Sunday, December 22, 2024
Homeകേരളംലോക്‌സഭ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 13/04/2024 )

ലോക്‌സഭ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 13/04/2024 )

സ്മാര്‍ട്ടാകാം വോട്ടര്‍മാര്‍;വീട്ടിലെത്തും കൈപ്പുസ്തകം

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച കൈപ്പുസ്തകങ്ങളുടെ വിതരണം തെരഞ്ഞടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആരംഭിച്ചു.

കൈപുസ്തകവും വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന വീടുകളിലെത്തിക്കുമെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. വോട്ടര്‍ രജിസ്‌ട്രേഷന്‍, വോട്ടുചെയ്യേണ്ട രീതി, ഭിന്നശേഷി-മുതിര്‍ന്ന വോട്ടര്‍മാര്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍, വോട്ടുചെയ്യുന്നതിനായി തെരഞ്ഞടുപ്പ് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളുടെ വിവരങ്ങള്‍, സമ്മതിദായകരുടെ പ്രതിജ്ഞ, വെബ്‌സൈറ്റിലേക്കുള്ള ക്യു ആര്‍ കോഡ്, ഹെല്‍പ്ലൈന്‍ നമ്പരുകള്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമ്മതിദായകര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങളെല്ലാം കൈപ്പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നു.

വീട്ടില്‍ വോട്ട് ഇനി സുരക്ഷിതം, സുതാര്യം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സുരക്ഷിതവും സുതാര്യവുമാക്കി
വീട്ടിലെത്തി വോട്ട്. 16 മുതല്‍ ആരംഭിക്കുന്ന വീട്ടില്‍ വോട്ട് പ്രക്രിയയില്‍ വോട്ട് സുരക്ഷിതമാക്കുന്നതിനായി ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ അസന്നിഹിത വോട്ടര്‍മാര്‍ രേഖപ്പെടുത്തിയിരുന്ന വോട്ടുകള്‍  ശേഖരിച്ചിരുന്നത് സഞ്ചികളിലായിരുന്നു. ഇത്തവണ വോട്ടുകള്‍ ശേഖരിക്കുന്നത് സീല്‍ ചെയ്ത ബാലറ്റ് പെട്ടികളിലാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച സമയത്തിനുള്ളില്‍ അപേക്ഷിച്ച ഭിന്നശേഷിക്കാര്‍ക്കും 85 വയസിനു മുകളിലുള്ളവര്‍ക്കുമാണ് ഹോം വോട്ടിംഗ്  സൗകര്യം ലഭ്യമാകുന്നത്. ഇത്തരത്തില്‍ വീടുകളില്‍ രേഖപ്പെടുത്തുന്ന വോട്ട് അതത് നിയോജകമണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേര്‍ണിംഗ് ഓഫീസര്‍മാരുടെ സ്ട്രോങ്ങ് റൂമുകളില്‍ സൂക്ഷിക്കും. തുടര്‍ന്ന് വോട്ടെണ്ണലിന് മുന്‍പ് ഇവ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറ്റും.

ജില്ലയില്‍ വിവിധ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 127 ടീമുകളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഒരു മൈക്രോ ഒബ്‌സര്‍വര്‍, രണ്ടു പോളിങ് ഓഫീസര്‍മാര്‍, വീഡിയോഗ്രാഫര്‍, പോലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുള്‍പ്പെടുന്നതാണ് ഒരു ടീം. ആവശ്യമെങ്കില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും സംഘത്തെ അനുഗമിക്കും. സുതാര്യത ഉറപ്പുവരുത്താന്‍ സ്ഥാനാര്‍ഥികളുടെ ബൂത്ത്‌ലെവല്‍ ഏജന്റുമാര്‍ക്കും സംഘത്തിനൊപ്പം ചേരാം.

ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുന്ന തീയതിയും സമയവും വോട്ടര്‍മാരെ എസ്.എം.എസ് മുഖേനയോ ബി.എല്‍.ഒ. വഴിയോ അറിയിക്കും. ഈ സമയം വോട്ടര്‍ വീട്ടിലില്ലെങ്കില്‍ മറ്റൊരു അവസരംകൂടി നല്‍കും. കാഴ്ച പരിമിതര്‍ക്കും ചലനശേഷിയില്ലാത്തവര്‍ക്കും വോട്ടുചെയ്യാന്‍ സഹായിയെ അനുവദിക്കും.

ലോക്സഭാ ഇലക്ഷന്‍ 2024  പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ വോട്ടു രേഖപ്പെടുത്താന്‍ പോളിംഗ് ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തും വരെ എല്ലാം ക്രമത്തിലാണോ ചെയ്യുന്നതെന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തിയിരിക്കണം. തെരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്നതിന് പോളിംഗ് സ്റ്റേഷനില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കൊപ്പം നിയമിക്കപെടുന്നവരാണ് പോളിംഗ് ഓഫീസര്‍മാര്‍. പോളിംഗ്  ബൂത്തിലെത്തുന്ന സമ്മതിദായകന്‍ ആദ്യമെത്തുന്നത് ഒന്നാം പോളിംഗ് ഉദ്യോഗസ്ഥന്റെ മുന്നിലേക്കാണ്. ഒന്നാം പോളിംഗ് ഉദ്യോഗസ്ഥനാണ് വോട്ടറെ തിരിച്ചറിയുന്ന വോട്ടര്‍ പട്ടിക കൈവശം വയ്ക്കുന്നത്. ഇദ്ദേഹം വോട്ടറെ തിരിച്ചറിഞ്ഞതിനു ശേഷം മാര്‍ക്ക്ഡ് കോപ്പിയില്‍ രേഖപ്പെടുത്തും.

രണ്ടാം പോളിംഗ് ഉദ്യോഗസ്ഥന്‍ സമ്മതിദായകന്റെ ഇടതുകൈയിലെ ചൂണ്ടു വിരലില്‍ ഇന്‍ഡെലിബിള്‍ മഷി തേക്കും. നഖത്തിനു മുകളില്‍ നിന്നും താഴേക്കാണ് മഷിപുരട്ടുക. 17-എ പട്ടിക പ്രകാരം സമ്മതിദായപ്പട്ടികയുടെ ഉത്തരവാദിത്തം വഹിക്കുന്നതും വോട്ടര്‍ക്ക് സ്ലിപ് നല്‍കുന്നതും ഇദേഹം തന്നെയാണ്.

മൂന്നാം പോളിംഗ് ഉദ്യോഗസ്ഥനാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ചുമതല വഹിക്കുന്നത്. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥനൊപ്പം തന്നെയാണ് ഇദേഹവും ഇരിക്കുന്നത്. രണ്ടാം പോളിംഗ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന വോട്ടര്‍ സ്ലിപ്പിന്റെ അടിസ്ഥാനത്തില്‍ സമ്മതിദായകരെ വോട്ടുചെയ്യിക്കുന്നത് ഇദേഹമാണ്.
കൂടാതെ ഇന്‍ഡെലിബിള്‍ മഷി കൈയില്‍ പുരട്ടിയിട്ടുണ്ടോയെന്നും നിരീക്ഷിക്കണം. മൂന്നാം പോളിംഗ് ഉദ്യോഗസ്ഥന്റെ സമീപം സജ്ജീകരിച്ചിരിക്കുന്ന കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണില്‍ അമര്‍ത്തിയ ശേഷം വോട്ടര്‍ക്ക് വോട്ടുയന്ത്രം സജ്ജീകരിച്ചിരിക്കുന്ന കമ്പാര്‍ട്ട്മെന്റിലെത്തി വോട്ടു ചെയ്ത് വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാം.

ബൂത്തിലെ സര്‍വാധികാരി പ്രിസൈഡിംഗ് ഓഫീസര്‍

പ്രിസൈഡിംഗ് ഓഫീസറാണ് പോളിംഗ് സ്റ്റേഷന്റെ മുഴുവന്‍ ചുമതലക്കാരന്‍. വോട്ടിംഗ് യന്ത്രം കൃത്യമായി സ്ഥാപിക്കുക, മോക്ക് പോള്‍ നടത്തുക, യന്ത്രം വോട്ടിംഗിനായി സ്വിച്ച് ഓണ്‍ ചെയ്യുക, പോളിംഗ് ആരംഭിക്കുന്നതായി അറിയിക്കുക, മോക്ക് പോളിന് അംഗീകാരം നല്‍കുക, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക, യന്ത്രം പരിശോധിക്കുക, പോളിംഗ് യന്ത്രം തകരാറിലായാല്‍ ഉടന്‍ ഉചിത തീരുമാനം കൈക്കൊള്ളുക, ടെന്‍ഡര്‍ വോട്ട് ചെയ്യിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ബൂത്തില്‍ അനാവശ്യമായി പ്രവേശിക്കുന്നത് നിയന്ത്രിക്കുക, കൃത്യമായി വോട്ടിംഗ് യന്ത്രം പരിശോധിക്കുക എന്നിവയാണ് പ്രിസൈഡിംഗ് ഓഫീസറുടെ പൊതുചുമതലകള്‍. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം ഇദ്ദേഹത്തിന്റെ അധികാരപരിധിയിലായിരിക്കും.

പോളിംഗ് ബൂത്തിലേക്കുള്ള പ്രവേശനം ഇവര്‍ക്ക് മാത്രം

സമ്മതിദായകര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥി, സ്ഥാനാര്‍ഥിയുടെ ഏജന്റ്, പോളിംഗ് ഏജന്റ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ള ജീവനക്കാര്‍, കൈക്കുഞ്ഞ്, കാഴ്ചയില്ലാത്തതോ പരസഹായം ആവശ്യമുള്ളതോ ആയ സമ്മതിദായകരുടെ സഹായികള്‍ എന്നിവര്‍ക്ക് മാത്രമാണ് തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിലേക്കുള്ള പ്രവേശനം.

മോക്പോള്‍ ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് അസാധു

വോട്ടെടുപ്പിന് ഒരു മണിക്കൂര്‍ മുമ്പായി മോക്പോള്‍ ആരംഭിക്കും. മോക്പോള്‍ നടന്നിട്ടില്ലെങ്കില്‍ പോളിംഗ് നടന്നിട്ടില്ലെന്ന് കണക്കാക്കും. പോളിംഗ് ഏജന്റുമാര്‍ ആരുമില്ലെങ്കില്‍ 15 മിനിറ്റ് കൂടി കാത്തിരിക്കും. ആരും വന്നില്ലെങ്കില്‍ വിവരം സെക്ടര്‍ ഓഫീസറെ അറിയിച്ച് മോക്പോള്‍ ആരംഭിക്കും. ഏറ്റവും കുറഞ്ഞത് 50 വോട്ടുകള്‍ രേഖപ്പെടുത്തണം.

പോളിംഗ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത

പോളിംഗ് ഓഫീസര്‍മാരുടെ കാര്യക്ഷമതയിലാണ് തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ്. വോട്ടിംഗ് മെഷീന്‍ ഓണാക്കി വോട്ട് രേഖപ്പെടുത്തിക്കുക എന്നതിലുപരിയായി വോട്ടര്‍മാര്‍ കൃത്യമായാണ് വോട്ടുരേഖപ്പെടുത്തുന്നതെന്ന് ഉറപ്പുവരുത്തണം. പോളിംഗിന്റെ ആദ്യ മണിക്കൂറില്‍ ഉണ്ടാവുന്ന തിരക്കിലും സമ്മര്‍ദത്തിലും പതറാതെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.

പോളിംഗ് ഏജന്റുമാര്‍ അറിഞ്ഞിരിക്കേണ്ടത്

ഒരു സ്ഥാനാര്‍ഥിക്ക് ഒരു പോളിംഗ് ഏജന്റിനെ മാത്രമേ ബൂത്തില്‍ അനുവദിക്കൂ. ഇവര്‍ പോളിംഗ് സ്റ്റേഷന്‍ വിട്ടുപോകുമ്പോള്‍ മൂവ്മെന്റ് രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ബൂത്തില്‍ ഉപയോഗിക്കുന്ന വോട്ടര്‍ പട്ടിക പുറത്തുകൊണ്ടുപോകാന്‍ പാടില്ല. പോളിംഗ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ ശേഷിക്കുമ്പോള്‍ ഏജന്റുമാരുടെ മാറ്റം അനുവദിക്കില്ല. സെല്‍ഫോണ്‍, മറ്റ് ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവ ഏജന്റുമാര്‍ ബൂത്തില്‍ ഉപയോഗിക്കാന്‍ പാടില്ല. ഏതെങ്കിലും സ്ഥാനാര്‍ഥിയുടേയോ രാഷ്ട്രീയപാര്‍ട്ടിയുടേയോ ചിഹ്നങ്ങളോ അടയാളങ്ങളോ പോളിംഗ് ഏജന്റുമാര്‍ പ്രദര്‍ശിപ്പിക്കരുത്.

പോളിംഗ് അവസാനിപ്പിക്കല്‍

വോട്ടിംഗ്  അവസാനിപ്പിക്കുന്നത് പ്രിസൈഡിംഗ്  ഓഫീസറാണ്. വോട്ടിംഗ് സമയം അവസാനിപ്പിക്കുമ്പോള്‍ നിരയില്‍ അവശേഷിക്കുന്ന ആളുകള്‍ക്ക് ടോക്കണ്‍ നല്‍കും. അവര്‍ക്ക് വോട്ടുചെയ്യാം. ശേഷം വരുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താനാകില്ല. വോട്ടിംഗിനുള്ള സമയം അവസാനിക്കുന്നതോടെ പോളിംഗ് സ്റ്റേഷന്റെ ഗേറ്റ് പോലീസ് അടയ്ക്കും. പോളിംഗ് അവസാനിച്ച ശേഷം പ്രിസൈഡിംഗ് ഓഫീസര്‍ യന്ത്രത്തില്‍ ക്ലോസ് ബട്ടണ്‍ അമര്‍ത്തുന്നതോടെ പോളിംഗ് അവസാനിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments