മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ എല്ലാവർക്കും സ്നേഹ വന്ദനം.
മനുഷ്യ ജീവിതത്തിൽ പലപ്പോഴും ആഗ്രഹിക്കുന്ന വിചാരങ്ങൾക്ക് എതിരായിട്ടായിരിക്കും വന്നുചേരുക. അപ്പോൾ പലരും സാഹചര്യം, കുടുംബം, ബന്ധുക്കൾ അങ്ങനെ എല്ലാവരെയും കുറ്റപ്പെടുത്തും.
അപ്പോളാണ് ദൈവത്തിന്റെ പ്രസക്തി മനുഷ്യരിൽ കാണുന്നത്. തനിക്കു ചെയ്യുവാൻ പറ്റാത്തത് ദൈവത്തിനെ ഏല്പിക്കും. എല്ലാ മനുഷ്യർക്കും ഏതിലെങ്കിലും വിശ്വാസമുണ്ടാകും. അസാധ്യങ്ങളെ സാധ്യമാക്കുന്നതാണ് ദൈവീക പ്രവ്യത്തി.
ഇയ്യോബ് 1:1-3
പഴയ നിയമം കാലത്തു ഇയ്യോബ് എന്ന് പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു. അവൻ നിഷ്കളങ്കനും, നേരുള്ളവനും, ദൈവഭക്തനുമായിരുന്നു. ഇയ്യോബ് നല്ല ധനവാനും, ആടുമാടുകളും, ഒട്ടകങ്ങളും, കഴുതകളും, ദാസീ ദാസന്മാരും ധാരാളമുള്ള ആളായിരുന്നു.
യാക്കോബ് 5:11
“യോബിന്റെ സഹിഷ്ണുത നിങ്ങൾ കേട്ടും കർത്താവ് വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു ”
ദൈവ ഭക്തനായ ഇയ്യോബിനെ സാത്താൻ വളരെ കഷ്ട നഷ്ടങ്ങളിൽ കൂടി പരീക്ഷിച്ചു. ഇയ്യോബിന്റെ പുത്രി പുത്രന്മാരും, സമ്പത്തും എല്ലാം നഷ്ടമായി. ഈ ലോകത്തു എന്തെല്ലാം നേടിയോ അതെല്ലാം ഇയ്യോബിന് നഷ്ടമായി. ഇയ്യോബിന്റെ ശരീരം മുഴുവൻ വ്യണങ്ങൾ വന്നു. അങ്ങനെ അവൻ ഓട്ടു കഷ്ണം എടുത്തു ശരീരം ചുരണ്ടിക്കൊണ്ട് ചാരത്തിലിരിക്കുമായിരുന്നു. സാത്താൻ ദൈവത്തെ തള്ളിപ്പറയുവാൻ ഇയ്യോബിനെ കഠിന ശോധനയിൽ കൂടി നടത്തിച്ചു.
ഇയ്യോബ് 14: 7,8
” ഒരു വ്യക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്, അതിനെ വെട്ടിയാൽ പിന്നെയും പൊട്ടിക്കിളിർക്കും. അത് ഇളം കൊമ്പുകൾ വിടാതിരിക്കില്ല. അതിന്റെ വേർ നിലത്തു പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ കെട്ടു പോയാലും വെള്ളത്തിന്റെ ഗന്ധം കൊണ്ട് അത് കിളിർക്കും.ഒരു തൈ പോലെ തളിർവിടും ”
ഇയ്യോബ് കഠിന പരീക്ഷണങ്ങളിൽ കൂടി കടന്നു പോയിട്ട് തന്റെ പ്രത്യാശ മുഴുവൻ വെച്ചിരിക്കുന്നത് താൻ വിശ്വസിക്കുന്ന ദൈവത്തിലായിരുന്നു. അതാണ് യഥാർത്ഥ വിശ്വാസം. താൻ ഏതൊരു പ്രതിസന്ധികളിൽ കൂടി നടന്നാലും തന്നെ രക്ഷിക്കാൻ കഴിയുന്ന ദൈവത്തിലുള്ള വിശ്വാസം.
സങ്കീർത്തനങ്ങൾ 9: 9, 10
” യഹോവ പീഡിതന് അഭയ സ്ഥാനം കഷ്ടകാലത്തു ഒരഭയ സ്ഥാനം തന്നെ, നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും, യഹോവേ നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ ”
ഇയ്യോബിന്റെ അവസ്ഥ കണ്ടിട്ട് ഭാര്യ “ദൈവത്തെ ത്യജിച്ചു പറഞ്ഞു മരിച്ചു കളക” എന്നു പറഞ്ഞു. എന്നാൽ ഇയ്യോബ് ശാരീരിക അസ്വസ്ഥതകളിലും വേദനയിലും. ദൈവത്തിനെതിരായി ഒരു വാക്കു പോലും പറഞ്ഞില്ല. അതായിരുന്നു ഇയ്യോബിന്റ വിശ്വാസം. പ്രിയരേ ദൈവം ഒരുനാളും കൈവിടില്ല. വിശ്വസിക്കുന്നവർക്ക് വേണ്ടി ദൈവ ശക്തി വ്യാപാരിക്കും.
യാക്കോബ് 1:13
“പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്തെ പരീക്ഷിക്കപ്പെടുന്നുവെന്ന് ആരും പറയരുത്. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു. താൻ ആരെയും പരീക്ഷിക്കുന്നുമില്ല”
ദൈവം ആരെയും പരീക്ഷിക്കുന്നില്ല. മനുഷ്യർ സ്വന്തം മോഹങ്ങളിലും,സ്വാർത്ഥ താല്പര്യങ്ങളിലും ജീവിച്ചു ചതിക്കുഴിൽ വീഴുകയാണുണ്. ഇയ്യോബ് ദൈവത്തെ തള്ളി പറയാതിരുന്നത് കൊണ്ട് നഷ്ടപ്പെട്ട എല്ലാത്തിനും പകരമായി മുൻകാലത്തേക്കാൾ അധികമായി ദൈവം അനുഗ്രഹിച്ചു. ഏതൊരു അവസ്ഥയിലും ദൈവത്തെ തള്ളിപ്പറയാതിരുന്നാൽ ദൈവം നമ്മെ ഉയർത്തി മാനിക്കും. ഇയ്യോബ് സഹിഷ്ണുതയുള്ള മനുഷ്യനായിരുന്നു.
സ്നേഹിതാ ദൈവം നിന്നെ വിളിച്ചു വേർതിരിച്ചുവെങ്കിൽ നിന്നെ മാനിക്കുവാനും ദൈവം ശക്തനാണ്. ഇപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയിൽ മറ്റുള്ളവരാൽ നിന്ദ സഹിച്ചു ജീവിക്കുകയായിരിക്കും, എന്നാൽ ദൈവം ദർശനത്തിനൊരു സമയം വെച്ചിട്ടുണ്ട്, ആ സമയം ആകുമ്പോൾ നിന്നെ ദൈവം ഉയർത്തും.
ഈ വചനങ്ങളാൽ ദൈവം എല്ലാവരെയും സഹായിക്കട്ടെ. വീണ്ടും കാണുംവരെ കർത്താവിന്റെ ചിറകടിയിൽ കാത്തു സൂക്ഷിക്കട്ടെ ആമേൻ