തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. അധ്യാപകരുടെയും കെ.എസ്.ഇ.ബി. ജീവനക്കാരുടെയും ശമ്പളമാണ് മുടങ്ങിയത്. ട്രഷറിയിൽ നിന്നും ശമ്പളം ബാങ്കിലേക്ക് വന്നുവെങ്കിലും വിതരണം തടസ്സപ്പെടുകയായിരുന്നു.
എസ്ബിഐയിലെ സെർവറിലുണ്ടായ സാങ്കേതിക തകരാറാണ് വിതരണം തടസ്സപ്പെടാൻ കാരണമായത്. വൈകുന്നേരത്തോടെ പ്രശ്നം പരിഹരിക്കുമെന്ന് ട്രഷറി ഉദ്യോഗസ്ഥർ അറിയിച്ചു.
സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് സെപ്റ്റംബർ 26ന് ശമ്പളം ലഭിച്ചിരുന്നു. നിയമവകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 100 ലധികം പേർക്കാണ് നേരത്തെ ശമ്പളം ലഭിച്ചത്. ട്രഷറിയുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവാണ് സംഭവിച്ചത്. 46 ലക്ഷം രൂപയുടെ ശമ്പള ബില്ല് അബന്ധത്തിൽ ട്രഷറി ഓഫീസർ ഒപ്പിട്ടതാണെന്നാണ് വിശദീകരണം. സെക്രട്ടറിയേറ്റ് സബ് ട്രഷറിയിൽ നിന്നാണ് ശമ്പളം മാറുന്നത്.
ഒരു മാസത്തിലെ ആദ്യ പ്രവർത്തി ദിവസമാണ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കുക. ശമ്പള ബില്ലില്‍ ട്രഷറിയുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവ് കാരണം 4 ദിവസം മുമ്പാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിച്ചത്.