തിരുവനന്തപുരം: ടെലിവിഷൻ പഠനങ്ങളെയും ചലച്ചിത്ര പഠനങ്ങളെയും അവാർഡുകളും അംഗീകാരങ്ങളും നൽകി സർക്കാർ തലത്തിൽ പ്രോത്സാഹിപ്പിക്കപ്പെടുമ്പോൾ റേഡിയോ എന്ന മാധ്യമത്തെയും റേഡിയോ പഠനങ്ങളെയും നാളിതുവരെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. പാശ്ചാത്യനാടുകളിൽ ഏറെ മുന്നിലെത്തിയ റേഡിയോ പഠനങ്ങൾ ഇവിടെ കുറഞ്ഞു പോകാൻ കാരണവുമതു തന്നെ.
റേഡിയോ പ്രക്ഷേപണത്തിൻ്റെ നൂറാം വാർഷികത്തിലാണ് റേഡിയോ പഠനത്തിനായി ഒരു അവാർഡ് വരുന്നത്. അതും റേഡിയോ ചരിത്ര ഗ്രന്ഥത്തിനു ലഭിച്ചു എന്നതും ശ്രദ്ധേയം.
പത്മശ്രീ തിക്കുറിശ്ശി ഫൗണ്ടേഷൻ്റെ സിൽവർ ജൂബിലി പുരസ്കാരത്തിന് ഡോ. ജൈനിമോൾ കെ.വി യുടെ റേഡിയോ : ചരിത്രം സംസ്കാരം വർത്തമാനം എന്ന മികച്ച ഗ്രന്ഥം അർഹമായിരിക്കുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ആകാശവാണി മുതൽ സ്വകാര്യ എഫ്. എം. വരെയുള്ളവയുടെ ചരിത്രവും റേഡിയോ പരിപാടികളും വിശദമായി പഠനവിധേയമാക്കുന്നു. റേഡിയോ പ്രക്ഷേപണം സൃഷ്ടിച്ച സംസ്കാരവും ഈ ഗ്രന്ഥം വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
കണ്ണൂർ മാടായി സി.എ.എസ് കോളേജിലെ മലയാളം അധ്യാപികയും മാധ്യമ പഠന രംഗത്തെ സ്ത്രീ സാന്നിധ്യവുമാണ് ഡോ. ജൈനിമോൾ കെ.വി.ഗൾഫ് റേഡിയോ ചരിത്രം ഉൾപ്പെടെ നിരവധിഗ്രന്ഥങ്ങൾ ഡോ. ജൈനിമോൾ രചിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്ര താരം ഷീല ഒക്. 16 ന് തിരുവനന്തപുരത്ത് അവാർഡ് സമ്മാനിക്കും.