Saturday, December 21, 2024
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (74) 'വാസ്തുവും വൃക്ഷങ്ങളും' ✍ പി. എം.എൻ.നമ്പൂതിരി.

അറിവിൻ്റെ മുത്തുകൾ – (74) ‘വാസ്തുവും വൃക്ഷങ്ങളും’ ✍ പി. എം.എൻ.നമ്പൂതിരി.

✍ പി. എം.എൻ.നമ്പൂതിരി.

വാസ്തുവും വൃക്ഷങ്ങളും

മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ
വൃക്ഷ രാജാ യതേ നമ” –

അരയാലിനെ നമസ്കരിക്കുന്ന സ്തോത്രമാണിത്. ഭാരതീയ സംസ്കാരത്തില്‍ വൃക്ഷങ്ങളില്‍ ഈശ്വരാംശം എത്രമാത്രം ഉണ്ടായിരുന്നു എന്നതിന്‍റെ ഉദാഹരണം കൂടിയാണിത്. പദ്മപുരാണത്തില്‍ അരയാലിൻ്റെ ഈശ്വരചൈതന്യം വളരെ വിശദമായി പ്രദിപാദിച്ചിട്ടുണ്ട്.

അരയാല്‍ മാഹാത്മ്യം

അരയാൽ വൃക്ഷങ്ങളുടെ രാജാവാണ്‌ അശ്വത്ഥം, ബോധിദ്രുമം, പിപ്പലം തുടങ്ങിയ പേരുകളിലും അരയാൽ അറിയപ്പെടുന്നു. അരയാലിനെ ഒരു പുണ്യ വൃക്ഷമായിട്ടാണ് ഹിന്ദുമത വിശ്വാസികളും ബുദ്ധമത വിശ്വസികളും കാണക്കാക്കുന്നത്.

ശ്രീബുദ്ധന്‌ ജ്ഞാനോദയമുണ്ടായത്‌ ബോധിവൃക്ഷച്ചുവട്ടില്‍വെച്ചാണെന്നതു പ്രസിദ്ധമാണ്‌. ശിവന്റെ ഒരു ഭാവമായ ദക്ഷിണാമൂര്‍ത്തി പേരാല്‍ച്ചുവട്ടില്‍ ദക്ഷിണാഭിമുഖമായിരുന്ന്‌ ഏവര്‍ക്കും ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നതായിട്ടാണ് ഹൈദവ വിശ്വാസം . ഇതൊക്കെ ആലിന്റെ ജ്ഞാനകാരത്വത്തെ സൂചിപ്പിക്കുന്നു . അരയാല്‍ അനശ്വരവൃക്ഷമാണെന്നാണു വിശ്വാസം. വൃക്ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ പടര്‍ന്നുപന്തലിക്കുന്നതും അരയാല്‍തന്നെ. ഇത്‌ പരമാത്മാവിന്റെ ധര്‍മ്മമായ സര്‍വ്വവ്യാപിത്വത്തെയും അമരത്വത്തെയും സൂചിപ്പിക്കുന്നതായി സ്വാമി ചിന്മയാനന്ദന്‍ പറഞ്ഞിട്ടുണ്ട്. “അശ്വസ്തഃ സര്‍വ്വവൃക്ഷാണം” എന്ന്‌ ഭഗവത്ഗീതയിലും പറയുന്നുണ്ട്‌. വൃക്ഷങ്ങളില്‍ അശ്വത്ഥമാണ്‌ താനെന്നാണ്‌ ശ്രീകൃഷ്ണന്‍ അരുളിചെയ്തിട്ടുള്ളത്. ഈ പ്രപഞ്ചത്തെ, മുകളില്‍ വേരുകളോടുകൂടിയതും കീഴില്‍ ശാഖകളോടുകൂടിയതും അഴിവില്ലാത്തതുമായ അരയാലായും ഭഗവത്ഗീത ചിത്രീകരിക്കുന്നു. കഠോപനിഷത്തിലും സമാനമായ രൂപകല്‍പന സ്മരണീയമാണ്‌. ഇതെല്ലാം അരയാലിന്റെ മഹത്വത്തെയാണ്‌ വെളിവാക്കുന്നത്‌.

ഇടിമിന്നല്‍ മൂലം ഭൂമിയിലേക്കുവരുന്ന വൈദ്യുത പ്രവാഹത്തെ പിടിച്ചെടുത്ത്‌ സ്വയം ദഹിക്കാതെ ഭൂമിയിലെത്തിക്കാനുള്ള കഴിവ്‌ അരയാലിനുണ്ടന്ന് ശാസ്ത്രം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതു കൊണ്ടായിരിക്കാം ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും മറ്റും സമീപത്ത്‌ അരയാല്‍ നട്ടുവളര്‍ത്തുന്നത്‌ . *അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കാനുള്ള അരയാലിന്റെ കഴിവും പ്രസിദ്ധമാണ്‌.

മൂലതോ ബ്രഹ്മരൂപായ മദ്ധ്യതോ വിഷ്ണുരൂപിണേ അഗ്രത ശിവരൂപായ വൃക്ഷരാജാ യതേ നമഃ എന്ന ശ്ലോകത്തില്‍ അരയാലിന്റെ മൂലത്തില്‍ ബ്രഹ്മാവും മദ്ധ്യത്തില്‍ വിഷ്ണുവും അഗ്രത്തില്‍ ശിവനും കുടികൊള്ളുന്നതായി സൂചിപ്പിച്ചിരിക്കുന്നു. സര്‍വ്വദേവതകളും അശ്വത്ഥത്തില്‍ കുടികൊള്ളുന്നുവെന്നും വിശ്വാസമുണ്ട്‌. ശനിയാഴ്ചകളില്‍ അരയാല്‍പ്രദക്ഷിണത്തിന്‌ ദിവ്യത്വം കല്‍പിക്കപ്പെടുന്നതിനെപ്പറ്റി ഒരു കഥയുണ്ട്‌. പാലാഴിമഥനത്തില്‍ ജ്യേഷ്ഠാഭഗവതി അഥവാ അലക്ഷ്മി ഉയര്‍ന്നുവന്നപ്പോള്‍ ത്രിമൂര്‍ത്തികള്‍ ആ ദേവതയെ കാണുകയും അശ്വത്ഥവൃക്ഷത്തിന്റെ മൂലത്തില്‍ വസിച്ചുകൊള്ളാന്‍ അവര്‍ അലക്ഷ്മിയോട്‌ നിര്‍ദ്ദേശിക്കുകയും ചെയ്തു. ജ്യേഷ്ഠത്തിയെ കാണാന്‍ അനുജത്തിയായ മഹാലക്ഷ്മി ശനിയാഴ്ചതോറും എത്തുമെന്നും അതിനാല്‍ ശനിയാഴ്ച മാത്രമേ അശ്വത്ഥത്തെ സ്പര്‍ശിക്കാന്‍ പാടുള്ളൂ എന്നും നിർദ്ധേശിച്ചു

അരയാല്‍ച്ചുവട്ടില്‍ വെച്ച്‌ അസത്യം പറയുകയോ അശുഭകര്‍മ്മങ്ങള്‍ ചെയ്യുകയോ പാടില്ല എന്നാണ് വിശ്വാസം. അരയാല്‍ ഉണങ്ങിയോ വേരറ്റോ നിലംപതിച്ചാല്‍ അതിനെ മറ്റുപയോഗങ്ങള്‍ക്ക്‌ എടുക്കാതെ യഥാവിധി മനുഷ്യന്റെ മൃതദേഹം സംസ്കരിക്കുന്നതുപോലെ സംസ്കരിക്കുന്ന ചടങ്ങ് ചിലയിടങ്ങളില്‍ കാണാറുണ്ട്. വേപ്പ്‌ അരയാലിന്റെ പത്നിയാണെന്നാണ് സങ്കല്‍പം. ക്ഷേത്രങ്ങളിൽ അരയാലും വേപ്പും അടത്തടുത്ത്‌ നട്ടുവളര്‍ത്തുന്നത്‌ അതിവിശേഷമായിട്ടാണ് കരുതുന്നത. ഏഴരശനി, കണ്ടകശനി തുടങ്ങിയവയുള്ളപ്പോഴും ശനിദശ കാലത്തും ദോഷശാന്തിയ്ക്കായി അരയാലിനെ പ്രദക്ഷിണം നടത്തുന്നത്‌ ഉത്തമമാണ്‌. കുറഞ്ഞത്‌ ഏഴുതവണയെങ്കിലും പ്രദക്ഷിണം വെണമെന്നാണ്‌ വിധി.

യം ദൃഷ്ട്വാ മുച്യതേ രോഗൈഃ
സ്പൃഷ്ട്വാ പാപൈഃ പ്രമുച്യതേ
യദാശ്രയാത് ചിരഞ്ജീവി
തമശ്വത്ഥം നമാമ്യഹം

എന്ന പ്രാര്‍ത്ഥനയോടെയാണ്‌ പ്രദക്ഷിണം ചെയ്യേണ്ടത് ശനിയാഴ്ച വെളുപ്പിനു നടത്തുന്ന അരയാല്‍ പ്രദക്ഷിണത്തിനും മഹത്വം കൂടുതലുണ്ട്‌. കന്യകകളുടെ ജാതകത്തില്‍ മംഗല്യദോഷമുണ്ടെങ്കില്‍ അതിന്റെ ശാന്തിയ്ക്കായി അശ്വത്ഥവിവാഹം നടത്തുന്ന പതിവുണ്ട്‌. അശ്വത്ഥത്തെ മഹാവിഷ്ണുവായി സങ്കല്‍പിച്ച്‌ മന്ത്രപൂര്‍വ്വം കന്യകയെ വിവാഹം കഴിച്ച്‌ ഭാവിവരന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു.അശ്വത്ഥത്തെ ശ്രീനാരായണനായി സങ്കല്‍പിച്ച്‌ അശ്വത്ഥനാരായണപൂജ ചെയ്യുന്നതുമൂലം ആരോഗ്യം, ഐശ്വര്യം, സന്താനലബ്ധി എന്നിവ കൈവരുന്നു. ശനിദോഷശാന്തിക്ക്‌ അശ്വത്ഥനാരായണപൂജയും നടത്താറുണ്ട്‌.

മനുഷ്യന്‍റെ നിലനില്‍പ്പിനു പ്രപഞ്ചവും അതിലെ വൃക്ഷങ്ങളം വളരെ പ്രാധാന്യം ഉള്ളതാണ്. അതുകൊണ്ടുതന്നെ ഇവ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. വാസ്തു ശാസ്ത്രത്തില്‍ അന്ത:സ്സാരം, സര്‍വ്വസ്സാരം, ബഹീര്‍സ്സാരം എന്നിങ്ങനെ 3 ആയി തിരിച്ചിട്ടുണ്ട്. വീടിന്‍റെ ഉയരത്തിനേക്കാൾ കൂടുതല്‍ ദൂരത്തില്‍ വേണം മരങ്ങള്‍ നാട്ടു വളര്‍ത്താന്‍ എന്ന് പറയുന്നു. വീടിന്‍റെ മുന്‍ഭാഗം ഒഴികെ മറ്റു ഭാഗങ്ങളില്‍ വെറ്റിലകൊടി നട്ടുപിടിപ്പിക്കുന്നതും നല്ലതാണ്. മുള്ളുള്ള വൃക്ഷങ്ങള്‍ ശത്രുതയ്ക്ക് കാരണം ആകുമ്പോള്‍, പാലുള്ള വൃക്ഷങ്ങള്‍ ധനനാശത്തിനു കാരണമാകുമെന്ന് പറയുന്നു. അരയാല്‍ നട്ടുപിടിപ്പിക്കുകയാണെങ്കിൽ അത് വീടിൻ്റെ പടിഞ്ഞാറ് ഭാഗത്തു വേണമെന്നാണ് ശാസ്ത്രം. ഇത്തി വടക്കും, പേരാല്‍ കിഴക്കും, അത്തി തെക്കും എന്നിങ്ങനെ വേണമെന്ന് മനുഷ്യാലയചന്ദ്രികയിൽ ഉപദേശിക്കുന്നുണ്ട്.

ഇതു കൂടാതെ, അവരവരുടെ നക്ഷത്രത്തിനു പറഞ്ഞിട്ടുള്ള വൃക്ഷങ്ങളും വീട്ടില്‍ വച്ചു പിടിപ്പിക്കാം. പ്രകൃതി മനോഹാരിത എന്നത് വൃക്ഷങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂവളം നില്‍ക്കുന്ന വസ്തുവില്‍ എന്നും ഐശ്വര്യം കളിയാടും. പുഷ്പ വൃക്ഷങ്ങളും, ഫല വൃക്ഷങ്ങളും നാട്ടു പിടിപ്പിക്കുന്നത് നല്ലതാണ്. ഇതൊക്കെയാണെങ്കിലും വീടിനു വളരെ അടുത്ത്, ചെറുതായാലും വലുതായാലും വൃക്ഷങ്ങള്‍ നന്നല്ല എന്നത് യുക്തിപൂര്‍വ്വം ചിന്തിച്ചാല്‍ മനസ്സിലാകും.

കിഴക്ക് ദിക്കില്‍ പ്ലാവ്, ഇലഞ്ഞി, പേരാല്‍, മാവ്, നാഗമരം, ഇത്തി എന്നിവയും, വടക്ക് തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ് ഇവയും, പടിഞ്ഞാറ് അരയാലും, പാലയും, തെങ്ങും, ആഞ്ഞിലിയും, തെക്ക് പുളിയും, അത്തിയും ആകാം എന്നും ശാസ്ത്രം അനുശാസിക്കുന്നു. മറ്റുള്ളവ എല്ലാം യുക്തിപൂര്‍വ്വം ചെയ്യാം.എന്നാല്‍ ഒരു മരവും വീടിന്‍റെ പ്രധാന വാതിലിന്‍റെ മദ്ധ്യ ഭാഗത്ത്‌ ആവരുത്. അതായത് മരത്തിന്‍റെ മദ്ധ്യവും, വാതിലിന്‍റെ മദ്ധ്യവും ഒന്നാവരുത് എന്ന്. മരങ്ങള്‍ മാത്രമല്ല, കിണര്‍ കുഴിക്കുമ്പോഴും ഈ തത്ത്വം പാലിക്കേണ്ടതാണ്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വീടിനു ചുറ്റും ഒരു വാസ്തു മണ്ഡലം തിരിച്ച ശേഷം അതിനു വെളിയില്‍ മാത്രമേ വൃക്ഷങ്ങള്‍ വച്ച് പിടിപ്പിക്കാവൂ. കറിവേപ്പ് പോലും ഈ നിയമത്തിലെ ആകാവൂ എന്ന് താല്‍പ്പര്യം. ഔഷധ ഗുണമുള്ള സസ്യങ്ങളും വച്ച് പിടിപ്പിക്കുന്നത് വളരെ ഉത്തമമാണ്.

✍ പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments