യജ്ഞപരമായ അനുഷ്ഠാനങ്ങളുടെ സമ്മിളിത സ്വരൂപമായ ക്ഷേത്രത്തിൽ ആരാധനയ്ക്കായി പോകുന്ന ഭക്തന്മാർ പ്രദക്ഷിണം,വന്ദനം, നമസ്ക്കാരം ഉപചാരങ്ങളിൽ കൂടിയാണല്ലോ ക്ഷേത്രജ്ഞനെ ഉപാസിക്കുന്നത്. രണ്ടും കൈകളും അഞ്ജലീ ബന്ധമായി തൊഴുന്നത് പ്രകൃതി പുരുഷയോഗത്തെ അനുധാവനം ചെയ്യലാണ്. പ്രദക്ഷിണത്തോടെ സ്ക്രൂആണി എങ്ങനെ ബിന്ദുസ്ഥാനമായ ലക്ഷ്യത്തിലേയ്ക്ക് തിരിച്ചുറപ്പിയ്ക്കുന്നുവോ അതുപോലെ ഭക്തൻ താനും താന്ത്രികയന്ത്രമായ ക്ഷേത്രത്തിലെ ബിന്ദുസ്ഥാനത്ത് വിരാജിയ്ക്കുന്ന ബിംബസ്ഥനായ ദേവനുമായി തദാത്മ്യം പ്രാപിയ്ക്കുന്നു. പരമമായ ഗൗണീഭക്തിയുടെ ബാഹ്യ പ്രകടനമായ നമസ്ക്കാരത്തിലൂടെയും ഇതേ പ്രക്രിയ മറ്റൊരു രൂപത്തിൽ അനുവർത്തിയ്ക്കുകയാണല്ലോ ചെയ്യുന്നത്. ക്ഷേത്രാരാധനയുടെ അടുത്ത പ്രമുഖ ഇനം വഴിപാടു കഴിയ്ക്കലാകുന്നു. ഈ പദ്ധതിയുടെ സാമാന്യസ്വഭാവം നിരീക്ഷിച്ചാൽ ആയത് പൂജാംഗമായ ഒന്നാണെന്നും പൂജയിൽ ഭക്തനെ ഭാഗീകമായോ പൂർണ്ണമായോ ഭാഗമാക്കിത്തീർക്കുന്ന ഉപാധിയാണെന്നും കാണാൻ വിഷമമില്ല.
പൂജാംഗമായ വഴിപാടുകൾ
സാനാന്യമായി മിക്ക ക്ഷേത്രങ്ങളിലും നിലവിലുള്ള വഴിപാടുകളായ വിളക്ക്, മാല, പുഷ്പാഞ്ജലി, വിവിധ ദ്രവ്യങ്ങളേക്കൊണ്ടുള്ള അഭിഷേകം, പായസം മുതലായ നിവേദ്യങ്ങൾ എന്നിവയെല്ലാം തന്നെ പൂജയുടെ ഭാഗമാണെന്നും ഓരോന്നിനും ഷോഡശോ പചാരങ്ങളുമായി ബന്ധമുണ്ടെന്നും .കാണാൻ കഴിയും. ദീപം അഥവാ വിളക്ക് ആഗ്നേയാംശത്തിൻ്റെ സമർപ്പണമാണ്. പൂജാംഗമായ ദീപദർശനത്തിൽ ഭക്തൻ പങ്കാളിയാകുന്നതോടെ, തന്നെ ബാധിച്ചിരിക്കുന്ന തമസ്സിനെ – (ദു:ഖത്തെ) ഇല്ലാതാക്കാൻ കഴിയുന്നുണ്ട്. അതുപോലെ നെയ് വിളക്കിനു പ്രത്യേകം പ്രാധാന്യം കല്പിക്കുന്നുണ്ട്. പഞ്ചഗവ്യം എന്നറിയപ്പെടുന്ന, പശുവിൽ നിന്നു കിട്ടുന്ന 5 വസ്തുക്കളിൽ ഒന്നായ ആജ്യം ( നെയ്യ് ) സൂര്യദ്യോതകമാണ്. ചിദാകോശത്തിലെ സൂര്യദർശനത്തോളം സാധകൻ്റെ പ്രജ്ഞ ഉയരുമ്പോൾ വസ്തുവിൻ്റെ സ്വരൂപാജ്ഞാനമുണ്ടാകുന്നു. അതുകൊണ്ട് ആരാധനയിൽ ആഗ്നേയാംശത്തിൽ സൂര്യദ്യോത്മകമായ ആജ്യത്തിനു ശ്രേഷ്ഠത കല്പിച്ചുവരുന്നു. ഗായത്ര്യാദി അനേകം വിശിഷ്ട ഹോമ കർമ്മങ്ങളിൽ അഗ്നിയിൽ അധാനം ചെയ്യപ്പെടുന്ന വസ്തുക്കളിൽ നെയ്യിന് പരമപ്രാധാന്യം കല്പിയ്ക്കപ്പെട്ടുവരുന്നതിൻ്റെ കാരണവും ഇതായിരിക്കണം.
പുഷ്പാവൃതമായിട്ടുള്ള മലയാകട്ടെ, ആകാശഭൂതപ്രതീകമാകയാൽ സർവ്വഭൗതിക സുഖങ്ങളേയും പ്രദാനം ചെയ്യുവാൻ പര്യാപ്തമാണ്. കാരണം സൃഷ്ടിപ്രക്രിയയിൽ ആദ്യത്തെ സ്ഥൂലഭൂതം ആകാശമായതിനാൽ മറ്റ് നാല് ഭൗതീകഘടകങ്ങളും ( പൃഥി, അപ്പ്, തേജസ്സ്, വായു ) സൂക്ഷ്മമായി അടങ്ങിയിരിയ്ക്കണമല്ലോ. ദേവനുള്ള ആ ഭൂഷണങ്ങളിൽ വസ്ത്രത്തെപ്പോലെതന്നെ പുഷ്പമാല്യവും പ്രാധാന്യമർഹിക്കുന്നുണ്ട്. വിവിധ പുഷ്പങ്ങളെക്കൊണ്ട് മനോഹരമായി മാലകെട്ടുന്ന കഴക പ്രവർത്തിക്കാർക്ക് ശാന്തിക്കാരൻ്റെ തൊട്ടടുത്ത സ്ഥാനം കല്പിക്കപ്പെട്ടിരിക്കുന്നു. പൂവുകളുടെ എണ്ണംകൊണ്ടുള്ള പ്രത്യേക ഗണിതപദ്ധതി അനുസരിച്ച് അക്ഷരസംഖ്യകളെ അടിസ്ഥാനപ്പെടുത്തി അതാതു ദേവൻ്റെ മൂലമന്ത്രാക്ഷരങ്ങൾ, ദേവ സ്തുതികൾ എന്നിവകൊണ്ട് മാലകെട്ടുന്ന സമ്പ്രദായം പല ക്ഷേത്രങ്ങളിലും കണ്ടുവരുന്നുണ്ട്. ഈ സമ്പ്രദായം പഠിച്ചിട്ടുള്ള കഴകപ്രവൃത്തിക്കാരുടെ എണ്ണം തുലോം പരമിതമാണെന്നുള്ളത് നിർഭാഗ്യകരമാണ്.
(തുടരും)
👍👍
നല്ലറിവ് 🙏
വളരെ സത്യം തന്നെ 🙏🙏