കോട്ടയ്ക്കൽ.: തുടർഭരണം ലഭിക്കാതിരിക്കാൻ ഇടതുപക്ഷത്തെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നു അകറ്റുക എന്നതാണു പി.വി.അൻവറിന്റെ ലക്ഷ്യമെന്നു സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ .മോഹൻദാസ്. രണ്ടാം വിമോചനസമരം നടത്തി സർക്കാരിനെ അട്ടിമറിക്കാനാണു അദ്ദേഹം ശ്രമിക്കുന്നത്.
മരിച്ച പാർട്ടി നേതാക്കളെ മഹത്വവൽക്കരിക്കുന്നതിനൊപ്പം തന്നെ ജീവിച്ചിരിക്കുന്നവരെ കളങ്കിതരാക്കാനാണു ശ്രമിക്കുന്നത്. അദ്ദേഹം പറയുന്നതു ശരിയാണെന്നു തുടക്കത്തിൽ പാർട്ടി പ്രവർത്തകർ പോലും തെറ്റിദ്ധരിച്ചു. പിന്നീടാണു ഹിഡൻ അജൻഡ മനസ്സിലായത്. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി സർക്കാരിനെ മറിച്ചിട്ടു യുഡിഎഫിനു വഴി വെട്ടി കൊടുക്കുകയാണു ലക്ഷ്യം.
ഭൂരിപക്ഷ സമുദായത്തിനൊപ്പം തന്നെ ന്യൂനപക്ഷത്തെയും പാർട്ടിയിൽ നിന്നു അകറ്റാൻ അൻവർ ശ്രമിക്കുന്നതായും ഇ.എൻ.മോഹൻദാസ് പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം കോട്ടയ്ക്കലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവംബർ 23, 24 തീയതികളിൽ കോട്ടയ്ക്കലിൽ നടക്കുന്ന മലപ്പുറം ഏരിയാ സമ്മേളനത്തിന്റെ സംഘാടക സമിതി ഭാരവാഹികളായി എം.കെ.ഗോപിനാഥൻ (ചെയർ.), കെ.മജ്നു (കൺ.) എന്നിവരെ തിരഞ്ഞെടുത്തു.
കെ.പി.സുമതി അധ്യക്ഷത വഹിച്ചു. വി.പി.അനിൽ, കെ.പി.അനിൽ, കെ.പത്മനാഭൻ, ടി.കബീർ, കെ.മജ്നു, ടി.പി.ഷമീം തുടങ്ങിയവർ പ്രസംഗിച്ചു.
— – – – –