Logo Below Image
Wednesday, May 14, 2025
Logo Below Image
Homeകേരളംശബരിമല വിമാനത്താവളം യഥാര്‍ഥ്യമാകും: മുഖ്യമന്ത്രി പിണറായി വിജയന്‍

ശബരിമല വിമാനത്താവളം യഥാര്‍ഥ്യമാകും: മുഖ്യമന്ത്രി പിണറായി വിജയന്‍

അസാധ്യമെന്ന് കരുതിയത് പ്രാവര്‍ത്തികമാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016 ലെ കേരളത്തിന്റെ അവസ്ഥയും നിലവിലെ സാഹചര്യവും താരതമ്യം ചെയ്താല്‍ വ്യത്യാസം മനസിലാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. നിപ, ഓഖി, പ്രളയം, കോവിഡ്, നിരവധി പ്രകൃതദുരന്തങ്ങള്‍ തുടങ്ങി നിരവധി പ്രതികൂല സാഹചര്യങ്ങളെ നേരിട്ടാണ് സംസ്ഥാനം അതിശയിപ്പിക്കുന്ന വികസന മുന്നേറ്റങ്ങള്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ക്ഷണിതാക്കളുമായി പത്തനംതിട്ട ജില്ലയില്‍ നടത്തിയ ജില്ലാതല കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംതൃപ്തിയോടെയാണ് സംസ്ഥാന സര്‍ക്കാര്‍ 10-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. 2016 ന് മുമ്പ് എല്ലാ മേഖലയിലും തകര്‍ന്നടിഞ്ഞ നാടില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റു. ഇവിടെ മാറ്റമുണ്ടാകില്ല എന്ന് സ്വന്തം അനുഭവത്തില്‍ നിന്ന് പറഞ്ഞവര്‍ തിരുത്തി. സമസ്ത മേഖലയിലും മുന്നേറ്റമുണ്ടായി. വിദ്യാഭ്യാസ- ആരോഗ്യരംഗം പുരോഗതിയിലെത്തി. തകര്‍ച്ചയുടെ വക്കിലായിരുന്ന ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെട്ടു. പൊതുവിദ്യാഭ്യാസ രംഗത്ത് ആശങ്കയില്ല.

അഞ്ച് ലക്ഷം കുട്ടികള്‍ കൊഴിഞ്ഞു പോയതില്‍ നിന്ന് ഹൈടെക്കിലേക്ക് സ്‌കൂളുകള്‍ എത്തി. പുസ്തകപകര്‍പ്പ് മാത്രം നോക്കി പഠിച്ചിരുന്ന കുട്ടികള്‍ക്ക് അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കി. കെടുകാര്യസ്ഥതയില്‍ നിന്നുള്ള മോചനമാണ് സര്‍ക്കാര്‍ നല്‍കിയത്. ആരോഗ്യരംഗത്ത് ജില്ലയുടെ വികസനമടക്കം മുഖ്യമന്ത്രി വ്യക്തമാക്കി. ഡോക്ടര്‍മാരും നേഴ്‌സുമാരും മരുന്നുകളുമില്ലാത്ത ആശുപത്രി ഓര്‍മയിലായി. കോവിഡ് മഹാമാരിയില്‍ മുട്ടുകുത്താത്ത സംസ്ഥാനമായിരുന്നു നമ്മുടേത്. രാജ്യവും ലോകവും അത്ഭുതത്തോടെയാണ് കേരളത്തെ നോക്കിയത്.

കോവിഡ് മൂര്‍ധന്യാവസ്ഥയിലായപ്പോള്‍ നമ്മുടെ ആശുപത്രികളില്‍ വെന്റിലേഷന്‍ സൗകര്യം ഉള്‍പ്പെടെ ഒഴിവുണ്ടായിരുന്നു. മറ്റു സംസ്ഥാനങ്ങള്‍ പ്രായമേറിയവരെ കോവിഡ് മരണത്തിലേക്ക് തള്ളിവിട്ടപ്പോള്‍ 100 വയസ് കഴിഞ്ഞവര്‍ക്കും ഇവിടെ ചികിത്സ ലഭ്യമാക്കി. ആര്‍ദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളടക്കം വികസന പാതയിലായി. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ നമുക്കായി. ദുരന്തമുണ്ടായാല്‍ സംസ്ഥാനങ്ങളെ സഹായിക്കണമെന്ന ഭരണഘടന ഉറപ്പ് പോലും കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ല. എന്നാല്‍ നാടിന്റെ ഐക്യത്തിലൂടെയും ജനങ്ങളുടെ ഒത്തൊരുമയിലൂടെയും ഇതെല്ലാം അതിജീവിച്ചു.

കേന്ദ്ര സഹായം അനാവശ്യമെന്നായിരുന്നു ചിലരുടെ നിലപാട്. കേന്ദ്ര സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷത്തിനായില്ല. എന്നാല്‍ മറ്റു ചില ശബ്ദങ്ങളുണ്ടായി. ജീവനക്കാരുടെ ശമ്പളം വായ്പയായി ആവശ്യപ്പെട്ട സാലറി ചലഞ്ചിനെ എതിര്‍ക്കാന്‍ പ്രതിപക്ഷം മുന്നിലുണ്ടായി. പണം കൊടുക്കരുത് എന്ന് പറഞ്ഞ് കോടതിയില്‍ വരെ പോയവരുണ്ടായി. എന്നാല്‍ ജനങ്ങളുടെ ഒത്തൊരുമയിലൂടെ ഇതിന് മറുപടി നല്‍കി. ഗതാഗത രംഗത്തെ പുരോഗതിയും മുഖ്യമന്ത്രി എടുത്തു പറഞ്ഞു.

മികച്ച ദേശീയ പാതകളുടെ സാന്നിദ്ധ്യം വീതി കുറഞ്ഞ റോഡുകളിലൂടെയുള്ള ദുര്‍ഘടം പിടിച്ച യാത്രയില്‍ നിന്നുള്ള മോചനമായി. റോഡ് വികസനം നടക്കില്ല എന്ന ചിന്തയില്‍ ദേശീയ ഹൈവേ അതോറിറ്റിയടക്കം സംസ്ഥാനം ഉപേക്ഷിച്ച സാഹചര്യമുണ്ടായി. എന്നാല്‍ 2016 ല്‍ ഇവരെ തിരിച്ചെത്തിച്ചു. പാതയ്ക്കായി സ്ഥലം ഏറ്റെടുക്കേണ്ട ചുമതല സര്‍ക്കാരിനായിരുന്നു. ഏകദേശം 5600 കോടി ചെലവിച്ച് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കി. കിഫ്ബി പ്രവര്‍ത്തനം പ്രശംസനീയമാണ്. ദേശീയ പാത, ഗെയില്‍ പൈപ്പ് ലൈന്‍ സിറ്റി ഗ്യാസ് പദ്ധതി, ഇടമണ്‍- കൊച്ചി പവര്‍ ഹൈവൈ തുടങ്ങിയവ നാട്ടിലുണ്ടാക്കിയ മാറ്റം അമ്പരപ്പിക്കുന്നതാണ്. ലൈഫ് മിഷന്‍ അടക്കമുള്ള ക്ഷേമപദ്ധതികളിലൂടെ അതിദരിദ്രരെ ഇല്ലാതാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. 4.5 ലക്ഷം വീടുകള്‍ നിര്‍മിച്ചു നല്‍കി. 2016 ല്‍ 600 രൂപയായിരുന്ന സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയായി ഉയര്‍ത്തി. 2016 ല്‍ 18 മാസത്തെ കുടിശികയാണ് ഉണ്ടായിരുന്നത്. പെന്‍ഷന്‍ മുടക്കാന്‍ കേന്ദ്ര സര്‍ക്കാരടക്കം ശ്രമിച്ചിട്ടും മറികടന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം മാറി. ഐടി മേഖലയിലടക്കം വന്‍ കുതിച്ചു ചാട്ടമാണ്. പരിസ്ഥിതി, തൊഴില്‍ നിയമം കൃത്യമായി പാലിച്ചാല്‍ ഒരു നിക്ഷേപകനം ചുവപ്പുനാടയില്‍ കുടുങ്ങേണ്ടി വരില്ല. നിക്ഷേപകര്‍ വരാത്ത സംസ്ഥാനമെന്ന പേരുദോഷം ഇപ്പോള്‍ ഇല്ല. സേവനങ്ങള്‍ക്കായി ഓഫീസുകളില്‍ പലതവണ ജനങ്ങള്‍ കയറിയിറങ്ങുന്നതില്‍ നിന്ന് ഓണ്‍ലൈനിലൂടെ മോചനമായി.
കേന്ദ്രത്തിന്റേത് വികസന വിരുദ്ധ നയമാണ്. വായ്പ്പാ പരിധി മുന്‍കാല പ്രാബല്യത്തോടെ കേന്ദ സര്‍ക്കാര്‍ വെട്ടിക്കുറച്ചു.

ജിഎസ്ടി കൗണ്‍സില്‍ കേന്ദ്രത്തിനെതിരെ ശബ്ദമുയര്‍ത്തിയ ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൂടെയുണ്ടാകും. ശബരിമല വിമാനത്താവളം യഥാര്‍ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ