോടെ ഈ ചടങ്ങ് അവസാനിക്കുന്നു. കാർത്തിക നാളിൽ ഒമ്പതാം ദിനംപൂരം നാളിൽ പൂരക്കാലത്തിന് കൊടിയിറങ്ങും.
ഒരു കാലത്ത് പെണ്ണുങ്ങളുടേതായിരുന്നു പൂരക്കളി ക്രമേണ അത് ആണുങ്ങളുടെ കലാ രൂപമായി മാറി. ഇന്ന് ചില വനിതാ കൂട്ടായ്മകളും മറ്റും പൂരക്കളി സ്ത്രീകളുടെ കൂടി കലാരൂപമാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടത്തിവരുന്നു, ഇതിനായി മുൻ കൈ എടുക്കുന്നു.
ചങ്ങായം ചോദിക്കലിന് പിന്നാലെ പൂരക്കളി ചടങ്ങുകളും പിന്നീടുള്ള പൂരംകുളിയാണ് പൂരക്കാലത്തിന് അവസാനം കുറിക്കുന്നത്.
മെയ്ക്കരുത്തിന്റെ പൂരക്കളി ക്ഷേത്രങ്ങളിലും പൂരപ്പന്തലുകളിലും പുരുഷന്മാർ ചവിട്ടുമ്പോൾ പെണ്ണുങ്ങൾക്ക് ആകട്ടെ പൂനുള്ളലാണ്.
പൂരക്കളിയുടെയും പൂരത്തിന്റെയും ഐതിഹ്യം പുരാണത്തിലെ കാമദഹനവുമായിട്ടാണ് ബന്ധപ്പെട്ട് കിടക്കുന്നത്.
ശിവ തപസ്സിളക്കാൻ വന്ന കാമദേവനെ ശിവൻ തൃക്കണ്ണ് തുറന്ന് ഭസ്മമാക്കി. ഇതേ തുടർന്ന് താളം തെറ്റിയ പ്രകൃതിയെ മനുഷ്യനെയും പഴയ പടിയിലാക്കാൻ 18 സ്ത്രീകൾ (സ്വർഗ്ഗത്തിലെയും ഭൂമിയിലെയും പാതാളത്തിലെയും) വിഷ്ണുവിനെ സമീപിച്ച് 18 തരം പൂക്കളർപ്പിച്ച് 18 തരം ചുവടുകൾ വെച്ച് നൃത്തമാടുകയും ചെയ്തു. കാമദേവന്റെ തിരിച്ചുവരവിന് കാരണക്കാരായി മാറിയതിന്റെ ഈ ഓർമ്മപ്പെടുത്തലാണ് പൂരമെന്ന് വിശ്വാസം. പിന്നീട് പൂരക്കളിയായി മാറിയത് ഈ പെൺചു വടുകളാണ്.
ഏറെ സങ്കൽപ്പങ്ങളുള്ള ഈ പൂരക്കളി ഇപ്പോഴും നടത്തപ്പെടുന്നു എന്നതും സന്തോഷകരമായ കാര്യം തന്നെ. കാലപ്പഴക്കമേൽക്കാത്ത തിളക്കമായി ഇനിയും ഇത്തരം പഴമയുടെ പൈതൃകം നിലനിർത്തുന്ന ഉത്സവങ്ങൾ, നാട്ടുചരിതങ്ങൾ പുതു തലമുറകൾ ക്കായുള്ള നേട്ടമായി നിലനിൽക്കട്ടെ എന്ന് നമുക്കും പ്രത്യാശിക്കാം..
ഇതേ കുറിച്ച് അറിയില്ലായിരുന്നു. ജിഷ thank you.
അഭിനന്ദനങ്ങൾ 

ആശംസകൾ
ജിഷ.
സ്നേഹം സന്തോഷം ചേച്ചി
