Logo Below Image
Tuesday, July 22, 2025
Logo Below Image
Homeമതംഖജ്രാന ഗണേശ് ക്ഷേത്രം (ലഘു വിവരണം) ✍ ജിഷ ദിലീപ് ഡൽഹി

ഖജ്രാന ഗണേശ് ക്ഷേത്രം (ലഘു വിവരണം) ✍ ജിഷ ദിലീപ് ഡൽഹി

പവിത്രമായ സ്വസ്തിക ചിഹ്നം വരക്കുന്നതിലൂടെ ആഗ്രഹം സഫലമാകുന്ന
ഖജ്രാന ഗണേശ് ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണത്തിലൂടെ..

ഖജ്രാന ഗണേശ് ക്ഷേത്രം

ഇന്ത്യയിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഇൻഡോർ.വിഘ്നേശ്വര ക്ഷേത്രങ്ങൾ ഏറെയുണ്ടെങ്കിലും നാളിതുവരെ അറിയാത്തൊരു പ്രത്യേകതയാൽ ശ്രദ്ധേയമാണ് ആത്മീയ പ്രാധാന്യമുള്ള പതിനെട്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഖജ്രാന ഗണേശ് ക്ഷേത്രം. ഇൻഡോറിലെ ഖജ്രാന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്ര സമുച്ചയത്തിലെ ഒരു പ്രധാന ക്ഷേത്രമാണിത്.

ഗണേശ് ഭഗവാന് സമർപ്പിച്ചിരിക്കുന്ന ഏറ്റവും ആദരണീയമായ ആരാധനാലയങ്ങളിൽ ഒന്നായ ഖജ്രാന ഗണേശ് ക്ഷേത്രത്തിൽ ആഗ്രഹ സഫലീകരണത്തിനായി ധാരാളം ഭക്തർ സന്ദർശിക്കുന്നു. ക്ഷേത്രത്തിന്റെ, ചുമരിന്റെ പിൻഭാഗത്ത് സ്വസ്തിക ചിഹ്നം വരക്കുന്നതിലൂടെ ആഗ്രഹം പൂർത്തിയാകുമെന്നാണ് ജനപ്രിയ വിശ്വാസം. പൊതുവേ സ്വസ്തിക തല കീഴായി വരക്കുന്നത് അശുഭകരമായാണ് ധരിക്കുന്നതെങ്കിൽ ഈ ക്ഷേത്രത്തിൽ അത് ശുഭകരമായി കണക്കാക്കപ്പെടുന്നുവെന്നതാണ് പ്രത്യേകത.

സപ്ത നക്ഷത്രങ്ങളുടെ ഊർജ്ജത്തിന്റെ പ്രതീകമായ സ്വസ്തിക ചിഹ്നം ഏഴ് നക്ഷത്രങ്ങളുടെ കൂട്ടായ്മയെ പ്രതിനിധീകരിക്കുന്നു. നക്ഷത്രങ്ങളുടെ ഉദയാസ്തമനങ്ങളെ – കിഴക്കും പടിഞ്ഞാറുമുള്ള കാലുകളും,മറ്റ് രണ്ട് കാലുകൾ തെക്ക് വടക്ക് ദിശകളുടേതു മായാണ് പ്രതിനിധീകരിക്കുന്നത്. സ്വസ്തിക ചിഹ്നത്തിന് വാസ്തുശാസ്ത്രത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. സ്വസ്തിക എന്ന വാക്കിന്റെ അർത്ഥം വാസ്തുശാസ്ത്ര പ്രകാരം “നല്ല ജീവിതത്തിനോട് ചേർന്നുള്ള ചെറിയ കാര്യങ്ങൾ” എന്നാണ്. സ്വസ്തിക ചിഹ്നം വീടിന്റെ പ്രധാന വാതിലിന് മുകളിലായി പതിക്കുന്നതിലൂടെ ആരോഗ്യകരമായ ഊർജ്ജം പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം.

ഹിന്ദു, ജൈന, ബുദ്ധമതത്തിലെ ഒരു പവിത്രമായ ചിഹ്നമാണ് സ്വസ്തിക. വലതുവശത്തേക്ക് അഭിമുഖമായുള്ള സ്വസ്തിക ഹിന്ദുമതത്തിൽ ശുഭകരമായിട്ടാണ് കാണുന്നത്. പവിത്ര ചിഹ്നമായി കണക്കാക്കുന്ന സ്വസ്തിക ജ്ഞാനത്തിന്റേയും, ബുദ്ധിയുടേയും ആനത്തലയുള്ള ദേവനായ ഗണപതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ ബുദ്ധമതത്തിൽ ഇടതുവശത്തേക്ക് അഭിമുഖമായുള്ള സ്വസ്തികയാണ് ഉപയോഗിക്കുന്നത്. ഇവിടെ സ്വസ്തിക ബുദ്ധന്റെ കാൽപ്പാടുകളേയും, പഠിപ്പിക്കലുകളേയും പ്രതിനിധീകരിക്കുന്നതോടൊപ്പം ഐക്യം, ഭാഗ്യം എന്നിവയുടെ പ്രതീകമായിട്ടും കാണപ്പെടുന്നു. ജൈനമതത്തിൽ സ്വസ്തിക ഏഴാമത്തെ തീർത്ഥങ്കരന്റെ പ്രതീകവും അതിലുപരി മതപരമായ ആചാരത്തെയും സൂചിപ്പിക്കുന്നു.

ഐതിഹ്യമനുസരിച്ച് ഖജ്രാന ഗണേശ ക്ഷേത്രത്തിലെ വിഗ്രഹത്തിന് പിന്നിലൊരു കഥയുണ്ട്. ഹോൾക്കർ രാജവംശത്തിലെ റാണിയായിരുന്നു അഹല്യഭായ് ഹോൾക്കർ. മുഗൾ ഭരണാധികാരി ആയ ഔറംഗ സീബിന്റെ കാലഘട്ടത്തിൽ ഗണപതി ഭഗവാൻ നശിപ്പിക്കപ്പെടാതിരിക്കാൻ കിണറിൽ ഒളിവിൽവച്ചിരുന്നു വെന്നും, പിന്നീട് ഒരിക്കൽ അഹല്യറാണിക്ക് ഒരു ദർശനം ലഭിച്ചതിലൂടെ വിഗ്രഹം ഒളിവിൽ നിന്ന് പുറത്തു കൊണ്ടുവരികയും തുടർന്ന് 1735 ൽ റാണി ഗണേശ ക്ഷേത്രം നിർമ്മിക്കുകയും ചെയ്തുവെന്നാണ്.

ഒരു ചെറിയ കുടിലിൽ നിന്നും വലിയൊരു കൂടിച്ചേരലിന്റെ ഭാഗമായി വർഷങ്ങളാൽ ക്ഷേത്രം വികസിതമായി. ഒറ്റ കറുത്ത കല്ലിൽ നിർമ്മിതമായ 8 അടിയിൽ കൂടുതൽ ഉയരമുള്ള ഗണേശ വിഗ്രഹത്തിന്റെ കണ്ണുകൾ വജ്രങ്ങൾ കൊണ്ട് നിർമ്മിതമായത് ഏറെ ആകർഷകമാണ്. ഈ വജ്രങ്ങൾ ഒരു പ്രാദേശിക ബിസിനസുകാരന്റെ സമ്മാനമായിരുന്നു. ഇടതുവശത്തെ അഭിമുഖീകരിച്ചാണ് വിഗ്രഹത്തിന്റെ തുമ്പിക്കൈ ഉള്ളത്. വെള്ളി നിർമ്മിതമായ ചുവരുകളാണ് വിഗ്രഹത്തിനും പ്രവേശ കവാടത്തിനും ചുറ്റുമുള്ളത്. കൂടാതെ ക്ഷേത്രമുകൾ ഭാഗവും വെള്ളിയാൽ നിർമ്മിതമാണ്. ക്ഷേത്രത്തിന് ഒരു വലിയ താഴികക്കുടവും വശങ്ങളിൽ രണ്ട് മിനാരവും ഉണ്ട്.

ഖജ്രാന ഗണേശ് ക്ഷേത്രത്തിലെ മധുരപ്രിയനായ ഗണപതി ഭഗവാന് ലഡു, മോദകം, തേങ്ങ ഇവയൊക്കെ സമർപ്പിക്കാം. കൂടാതെ പൂണൂൽ കെട്ടി മന്ത്രങ്ങളും ജപിക്കാം. ഇതിലൂടെ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ദൈനംദിന ആരതി ചടങ്ങുകളിൽ പങ്കെടുക്കുന്നതിലൂടെ ഗണേശന്റെ ദിവ്യ അനുഭവം കാണാൻ കഴിയുന്നു. നെയ്യിൽ ഉണ്ടാക്കിയ ലഡു, ചെറുനാരങ്ങ,മോദകം തുടങ്ങി വിവിധതരത്തിലുള്ള മധുര പലഹാരങ്ങൾ ക്ഷേത്ര പരിസരത്തുള്ള പ്രസാദ കടകളിൽ നിന്നും ലഭ്യമാകുന്നു.ചരിത്രവും വാസ്തുവിദ്യ മനോഹാരിതയാലും സന്ദർശകരെ സ്വാഗതം ചെയ്യുന്ന ഒരു ക്ഷേത്രം കൂടിയാണിത്. തിങ്കൾ മുതൽ ഞായർ വരെ ദർശനം രാവിലെ അഞ്ചു മുതൽ 12 വരെയാണ്. അഭിഷേകസമയം രാവിലെ അഞ്ചര മുതൽ ആറര വരെയും. ആളുകൾക്ക് സമാധാനവും മഹത്തായ ആത്മീയ ബന്ധവും കണ്ടെത്താനുള്ള ഒരു സ്ഥലം കൂടിയാണ് ഈ ക്ഷേത്രം.

ബുധൻ, ഞായർ ദിവസങ്ങളിൽ പ്രത്യേക പൂജകൾക്കായി ധാരാളം ഭക്തർ സന്ദർശനം നടത്തുന്നു. ക്ഷേത്രത്തിന് ഒരു പ്രത്യേക ശക്തിയുണ്ട് എന്ന് അവരുടെ വിശ്വാസത്തിലൂടെ ലഭ്യമായ അത്ഭുതങ്ങളുടെ കഥകൾ നാട്ടുകാർ പങ്കിടുന്നു. സ്വർണ്ണം, പണം, വജ്ജ്രങ്ങൾ മറ്റു വിലയേറിയ ആഭരണങ്ങൾ എന്നിവ പതിവായി ക്ഷേത്രത്തിലേക്ക് സംഭാവനകളായി ലഭിക്കുന്നു. പ്രാദേശിക പുരോഹിതനായ പണ്ഡിറ്റ് മംഗൾ ഭട്ട് കുടുംബമാണ് ക്ഷേത്രം ഇപ്പോഴും പരിപാലിക്കുന്നത്.വി നായക ചതുർത്ഥി എന്ന് പേരുള്ള ഒരു വലിയ ആഘോഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഈ ക്ഷേത്രത്തിൽ നടക്കുന്നു. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ക്ഷേത്ര സന്ദർശനത്തിന് ഏറ്റവും നല്ല സമയം. ദേവനിൽ നിന്ന് അനുഗ്രഹം നേടാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ പ്രാർത്ഥനകൾ അർപ്പിക്കാനും, അനുഗ്രഹം തേടാനും ആകർഷിക്കുന്ന ഒരു പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയാണ് ഖജ്രാന ഗണേശ് ക്ഷേത്രം.

ഇൻഡോർ നഗരമദ്ധ്യത്തിനടുത്ത് സ്ഥിതിചെയ്യുന്ന പുണ്യക്ഷേത്രത്തിന്റെ സമീപസ്ഥലങ്ങളിൽ ചിലതാണ് അന്നപൂർണ്ണാമന്ദിർ, ബഡാ ഗണപതി, രാജ്യാഡ കൊട്ടാരം തുടങ്ങിയവ. ഇന്ത്യയിലെ വാസ്തുവിദ്യയിൽ യൂറോപ്യൻ സ്വാധീനം ചെലുത്തിയ ആദ്യത്തെ നിർമ്മിതികളിൽ ഒന്നായിരുന്നതും, ഹിന്ദു ഇസ്ലാമിക സമ്മിശ്രണവുമാണ് ക്ഷേത്ര വാസ്തുവിദ്യ. 175,000 പേർക്ക് ഒരുമിച്ചിരിക്കാൻ കഴിയുന്ന പ്രാർത്ഥന ഹാൾ ദളങ്ങളുടെ രൂപങ്ങളും അലങ്കരിച്ച തൂണുകളും കൊണ്ട്
മനോഹരമായി അലങ്കരിച്ചതാണ്.

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ