സന്തോഷത്തോടെ കൊടുക്കുക? (2 കോരി. 9:1-8)
“അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതു പോലെ കൊടുക്കട്ടെ; സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; സ്ന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു”
(വാ.7 ).
ദശാംശ ദാനം സംബന്ധിച്ച് പഴയ നിയമത്തിൽ ഉള്ളതു പോലെ ക്ലിപ്തമായ ഒരു നിബന്ധന പുതിയ നിയമത്തിൽ ഇല്ല. അതിനർത്ഥം, ഒന്നും കൊടുക്കേണ്ടാ
എന്നാണോ? ഒരിക്കലുമല്ല. ധ്യാന ഭാഗത്തു ഔദാര്യ ദാനം സംബന്ധിച്ചു വി. പൗലൊസ് നൽകിയിരിക്കുന്ന നിർദ്ദേശങ്ങളാണ്, രേഖപ്പെടുത്തിയിരിക്കുന്നത്. അതു സംബന്ധിച്ച് വി. അപ്പൊസ്തലൻ തന്റെ കാഴ്ചപ്പാടുകൾ, വ്യക്തമാക്കുന്നതാണു നാം കാണുന്നത്.
കാര്യവിചാരകരായി, ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന വിഭവങ്ങളിൽ നിന്നും, ഔദാര്യമായി കൊടുക്കുവാൻ നാം മടിക്കുന്നുവെങ്കിൽ, ദൈവത്തിന്റെ അനുഗ്രഹങ്ങൾ നഷ്ടമാക്കിക്കളയുകയാണു നാം ചെയ്യുന്നത് ? നമുക്കു ലഭിച്ചതൊന്നും നമ്മുടെ സ്വന്തമല്ല; ദൈവ കൃപയാൽ നമുക്കു ദാനമായി ലഭ്യമായതു മാത്രമാണ്. നാം തന്നെ, ക്രിസ്തുവിന്റെ രക്തത്താൽ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ദൈവം നമുക്കു
നൽകുന്നതു തന്റെ മഹത്വത്തിന് ഒത്തവണ്ണമാണ്. നാം തിരിച്ചു നൽകുന്നതും,
തന്റെ ഔദാര്യത്തിനൊത്തവണ്ണം ആയിരിക്കണം?
യരുശലേമിലെ സഭയുടെ ബുദ്ധിമുട്ടു പരിഹരിക്കാനായി താൻ ആരംഭിച്ച ധനശേഖരണത്തിൽ പങ്കെടുക്കുവാൻ കൊരിന്തിലെ സഭ കാണിച്ച താല്പര്യത്തെപ്പറ്റി
അപ്പൊസ്തലൻ ഇവിടെ പുകഴ്ത്തിപ്പറഞ്ഞിരിക്കുന്നു എന്നു മാത്രമല്ല, അവർ മുൻ ആണ്ടു മുതൽ ഒരുങ്ങിയിരിരിക്കുന്നു എന്ന കാര്യം, താൻ മെക്കദോന്യയിലുള്ളവരോടു അറിയിച്ച കാര്യവും, അപ്പൊസ്തലൻ ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. കൊരിന്ത്യയിലുള്ളവർ ദൈവ വേലയ്ക്കു കൊടുക്കുവാൻ കാണിച്ച ഉത്സാഹം, മറ്റുള്ളവരിലും കൊടുക്കുവാനുള്ള ഉത്സാഹം സൃഷ്ടിച്ചതായും താൻ സൂചിപ്പിക്കുന്നു.
നൽകുന്നതു സംബന്ധിച്ചു അഞ്ചു കാര്യങ്ങൾ, അപ്പൊസ്തലൻ ഇവിടെ സൂചിപ്പിച്ചിരിക്കുന്നു. ഒന്ന്, മനസ്സൊരുക്കത്തോടു കൂടി കൊടുക്കുക; രണ്ട്, ഉത്സാഹത്തോടു കൂടി കൊടുക്കുക; മൂന്ന്, ധാരാളമായി കൊടുക്കുക;
നാല്, ഹൃദയത്തിൽ നിശ്ചയിച്ചതു പോലെ കൊടുക്കുക; അഞ്ച്, സന്തോഷത്തോ
ടെ കൊടുക്കുക. ഔദാര്യ ദാനം സംബന്ധിച്ച എക്കാലത്തേക്കുമുള്ള പ്രബോധനമായി ഇവയെ കാണുന്നതിൽ തെറ്റില്ല. നമുക്കു ലഭിച്ചതിൽ നിന്നു ഔദാര്യമായി നൽകുവാനുള്ള വാഞ്ച നമ്മിൽ ശക്തിപ്പെടട്ടെ? അങ്ങനെ നൽകുവാൻ നമുക്കാകട്ടെ?
ദൈവം സഹായിക്കട്ടെ..
ചിന്തയ്ക്ക്: അധികം കൊടുക്കുന്നവനെ ദൈവം അധികം സ്നേഹിക്കുന്നു!