Saturday, November 16, 2024
Homeകേരളംലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 09/04/2024 )

ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 09/04/2024 )

അന്തിമ പട്ടികയായി;  മണ്ഡലത്തില്‍ എട്ട് പേര്‍ ജനവിധി തേടും

പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട സമയം ഇന്നലെ (8) വൈകിട്ട് മൂന്നിന് അവസാനിച്ചതോടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞു, ഒപ്പം ചിഹ്നവും. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച എട്ട് സ്ഥാനാര്‍ഥികളായ എല്‍ഡിഎഫിന്റെ ടി എം തോമസ് ഐസക്ക്, യുഡിഎഫിന്റെ ആന്റോ ആന്റണി, ബിജെപിയുടെ അനില്‍ കെ ആന്റണി, ബിഎസ്പിയുടെ ഗീതാ കൃഷ്ണന്‍, അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം കെ ഹരികുമാര്‍, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ ജോയ് പി മാത്യു, സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ സി തോമസ്, വി. അനൂപ് എന്നിവരാണ് മത്സരാര്‍ഥികള്‍. 24ന് വൈകിട്ട് അഞ്ചിനാണ് കൊട്ടിക്കലാശം. തുടര്‍ന്ന്് നിശബ്ദ പ്രചാരണം. 26ന് തെരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നങ്ങളായി

പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ജനവിധി തേടുന്ന എട്ട് സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നങ്ങളായി. തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാകളക്ടറുമായ എസ് പ്രേം കൃഷ്ണനാണ് ചിഹ്നങ്ങള്‍ അനുവദിച്ചത്. ദേശീയ-സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ചിഹ്നം തന്നെയാണ് ലഭിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി കൈ ചിഹ്നത്തിലും, എല്‍ഡി എഫ് സ്ഥാനാര്‍ഥി ടി എം തോമസ് ഐസക്ക്  ചുറ്റിക അരിവാള്‍ നക്ഷത്രം ചിഹ്നത്തിലും, എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ ആന്റണി താമര ചിഹ്നത്തിലും, ബിഎസ്പി സ്ഥാനാര്‍ഥി ഗീതാ കൃഷ്ണന്‍ ആന ചിഹ്നത്തിലും, അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എം കെ ഹരികുമാര്‍ കോട്ട് ചിഹ്നത്തിലും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ ജോയ് പി മാത്യു മുന്തിരി ചിഹ്നത്തിലും ജനവിധി തേടും. സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ സി തോമസ് ഓട്ടോറിക്ഷ ചിഹ്നത്തിലും വി. അനൂപ് ഡിഷ് ആന്റിന ചിഹ്നത്തിലും മത്സരിക്കും.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഇഷ്ടപ്പെട്ട ചിഹ്നം ആവശ്യപ്പെടാനുള്ള അവകാശം സ്ഥാനാര്‍ഥികള്‍ക്കുണ്ട്. ഇത്തരത്തില്‍ ഒരാള്‍ക്ക് മൂന്നു ചിഹ്നം വരെ തെരഞ്ഞെടുക്കാം. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മുന്‍ഗണനാക്രമത്തിലാണ് മൂന്നു ചിഹ്നങ്ങള്‍ ആവശ്യപ്പെടേണ്ടത്. ഒന്നിലധികം പത്രിക സമര്‍പ്പിക്കുന്നവര്‍ക്ക് സാധുവായ ആദ്യ പത്രികയിലെ ആദ്യ ചിഹ്നമാണ് അനുവദിക്കുന്നത്. 1968 ലെ നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്ന ചിഹ്നങ്ങളെ സ്ഥാനാര്‍ഥികള്‍ക്ക് ഉപയോഗിക്കാനാകൂ.

അനില്‍ കുര്യന്‍ ആന്റണി അല്ല ;ബാലറ്റില്‍ അനില്‍ കെ ആന്റണി

പത്തനംതിട്ട ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ വോട്ടര്‍ പട്ടികയിലെ പേരുകളല്ല ബാലറ്റില്‍ രേഖപ്പെടുത്തുക. ചെറിയ മാറ്റങ്ങളോടെയാണ് ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഉള്‍പ്പെടുത്തുന്നത്.  പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരമുള്ള പേരുകളാണ് സ്ഥാനാര്‍ഥികള്‍ ബാലറ്റ് പേപ്പറില്‍ നല്‍കുന്നത്.
എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വോട്ടര്‍ പട്ടികയിലെ പേര് അനില്‍ കുര്യന്‍ ആന്റണി എന്നാണ്. ഇത് ബാലറ്റില്‍ അനില്‍ കെ ആന്റണി എന്നാക്കാന്‍ വരണാധികാരി അനുമതി നല്‍കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് ടി എം മാറി ഡോ. ടി.എം തോമസ് ഐസക്കാമായി. ബിഎസ്പിയുടെ ഗീത കൃഷ്ണന്‍ അഡ്വ. ഗീതാ കൃഷ്ണന്‍ എന്നാക്കി.യോഗത്തില്‍ ഭരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പദ്മചന്ദ്രക്കുറുപ്പ്, ജില്ലാ ലോ ഓഫീസര്‍ കെ. സോണിഷ്, വിവിധ സ്ഥാനാര്‍ഥികള്‍, അവരുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രചാരണം കടുക്കുമ്പോള്‍ ചെലവും കൂടും…

ലോക്സഭാ തെരഞ്ഞടുപ്പില്‍ പ്രചരണം കൊടുമ്പിരികൊള്ളുമ്പോള്‍ ചെലവുകള്‍ നിസാരമല്ല. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഏസിയുള്ള ആഡിറ്റോറിയം ഉപയോഗിക്കുന്നതിന് പ്രതിദിനം 40,000 രൂപയും നോണ്‍ ഏസിയാണെങ്കില്‍ 20,000 രൂപ ചെലവാകും. എയര്‍ കൂളറിന് 650 രൂപയും അധിക ദിവസത്തിന് 100 രൂപ വീതമാണ്. പെഡസ്ട്രിയല്‍ ഫാനിന് 105.61 രൂപയും അധിക ദിവസത്തിന് 6.67 രൂപയും ഈടാക്കും.
പ്രചാരണത്തോടനുബന്ധിച്ച് പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ 20 പേര്‍ക്കുള്ള സ്റ്റേജിന് 11,000 രൂപയും 15 പേര്‍ക്ക് 9,000 രൂപയും ഏഴ് പേര്‍ക്കാണെങ്കില്‍ 6,000 രൂപയുമാണ്. പ്രാസംഗികര്‍ ഉപയോഗിക്കുന്ന പോഡിയത്തിന് 350 രൂപയും കസേരയ്ക്ക് എട്ടു രൂപയും മരക്കസേരയാണെങ്കില്‍ 30 രൂപയുമാണ്. ലൈറ്റ് ആന്‍ഡ് സൗണ്ടിന് പ്രതിദിനം 3,000 രൂപയും യോഗസ്ഥലത്തു ഒരു ട്യൂബ് ലൈറ്റ് ഉപയോഗിക്കുമ്പോള്‍ 25 രൂപ വീതവും അധിക ദിവസത്തിന് രണ്ട് രൂപയും ഈടാക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥാനാര്‍ഥിയുടെ പേരോ, ഫോട്ടോയോ ചിഹ്നമോ ആലേഖനം ചെയ്ത തൊപ്പിക്ക് 40 രൂപയും, മുഖംമൂടി, മാസ്‌ക്ക് എന്നിവക്ക് 35 രൂപയുമാകും. സ്ഥാനാര്‍ഥിയുടെ പേര് മാത്രമുള്ള ടീ ഷര്‍ട്ടിന് 45 രൂപയും പേരും ചിഹ്നവുമുള്ള ടീഷര്‍ട്ടിന് 150 രൂപയുമാണ്. സ്ഥാനാര്‍ഥിയുടെയോ പാര്‍ട്ടിയുടെയോ സ്റ്റിക്കര്‍ പതിച്ച കുടയ്ക്ക് 130 രൂപയാണ്.
പ്രഭാത ഭക്ഷണത്തിന് 50 രൂപയാകുമ്പോള്‍ ഉച്ചയ്ക്കും രാത്രിഭക്ഷണത്തിനും 60 രൂപ വീതമാണ് ഒരാള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. പത്രങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങളുടെ ചെലവുകളും സ്ഥാനാര്‍ഥികളുടെ മൊത്തം ചെലവില്‍ ഉള്‍പ്പെടുത്തും.

പോലീസ് ഒബ്സര്‍വറെ പരാതികള്‍ അറിയിക്കാം

പത്തനംതിട്ട ലോക്‌സഭ തിരഞ്ഞെടുപ്പിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട പരാതികള്‍ പോലീസ് നിരീക്ഷകനായ എച്ച് രാംതലെഗ്ലിയാന ഐ.പി.എസിനെ അറിയിക്കാം. പൊതുമരാമത്ത് റസ്റ്റ് ഹൗസിലാണ് പോലീസ് നിരീക്ഷകന്റെ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 8281544704

വോട്ടുണ്ടോയെന്നു പരിശോധിക്കാന്‍ വിപുലമായ സംവിധാനം

ലോക്സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കിയ വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്നു പരിശോധിക്കാന്‍ വിപുലമായ സംവിധാനം. നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലായ www.nvsp.in എന്ന വെബ് സൈറ്റില്‍ പേര് തിരയാന്‍ അവസരമുണ്ട്. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ www.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിക്കാനാവും. 1950 എന്ന നമ്പറില്‍ കോള്‍ സെന്ററില്‍ നിന്നും വിവരം ലഭ്യമാവും. Voter Helpline എന്ന മൊബൈല്‍ ആപ്പിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാവും.

സുവിധ വഴി അനുമതി വാങ്ങാം…

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും യോഗങ്ങള്‍ ചേരുന്നതിനും പ്രചരണപരിപാടികള്‍ നടത്തുന്നതിനുമുള്ള അനുമതികള്‍ക്കായി ‘സുവിധ’ പോര്‍ട്ടല്‍ മുഖാന്തിരം അപേക്ഷിക്കണം. അപേക്ഷ നല്‍കുന്നതിനായി suvidha.eci.gov. in വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വിവിധ അനുമതികള്‍ക്കായി അപേക്ഷിക്കാം. സമര്‍പ്പിച്ച് ഏഴു ദിവസത്തിനുള്ളില്‍ പരിപാടികള്‍ നടത്തണം. പോര്‍ട്ടല്‍ മുഖാന്തിരം ഫയല്‍ ചെയ്ത അപേക്ഷകളുടെ വിവരങ്ങള്‍ പോലീസ് റിപ്പോര്‍ട്ടിനായി നോഡല്‍ ആപ്പിലേക്ക് അയക്കും. പോലീസ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി റിട്ടേണിംഗ് ഓഫീസര്‍ നല്‍കുന്ന അനുമതി പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. അനുമതി ഓണ്‍ലൈന്‍ ആയി ഡൗണ്‍ലോഡ് ചെയ്യാം. ഒരു ദിവസം വിവിധ അനുമതികള്‍ ആവശ്യമെങ്കില്‍ ഓരോന്നിനും പ്രത്യേകം അപേക്ഷിക്കണം.

സുവിധയിലൂടെ ലഭിക്കുന്ന അനുമതികള്‍

ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പൊതുയോഗങ്ങള്‍, താത്കാലിക പാര്‍ട്ടി ഓഫീസ് സജ്ജീകരണം, വാഹന പെര്‍മിറ്റ്, ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ജാഥ, ഉച്ചഭാഷിണി ഉപയോഗിച്ചുള്ള കവലകളിലെ യോഗങ്ങള്‍, ബാരിക്കേഡ് നിര്‍മാണം, അന്തര്‍ജില്ലാ വാഹനപെര്‍മിറ്റ്, ഉച്ചഭാഷിണി ആവശ്യമില്ലാത്ത യോഗങ്ങള്‍, വീടുവീടാന്തര പ്രചരണം, റാലികള്‍, സ്ഥാനാര്‍ത്ഥി-ഇലക്ഷന്‍ഏജന്റിന് ലോക്‌സഭാ മണ്ഡലത്തില്‍ ഉപയോഗിക്കാനുള്ള ഏകവാഹനം, അസംബ്ലി മണ്ഡലത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ഏക വാഹനം, ലോക്‌സഭാ മണ്ഡലത്തിനുള്ളില്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍, ഉച്ചഭാഷിണി, വാഹനത്തില്‍ ഉച്ചഭാഷിണി, ലഘുലേഖവിതരണം, കൊടി-തോരണപ്രദര്‍ശനം, താരപ്രചാരകര്‍ക്കായുള്ള വാഹനം, പോസ്റ്റര്‍, ഹോഡിങ്, യൂണിപോള്‍ എന്നിവയ്ക്കായുള്ള അനുമതികളാണ് സുവിധയിലൂടെ ലഭിക്കുന്നത്.

പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കേണ്ടത്………..

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പോളിങ് ബൂത്തുകളില്‍ യാഥാര്‍ഥ്യമാക്കുന്നത് പ്രിസൈഡിങ് ഓഫീസര്‍മാരും സംഘവുമാണ്. പോളിങ് സംഘത്തില്‍ പ്രിസൈഡിങ് ഓഫീസറെ കൂടാതെ മൂന്ന് പോളിങ് ഓഫീസര്‍മാരാണ് ഉണ്ടാവുക.

വിവിധ കേന്ദ്രങ്ങളിലും ഘട്ടങ്ങളിലും പ്രിസൈഡിങ് ഓഫീസര്‍മാരുടെ ചുമതലകള്‍
നിര്‍ദിഷ്ട പട്ടിക പ്രകാരം ഇ.വി.എം, വിവിപാറ്റ് യന്ത്രങ്ങളും മറ്റ് പോളിങ് സാമഗ്രികളും വിതരണ കേന്ദ്രത്തില്‍ നിന്നും ശേഖരിക്കുക. ഇതില്‍ പ്രത്യേക ശ്രദ്ധ പതിയേണ്ട ഇനങ്ങള്‍: ടെന്‍ഡേര്‍ഡ് ബാലറ്റ് പേപ്പര്‍, ബ്രെയിലി ബാലറ്റ്, വോട്ടര്‍മാരുടെ രജിസ്റ്റര്‍ (ഫോം 17 എ), വോട്ടര്‍ പട്ടികയുടെ മാര്‍ക്ക് ചെയ്ത കോപ്പി, ഫോം 17 സി, പ്രിസൈഡിങ് ഓഫീസര്‍ ഡയറി, ടാഗുകള്‍, സീലുകള്‍, എ.എസ്.ഡി, സി.എസ്.വി ലിസ്റ്റുകള്‍ എന്നിവയാണ്.

പോളിങ്ങിന് മുമ്പ്: പോളിങ് സ്റ്റേഷന്‍ ഒരുക്കുക. ഇ.വി.എമ്മിലും വിവിപാറ്റിലും മോക് പോള്‍ നടത്തുക. മോക് പോളിന് ശേഷം ഇ.വി.എമ്മിലെ ഫലവും വിവിപാറ്റിലെ ഫലവും ഒത്തുനോക്കുക. ഇ.വി.എം, വിവിപാറ്റ് മോക് പോള്‍ ഫലങ്ങള്‍ മായ്ച്ചുകളയണം. മോക് പോളിന്റെ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ കറുത്ത കവറിലാക്കി സീല്‍ ചെയ്ത് ശേഷം ഇ.വി.എം, വിവിപാറ്റ് മെഷീനുകള്‍ സീല്‍ ചെയ്യണം.

പോളിങ് സമയത്ത്: വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവത്തെക്കുറിച്ച് സ്ഥാനാര്‍ഥികളെയും പോളിങ് ഏജന്റുമാരേയും ധരിപ്പിക്കുക. പോള്‍ ഡിക്ലറേഷന്‍ ഉറക്കെ വായിക്കുകയും സ്ഥാനാര്‍ഥികളുടെയും പോളിങ് ഏജന്റുമാരുടെയും ഒപ്പ് വാങ്ങുകയും ചെയ്യുക. ഇ.വി.എം, വിവിപാറ്റ് മെഷീനുകളുടെ കൃത്യമായ പ്രവര്‍ത്തനത്തെക്കുറിച്ച് ഫോം 17 എയില്‍ രേഖപ്പെടുത്തണം. പോളിങ് നിലവാരം നിശ്ചിത ഇടവേളകളില്‍ റിട്ടേണിങ് ഓഫീസറെ അറിയിക്കണം. പോളിങ്ങിനിടെയുള്ള സംഭവങ്ങള്‍ പ്രിസൈഡിങ് ഓഫീസര്‍ ഡയറിയില്‍ രേഖപ്പെടുത്തണം.

പോളിങ് തീരുന്ന സമയം: പോളിങ് അവസാനിക്കുന്ന നേരത്ത് ക്യൂവിലുള്ളവര്‍ക്ക് നമ്പര്‍ എഴുതിയ സ്ലിപ്പുകള്‍ നല്‍കണം. ക്യൂവിലുള്ള എല്ലാ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തിയ ശേഷം ക്ലോസ് ബട്ടണ്‍ അമര്‍ത്തുക. ഇ.വി.എം, വിവിപാറ്റ് മെഷീനുകള്‍ പെട്ടികളിലാക്കി സീല്‍ ചെയ്യണം. സ്റ്റാറ്റിയൂട്ടറി, നോണ്‍ സ്റ്റാറ്റിയൂട്ടറി പേപ്പറുകള്‍ സീല്‍ ചെയ്യണം. തുടര്‍ന്ന് ഫോം 17 സിയുടെ പാര്‍ട്ട് ഒന്നില്‍ എല്ലാ പോളിങ് ഏജന്റുമാരുടെയും ഒപ്പ് വാങ്ങി അതിന്റെ ആധികാരിക പകര്‍പ്പ് എല്ലാ പോളിങ് ഏജന്റുമാര്‍ക്കും നല്‍കണം, തുടര്‍ന്ന് സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെ ഇലക്ഷന്‍ സാമഗ്രികള്‍ സ്വീകരണ കേന്ദ്രങ്ങളിലെത്തിക്കണം.

പ്രശ്ന ബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും

തെരഞ്ഞെടുപ്പില്‍ പ്രശ്നബാധിത ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കുമെന്ന് ജില്ലാ തെരഞ്ഞടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകള്‍, തെരഞ്ഞെടുപ്പ് സമയത്തെ ക്രമസമാധാന പാലനം എന്നിവ സംബന്ധിച്ച് തെരഞ്ഞെടുപ്പ് സുരക്ഷാവിന്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സജ്ജീകരിക്കും. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ പൊലീസും ശക്തമായ സുരക്ഷയൊരുക്കും. ശക്തമായ പോലീസ് പട്രോളിങുമുണ്ടാകും.

ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു മാതൃക പെരുമാറ്റചട്ടപാലനം ഉറപ്പാക്കാനുള്ള ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുവെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേംകൃഷ്ണന്‍ പറഞ്ഞു.  ജില്ലയില്‍ പെരുമാറ്റചട്ട ലംഘനം ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നു. ജില്ലാതല ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനവും മേല്‍നോട്ടവും നടത്തുന്നുണ്ട്.

ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചാണ് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം . നിയമസഭാ നിയോജകമണ്ഡല അടിസ്ഥാനത്തില്‍ 10 സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചുവരെഴുത്തുകളോ പോസ്റ്റര്‍ പതിപ്പിക്കലോ അനുവദനീയമല്ല. ഏതെങ്കിലും സാഹചര്യത്തില്‍ കണ്ടെത്തിയാല്‍ അവ നീക്കംചെയ്യുകയും കെട്ടിടത്തിന് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ നികത്തുന്നതിന് തുക അതത് സ്ഥാനാര്‍ഥി/രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്ന് ഈടാക്കുകയും ചെയ്യും. പോളിംഗ് സ്റ്റേഷന് 200 മീറ്റര്‍ ചുറ്റളവില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ആരാധാനാലയങ്ങള്‍-പരിസരങ്ങള്‍, പൊതു-സ്വകാര്യസ്ഥലങ്ങള്‍ കൈയ്യേറിയോ താത്കാലിക ക്യാമ്പയിന്‍ ഓഫീസുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിര്‍മിക്കാന്‍ പാടില്ല. സ്വകാര്യവ്യക്തികളുടെ സമ്മതം ഇല്ലാതെ പോസ്റ്റര്‍-ചുവരെഴുത് എന്നിവ നടത്തിയതായി പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും.
സി വിജില്‍ ആപ്പ് വഴി ലഭിക്കുന്ന പരാതികളും സ്‌ക്വാഡ് പരിശോധിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments