Saturday, December 7, 2024
Homeകേരളംനീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു മഹാത്മാ അയ്യങ്കാളി

നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു മഹാത്മാ അയ്യങ്കാളി

നൂറ്റാണ്ടുകളായി തുടർന്നുവന്ന വർണശാസനകളെ വെല്ലുവിളിച്ച് സാമൂഹിക പരിവർത്തനത്തിന് വഴിതെളിച്ച മഹാത്മാ അയ്യങ്കാളിയുടെ എണ്‍പത്തി മൂന്നാം ചരമവാർഷികമാണ് ഇന്ന് . ഈ കാലഘട്ടത്തില്‍ മഹാത്മാ അയ്യങ്കാളിയുടെ സ്മരണയ്ക്ക് മുന്നില്‍ കൈകൂപ്പുന്നു ശിരസ്സ് നമിക്കുന്നു . 1941 ജൂൺ 18 ന് മഹാത്മാ അയ്യങ്കാളി കാല യവനികയ്ക്ക് ഉള്ളില്‍ മറഞ്ഞു എങ്കിലും സാമൂഹ്യ പരിഷ്കര്‍ത്താക്കളില്‍ പ്രമുഖ സ്ഥാനം നല്‍കി ജനം മഹാത്മാ അയ്യങ്കാളിയെ ആദരിക്കുന്നു . ഈ നാമം വാഴ്ത്തപ്പെടുന്നു . നവോത്ഥാനത്തിന്റെ പടനായകന്‍ മഹാത്മ അയ്യങ്കാളിയുടെ വാക്കും പ്രവര്‍ത്തിയും സാധാരണ ജന വിഭാഗത്തിന്റെ ഉന്നതിയ്ക്കും ഉണര്‍വിനും വേണ്ടിയായിരുന്നു . ജന മനസ്സുകളില്‍ ഏറെ വേരോടിയ നാമം ആണ് മഹാത്മ അയ്യങ്കാളി എന്നത് .

ജാതിയിരുട്ടിന്‍റെ ഹിംസയെ വെല്ലുവിളിച്ചു കൊണ്ട് മനുഷ്യാവകാശത്തിനു വേണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച സാമൂഹ്യ സാംസ്ക്കാരിക നവോഥാന നായകരില്‍ വിപ്ലവകാരിയായിരുന്നു മഹാത്മാ അയ്യങ്കാളി.

ജാതീയമായ അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ഉറക്കെ ഉറക്കെ ശബ്ദിക്കുകയും ലാഭേച്ച നോക്കാതെ ക്രിയാത്മകമായി പ്രവർത്തിച്ച് ദളിത് വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ കേരള നവോത്ഥാന നായകരിൽ പ്രമുഖനായിരുന്നു മഹാത്മാ അയ്യങ്കാളി പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി . സാധുജന പരിപാലന യോഗം രൂപവത്കരിച്ച അദ്ദേഹത്തിന്റെ ഇടപെടൽ കേരള സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചു.കേരള സ്പാർട്ടക്കസ് എന്ന് മഹാത്മാ അയ്യങ്കാളിയെ വിശേഷിപ്പിക്കാം. മഹാരാജാക്കന്മാരുടെ,ചോരപ്പുഴയൊഴുക്കിയ അശ്വമേധങ്ങളല്ല, മുമ്പ് ജാതിമേൽ കോയ്മയുടെയും ഇപ്പോൾ നവ ഫാസിസ്റ്റുകളുടെയും നേതൃത്വത്തിൽ സംഘർഷം മാത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ജൈത്രയാത്രകളല്ല അലങ്കരിച്ചൊരുക്കിയ രണ്ട് കാളകൾ വലിച്ച കാളവണ്ടിയാണ് കേരളത്തിന്റെ കുതിപ്പിന് വഴിവെട്ടിയത്.ഉപജാതികൾക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിർക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ കുടിയിൽ ജനിച്ചു അധസ്ഥിത വിഭാഗങ്ങളുടെ സാമൂഹിക മോചനങ്ങള്‍ക്കും സ്വതന്ത്ര ചിന്താഗതിയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച ചുരുക്കം ചില വ്യക്തിത്വങ്ങള്‍ നമ്മള്‍ക്ക് ഇടയില്‍ ഇന്നും നാമം കൊണ്ട് ജീവിക്കുന്നു . അതില്‍ ചരിത്ര ലിപികള്‍ കൊണ്ട് എഴുതി വെച്ച പേരാണ് മഹാത്മാ അയ്യങ്കാളിയുടേത് .

ജന്മിമാരുടെ നെല്ലറകൾ നിറയ്ക്കാൻ അഹോരാത്രം പണിയെടുക്കുക എന്നതു മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അധഃസ്ഥിതർക്കു കല്പിച്ചു നൽകിയ ധർമ്മം. പാടത്തു പണിയെടുത്തു വരുമ്പോൾ മണ്ണിൽ കുഴികുത്തി അതിൽ ഇലവച്ചായിരുന്നു ഇവർക്കു ഭക്ഷണം നൽകിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധഃസ്ഥിതർ രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കില്ല; ഗുളികകൾ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹുവിധ ബഹിഷ്കരണങ്ങളാൽ ദുരിതപൂർണ്ണമായിരുന്നു അയ്യൻകാളി ഉൾപ്പെടുന്ന അധഃസ്ഥിതരുടെ ജീ‍വിതം. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കാനും അവർ നിർബന്ധിതരായി.

സവർണ്ണർ ഉപയോഗിക്കുന്ന പൊതുവഴികൾ പ്രയോഗിക്കുന്നതിനും അവർക്ക് വിലക്കുണ്ടായിരുന്നു. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും അന്നത്തെ അയിത്താചാരങ്ങൾ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല. മാത്രവുമല്ല പുതിയ വസ്ത്രങ്ങൾ വാങ്ങിയാൽ അതിൽ മണ്ണ് പുരട്ടി വൃത്തിഹീനമാക്കിയിട്ട് വേണമായിരുന്നു ധരിക്കാൻ. അടിമക്കച്ചവടത്തിനും ഇരയായിരുന്നു ഈ വിഭാഗത്തിൽ പെട്ടവർ.ഇതില്‍ നിന്ന് എല്ലാം മോചനം ഒരുക്കാന്‍ മുന്നിട്ടിറങ്ങിയ മഹാത്മാ അയ്യങ്കാളി വിജയിക്കുക തന്നെ ചെയ്തു . കാലം ഏറെ മുന്നില്‍ സഞ്ചരിച്ചു എങ്കിലും ഇക്കാലമത്രയും അധസ്ഥിത വര്‍ഗത്തിന് തല ഉയര്‍ത്തി പിടിക്കാനും നെഞ്ച് വിരിച്ചു നടക്കാനും നമ്മെ പഠിപ്പിച്ച പാഠങ്ങള്‍ ഉണ്ട് . ഈ പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചത് മഹാത്മാ അയ്യങ്കാളിയാണ് .ഈപേര് തങ്ക ലിപികളില്‍ എഴുതി ചേര്‍ത്തിരിക്കുന്നു .

അവഗണിക്കപ്പെട്ട അവശ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ ഇണക്കിച്ചേർക്കുന്നതിനു വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച നവോത്ഥാന നായകരിലെ പ്രമുഖൻ.സവർണർ മാത്രം സഞ്ചരിച്ച രാജപാതയിൽ വില്ലുവണ്ടിയിൽ യാത്ര ചെയ്ത അയ്യൻകാളി എന്ന ചെറുപ്പക്കാരൻ കാളകളെ തെളിച്ചത് ചരിത്രത്തിലേക്കായിരുന്നു. 1893ൽ നടത്തിയ വില്ലുവണ്ടിയാത്ര സവർണാധിപത്യത്തിന്റെ കാട്ടുനീതിക്കെതിരെയായിരുന്നു.
വെളുത്ത മുണ്ട്, വെളുത്ത അരക്കയ്യൻ ബനിയൻ, വെളുത്ത തലക്കെട്ട് എന്നിങ്ങനെയായിരുന്നു അയ്യൻകാളിയുടെ അന്നത്തെ വേഷം. അന്നുവരെ അരയ്ക്കു മേലോട്ടും മുട്ടിനു കീഴോട്ടും മുണ്ടു നീട്ടിയുടുക്കാൻ അവർണർക്ക് വിലക്കുണ്ടായിരുന്നു.

1870 ജൂലൈ 9ന് പൊതുവഴിയിലൂടെ ചക്രത്തിൽ ഓടുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിന് എല്ലാ വിഭാഗക്കാർക്കും അവകാശങ്ങൾ നൽകിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാൽ പ്രമാണിമാരുടെ എതിർപ്പുമൂലം ഈ ഉത്തരവ് നടപ്പിലായിരുന്നില്ല. ഈ ഉത്തരവ് നടപ്പിൽ വരുത്തുന്നതിനു വേണ്ടിയാണ് ഇരട്ടക്കാളകൾ വലിച്ചിരുന്ന അലങ്കരിച്ച വില്ലുവണ്ടിയിൽ തലപ്പാവണിഞ്ഞ് തിരുവനന്തപുരം വെങ്ങാനൂരിൽ നിന്ന് ബാലരാമപുരം ആറാലുംമൂട് വഴി പുത്തൻകടവ് ചന്തയിലേക്ക് അയ്യങ്കാളി യാത്ര ചെയ്തത്.

അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ഐതിഹാസികമായ വിമോചന യാത്രയായിരുന്നു അത്. കല്ലുമാല സമരവും പെരിനാട് സമരവുമെല്ലാം അയ്യങ്കാളി നടത്തിയിട്ടുള്ള ചരിത്ര സമരങ്ങളായിരുന്നു.
അയ്യങ്കാളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്റെ ഭാഗമാണ്.

കൂടാതെ വിപ്ലകരമായ തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്ക് സമരം നയിച്ചത് അയ്യൻകാളിയാണ്. പലതരം എതിർപ്പുകളും ഒറ്റയ്ക്കു നേരിട്ടാണ് 1904ൽ അയ്യൻകാളി തന്റെ ആദ്യ കുടിപ്പള്ളിക്കൂടം വെങ്ങാനൂരിൽ സ്ഥാപിച്ചത്. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തെ തുടർന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യൻകാളിയെ സന്ദർശിച്ചത് ചരിത്ര മുഹൂർത്തമായി.

അടിച്ചമർത്തപ്പെട്ട, നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു അയ്യങ്കാളി.
നൂറ്റാണ്ടുകൾ എത്ര കഴിഞ്ഞാലും, ലോകത്ത് എവിടെയൊക്കെ മനുഷ്യൻ അരികു ചേർക്കപ്പെടുന്നുവോ അവിടെയൊക്കെ മഹാത്മാ അയ്യങ്കാളി എന്ന ഉരുക്ക് ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും.കാലയവനികക്കുള്ളിൽ അദ്ദേഹം മറയുമ്പോൾ അധ:സ്ഥിതർക്കും കേരള സമൂഹത്തിനും വളരെ കാര്യങ്ങൾ അദ്ദേഹത്തിന് ചെയ്യാൻ കഴിഞ്ഞിരുന്നു. കേരള നവോത്ഥാന നായകരുടെ മുൻഗാമിയാണ് മഹാത്മാ അയ്യൻകാളി.അടിച്ചമര്‍ത്തപ്പെട്ട, നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ ശബ്ദമായിരുന്നു മഹാത്മാ അയ്യങ്കാളി. നൂറ്റാണ്ടുകള്‍ എത്ര കഴിഞ്ഞാലുംലോകത്ത് എവിടെയൊക്കെ മനുഷ്യന്‍ അരികുചേര്‍ക്കപ്പെടുന്നുവോ അവിടെയൊക്കെ ഈ ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും. മഹാത്മാ അയ്യങ്കാളിയുടെ പാദാരവിന്ദങ്ങളില്‍ നമസ്ക്കരിക്കുന്നു ….. ഭാരതം ജയിക്കട്ടെ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments