മലയാളി മനസ്സിന്റെ പ്രിയ സഹയാത്രികരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം. വീണ്ടുമൊരിക്കൽ കൂടി ദൈവ വചനവുമായി എല്ലാവരുടെയും അടുത്ത് വരുവാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി. നമ്മുടെ കൂടെയുണ്ടായിരുന്ന പലരും ലോകത്തുനിന്ന് മാറ്റപ്പെട്ടപ്പോളും നമ്മൾക്ക് ദൈവം തന്ന ആയുസ്സിനായി നന്ദിയോടെ സ്തുതിക്കാം.
യേശുവിന്റെ കൂട്ടായ്മയിൽ നടക്കുന്നവർ വിശ്വസ്ഥരായിരിക്കണം. എല്ലാവരാലും ഉപേക്ഷിച്ചു, നിന്ദിച്ചു, പരിഹസിച്ചും ജീവിച്ച അവസ്ഥയിൽ നിന്ന് ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറയിൽ നിർത്തിയപ്പോൾ മുന്നോട്ടുള്ള ജീവിതം യേശുവിന്റെ കൈകളിൽ സമർപ്പിക്കാം.
1 യോഹന്നാൻ 2-27
“അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു. ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല, അവന്റെ അഭിഷേകം തന്നെ നിങ്ങൾക്ക് സകലവും ഉപദേശിച്ചു തരികയാലും അതു ഭോഷ്‌ക്കല്ല സത്യം തന്നെ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതു പോലെ നിങ്ങൾ അവനിൽ വസിപ്പിൻ.”
നമ്മൾ ജീവിതത്തിൽ വിശ്വസ്ഥനാണെങ്കിൽ ദൈവം ഒരു നന്മയ്ക്കു മുടക്കം വരാതെ കാത്തു പരിപാലിക്കും. ആ ഉറപ്പ് ലഭിക്കണമെങ്കിൽ യേശുവിന്റെ വചനത്തിൽ ആശ്രയിക്കണം. അസാധാരണമായ കഴിവുകളോ, സമ്പത്തോ,ഉള്ളവർക്ക് വേണ്ടത്തിലധികം സ്വയം പ്രശംസ കാട്ടുവാനുള്ള പ്രവണതയ്ക്ക് സാധ്യതയുണ്ട്.
എന്നാൽ അസാമാന്യ ബുദ്ധിമാനോ, സമർത്ഥനോ, ശക്തിമാനോ ആകാൻ ശ്രമിക്കാതെ, ദൈവത്തിനു മഹത്വം പറയുമ്പോൾ ദൈവമതിനെ സകലത്തിലും മേലെയാക്കും, അതാണ് ദൈവീക പദ്ധതി.
യിരെമ്യാവ് 9-23
“ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്, ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുത്, ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുത്.”
ന്യായവിധി സമയത്തു ദൈവം യിസ്രായേല്യരോട് യിരെമ്യാവ് പ്രവാചകനിലൂടെ
അരുളിചെയ്തതാണ് മേൽപറഞ്ഞ വാക്യങ്ങൾ ദൈവജനം ലോകത്തിലുള്ള മറ്റെന്തിനെക്കാൾ കൂടുതൽ തന്നിലും, തന്റെ ശ്രേഷ്ഠതയിലും ആശ്രയിക്കാൻ ദൈവം ആഗ്രഹിക്കുന്നു. നാം സ്വയം പ്രശംസകൊണ്ട് നമ്മുടെ സ്വയത്തെ ചീർപ്പിക്കുന്നെങ്കിൽ ദൈവ സ്നേഹത്തെ അവഗണിക്കുന്നു.
യാക്കോബ് 1-17
“എല്ലാ നല്ല ദാനവും തികഞ്ഞ വരമൊക്കെയും ഉയരത്തിൽ നിന്ന് വെളിച്ചങ്ങളുടെ പിതാവിൽ നിന്നുമിറങ്ങി വരുന്നു ”
ദൈവത്തിന് എല്ലാ പ്രശംസയും നൽകുന്നതാണ് നല്ലത്. കാരണം, അത് നമ്മുടെ ഹൃദയം നിഗളത്തിൽ നിന്ന് രക്ഷിക്കുന്നു. യേശു സകല പുകഴ്ചയ്ക്കും യോഗ്യനുമാണ്. അതേ ദൈവം തന്ന നന്മകൾക്ക് നന്ദി പറഞ്ഞു ദൈവ സ്നേഹം രുചിച്ചറിയാം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ വീണ്ടും കാണുന്നവരെ സ്നേഹം ചിറകിൽ മറയ്ക്കട്ടെ ആമേൻ.
പ്രീതി രാധാകൃഷ്ണൻ✍