തിരുവനന്തപുരം : നടൻ സിദ്ധിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും. അതുവരെ ഇടക്കാല ജാമ്യം തുടരും. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സത്യവാങ്മൂലം സമർപിക്കാൻ കൂടുതൽ സമയം വേണമെന്നും സിദ്ധിഖിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു. അന്വേഷണവുമായി സഹകരിക്കാത്ത സിദ്ധിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് സർക്കാർ വാദിച്ചു.
കേസിൽ നേരത്തേ ജഡ്ജിമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് സിദ്ധിഖിന് താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. കേസ് ഇനി പരിഗണിക്കുന്നതുവരെയായിരുന്നു ജാമ്യം. അറസ്റ്റുണ്ടായാൽ വിചാരണക്കോടതി നിർദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നും നിർദേശിച്ചിരുന്നു.
യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സിദ്ധിഖ് തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചശേഷം സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും മുൻകൂർ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അതിജീവിതയുമായി ആശയവിനിമയം നടത്തിയ ഫേസ്ബുക്ക്, സ്കൈപ് അക്കൗണ്ടുകൾ സിദ്ധിഖ് ഡിലീറ്റ് ചെയ്തു. അക്കാലത്തെ ഫോണുകളും കമ്പ്യൂട്ടറുകളും ഉപേക്ഷിച്ചെന്നും പറയുന്നു. നിലവിൽ ഉപയോഗിക്കുന്ന ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറാനും വിസമ്മതിക്കുന്നു. കേസിൽ പ്രധാനമായ ഇലക്ട്രോണിക് തെളിവുകൾ മനഃപൂർവം നശിപ്പിക്കുകയായിരുന്നു. ഇവ കണ്ടെടുക്കണമെങ്കിൽ സിദ്ധിഖിനെ കസ്റ്റഡിയിൽ ലഭിക്കണമെന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
പരാതി നൽകാൻ 8 വർഷം വൈകിയതെന്തുകൊണ്ടെന്നു നേരത്തേ സുപ്രീം കോടതി ചോദിച്ചിരുന്നു. സംഭവം നടക്കുമ്പോൾ പരാതിക്കാരിക്ക് 21 വയസ് മാത്രമായിരുന്നു പ്രായമെന്നും, സിദ്ധിഖ് അക്കാലത്ത് സിനിമയിലെ ശക്തനായിരുന്നുവെന്നും റിപ്പോർട്ടിൽ സർക്കാർ വിശദീകരിച്ചു. സ്ത്രീപീഡന സംഭവങ്ങളില്‍ പരാതിനല്‍കാന്‍ വൈകുന്നതിന് അന്താരാഷ്ട്ര തലത്തില്‍ത്തന്നെ ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് കേരളം കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ലൈംഗികപീഡനക്കേസ് രജിസ്റ്റര്‍ചെയ്തത് 21 വര്‍ഷത്തിനു ശേഷമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലില്‍ 2016 ജനുവരി 28ന് സിദ്ധിഖ് ബലാത്സംഗംചെയ്തു എന്നാണ് പരാതിക്കാരിയുടെ ആരോപണം.