മുംബൈ: മുളുന്ദ് വെസ്റ്റിലെ എസ്.ബി.ഐ ശാഖയിലാണ് വൻ മോഷണം നടന്നത്. സംഭവത്തിൽ ഇതേ ബാങ്കിൽ സർവീസ് മാനേജറായ മനോജ് മാരുതി(33) ആണു പിടിയിലായത്.കഴിഞ്ഞ ദിവസമാണ് ബാങ്കിലെ മോഷണവിവരം പുറത്തറിയുന്നത്.
മനോജിന്റെയും കാഷ് ഇൻ ചാർജ് ആയ ശ്വേത സൊഹാനിയുടെയും കൈയിലായിരുന്നു ലോക്കറിന്റെ രണ്ടു താക്കോലുണ്ടായിരുന്നത്. മനോജ് അവധിയിലായിരുന്ന ദിവസം ബാങ്ക് അഡ്മിനിസ്‌ട്രേറ്ററായ അമിത് കുമാർ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ചെന്നപ്പോഴാണ് ലോക്കറിൽ അസ്വാഭാവികത തോന്നി പരിശോധന നടത്തിയത്. തുടർന്ന് രേഖകൾ പരിശോധിച്ചപ്പോൾ സ്വർണം മോഷണം പോയതായി വ്യക്തമാകുകയായിരുന്നു. ബാങ്കിലെ രേഖകൾ പരിശോധിച്ചതിൽ 63 ഗോൾഡ് ലോണുകളാണ് അനുവദിച്ചിരുന്നത്. ഇതിൽ നാല് പാക്കറ്റുകൾ മാത്രമാണു ലോക്കറിൽ അവശേഷിച്ചിരുന്നത്. ബാക്കി 59 പാക്കുകളും കാണാനില്ലായിരുന്നു. തുടർന്ന് മനോജ് മാരുതിയെ വിളിച്ചു ചോദ്യംചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
മൂന്നു കോടി രൂപ വിലമതിക്കുന്ന നാലു കിലോ ഗ്രാം സ്വർണമാണ് ഇയാൾ ലോക്കറിൽനിന്നു കവർന്നിരുന്നത്. വ്യക്തിപരമായ ആവശ്യത്തിന് എടുത്തതായിരുന്നുവെന്നും ഒരാഴ്ചയ്ക്കകം എല്ലാം തിരിച്ചെത്തിക്കുമെന്നും മനോജ് അവകാശപ്പെട്ടെങ്കിലും സംഭവത്തിൽ ബാങ്ക് പരാതിയുമായി മുന്നോട്ടുപോയി. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഐ.പി.സി 409 ഉൾപ്പെടെയുള്ള വകുപ്പുകളാണു പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. മുംബൈ
മറാത്തവാഡയിലെ നന്ദേഡ് സ്വദേശിയാണ് മനോജ് മാരുതി. നിലവിൽ മലഡ് ഈസ്റ്റിലാണു താമസം. വർഷങ്ങളായി ബാങ്കിൽ ജീവനക്കാരനാണ്.