ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്ന് (ഉല്പത്തി 1:1-ല്‍) കാണുന്നു. ഈ സംഭവം നമുക്കിങ്ങനെ ചിന്തിക്കാം. ദൈവവും, പ്രഭാത നക്ഷത്രങ്ങളും, ദൈവപുത്രന്മാരും മേഘ മണ്ഡലത്തിനു താഴെയുള്ള വായുമണ്ഡലത്തിലേക്ക് ഇറങ്ങിവന്നു. ഉളവായി വരട്ടെ എന്നുള്ള തന്റെ ശക്തിയുള്ള വചനത്താല്‍ മനോഹരമായ ഭൂഗോളം ഉണ്ടായി. ഇതു കണ്ട് പ്രഭാത നക്ഷത്രങ്ങള്‍ ഘോഷിച്ചുല്ലസിക്കയും, ദൈവപുത്രന്മാര്‍ ആര്‍പ്പിടുകയും ചെയ്തു. ലൂസിഫറിന് പ്രഭാതനക്ഷത്രം എന്നു പേരു വരാന്‍ കാരണം, സൂര്യോദയത്തിനു മുമ്പായി ശുക്രന്‍ ഉദിക്കുന്നതുപോലെ സൃഷ്ടിപ്പിന്റെ പ്രഭാതത്തില്‍ (തുടസ്സത്തില്‍) ആദ്യമായി അവനെ സൃഷ്ടിച്ചതുകൊണ്ടാണ്. അവന്റെ സൃഷ്ടിയുടെ വിവരണം (യെഹെ. 28:12-17 ല്‍) കാണാം. അന്നു മനുഷ്യസൃഷ്ടി നടന്നിട്ടില്ല. പിന്നെ ഭൂമിയുടെ അടിസ്ഥാനം ഏതിന്മേല്‍ ഉറപ്പിച്ചു എന്ന് ഇയ്യോബി നോടു ചോദിച്ചാല്‍ ഇയ്യോബ് എങ്ങിനെ അതിനു ഉത്തരം പറയും. എന്നാല്‍ ഭൂമി എങ്ങിനെ സ്ഥാപിച്ചിരി ക്കുന്നു എന്ന് (ഇയ്യോബ് 38:7-ല്‍) പറഞ്ഞിരിക്കുന്നു.
ഈ ഭൂമിയിലെ ആദ്യനിവാസികള്‍ ലുസിഫറും അവന്റെ അനുയായികളുമായിരുന്നു. (യെശ. 14:12-17). അവന്‍ എത്രകാലം ഈ ഭൂമിയില്‍ താമസിച്ചിരുന്നു എന്ന് നമുക്കറിഞ്ഞുകൂടാ. എന്നാല്‍ അവന്‍ ഈ ഭൂമി യില്‍ വസിക്കുകയും, സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ സ്തുതിക്കുന്ന മാലാഖമാരുടെ തലവനായി നിന്നുകൊണ്ട് ദൈവതേജസ്സിനെ ചിറകു കൊണ്ട് പിറകില്‍ നില്‍ക്കുന്നവര്‍ക്ക് മറച്ചു കൊടുത്തിരുന്നു. അവന്റെ വ്യാപാരത്തിന്റെ പെരുപ്പം നിമിത്തം അവന്റെ അന്തര്‍ഭാഗം സാഹസം കൊണ്ടു നിറയുകയും, ദൈവത്തിനെതിരെ നിഗളിക്കയും ചെയ്തു. (യെഹെ. 28:16.) ഇതുമൂലം ദൈവം അവനെ ശിക്ഷിച്ചു ഭൂമിയില്‍ നിന്ന് ആകാശത്തേയ്ക്കു മാറ്റുകയും മാലാഖമാരുടെ കൂട്ടത്തില്‍ നിന്നു തള്ളിക്കളകയും ചെയ്തു.
ഇപ്പോള്‍ അവന്‍ ആയാറിന്റെ കടവുകളില്‍ പതിയിരുന്ന് ഭുമിയില്‍ ആധിപത്യം സ്ഥാപിക്കയും, ദൈവജ ജനത്തെ കുറ്റം ചുമത്തുകയും ചെയ്യുന്നു. അവനോടാണ് നമുക്ക് പോരാട്ടമുള്ളത്. (എഫേ. 6:12.) നമ്മുടെ ശവസംസ്‌കാര ശുശ്രൂഷയില്‍, ആയാറില്‍ പതിയിരിക്കുന്ന ദുഷ്ടാത്മസേനയില്‍ നിന്ന് ഈ ദാസന്റെ ആത്മാവിനെ വിടുവിക്കണമേ എന്നു പ്രാര്‍ത്ഥിക്കുന്നതും അതുകൊണ്ടാണ്.
ദൈവം അവനെ ശിക്ഷിച്ചതോടൊപ്പം അവന്‍ വസിച്ചിരുന്ന ഈ ഭൂഗോളത്തേയും വെള്ളം കൊണ്ടും ഇരുട്ടു കൊണ്ടും ശിക്ഷിച്ചതായി ഉല്പത്തി ഒന്നാമദ്ധ്യായം ഒന്നും രണ്ടും വാക്യങ്ങളില്‍ കാണുന്നു. ഈ ശിക്ഷയുടെ വിശദീകരണം വേറെയും നമുക്കു കാണാം. (ഇയ്യോ. 9:5-7) (യിരമ്യ. 4:23-26). വെള്ളം കൊണ്ടും ഇരുട്ടു കൊണ്ടും ശിക്ഷിക്കപ്പെട്ട ഭൂമി എത്രകാലം അങ്ങിനെ കിടന്നു എന്ന് നമുക്കറിഞ്ഞുകൂടാ. ഈ കാലയളവ് ഭൂമിയുടെ ഹിമയുഗമായി കണക്കാക്കിയിരിക്കുന്നു. ഇവിടെ ദൈവത്തിന്റെ സൃഷ്ടിയില്‍ ശിക്ഷ പ്രവേശിച്ചതായി നാം കാണുന്നു. സകല സൃഷ്ടികളേയും പരിപാലിക്കുന്ന ദൈവത്തിന് സകലത്തേയും ശിക്ഷിക്കാനും അധികാരമുണ്ട്.